ഇനിയൊരു വസൂരി പടർന്നു പിടിച്ചാൽ നമ്മൾ എന്ത് ചെയ്യും?
പണ്ട് വസൂരി പടർന്ന് പിടിച്ചിരുന്ന സമയത്ത് ആളുകൾ മൃതപ്രായരായ രോഗികളെയും, അവശരെയും ,മരിച്ചവരെയും ഉൾപ്പെടെ ഗ്രാമങ്ങൾ ഉപേക്ഷിച്ചു പോവുകയും ഗ്രാമങ്ങൾക്ക് തീയിടുകയും ചെയ്തിട്ടുണ്ട് .
ആധുനിക വൈദ്യശാസ്ത്രം തീർത്തും ശൈശവ ദശയിലായിരുന്നു കാലത്തു,മനുഷ്യൻ നാഗരികത പ്രാപിക്കാത്ത കാലത്ത് അങ്ങനെയൊക്കെ നടന്നിട്ടുണ്ടാവും.എന്നാൽ ഇക്കാലത്തു അങ്ങനെ ഒരു മഹാ രോഗം വന്നാൽ മുൻപ് നടന്നതുപോലെ ഒന്നും നടക്കില്ല എന്ന് നിങ്ങൾ കരുതുന്നുണ്ടാവും.
പക്ഷെ നിർഭാഗ്യവശാൽ നമ്മുടെ പോക്ക് ആ ദിശയിലേക്ക് തന്നെയാണ്.
അതിന്റ ഏറ്റവും വല്ല്യ ലക്ഷണങ്ങൾ പറയാം.
1)ഒരു ഗ്രാമത്തിലെ ഒരു വീട്ടിൽ ഒരാൾക്ക് കോവിഡ് എന്ന താരതമ്യേന ഗുരുത്വം കുറഞ്ഞ രോഗം വന്നാൽ ആ ഗ്രാമം മുഴുവൻ സർക്കാർ തന്നെ പലകകൾ കൊണ്ടും ,ടിൻ ഷീറ്റ് കൊണ്ടും കെട്ടി അടക്കുന്നു.അങ്ങോട്ടുള്ള എല്ലാ വഴികളും ബ്ലോക്ക് ചെയ്യുന്നു.ആ ഗ്രാമത്തിലുള്ള ആർക്കെങ്കിലും ഗുരുതരമായ ഒരു അസുഖം വന്നാലോ ,അപകടം ഉണ്ടായലോ ,തീപിടുത്തം ഉണ്ടായാലോ ഒന്നും ഓടി പോകാനോ ആശുപത്രിയിൽ എത്തിക്കാനോ സാധിക്കാതെ അവിടെത്തന്നെ കിടന്ന് വെന്തുവെണ്ണീറാകാൻ ആണ് വിധി. ആംബുലൻസ്,ഫയർ എഞ്ചിൻ തുടങ്ങിയവ പോലും അങ്ങോട്ട് കടത്തി വിട്ടില്ല. ആളുകൾക്ക് എന്തെങ്കിലും ഭക്ഷണം വാങ്ങുവാനോ സാധനം വാങ്ങുവാനോ എങ്ങനെ പുറത്തു പോകും എന്നുള്ള ചോദ്യം നിഷിദ്ധമാണ്.
2)കോവിഡ് വന്ന് മരിച്ച രോഗിയെ സംസ്കരിക്കാൻ അനുവദിക്കാതിരുന്ന ഒന്നിലധികം അനുഭവങ്ങൾ ഇപ്പോൾ നമ്മുടെ പ്രാകൃത നാട്ടിൽ അരങ്ങേറി. ഒരുപക്ഷേ ആളുകളുടെ കിരാതമായ മനോഭാവമാണ് ഇത് വെളിപ്പെടുത്തുന്നത്. കൊറോണയ്ക്ക് പകരം വളരെ ഗുരുത്വം ഏറിയ നിപ്പ പോലെയുള്ള ഒരു അസുഖം ആയിരുന്നു ഇങ്ങനെ പടർന്ന് പിടിച്ചിരുന്നതെങ്കിൽ ആളുകൾ ഇപ്പോൾ തമ്മിൽ തല്ലി മരിച്ചേനെ എന്നു തോന്നുന്നു.
3)കൊറോണ എന്ന രോഗം മൂലം മരിച്ചവരെക്കാളും കൂടുതൽ ആളുകൾ മറ്റു തരത്തിൽ മരിച്ചിട്ടുണ്ടാവും. പട്ടിണി മൂലവും ആയിരക്കണക്കിന് കിലോമീറ്റർ നടക്കാൻ ശ്രമിച്ചതും എല്ലാം കാരണം എത്രയോ ജീവനുകൾ പൊലിഞ്ഞിട്ട് ഉണ്ടാവും.
