മുല്ലപ്പെരിയാർ ഡാം -ചില അപ്രിയ സത്യങ്ങൾ - Last Part

Avatar
ജോയ് എബ്രാഹം , കള്ളിവയലിൽ | 17-11-2021 | 4 minutes Read

മുല്ലപ്പെരിയാർ ഡാമിൻ്റെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ ഉയർന്നത് 1979ലെ മാച്ചു- 2 ഡാമിൻ്റെ തകർച്ചയെത്തുടർന്നാണ് എന്ന് മുൻപേ പറഞ്ഞു.

ഡാം പരിശോധിച്ച കേന്ദ്ര ജല കമ്മീഷൻ ചില പ്രധാന തകരാറുകൾ കണ്ടെത്തി. അടിയന്തരമായി ജലനിരപ്പ് 142 അടിയിൽനിന്നും 136 അടിയായി കുറച്ചു. വിശദമായ പഠനങ്ങൾക്ക്ശേഷം നിരവധി ശക്തിപ്പെടുത്തൽ നടപടികൾ നിർദേശിച്ചു. 1982 ആയപ്പോൾ തമിഴുനാട് ആ പണികൾ പൂർത്തീകരിച്ചു. ഇത്രയും വസ്തുതകൾ കണക്കിലെടുത്ത് വേണം പിന്നീടുണ്ടായ സുപ്രീംകോടതി വിധികൾ വിലയിരുത്താൻ.

916-1637186097-mullaperiyar-last

കേരളം ഉയർത്തിയ തടസവാദങ്ങൾ പരിശോധിക്കാം.

വാദം: 999 വർഷത്തേക്കുള്ള മുല്ലപെരിയാർ ഡാം കരാർ ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുന്നതിനു മുന്പുള്ളതാണ്. 1950ൽ പുതിയ ഭരണഘടന വന്നപ്പോൾ അത് സ്വയമേവ റദ്ദായി. അതിനാൽ അത് കേരള സംസ്ഥാനത്തിന് ബാധകമല്ല.
വിധി: മൗലിക അവകാശങ്ങൾ റദ്ദാക്കാൻ ഒരിക്കലും കഴിയില്ല. കിട്ടികൊണ്ടിരിക്കുന്ന അവകാശങ്ങൾ നിഷേധിക്കാൻ കഴിയില്ല. 1970ൽ കേരളം കരാർ പുതുക്കി നൽകിയതോടെ മേൽപറഞ്ഞ വാദങ്ങൾ അപ്രസക്തമായി.
ഡാം 120 വർഷത്തിനു മേൽ പഴക്കമുള്ളതാണ്. പഴയ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണിത ഡാം സുരക്ഷിതമല്ല. ഡാമുകളുടെ ആയുസ്സ് 50 വര്ഷം മാത്രമാണ്.

വിധി: നിർദേശിച്ച ബലപ്പെടുത്തൽ പണികൾക്ക് ശേഷം ഒരു പുതിയ ഡാമിൻ്റെ ബലം കൈ വരിച്ചു. ഡാം സുരക്ഷിതമാണ് എന്ന് വിശദമായപരിശോധനക്കു ശേഷം കേന്ദ്ര ജല കമ്മീഷൻ റിപ്പോർട്ട് നൽകിയിട്ടുണ്ട്.

ഈ കണ്ടെത്തലിൻ്റെ പാശ്ചാത്തലം വിശദമായി പരിശോധിക്കേണ്ടതുണ്ട്.

മുല്ലപ്പെരിയാർ പോലെ ലോകത്ത് 5000 ത്തിലേറെ വലിയ ഡാമുകൾ 100 വർഷത്തിന് മുകളിൽ പഴക്കമുള്ളവയാണ്. ഇന്ത്യയിലെ 5534 വലിയ ഡാമുകളിൽ 220 എണ്ണം 100 വർഷം കഴിഞ്ഞവയാണ്.
തമിഴുനാട്ടിൽകാവേരി നദിയിലേ കല്ലണയ് അണക്കെട്ട് 2000 വര്ഷം മുൻപ് കരികാല ചോളൻ പണിതതാണ്. ഭവാനി നദിയിലേ ദൗലേസ്വരം അണക്കെട്ട് 400 വർഷത്തെ പഴക്കമുള്ളതാണ്. ചെന്നൈയിലേ പുഴൽ ഏരി അണക്കെട്ട് 1876 ൽ നിർമ്മിച്ചതാണ്. 50 വര്ഷം ആയുസ് എന്നത് ഒരു വീടിൻ്റെ ആയുസ് 30 വർഷമാണ് എന്നതുപോലെ മാത്രമാണ്. കാലാകാലങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തി എത് നിർമ്മിതിയും പുതിയവ പോലെ നിലനിർത്താൻ കഴിയും.

