ഇപ്പോൾ എല്ലാവരുംതന്നെ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരാണ്. ഉപയോഗിക്കുന്നത് ഇന്റർനെറ്റ് ആണെന്നറിയാതെ വാട്സ്ആപ്പും ഫേസുബുക്കും ഉപയോഗിക്കുന്നവരുണ്ട്. ഓരോരുത്തരുടെയും കയ്യിൽ ഇരിക്കുന്ന മൊബൈൽ ഫോൺ എന്ന ആ ചെറിയ ചതുരപ്പെട്ടി ലോകത്തെ അറിവുകൾ മുഴുവൻ നിമിഷാർദ്ധം കൊണ്ട് മുന്നിലെത്തിക്കാൻ പോന്ന ഒരു മാന്ത്രികയന്ത്രമാണ്.
എന്തെങ്കിലും ഇന്റർനെറ്റിൽ തിരഞ്ഞിട്ടുള്ളവർക്കെല്ലാം അറിയാം മിക്കവാറും, തിരയുമ്പോൾ, അത് ഏത് തിരച്ചിൽ യന്ത്രമാണെങ്കിലും ഏതു ബ്രൗസർ ആണെങ്കിലും ആദ്യം കാണിച്ചുതരുന്ന ഫലം വിക്കിപീഡിയയിലേതാണ് എന്നത്. എന്തുകൊണ്ടാവും ഗൂഗിൾ എന്തുതിരഞ്ഞാലും ആദ്യം വിക്കിപീഡിയയിൽ പോയി നോക്കുന്നത്. അത്രയ്ക്കും വിശ്വസനീയമാണ് വിക്കിപീഡിയ എന്നതുകൊണ്ടു മാത്രമാണത്. തിരഞ്ഞ് തെറ്റായ ഉത്തരത്തിൽ എത്തിയാൽ അത് ഗൂഗിളിന്റെ വിശ്വാസ്യതയേയും ബാധിക്കില്ലേ?
ഇപ്പോൾ ഏതു ചർച്ചയിലും പലരും ഉന്നയിക്കുന്ന ആരോപണമാണ് ആർക്കും തിരുത്താൻ പറ്റുന്നതായതിനാൽ വിക്കിപീഡിയ നിറയെ തെറ്റുകൾ ഉണ്ടാവാം, അതിനാൽ അത് റഫറൻസിനു ഉപയോഗിക്കാൻ സാധിക്കുന്നതല്ല എന്നെല്ലാം. ശരിക്കും ഇങ്ങനെ ആർക്കും തിരുത്താൻ പറ്റുന്നതിനാൽ വിക്കിപീഡിയ വിശ്വാസയോഗ്യമല്ലേ? വിക്കിപീഡിയയിൽ നിറയെ തെറ്റുകളാണോ?
ഇന്റർനെറ്റിന്റെ ആവിഭാവത്തിനുമുൻപും ലോകത്തിൽ നിരവധി വിജ്ഞാനകോശങ്ങൾ ഉണ്ടായിരുന്നു. അതിൽ ഏറ്റവും പ്രശസ്തം എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയാണ്. 250 വർഷത്തോളം പ്രിന്റുചെയ്ത ബ്രിട്ടാനിക്കയിൽ 100 സമ്പൂർണ്ണ എഡിറ്റർമാർ ഉണ്ടായിരുന്നപ്പോൾ 4000 പേർ വിവരങ്ങൾ സംഭാവന നൽകുന്നവരായും ഉണ്ടായിരുന്നു. 32 വോള്യങ്ങളിലായി മുപ്പത്തിരണ്ടായിരത്തിലേറെ താളുകളിൽ 2010-ൽ 12000 കോപ്പി പ്രിന്റുചെയ്ത ബ്രിട്ടാനിക്കയായിരുന്നു അവസാന പ്രിന്റഡ് ബ്രിട്ടാനിയ. ഇപ്പോൾ അവരും ഓൺലൈൻ മാത്രമാണ്. 65 ലക്ഷം ലേഖനങ്ങൾ ഉള്ള ഇംഗ്ലീഷ് വിക്കിപീഡിയ ഇപ്പോൾ പ്രിന്റു ചെയ്താൽ ഇത്തരം 2500 വോളിയങ്ങൾ ഉണ്ടാവും!
