മുല്ലപ്പെരിയാർ ഡാം - ചില അപ്രിയ സത്യങ്ങൾ - 5

Avatar
ജോയ് എബ്രാഹം , കള്ളിവയലിൽ | 05-11-2021 | 3 minutes Read

1998ൽ മുല്ലപ്പെരിയാർ ഡാം സംബന്ധിച്ച തർക്കം സുപ്രീം കോടതിയിൽ എത്തിക്കുന്നതിൽ തമിഴ് നാട് വിജയിച്ചതോടെ ഫലത്തിൽ ഡാമിൻ്റെ ഉടമസ്ഥാവാകാശം കേരളത്തിന് നഷ്ടമായ സ്ഥിതിയായി.

പാട്ടക്കരാർപ്രകാരം 999 വർഷത്തേക്ക് വെള്ളം നൽകാൻ ബാധ്യസ്ഥരാണെങ്കിലും ഡാമും വൃഷ്ടിപ്രദേശവും പൂർണമായും കേരളത്തിനുള്ളിൽ ആയതിനാൽ ഉടമസ്ഥത പൂർണമായും കേരളത്തിന് ആയിരുന്നു. കരാറിനെ സംബന്ധിച്ച് എന്തെങ്കിലും തർക്കം ഉണ്ടായാൽ ഇരുസംസ്ഥാനങ്ങളും തമ്മിൽ ചർച്ച നടത്തി പരിഹരിക്കണം എന്നായിരുന്നു വ്യവസ്ഥ. അത് സാധ്യമല്ലാതെ വന്നാൽ തർക്കം ഒരു അമ്പയറുടെ തീരുമാനത്തിന് വിടണം. സുപ്രീംകോടതി കേസ് ഫയലിൽ സ്വീകരിച്ചതോടെ മുല്ലപ്പെരിയാർ കരാർ ഒരു അന്തർസംസ്ഥാന നദീതല കരാർ ആയിമാറി.

ഇന്ത്യ 1950ൽ സ്വതന്ത്ര പരമാധികാര റിപബ്ലിക് ആയി മാറിയതോടെ കരാർ സ്വയമേവ റദ്ദായി എന്ന കേരളത്തിൻ്റെ വാദം കോടതി അംഗീകരിച്ചില്ല.
പ്രധാനമായും നാലു കാരണങ്ങളാണ് കോടതി ചൂണ്ടിക്കാണിച്ചത്. 1970ൽ അനുബന്ധ കരാർ ഒപ്പിടുകവഴി പ്രധാന കരാറിൻ്റെ നിയമസാധുത കേരളം അംഗീകരിച്ചതാണ്. വെള്ളം സംബന്ധിച്ചല്ല ഡാമിൻ്റെ സുരക്ഷ സംബന്ധിച്ചാണ് തർക്കം. ഒരു നൂറ്റാണ്ടിലേറെക്കാലമായി അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു അവകാശം ഏതെങ്കിലും ഒരു കക്ഷിക്ക് തനിയെ ഇല്ലാതാക്കാൻ കഴിയില്ല. വെള്ളം പോലുള്ള മനുഷ്യാവകാശങ്ങൾ ഉൾപ്പെടുന്ന വിഷയങ്ങളിൽ കരാറുകൾ സ്വയമേവ റദ്ദാവുകയില്ല, പ്രത്യുത നിലനിൽക്കും. കാര്യത്തിൻ്റെ ഗൗരവം മനസ്സിലാക്കിയ കേരളം, ഡാം സുരക്ഷിതമല്ല എന്ന് തെളിയിക്കാൻ നെട്ടോട്ടം തുടങ്ങീ.

900-1636099676-mullaperiyar-story

കേരളത്തിലെ സി ഡബ്ലിയൂ ആർ ഡി എമ്മിൻ്റെ ( CWDRM) പഠനറിപ്പോർട്ട് കൂടാതെ റൂർക്കി, ചെന്നെ ഐ ഐ ടികളുടെ പഠനറിപ്പോർട്ടുകൾ കേരളം കോടതിയിൽ സമർപ്പിച്ചു. പക്ഷേ കേന്ദ്ര ജല അതോറിറ്റിയുടെ നിലപാട് കേരളത്തിന് ഒട്ടും സഹായകമായിരുന്നില്ല. നിർദേശിച്ച അറ്റകുറ്റ പണികൾ തമിഴ്നാട് പൂർത്തിയാക്കിയതൊടെ 142 അടിയല്ല, ഡാമിൻ്റെ മുഴുവൻ കപ്പാസിറ്റിയായ ( FRL - Full Reservoir Level) 152 അടി വരെ ജല നിരപ്പ് ഉയർന്നാലും ഡാം സുരക്ഷിതമാണ് എന്നാണ് അവർ കോടതിയിൽ പറഞ്ഞത്.
120 വർഷത്തിലേറെ പഴക്കമുള്ള ഡാം കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണ് എന്ന ഒരു രാഷ്ട്രീയപ്രക്ഷോഭം ഉയർത്തിക്കൊണ്ടുവന്നതിൻ്റെ പശ്ചാത്തലം ഇതാണ്.

