മുല്ലപ്പെരിയാർ ഡാം - ചില അപ്രിയ സത്യങ്ങൾ - 4

Avatar
ജോയ് എബ്രാഹം , കള്ളിവയലിൽ | 03-11-2021 | 2 minutes Read

ഹൈറേഞ്ച് കുടിയേറ്റവും മുല്ലപ്പെരിയാർ ഡാമുമായി എന്താണ് ബന്ധം എന്ന് എൻ്റെ ഒരു പണ്ഡിതനായ സുഹൃത്ത് സംശയം പ്രകടിപ്പിച്ചു.

ഹൈറേഞ്ചിൽ സംഭവിച്ച കടുത്ത പരിസ്ഥിതിനാശത്തിന് ഡാം ഒരുതരത്തിലും ഉത്തരവാദിയല്ല എന്നു തെളിയിക്കാൻ കുറച്ചു ചരിത്രം പറയാതെ വയ്യ.

ഡാമിൻ്റെയും തടാകത്തിൻ്റെയും പരിസ്തിതിപ്രാധാന്യം നേരത്തെതന്നെ തിരുവിതാംകൂറ് സർക്കാര് തിരിച്ചറിഞ്ഞിരുന്നു. വൃഷ്ടിപ്രദേശത്തെ മരങ്ങൾ മുറിക്കുന്നത് നിരോധിച്ച കാര്യം നേരത്തെ പറഞ്ഞു. സമീപത്തെ തേയിലതോട്ടങ്ങൾ തടാകത്തിൻെറ സമീപപ്രദേശങ്ങൾ കയ്യേറാതിരിക്കാൻ 1934ൽ പ്രസ്തുത പ്രദേശം സ്വകാര്യ വന റിസർവ് ആയി സര്ക്കാര് പ്രഖ്യാപിച്ചു.

1950ൽ അത് പെരിയാർ വൈൽഡ് ലൈഫ് സങ്കേതമായി പ്രഖ്യാപിച്ചതുമുതൽ പ്രകൃതി സംരക്ഷണത്തിൽ വനംവകുപ്പ് മാതൃകാപരമായ സേവനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഡാം ഉൾപ്പെട്ട പീരുമേട് താലൂക്കിലെ തോട്ടം മേഖലയിൽ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കിയ സംഭവമാണ് 1991ലെ സോവ്യറ്റ് യൂണിയൻ്റെ തകർച്ച. ആസാം തേയില പോലെ ഗുണമോ കടുപ്പമോ ഉള്ളതല്ല ഹൈറേഞ്ച് തേയില. ഇവ മിശ്രണം ചെയ്താണ് കൂടുതലും കയറ്റ് മതി ചെയ്തിരുന്നത്. കയറ്റുമതിയുടെ 80 ശതമാനവും വാങ്ങിയിരുന്നത് സോവിയറ്റ് യൂണിയൻ ആയിരുന്നു. പകരം റുപ്പിക കൊടുത്ത് സാധനങ്ങൾ ഇറക്കുമതി ചെയ്യാൻ അനുവദിച്ചിരുന്നത് കടുത്ത ഡോളർ ക്ഷാമം അനുഭവിച്ചിരുന്ന ഇന്ത്യക്ക് ജീവനാഡിയായി മാറി.

897-1635935338-mullaperiyar90-n

സോവിയറ്റ് യൂണിയൻ തകർന്നതോടെ ഇറക്കുമതി നിലച്ചു. ഹൈറേഞ്ച് തേയില ആർക്കും വേണ്ടാതായി. തോട്ടങ്ങൾ മുഴുവൻ വൻ നഷ്ടത്തിലായി. വേലയും കൂലിയും ഇല്ലാതെ തോട്ടങ്ങൾ പൂട്ടിക്കിടന്നു. മലയാളം പ്ലാൻ്റേഷൻ, റാം ബഹദൂർ താക്കൂർ മുതലായ വൻകിട കമ്പനികൾ തോട്ടങ്ങൾ വിറ്റ് നാടുവിട്ടു. ഒരു നേരത്തെ ആഹാരത്തിനായി തമിഴ് വംശജരായ തോട്ടം തൊഴിലാളി സ്ത്രീകൾ വൈകുന്നേരങ്ങളിൽ ആവശ്യക്കാരെ തേടി വണ്ടിപ്പെരിയാർ , ഏലപ്പാറ തുടങ്ങിയ സ്ഥലങ്ങളിൽ തെരുവിൽ കാത്തുനിൽക്കുന്ന അവസ്ഥ വന്നു.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഗത്യന്തരമില്ലാതെ കേരളസർക്കാർ 2004ൽ പുതിയ നിയമഭേദഗതി കൊണ്ടുവന്നു. തോട്ടങ്ങളുടെ രണ്ടര ശതമാനം വരെ കാർഷികേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി നൽകി. 1962ലെ ഭൂപരിഷ്കരണ നിയമപ്രകാരം തോട്ടംഭൂമി മുറിച്ചു വിൽക്കാനോ കൃഷിക്ക് അല്ലാതെ ഉപയോഗിക്കാനോ പാടില്ലാത്തതയായിരുന്നു.