വാദം: ഭൂമികുലുക്കം വന്നാൽ ഡാം തകരും. കേരളം സമർപ്പിച്ച റൂർക്കി ഐ ഐ ടി പ്രൊഫസറുടെ റിപ്പോർട്ട് അനുസരിച്ച്പോലും റിക്ടർ സ്കെയിലിൽ 6.5 വരുന്ന ഭൂമികുലുക്കം ഉണ്ടായാൽ മാത്രമെ ഡാം തകരാൻ സാധ്യതയുള്ളു. മുല്ലപ്പെരിയാർ ഡാം സ്ഥിതിചെയ്യുന്നത് സോൺ മൂന്നിലാണ്. അതായത് മിതമായ ഭൂമികുലുക്കം ഉണ്ടാകാനുള്ള സാധ്യതയുള്ള പ്രദേശം . അവിടെ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം 2020 ജൂലായിൽ 2.3 ആണ്. അതിൻ്റെ പത്തിരട്ടി ശക്തിയുള്ള ഭൂമികുലുക്കം ഉണ്ടാകാനുള്ള സാധ്യത തീരെയില്ല.

വാദം: അതിതീവ്ര മഴ ഉണ്ടായാൽ ഡാം നിറഞ്ഞുകവിഞ്ഞു തകരാൻ സാധ്യത ഉണ്ട്. കേന്ദ്ര ജല കമ്മീഷൻ അത്തരം സാദ്ധ്യത തള്ളിക്കളയുന്നു. ഡാം വിദഗ്ധര് വെള്ളപ്പൊക്ക സാധ്യത കണക്കാക്കുന്നത് രണ്ട് കണക്കുകൾ വെച്ചാണ്. ഒന്ന് SPF - Standard Project Flood. 100 വർഷത്തെ വെള്ളപ്പൊക്കകണക്കുകൾ നോക്കി ജലനിരപ്പ് ക്രമാതീതമായി ഉയരാനുള്ള സാധ്യത പഠിക്കുന്നു.

രണ്ടാമത് PMF- Probable Maximum Flood. ഡാമിൻ്റെ വൃഷ്ടിപ്രദേശത്ത് ഉണ്ടാകാൻ സാദ്ധ്യതയുള്ള ഏറ്റവും തീവ്രമായ മഴയും ഡാമിലേക്കുള്ള നീരൊഴുക്കും കണക്കിലെടുത്ത് നിശ്ചയിക്കുന്ന ഒന്നാണ് .

നൂറ്റാണ്ടിലെ പ്രളയം ഉണ്ടായ 2018ൽപോലും ജലനിരപ്പ് 142 അടിയുടെ മുകളിൽ ഉയരാതെ നിയന്ത്രിക്കാൻ സാധിച്ചു. 1982ലെ ബലപ്പെടുത്തലിനുശേഷം ഡാമിൻ്റെ ഉയരം 156 അടി ആയിരുന്നത് 159 അടിയായി വർധിച്ചിട്ടുണ്ട്.
2019 ൽ ഡാം സുരക്ഷാ നിയമം പാർലിമെൻ്റിൽ പാസാക്കിയതിനുശേഷം കേന്ദ്ര ജല കമ്മീഷൻ , കേന്ദ്ര ഡാം സുരക്ഷാ ഓർഗനൈസേഷൻ എന്നിവർ നിർദേശിക്കുന്ന ഏല്ലാ നടപടികളും അനുസരിക്കാൻ സംസ്ഥാനങ്ങൾ ബാധ്യസ്ഥരാണ്.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഡാമിൻ്റെ സുരക്ഷ നിരന്തരമായ പരിശോധനകൾക്ക് വിധേയമാക്കി വരികയാണ്. പോരാഞ്ഞിട്ട് കേരളം, തമിഴുനാട്, കേന്ദ്രം എന്നീ കക്ഷികളുടെ മേൽനോട്ടസമിതി സുപ്രീംകോടതിയുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
അവരാരും മുല്ലപ്പെരിയാർ ഡാമിൻ്റെ സുരക്ഷ സംബന്ധിച്ച പുതിയ ഒരു പ്രശ്നവും കണ്ടുപിടിച്ചിട്ടില്ല. മാത്രമല്ല 2021 ഒക്ടോബറിൽ കേസ് പരിഗണിച്ച സമയത്ത് ഇത് രാഷ്ട്രീയചർച്ചകൾ നടത്തേണ്ട വിഷയമല്ല എന്ന് സുപ്രീംകോടതി ഇരുസംസ്ഥാനങ്ങളിലെയും അഭിഭാഷകർക്ക് കർശനമായ താക്കീത് നൽകുകകൂടി ചെയ്തു.

കേരളത്തിൻ്റെ മുന്നിൽ ഇനി അങ്ങോട്ടുള്ള വഴി എന്താണ്?

പുതിയ ഒരു ഡാം എന്ന നിർദേശം ഒരു കാരണവശാലും അംഗീകരിക്കില്ല എന്ന് തമിഴുനാട് അർഥശങ്കക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കികഴിഞ്ഞു. ഡാമിൻ്റെ സുരക്ഷ സംബന്ധിച്ച പുതിയ എന്തെങ്കിലും നിരീക്ഷണങ്ങൾ ഉണ്ടാകുന്നതുവരെ കേന്ദ്ര ജല കമ്മീഷൻ പുതിയ ഡാം നിർദേശിക്കാൻ സാധ്യതയില്ല. സാങ്കേതികവിദഗ്ധരുടെ നിർദേശം ഇല്ലാതെ സുപ്രീംകോടതി ആ അവശ്യം പരിഗണിക്കാൻ ഒരു സാധ്യതയുമില്ല.