വിക്കിപീഡിയ ആർക്കും തിരുത്താം. എല്ലാ ലേഖനങ്ങളുടെയും മുകളിൽ ഒരു സംവാദം താൾ (Talk page) ഉണ്ട്. അവിടെ ആ താളിനെപ്പറ്റിയുള്ള വിവരങ്ങളെപ്പറ്റിയുള്ള ചർച്ചകളാണ് ഉള്ളത്, അവിടെയും ആർക്കും ചോദ്യം ചോദിക്കാം, ഉത്തരം നൽകാം, വിയോജിപ്പ് അറിയിക്കാം. എല്ലാ താളിനുമുകളിലും ഉള്ള മറ്റൊരു കണ്ണിയാണ് നാൾവഴി കാണുക (View history) എന്നത്. ആ താളിൽ ഇതുവരെ എല്ലാവരും നടത്തിയ തിരുത്തലുകൾ മുഴുവൻ സമയവും തിയതിയും അടക്കം ഇവിടെ കാണാം. ഇതുകൂടാതെ ഓരോ താളും ആരൊക്കെ എപ്പോഴൊക്കെ എത്രയൊക്കെ വിവരങ്ങൾ ചേർത്തു എന്നെല്ലാമുള്ള കണക്കുകൾ പലതരം ഗ്രാഫുകൾ ആയും ലഭ്യമാണ്. അതായത് എന്തുവേണമെങ്കിലും ആർക്കും തിരുത്തിച്ചേർക്കാമെന്നുള്ളപ്പോഴും ഓരോ തിരുത്തും ആരാണെന്നോ എവിടെ നിന്നാണെന്നോ എന്നുള്ളത് കൃത്യമായി രേഖപ്പെടുത്തി ആർക്കും പരിശോധിക്കാവുന്നതുപോലെ എപ്പോഴും ലഭ്യമാക്കുന്നുണ്ട്.
വിക്കിപീഡിയയിൽ നടക്കുന്ന ഓരോ തിരുത്തലുകളും നിരവധി ആൾക്കാർ ലോകത്തിന്റെ പലമൂലയിലും ഇരുന്ന് അതാതുസമയം വീക്ഷിക്കുന്നുണ്ട്. അറിഞ്ഞുകൊണ്ട് ഒരാൾ നശീകരണപ്രവർത്തനത്തിന് ഒരുങ്ങിയാൽ ഒട്ടും സമയം വൈകാതെ തന്നെ ആരെങ്കിലും അതു കണ്ടിരിക്കും. അപ്പോൾത്തന്നെ അയാൾ നടത്തിയ മറ്റു തിരുത്തലുകളും അവർ നോക്കും. തെറ്റായ തിരുത്തലുകൾ തിരികെയാക്കും. മനഃപ്പൂർവ്വം നശിപ്പിക്കാനുള്ള ശ്രമമാണെന്നറിഞ്ഞാൽ തിരുത്തിയ ആളെ തുടർ തിരുത്തലുകളിൽനിന്ന് കുറച്ചുനേരത്തേക്കോ സ്ഥിരമായോ തടയുകയും ചെയ്യും.
വിക്കിപീഡിയയിലെ മണ്ടത്തരങ്ങൾ എന്നു പറഞ്ഞ് പ്രമുഖരുടെ താളുകളിൽ ജനനതിയതിയും അച്ഛന്റെ പേരുമെല്ലാം തിരുത്തി സ്ക്രീൻഷോട്ട് എടുത്ത് സോഷ്യൽ മീഡിയകളിലെല്ലാം വൈറൽ ആക്കാൻ ഇത്തരത്തിൽ ആർക്കും പറ്റും, എന്നാൽ ആ സ്ക്രീൻഷോട്ട് എടുക്കുന്ന ഒരു നിമിഷം മാത്രമേ ആ തെറ്റായ വിവരം അവിടെ ഉണ്ടാവുകയുള്ളൂ, വളരെപ്പെട്ടെന്നുതന്നെ അതു മാറ്റുകയും ആ തിരുത്തിയ ആളെ മിക്കവാറും തടഞ്ഞിട്ടും ഉണ്ടാവും. പക്ഷേ വിക്കിപീഡിയയെ അവമതിപ്പെടുത്താൻ ഇവർക്ക് ആ ഒരു നിമിഷം മതി. ഇത്തരം വാർത്ത കാണുന്നവർ ഇപ്പോഴും ആ ലേഖനത്തിൽ തെറ്റായ വിവരമാണോ ഉള്ളതെന്ന് ചിന്തിക്കുകപോലും ചെയ്യാതെ വിധി എഴുതും: ആർക്കും തിരുത്താവുന്നതിനാൽ വിക്കിപീഡിയയിൽ നിറയെ തെറ്റുകളാണ് എന്ന്.