പുതിയ നിയമത്തിൻ്റെ സാധ്യത പരമാവധി ഉപയോഗപ്പെടുത്തിയത് മുഖ്യമായി നാട്ടിലെ കളളപ്പണക്കാർ ആയിരുന്നു. മൈക്കിൾ കള്ളിവയലിൽ പോലുളള ചില പ്രമുഖ പ്ലാൻ്റർമാർ ഇത്തരത്തിൽ ലഭ്യമായ ഭൂമി സ്കൂളുകൾ, കോളേജുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ മുതലായവയ്ക്ക് സംഭാവന നൽകിയപ്പോൾ, ഭൂരിപക്ഷം തോട്ടം ഉടമകളും പങ്കാളികളായും അല്ലാതെയും ഭൂമി റിയൽ എസ്റ്റേറ്റ് ആക്കിമാറ്റി. തേക്കടി പ്രദേശത്ത് റിസോർട്ടുകൾ കൂണ്പോലെ മുളച്ചുപൊന്തി.

897-1635935338-mullperiyar-tourisam

ചെറുകിട തേയിലതോട്ടങ്ങൾ മുഴുവൻ കൈമാറ്റം ചെയ്യപ്പെട്ടു. പുതിയ ഉടമസ്ഥർക്ക് തേയിലകൃഷി അപ്രധാനമായ വിഷയമായി മാറി. ടൂറിസം മാത്രമായി അവരുടെ ലക്ഷ്യം. ടൂറിസം മേഖലയിൽ പരിചയമുള്ള സി ജി എച്ച് എർത്ത് പോലുള്ളവർ പ്രകൃതിക്ക് കോട്ടം തട്ടാതെയുള്ള നിർമ്മാണം മാത്രമെ നടത്തിയുള്ളു എന്നത് ശ്രദ്ധേയമാണ്. വൻതോതിൽ വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കാൻ അത് സഹായകമായി മാറി എന്നതാണ് സത്യം. ടൂറിസം വളരുന്നതനുസരിച്ച് സമീപപ്രദേശങ്ങളായ കുമളി, വണ്ടിപ്പെരിയാർ തുടങ്ങിയ സ്ഥലങ്ങൾ വലിയ പട്ടണങ്ങളായി വളർന്നു.

ഇന്നിപ്പോൾ തേക്കടി ഇന്ത്യയിലെതന്നെ ഏറ്റവും ആകർഷകമായ ടൂറിസം സങ്കേതമാണ്. റിസോർട്ടുകൾക്കായി ഇൻ്റർനെറ്റിൽ തിരയുന്ന ഒരാൾ റിസോർട്ടുകളുടെ എണ്ണവും വൈവിധ്യവും കണ്ട് അമ്പരന്നുപോകും.
റിസോർട്ട് ഉടമകളിൽ ഒരു ചെറിയ ശതമാനം പോലും ഹൈറേഞ്ച് കർഷകർ അല്ല എന്നതാണ് യാഥാർഥ്യം.

1984ൽ ഡാമിൻ്റെ ജലനിരപ്പ് 142 അടിയിൽനിന്നും 136 അടിയായി താഴ്ത്തിയപ്പോൾ ലഭ്യമായ ഭൂമി കർഷകരെക്കാൾ കൂടുതൽ മറ്റുള്ളവർക്കാണ് പ്രയോജനം ചെയ്തത്.

സ്വാഭാവികമായും ജലനിരപ്പ് 136 അടിയായി നിലനിർത്തുക എന്നത് നിക്ഷിപ്ത താൽപര്യക്കാരുടെ ആവശ്യമായി മാറി. പിന്നീട് ഉയർന്നുവന്ന മുല്ലപ്പെരിയാർ പ്രക്ഷോഭത്തിൻ്റെ അടിവേര് അവിടെയാണ്.
( തുടരും).


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About ജോയ് എബ്രാഹം , കള്ളിവയലിൽ

» Facebook

Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 01:42:18 am | 29-05-2024 CEST