മുല്ലപ്പെരിയാർ ഡാം - ചില അപ്രിയ സത്യങ്ങൾ - 12

Avatar
ജോയ് എബ്രാഹം , കള്ളിവയലിൽ | 17-11-2021 | 3 minutes Read

മുല്ലപ്പെരിയാർ ഡാം ഉൾപ്പെടെ എല്ലാ ഡാമുകളുടെയും സുരക്ഷ സംബന്ധിച്ച് എല്ലാവരുടെയും നിലവിലുള്ള ചിന്തകളും അഭിപ്രായങ്ങളും മാറ്റിമറിച്ച സംഭവമായിരുന്നു നൂറ്റാണ്ടിലെ പ്രളയം എന്ന് വിശേഷിപ്പിക്കപ്പെടുന്ന 2018ലെ വെള്ളപ്പൊക്കം. ഏല്ലാ ഡാമുകളും നിറഞ്ഞ് ഷട്ടറുകൾ തുറക്കേണ്ടിവന്നു. കേരളത്തിലെ 85 ശതമാനം ജനങ്ങളെയും പ്രളയം ബാധിച്ചു എന്നാണ് കണക്ക്.

915-1637152955-fb-img-1637152653680

നദികളിലെ ജലത്തിൻ്റെ മൂന്നിൽ ഒരു ഭാഗം മാത്രമാണ് ഡാമുകൾ തുറന്നത്കൊണ്ടു് ഒഴുകിയത് എങ്കിലും ഏല്ലാ പഴിയും ഡാമുകൾ സമയത്ത് തുറക്കാത്തതാണ് കാരണം എന്ന ആരോപണത്തിൽ ഒതുങ്ങി. 2018 മുതലാണ് ഡാമുകളുടെ സുരക്ഷയിൽ സുപ്രധാന പങ്കു വഹിക്കുന്ന റൂൾ കേർവു നിർബന്ധമായി നടപ്പാക്കാൻ കേന്ദ്ര ജല കമ്മീഷൻ നിർദേശം നൽകിയത്. ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്ന ശാസ്ത്രീയ രീതിയാണ് റൂൾ കെർവ്.

ഡാം നിർമ്മിക്കുന്നത് രണ്ടു ജലനിരപ്പുകൾ കണക്കുകൂട്ടിയാണ്.

FRL - ഫുൾ റിസർവോയർ ലെവൽ.
MWL - മാക്സിമം വാട്ടർ ലെവൽ.

ഒരിക്കലും FRL വരെ വെള്ളം പിടിക്കുകയില്ല. പെട്ടെന്നുണ്ടാകുന്ന പ്രളയം ഉരുൾപൊട്ടൽ തുടങ്ങിയവ മൂലം ഒഴുകി എത്തിയേക്കാവുന്ന ജലം ഡാം നിറഞ്ഞ്കവിഞ്ഞ് ഒഴുകാതെ നോക്കാനുള്ള കരുതലാണ് അത്.

മുല്ലപ്പെരിയാർ ഡാമിൻ്റെ FRL 156 അടിയാണ്.

MWL- ഈ ലെവൽ മാത്രമേ ഡാമിൽ വെള്ളം പിടിക്കാൻ അനുവാദമുള്ളൂ. മുല്ലപ്പെരിയാർ ഡാമിൻ്റെ MWL 152 അടിയാണ്. പക്ഷേ നിലവിലുള്ള സുപ്രീംകോടതി വിധിപ്രകാരം 142 അടിയിൽ കൂടുതൽ ജലം നിലനിർത്താൻ അനുവാദമില്ല.

30 വർഷത്തെ ഓരോ സീസണിലെയും മഴയുടെ തോത് കണക്കാക്കിയാണ് റൂൾ കർവു നിശ്ചയിക്കുന്നത്. മൺസൂൺകാലത്ത് ഓരോ ആഴ്‌ച്ചയിലെയും വേണ്ടിവന്നാൽ ഓരോ ദിവസത്തെയും വെള്ളത്തിൻ്റെ വരവ് കണക്കിലെടുക്കും. ഡാമിൻ്റെ പഴക്കവും ബലവും ഒരു ഘടകമാണ്. ഡാമിലേക്കുള്ള വെള്ളത്തിൻ്റെ വരവും പുറത്തേക്ക് ഒഴുക്കുന്ന അളവും കണക്കുകൂട്ടി ഒരു നിശ്ചിതനിരപ്പിൽ വെള്ളം നിർത്തുന്ന കണക്കാണ് റൂൾ കർവ്.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