വിക്കിപീഡിയയിൽ ലേഖനങ്ങൾ വായിക്കുമ്പോൾ ഓരോ വിവരങ്ങൾക്കും ശേഷം ഒരു ചെറിയ നമ്പർ എല്ലാവരുടെയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാവും. ആ നമ്പറിന് ഒരു അടിക്കുറിപ്പ് അതാതു താളിനുതാഴെ കാണാം. അത് ഒരു ലിങ്ക് ആയിരിക്കും. ആ വിവരം എവിടെ നിന്നാണ് വിക്കിപീഡിയയ്ക്ക് ലഭിച്ചതെന്ന് അവിടെ കാണാം, അതിൽ ക്ലിക് ചെയ്ത് ആ വിവരം ശരിയാണൊ എന്നു പരിശോധിക്കുകയും ആവാം. ഇങ്ങനെ അവലംബങ്ങളോടുകൂടി മാത്രമേ വിക്കിപീഡിയയിൽ വിവരങ്ങൾ ചേർക്കാൻ പറ്റുകയുള്ളൂ. ആ അവലംബങ്ങളാണ് വിക്കിപീഡിയയുടെ കരുത്ത്. പ്രമുഖങ്ങളായ ജേണലുകൾ, വിശ്വസനീയമായ സ്രോതസ്സുകൾ ഒക്കെ വായിക്കുന്നയാൾക്ക് പരിശോധിച്ച് ബോധ്യപ്പെടാം. അവലംബങ്ങൾ ഇല്ലാതെ ചേർക്കുന്ന വിവരങ്ങൾ അപ്പപ്പോൾത്തന്നെ നീക്കം ചെയ്യപ്പെടും, അത് എത്രമാത്രം ശരിയായിരുന്നാലും.
വിക്കിപീഡിയകളിലെ ലേഖനങ്ങളിൽ നിറയെ ഹൈപ്പർ ലിങ്കുകൾ ഉണ്ടാവും. ഏതിൽ ക്ലിക്ക് ചെയ്താലും ആ വാക്കുസൂചിപ്പിക്കുന്ന വിക്കിപീഡിയ ലേഖനത്തിലേക്ക് എത്തും. ഇംഗ്ലീഷ് വിക്കിപീഡിയയിൽ ദശലക്ഷക്കണക്കിനാണ് ലേഖനങ്ങൾ. എല്ലാം അങ്ങോട്ടും ഇങ്ങോട്ടും ബന്ധപ്പെട്ടിരിക്കുന്നു.
പ്രിന്റ് ചെയ്യുന്ന ഒരു വിജ്ഞാനകോശത്തിൽ പ്രിന്റിങ്ങ് കഴിഞ്ഞനിമിഷം മുതൽ ആ വിവരം ഉറച്ചുകഴിഞ്ഞു. ആനുകാലികസംഭവങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ അതിനാൽത്തന്നെ ആഴ്ചകൾ കൊണ്ടോ മാസങ്ങൾ കൊണ്ടോ അപ്രസക്തമാവും. പിന്നെ അവകൊണ്ട് യാതൊരു ഉപയോഗവുമില്ല. വിക്കിപീഡിയയിലാവട്ടെ ആനുകാലികമായ കാര്യങ്ങളെപ്പറ്റി മണിക്കൂറുകളിൽത്തന്നെ ആയിരക്കണക്കിന് തിരുത്തലുകൾ വരും, ഓരോ നിമിഷവും സംഭവത്തേപ്പറ്റിയുള്ള ഏറ്റവും പുതിയ അറിവുകൾ ലഭിക്കും. മൽസരപ്പരീക്ഷകൾക്കു തയ്യാറെടുക്കുന്നവർക്കൊക്കെ ആനുകാലികവിവരങ്ങൾ അറിയാൻ പ്രിന്റുചെയ്തുകിട്ടുന്ന വിവരങ്ങളേക്കാൾ ആയിരം മടങ്ങ് ഫലപ്രദമാണ് വിക്കിപീഡിയ.