പുതിയ ഡാമിൻ്റെ ഡിസൈൻ തയാറായി കഴിയുമ്പോൾ അഭിമുഖീകരിക്കേണ്ടിവരാൻ പോകുന്ന പരിസ്ഥിതിപ്രശ്നങ്ങൾ വളരെ കൂടുതലായിരിക്കും എന്നതിൽ സംശയമില്ല. ആകെയുള്ള ഒരു പരിഹാരമാർഗ്ഗം മുല്ലപ്പെരിയാർ ഡാം ഒരു സ്റ്റോറേജ് ഡാം എന്ന നിലയിൽനിന്ന് ഒരു ഡൈവേർഷൻ ഡാം ആക്കി മാറ്റുക എന്നതാണ്. അതായത് ജലനിരപ്പ് 110 അടിയോ മറ്റോ ആക്കി താഴ്ത്തി ഒരു പുതിയ ടണൽ നിർമിച്ച് വെള്ളം തമിഴുനാട് കൊണ്ടുപോകുക എന്നതാണ്.

അതിൻ്റെ ഫലം പെരിയാർ തടാകം ഇല്ലാതെയാകുക എന്നതാണ്. വന്യജീവികളെയും പരിസ്ഥിതിയെയും വളരെ ദോഷകരമായി ബാധിക്കും എന്നതുകൊണ്ട് പെരിയാർ ടൈഗർ റിസർവ് നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാര് അത്തരം ഒരു നിർദേശം തള്ളിക്കളയും എന്ന് ഉറപ്പാണ്.

വേറൊരു സാധ്യത ജലനിരപ്പ് 142 അടിയായി സ്ഥിരമായി നിലനിർത്തുക, അധികജലം സൂക്ഷിക്കുന്നതിനായി തമിഴുനാട് പുതിയ ഒരു ഡാം നിർമ്മിക്കുക എന്നതാണ്. വൈഗ - II എന്ന പേരിൽ അത്തരം ഒരു അണക്കെട്ട് നിർമ്മിക്കുന്നതിനുള്ള പദ്ധതി തമിഴുനാട് തയാറാക്കി കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കേരളത്തിൻ്റെ മുന്നിൽ ഇനി ഒരു മാർഗം മാത്രമെ ഉള്ളൂ. തലക്ക് മീതെ വെള്ളം വന്നാൽ അതുക്ക് മീതെ തോണി. തുളുമ്പിപ്പോയ പാലിനെ ഓർത്ത് ദുഃഖിക്കാതെ മുന്നോട്ട് പോകുക. അനുകൂല സാഹചര്യങ്ങൾക്കായി ക്ഷമാപൂർവം കാത്തിരിക്കുക. ഡാമിൻ്റെ സുരക്ഷ മാത്രമല്ല ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ നിതാന്ത ജാഗ്രതയോടെ നടപടികൾ തുടരുക.

തമിഴുനാട് ശത്രു സംസ്ഥാനം ഒന്നുമല്ല. അവർ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവിളകൾ മലയാളികളാണ് ഉപയോഗിക്കുന്നത്.

സുപ്രീംകോടതിയും ആശയുടെ ഒരു കിരണം നൽകിയിട്ടുണ്ട്. മുല്ലപ്പെരിയാർ കേസ് ഒറ്റത്തവണ തീർപ്പ് കൽപ്പിക്കേണ്ട ഒന്നല്ല എന്ന് കോടതി പറഞ്ഞുകഴിഞ്ഞു. ഡൈനാമിക് എന്ന വാക്കാണ് കോടതി ഉപയോഗിച്ചത്. അതായത് സ്ഥിതിഗതികൾ ദിനംപ്രതി മാറിവരാം. വിദഗ്ധസമിതികളും മേൽനോട്ട സമിതികളും നിരന്തരം നിരീക്ഷണം നടത്തിക്കൊണ്ടിരിക്കും . ഡാമിൻ്റെ സുരക്ഷ സംബന്ധിച്ച എന്തെങ്കിലും ആശങ്ക അവർ പ്രകടിപ്പിച്ചാൽ കോടതി അതനുസരിച്ചുള്ള ഉത്തരവുകൾ നൽകും.

സുപ്രീംകോടതിയുടെ നീതിബോധത്തിൽ നാം സംശയം പ്രകടിപ്പിക്കേണ്ട ഒരു കാര്യവുമില്ല. രാഷ്ട്രീയക്കാരുടെയും നിക്ഷ്തിപ്ത താല്പര്യക്കാരുടെയും പ്രസ്താവനകൾ കേട്ട് ആരും ഉറക്കം കളയേണ്ടതുമില്ല.

(അവസാനിച്ചു.)


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About ജോയ് എബ്രാഹം , കള്ളിവയലിൽ

» Facebook

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 11:05:12 am | 03-12-2023 CET