അപ്പർ റൂൾ കേർവും ലോവർ റൂൾ കർവും ഉണ്ട്. ജലസേചനം, വൈദ്യുതി ഉത്പാദനം, കുടിവെളളം എന്നിവക്കായി സൂക്ഷിക്കേണ്ട ജലനിരപ്പ് ആണ് ലോവർ റൂൾ കേർവ്.
മുല്ലപ്പെരിയാർ ഡാമിൽ ഓരോ പത്തുദിവസം കൂടുമ്പോഴും റൂൾ കെർവു പുതുതായി നിശ്ചയിക്കും. അതനുസരിച്ച് വെള്ളം തമിഴ്നാട് വൈഗ ഡാമിലെക്ക് ഒഴുക്കും. വേണ്ടിവന്നാൽ സ്പിൽവേ ഷട്ടറുകൾ തുറന്നു ജലനിരപ്പ് ക്രമീകരിക്കും. 139.5 അടി ആയിരുന്നത് 2021നവംമ്പർ 10 മുതൽ 142 അടിയായി ഉയർത്തി. 152 അടി വരെ ഉയർത്താൻ അനുവാദം വേണം എന്നതാണ് തമിഴ് നാടിൻ്റെ ആവശ്യം.

ഡാമിൻ്റെ ചുമതലയുള്ള തമിഴുനാട് തയാറാക്കുന്ന റൂൾ കെർവ് കേന്ദ്ര ജല കമ്മീഷൻ പരിശോധിച്ച് തെറ്റുതിരുത്തി അംഗീകാരം നൽകുന്നു. കേരളത്തിലെ ഇടുക്കി, ഇടമലയാർ തുടങ്ങിയ ഡാമുകളുടെ റൂൾ കേർവ് കണക്കാക്കാനുള്ള ചുമതല കെ എസ് ഇ ബി ക്കാണ്.

915-1637152878-fb-img-1637152648935

റൂൾ കർവ് നോക്കി ജലനിരപ്പ് ഉയരുന്നത് അനുസരിച്ച് ബ്ലൂ അലേർട്ട്, ഓറഞ്ച് അലേർട്ട്, റെഡ് അലർട്ട് എന്നിങ്ങനെ മുന്നറിയിപ്പുകൾ നൽകും. വേണ്ട മുൻകരുതലുകൾ സ്വീകരിക്കാനും കഴിയും. റെഡ് അലർട്ട് പ്രഖ്യാപിച്ചാൽ ജലനിരപ്പ് നിയന്ത്രിക്കാൻ വെള്ളം തുറന്നുവിടുകയും ചെയ്യും. 2018 നൽകിയ ഏറ്റവും വലിയ പാഠം ഇക്കാര്യത്തിൽ സാങ്കേതികവിദഗ്ധര് തയാറാക്കുന്ന കണക്കുകൾ മാത്രം പോരാ ജനങ്ങളുടെ ഭീതി അകറ്റുക എന്നതും പ്രധാനമാണ് എന്നതാണു്. അതുകൊണ്ടാണ് 60 കോടി രൂപയുടെ ജലം നഷ്ടപ്പെടും എന്നുവരികിലും ഇടുക്കി ഡാം നേരത്തെ തുറന്നത്. അത് ഫലം കാണുകയും ചെയ്തു. അകാരണമായി മുറവിളി ഉയർത്താൻ ആർക്കും അവസരം കിട്ടിയില്ല.

2018 നല്കിയ വേറൊരു പാഠം നദികൾ അവയുടെ കരകൾ വീണ്ടെടുത്തു എന്നതാണ്. പുഴ കയ്യേറി നിർമ്മിച്ച കെട്ടിടങ്ങളും കൃഷികളും എല്ലാം പുഴ കൊണ്ടുപോയി. 40 ലക്ഷം ജനങ്ങളുടെ ജീവൻ ഭീഷണിയിലാണ് എന്ന് ആളുകളെ പേടിപ്പിച്ച സ്ഥാനത്ത് 4 ലക്ഷം പേർക്ക് പോലും ഭീഷണി ഉണ്ടായില്ല. ഇതൊക്കെയാണെങ്കിലും ലോകമാസകലം ഉണ്ടായിക്കൊണ്ടിരിക്കുന്ന വൻപിച്ച കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ദുരന്തഫലങ്ങൾ കേരളത്തെയും ബാധിച്ചുകൊണ്ടിരിക്കുന്നു എന്ന ദുഃഖസത്യം നാം തിരിച്ചറിഞ്ഞുകഴിഞ്ഞു.

ഇക്കാര്യങ്ങൾ സുപ്രീംകോടതിയുടെയും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട് എന്ന് കോടതി നടത്തിയ പ്രസ്താവനകളിൽനിന്ന് വ്യക്തമാണ്.

എന്നിട്ടും എന്തുകൊണ്ടാണ് കേരളത്തിൻ്റെ വാദഗതികൾ കോടതി അംഗീകരിക്കാതെ പോകുന്നത് എന്നത് ന്യായമായ സംശയമാണ്. അതു മനസ്സിലാക്കാൻ മുല്ലപ്പെരിയാർ കേസിൻ്റെ നാളിതുവരെയുള്ള ചരിത്രം പഠിക്കണം.

( തുടരും)


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About ജോയ് എബ്രാഹം , കള്ളിവയലിൽ

» Facebook

Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 06:25:40 am | 19-06-2024 CEST