പ്രിന്റുചെയ്തുവരുന്ന വിജ്ഞാനകോശത്തിൽ ഒരു തെറ്റെങ്ങാൻ വന്നുപോയാൽ അതുതിരുത്താൻ അടുത്ത എഡിഷൻ വരെ കാത്തിരിക്കുക വേണമെന്നു മാത്രമല്ല ഒരിക്കൽ വാങ്ങിപ്പോയവർ ആ തെറ്റുതിരുത്തപ്പെട്ടിട്ടുണ്ടോ എന്ന് അറിയുകപോലുമില്ല. ബ്രിട്ടനിൽ നിന്നു പ്രസിദ്ധീകരിക്കുന്ന ബ്രിട്ടാനിയയിൽ എഴുതുന്ന ഇംഗ്ലീഷുകാർ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ എങ്ങനെയായിരിക്കും കാണുക? ചരിത്രവും രാഷ്ട്രീയവും ആയ ലേഖനങ്ങളിൽ ഏതു വിജ്ഞാനകോശത്തിലും ഇങ്ങനെ എഴുതുന്നയാൾക്കാരുടെ വീക്ഷണവും ചായ്‌വും കടന്നുവരാം, അതു വിക്കിപീഡിയയിലും ഉണ്ട്. എന്നാൽ വിക്കിപീഡിയയിലെ ഏതു ലേഖനവും തിരുത്തുന്നവർ ലോകത്തിന്റെ പലഭാഗത്തും ഉണ്ടെന്നതിനാൽ ആർക്കും അതിനെ സ്വന്തം വീക്ഷണത്തിലേക്ക് പൂർണ്ണമായും തട്ടിക്കൊണ്ടുപോവാനാവില്ല. ഓരോ തിരുത്തും കൂടുതൽ കൂടുതൽ മെച്ചപ്പെട്ട സത്യത്തിലേക്ക് ലേഖനങ്ങളെ എത്തിക്കും. ഇതോടൊപ്പം ചേർത്തുപറയേണ്ട ഒന്നാണ് യാതൊരുവിധ പരസ്യങ്ങളും വിക്കിപീഡിയയിൽ ഇല്ലെന്നത്, എല്ലാ വെബ്‌സൈറ്റുകളിലും പലതരം പരസ്യങ്ങൾ ഉള്ളപ്പോൾ ഒരു ചെറുപരസ്യം പോലും വിക്കിപീഡിയയിൽ കാണില്ല. ആരുടെയെങ്കിലും പണം പരസ്യത്തിനായി കൈപ്പറ്റിയാൽ മാധ്യമങ്ങൾ അവർക്ക് എതിരായ വാർത്തകൾ ഒതുക്കുന്നതത് നമ്മൾ നിത്യവും കാണുന്നതാണ്. ഈ പക്ഷപാതം ഉണ്ടാവാതിരിക്കണമെന്നു നിർബന്ധമുള്ളതിനാലാണ് വിക്കിപീഡിയ പരസ്യങ്ങൾ ഒന്നും വാങ്ങാത്തത്. അതും വിക്കിപീഡിയയിലെ ലേഖനങ്ങളെ കൂടുതൽക്കൂടുതൽ സത്യത്തിലേക്ക് അടുപ്പിക്കുന്നു. ചെലവുകൾ നിറവേറ്റാൻ പൂർണ്ണമായും സംഭാവനകളിൽക്കൂടിയാണ് വിക്കീപീഡിയ ഫണ്ട് ശേഖരിക്കുന്നത്.