ഏതെങ്കിലും സാഹചര്യത്തിൽ ഡാം തകർന്നാൽ വെളളം ഒഴുകിയെത്തുക ഇടുക്കി ഡാമിലേക്കാണ്, ഭീമമായ ഇടുക്കി ഡാമിന് ആ വെള്ളം മുഴുവൻ സൂക്ഷിക്കാനുള്ള റിസർവോയർ കപ്പാസിറ്റി ഉണ്ട് എന്ന വസ്തുത മറച്ചുവെച്ച് സാധരണ ജനങ്ങളെ ഭീതിയിൽ ആഴ്ത്തുന്ന ഒരു സമീപനമാണ് രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും സ്വീകരിച്ചത്.
പ്രധാനമായും ഇടുക്കി ജില്ലയിലാണ് സമരം ശക്തമായി നടന്നത്. മുല്ലപ്പെരിയാർ, ഇടുക്കി ഡാമുകൾ നിലവിൽ വന്നതോടെ നീരൊഴുക്ക് ഇല്ലാതായ പെരിയാറിൻ്റെ തീരപ്രദേശങ്ങൾ മുഴുവൻ കൃഷിഭൂമിയായി മാറിയിരുന്നു. ഡാമിൻ്റെ തൊട്ടുതാഴേ വള്ളക്കടവ് മുതൽ വണ്ടിപ്പെരിയാർ വരെയുള്ള ഭാഗത്ത് ഏതാണ്ട് പുഴനിരപ്പ് വരെ കയ്യേറി കിടപ്പാടമില്ലാത്ത പാവങ്ങൾ വീടുകൾ ഉണ്ടാക്കി.

900-1636099698-mullaperiyar-truth


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഫോറസ്റ്റ് , റവന്യൂ, ജലവകുപ്പു തുടങ്ങിയ അധികൃതർ രാഷ്ട്രീയക്കാരുടെ സ്വാധീനത്തിൽ അത് കണ്ണടക്കുകയും ചെയ്തു.
ശബരിമല മകരജ്യോതി ദർശിക്കാൻ ഏറ്റവും നല്ല സ്ഥലം വള്ളക്കടവ് കഴിഞ്ഞുള്ള പുല്ലുമേടാണ്. അവിടേക്ക് തീർഥാടകരെ എത്തിക്കാൻ വണ്ടിപ്പെരിയാർ ടൗണിൽ ഡസൻ കണക്കിന് ടാക്സി ജീപ്പുകൾ കാത്തുനിന്നു.

ഇടത്താവളം എന്ന നിലയിൽ വള്ളക്കടവ് ചെറുപട്ടണമായി വളർന്നു. റോഡും അനുബന്ധ സൗകര്യങ്ങളും, പള്ളിയും , മസ്ജിദും, മുസ്ലിം പള്ളിയുമെല്ലാം താനേ വന്നു.
ചില ക്രിസ്ത്യൻ പുരോഹിതർ നേതൃത്വം കൊടുത്ത സമരപന്തലിലേക്ക് വള്ളക്കടവ്, ചപ്പാത്ത് മുതലായ സ്ഥലങ്ങളിൽ വീട്ടമ്മമാർ വരെ നിത്യവും എത്തി.
പെരിയാറിൻ്റെ തീരപ്രദേശങ്ങൾ മാത്രമല്ല കേരളം മുഴുവൻ മുങ്ങിനശിക്കും എന്ന മട്ടിലായിരന്നു പ്രചരണ കോലാഹലം.

2011 മുതൽ ഇടുക്കി ജില്ലയിൽ സമരം ആളിക്കത്തിക്കുന്നതിന് പിന്നിൽ ചില രാഷ്ട്രീയലക്ഷ്യങ്ങൾകൂടി ഉണ്ടായിരുന്നു.
ജില്ലയിലെ കർഷകരുടെ ഇടയിലെ പ്രധാന സ്വാധീനശക്തികൾ കോൺഗ്രസ്സ്, കേരളാ കോൺഗ്രസ് എം , എന്നിവയായിരുന്നു. തങ്ങളുടെ സ്വാധീനം വർധിപ്പിക്കാൻ കേരളാ കോൺഗ്രസ് ജോസഫ്, സി പി എം കഷികൾ സമരത്തിന് ശക്തമായ പിന്തുണ നൽകി.

40 ലക്ഷം ആളുകൾ ഒലിച്ചു പോകും എന്നാണ് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദൻ പ്രസംഗിച്ചത്. ജനങ്ങളെ ഭീതിയിലാക്കാൻ ഏറ്റവും അധികം സഹായിച്ചത് തനിക്ക് ഉറങ്ങാനേ സാധിക്കുന്നില്ല എന്ന ഇടുക്കി ജില്ലയിലെ ജനപ്രതിനിധിയും മന്ത്രിയുമായ പി ജെ ജോസഫിൻ്റെ പ്രസ്താവനയാണ്.
മുല്ലപ്പെരിയാർ മിടിച്ചു കൊണ്ടിരിക്കുന്ന ഒരു ടൈം ബോംബാണ് എന്നാണ് ജലവകുപ്പ് മന്ത്രി എം കെ പ്രേമചന്ദ്രൻ പറഞ്ഞത്. ജല ബോംബ് എന്ന ചില മാധ്യമങ്ങളുടെ പ്രചരണം കേരളത്തിലെ ജനങ്ങൾ മുഴുവൻ വിശ്വസിക്കുന്ന സ്ഥിതിയായി.

കോടതിയിൽ വിലപ്പോയില്ല എങ്കിലും പ്രചരണം കൊണ്ട് രാഷ്ട്രീയ നേട്ടമുണ്ടായി. കോൺഗ്രസിൻ്റെ കുത്തക സീറ്റുകൾ ആയിരുന്ന ഇടുക്കി, പീരുമേട്, ദേവികുളം, ഉടുമ്പൻചോല സീറ്റുകൾ ഇപ്പൊൾ ഇടതുപക്ഷത്തിൻെറ കയ്യിലാണ്.

( തുടരും)


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About ജോയ് എബ്രാഹം , കള്ളിവയലിൽ

» Facebook

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 05:20:49 am | 17-04-2024 CEST