4)മറ്റുള്ള രോഗങ്ങൾക്ക് ചികിത്സ കിട്ടാത്തത് ഇപ്പോൾ മറ്റൊരു പ്രശ്നമാണ്.. എന്തു വലിയ രോഗവുമായി ചെന്നാലും കൊറോണോ ഉണ്ടോ എന്ന് പരിശോധിച്ച് മാത്രമേ ഇപ്പോൾ ചികിത്സാ നൽകൂ. ഭയപ്പെടുത്തുന്ന ഒരു അവസ്ഥയാണിത് . ക്വാറന്റെനിൽ കഴിയുന്നവർക്ക് കോറണ പ്രോട്ടോകോൾ പ്രകാരം മാത്രമേ ചികിത്സ നൽകു. അവർക്ക് ഹൃദയസ്തംഭനം ആണെങ്കിൽ കൂടി.
5) കൊറോണ കൈകാര്യം ചെയ്യാൻ ആരോഗ്യവകുപ്പിനു പകരം പോലീസിനെ ഏൽപ്പിച്ച അശാസ്ത്രീയമായ നടപടി.
പല സംസ്ഥാനങ്ങളും ഇതിനോടകം തന്നെ വീടുകളും ഫ്ലാറ്റുകളും വഴികളും കെട്ടി അടക്കുന്ന പ്രാകൃതമായ, കിരാതമായ രീതികൾ ഉപേക്ഷിച്ചു കഴിഞ്ഞു. കേരളത്തിൽ ഇപ്പോഴും ഈ കിരാത നടപടി തുടരുകയാണ്.
കൊറോണയെ തുടർന്ന് സകല മേഖലകളും താറുമാറായി. അതിൽ എടുത്തു പറയേണ്ട ഒന്നാണ് മനുഷ്യൻറെ മാനസികാരോഗ്യം. ജോലി പോകും എന്നുള്ള ഭയം, സാമ്പത്തികമായ അരക്ഷിതാവസ്ഥ, രോഗത്തെക്കുറിച്ചുള്ള ഭയം, വിരസത, വ്യായാമമില്ലായ്മ, സാമൂഹിക ബന്ധങ്ങളുടെ കുറവ്, അമിതമായ സ്ക്രീൻ അഡിക്ഷൻ ഇവയെല്ലാം മനുഷ്യനിൽ പല മാനസിക പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. കുട്ടികളുടെ ആത്മഹത്യ വർദ്ധിക്കുന്നു. ഇതിനെല്ലാം ഉപരിയാണ് ഒരു പൗരന്റെ അടിസ്ഥാനപരമായ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടി.
ഒരു ഗ്രാമത്തിൽ ഒരാൾക്ക് കൊറോണോ ഉണ്ടെങ്കിൽ ആ ഗ്രാമത്തെ മുഴുവൻ നിങ്ങൾ എന്തിനാണ് ഇതുപോലെ കഷ്ടപ്പെടുത്തുന്നത്?
അത് ഭരണഘടനയുടെ ലംഘനമല്ലേ?
എന്തിനാണ് ആണ് വാഹനങ്ങൾ തടയുന്നത് .വാഹനങ്ങളിൽ കൂടെയാണോ കൊറോണ പകരുന്നത്?
ഇങ്ങനെ കെട്ടി അടയ്ക്കപ്പെടുന്ന സ്ഥലങ്ങളിൽ ആൾക്കാർക്ക് ഉണ്ടാകുന്ന മാനസിക സമ്മർദ്ദം സർക്കാർ മനസ്സിലാക്കേണ്ട സമയം അതിക്രമച്ചിരിക്കുന്നു.. മിക്ക സംസ്ഥാനങ്ങളും പണ്ടേ ഉപേക്ഷിച്ച ഈ പ്രാകൃത നടപടി ഇനിയെങ്കിലും കേരള സർക്കാർ ഉപേക്ഷിക്കണം.
#റോബിൻ കെ മാത്യു
Also Read » AI സാങ്കേതിക വിദ്യകൾ വളർന്നു വരുന്ന ഈ സാഹചര്യം IT ഫീൽഡിൽ ജോലി ചെയ്യുന്നവർക്ക് ഗുണകരമാകുമോ ?
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.
Behavioural Psychologist / Cyber Psychology Consultant » Facebook