മുന്നൂറോളം ഭാഷകളിൽ വിക്കിപീഡിയ പ്രസിദ്ധീകരിക്കുന്നു. എല്ലാ ഭാഷകളിലെയും ലേഖനങ്ങളെയും വിക്കിഡാറ്റ എന്നൊരു പരിപാടി കൊണ്ട് ബന്ധിപ്പിച്ചിരിക്കുന്നു. അതുവഴി ഒറ്റ ക്ലിക്കിനാൽ ഏതു ഭാഷയിലെയും ഏതു ലേഖനത്തിൽ നിന്നും മറ്റേതു ഭാഷയിലെയും ആ ലേഖനത്തിൽ എത്താനാവും. മലയാളത്തിൽ കുറച്ചുമാത്രം കാര്യങ്ങൾ ഉള്ള ഒരു ലേഖനം വായിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ അതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഉള്ള ഇംഗ്ലീഷ് ലേഖനത്തിലേക്ക് എളുപ്പത്തിൽ എത്താനാവും. ഭാവിയിൽ യന്ത്രങ്ങൾ ഉപയോഗിച്ചുള്ള വിവർത്തനം കുറ്റമറ്റതാവുമ്പോൾ ഏതുഭാഷയിലും ഉള്ള ലേഖനങ്ങൾ മറ്റേതുഭാഷയിലും വായിക്കാനാവും. ഇപ്പോൾത്തന്നെ സേർച്ച് എഞ്ചിനുകൾ ഈ പരിപാടി ഉപയോഗിക്കുന്നുണ്ട്. ഒരു ഭാഷയിൽ എന്തെങ്കിലും തിരഞ്ഞാൽ മറ്റുഭാഷയിലെ വിക്കിപീഡിയയിൽ നിന്നും കാര്യങ്ങൾ എടുത്ത് വിവർത്തനം ചെയ്തു നൽകുന്നുണ്ട്.
വിക്കിപീഡിയ ലേഖനങ്ങളിൽ എല്ലാം നിറയെ ചിത്രങ്ങൾ കണ്ടിട്ടുണ്ടാവുമല്ലോ? ഇവയും നമ്മെപ്പോലുള്ളവർ എടുത്ത ചിത്രങ്ങൾ സൗജന്യമായി വിക്കിപീഡിയയ്ക്ക് നൽകിയതാണ്. ഓരോ ഭാഷയിലെ വിക്കിപീഡിയകളിലേക്കും ഈ ചിത്രങ്ങൾ വെവ്വേറെ അപ്‌ലോഡ് ചെയ്യേണ്ടതില്ല, അതിനായിട്ടുള്ള ഒരു പൊതുസഞ്ചയമാണ് വിക്കിമീഡിയ കോമൺസ്. കോമൺസിൽ ചേർക്കുന്ന ചിത്രങ്ങളെല്ലാം ഏതുവിക്കിപീഡിയകളിലും വളരെ ലളിതമായി ചേർക്കാനാവും. ലോകത്തുള്ള പല സർവ്വകലാശാലകളും അവരുടെ പക്കൽ നൂറ്റാണ്ടുകളായി ഉള്ള രേഖകൾ വിക്കിമീഡിയ കോമൺസ് പോലുള്ള പൊതുസഞ്ചയങ്ങളിലേക്ക് നൽകിക്കൊണ്ടിരിക്കുകയാണ്. ലേഖനങ്ങൾ പോലെ ആർക്കും ചിത്രങ്ങളും വിക്കീപീഡിയയ്ക്ക് നൽകാവുന്നതാണ്. വ്യക്തിപരമായ ചിത്രങ്ങളല്ലാതെ മിക്കവയ്ക്കും എന്തെങ്കിലും വിജ്ഞാനമൂല്യം ഉണ്ടാവും. നമ്മൾ ഒരു ചിത്രം വിക്കിമീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുമ്പോൾ അത് എക്കാലത്തും സുരക്ഷിതമായി നമ്മൾ അപ്‌ലോഡ് ചെയ്ത അതേ റെസല്യൂഷനിൽ യാതൊരു മാറ്റവും വരാതെ അവിടെ സൂക്ഷിച്ചിരിക്കും. ഫേസ്‌ബുക്ക്, വാട്സ്ആപ്പ് പോലെയുള്ള ഇടങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ വളരെ ചെറിയ വലിപ്പത്തിലാണ് അവർ സൂക്ഷിക്കുന്നതെന്ന് അറിയാമല്ലോ. എന്നാൽ കോമൺസിൽ നമ്മൾ നൽകുന്ന ചിത്രങ്ങൾ അതേ റെസല്യൂഷനിൽ ആർക്കും ലോകത്തെവിടെയിരുന്നും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാനാവും എന്നു മാത്രമല്ല സേർച്ച് എഞ്ചിനുകളുടെ സഹായത്തോടെ അവ കണ്ടുപിടിക്കാനുമാവും. നമ്മൾ പോലും അറിയാതെ നമ്മുടെ ചിത്രങ്ങൾ മുന്നൂറിലേറെ വിക്കിപീഡിയകളിൽ ഉപയോഗിക്കപ്പെടാം, തുറന്ന ലൈസൻസ് ആയതിനാൽ വിവിധങ്ങളായ ആവശ്യങ്ങൾക്ക് പഠനത്തിനും ഗവേഷണത്തിനുമെല്ലാം അവ ഉപയോഗിക്കും, അത്തരം ചിത്രങ്ങളാണ് കുട്ടികളുടെ പ്രൊജക്ടുകളിലേക്കെല്ലാം വേണ്ടി പലരും പ്രിന്റ് ചെയ്തെടുക്കുന്നത്. അവിടെയെല്ലാം ആ ചിത്രം എടുത്തയാൾ എന്ന നിലയിൽ നമ്മുടെ പേരും ഉണ്ടാകും. നമ്മുടെ ക്യാമറയിലും ഹാർഡ് ഡിസ്കിലും കുറെക്കാലം സൂക്ഷിച്ചശേഷം നഷ്ടപ്പെട്ടുപോകുന്ന ചിത്രങ്ങൾ എന്നേക്കുമായി സൂക്ഷിക്കാനും കോമൺസ് അവസരം നൽകുന്നു.
വിക്കിപീഡിയയിൽ വിവരങ്ങൾ ചേർക്കുന്നത് വളരെ ലളിതമായ കാര്യമാണ്, ലേഖനം വായിക്കുമ്പോൾ കാണുന്ന അക്ഷരത്തെറ്റുകളും തെറ്റായ വിവരങ്ങളും ഓരോരുത്തരും മനസ്സുവച്ചാൽ നിമിഷം കൊണ്ടുതിരുത്താനാവും. വിദ്യാർത്ഥികൾക്ക് അവരുടെ അക്ഷരശുദ്ധിയും പദസഞ്ചയവും വിവർത്തനശേഷിയും അറിവും വർദ്ധിപ്പിക്കാൻ വിക്കിപീഡിയയിൽ തിരുത്തൽ വരുത്തുന്നത് വളരെ സഹായകമാണ്. സംശയങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ തീർത്തുതരാൻ നിരവധി ആൾക്കാർ തയ്യാറായി ഉണ്ടുതാനും. നിരന്തരം മണിക്കൂറുകൾ കൊണ്ടു മാറിക്കൊണ്ടിരിക്കുന്ന അറിവുകൾ അതാതുസമയം മാറ്റിച്ചേർക്കുന്നതാണ് ഒരു വിജ്ഞാനകോശം എത്രത്തോളം വിശ്വനീയമാണെന്നതിന്റെയും ഉപയോഗപ്രദമാണെന്നതിന്റെയും മാനദണ്ഡങ്ങൾ. അതിനാൽത്തന്നെ കൂടുതൽ ആൾക്കാർ ഓരോ ഭാഷയിലുമുള്ള വിക്കിപീഡിയകളിൽ തിരുത്താൻ ഉണ്ടെങ്കിൽ അതാത് വിക്കിപീഡിയയുടെ ഗുണം വർദ്ധിച്ചുകൊണ്ടിരിക്കും. ഇക്കാര്യത്തിൽ ഇംഗ്ലീഷ് വിക്കിപീഡിയയുടെ അടുത്ത് മറ്റാരും എത്തില്ല. മലയാളത്തിലും നിറയെ തിരുത്താൻ തയ്യാറുള്ളവർ വന്നാലേ മലയാളം വിക്കിപീഡിയയുടെയും ഗുണം വർദ്ധിക്കുകയുള്ളൂ. ധാരാളം വിദ്യാർത്ഥികളും അധ്യാപകരും ഈ രംഗത്തേക്ക് കടന്നുവന്നാൽ ഓരോദിവസം കഴിയുന്തോറും മലയാളം വിക്കിപീഡിയയും നന്നായിക്കൊണ്ടിരിക്കും. ലോകത്തെ ഓരോരുത്തർക്കും ഉള്ള എല്ലാ അറിവുകളും ബാക്കി എല്ലാർക്കും സൗജന്യമായി ലഭ്യമാകുന്ന ആ ദിവസത്തിലേക്ക് എത്തിച്ചേരലാണ് വിക്കിപീഡിയയുടെ ലക്ഷ്യം.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.
Manager, Kerala Gramin Bank / Wikipedian