മുല്ലപ്പെരിയാർ ഡാം 1895ൽ നിർമ്മാണം പൂർത്തിയാക്കിയശേഷം അരനൂറ്റാണ്ടു കാലം കേരളത്തിന് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല.
യഥാർഥത്തിൽ പെരിയാറിലെ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിൽ ഡാം വളരെ സഹായകമാവുകയും ചെയ്തു. ലേഖകൻ പൊതുമരാമത്ത് വകുപ്പിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന കാലത്ത് കേട്ടിരുന്ന ഒരു കഥ, 1845ൽ തന്നെ പെരിയാറിൽ ഏല്ലാവർഷവും ഉണ്ടാവുന്ന വെള്ളപ്പൊക്കത്തിൽ വ്യാപകമായി കൃഷി നശിക്കുന്നതുമൂലമുണ്ടാവുന്ന കഷ്ടനഷ്ടങ്ങളെക്കുറിച്ച് തിരുവിതാംകൂർ മഹാരാജാവ് ബ്രിട്ടീഷ് സർക്കാരിനെ എഴുതി അറിയിച്ചിരുന്നു എന്നതാണു്.
99ലെ (1924) മഹാപ്രളയത്തിൽ കേരളം മുഴുവൻ മുങ്ങുകയും ദേവികുളം താലൂക്കിൽ വൻപിച്ച നാശനഷ്ടം സംഭവിക്കുകയും ചെയ്തപ്പോഴും പീരുമെട് താലൂക്കിന് രക്ഷയായത് മുല്ലപ്പെരിയാർ ഡാം ആണ്. 1942 ൽ പ്രദേശത്ത് വലിയ പേമാരിയിൽ ഡാം നിറഞ്ഞപ്പോൾപോലും ഡാമിന് എന്തെങ്കിലും ബലക്ഷയം സംഭവിച്ചതായി റിപ്പോർട്ടില്ല.
1976ൽ ഇടുക്കി ഡാം കമ്മീഷൻ ചെയ്തപ്പോൾ മാത്രമാണ് പെരിയാറിലെ വെള്ളം മുഴുവൻ തമിഴ്നാടിനു നൽകിയതുമൂലം സംസ്ഥാനത്തിന് ഉണ്ടായ വലിയ നഷ്ടത്തെപറ്റി കേരളസർക്കാരിന് ബോധ്യം വന്നത്.
1979ൽ ഗുജറാത്തിലെ മാച്ചു ഡാം വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി വലിയ ആൾനാശം സംഭവിച്ചത് വഴിത്തിരിവായി. 5 കിലോമീറ്റർ താഴേയുള്ള മോർവി പട്ടണം ഇല്ലാതായി. 15000 പേർക്ക് ജീവഹാനി സംഭവിച്ചു.
ഇന്ത്യയിലെ പഴക്കമേറിയ ഏല്ലാ ഡാമുകളും പരിശോധിച്ച് അടിയന്തിര അറ്റകുറ്റപ്പണികൾ നടത്താൻ കേന്ദ്ര ജല കമ്മീഷൻ നിർദേശം നൽകി. രാജ്യത്തെ ഏറ്റവും പഴക്കമുള്ള അണക്കെട്ടുകളിൽ ഒന്നായ മുല്ലപ്പെരിയാർ ഡാമിലും അതനുസരിച്ച് 1979 മുതൽ 1982വരെ നീണ്ടുനിന്ന അടിയന്തര നിർമാണ പ്രവർത്തനങ്ങൾ നടത്തി. മുല്ലപ്പെരിയാർ സന്ദർശിച്ച കേന്ദ്ര ജല കമ്മീഷൻ ചെയർമാൻ ഡോക്ടർ കെ സി തോമസിൻ്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം ഡാമിൻ്റെ ബലത്തിൽ ആശങ്ക പ്രകടിപ്പിക്കുകയും അടിയന്തിരമായി ജലനിരപ്പ്136 അടിയായി കുറയ്ക്കാൻ നിർദേശം നൽകുകയും ചെയ്തു.
1984ൽ ഡാമിൻ്റെ ജലനിരപ്പ് 142 അടിയിൽനിന്നും 136 അടിയായി കുറച്ച് അധികജലം പെരിയാറിലൂടെ ഒഴുകി ഇടുക്കി ഡാമിൽ എത്തക്കവിധത്തിൽ സ്പിൽവേ നിർമ്മാണം പൂർത്തിയാക്കിയത് നേരത്തെ വിവരിച്ചിട്ടുണ്ട്.
കേന്ദ്ര ജല കമ്മീഷൻ നിയമിച്ച വിദഗ്ധസമിതി വിശദമായ പരിശോധനകൾക്ക് ശേഷം ഡാമിൻ്റെ മുകളിൽ 3അടി പൊക്കവും 12 അടി വീതിയുമുള്ള കോൺക്രീറ്റ് ഉൾപ്പെടെ നിരവധി നിർമ്മാണങ്ങൾ നടത്തി ഡാം ബലപ്പെടുത്താൻ തമിഴുനാടിനു നിർദേശം നൽകി.
1989 മുതൽ ആരംഭിച്ച പ്രവർത്തികൾ തമിഴുനാട് 1992ൽ പൂർത്തീകരിച്ചു. ജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത് ജലനിരപ്പ് ഉയർത്താൻ കേരളം അനുവാദം നൽകിയില്ല. ഇരുസംസ്ഥാനങ്ങളും തമ്മിൽ നടത്തിയ ചർച്ചകളിൽ തീരുമാനം ഉണ്ടാവാതെ വന്നതോടെ 1998ൽ തർക്കം സുപ്രീം കോടതിയിൽ എത്തി. ഇരുസംസ്ഥാനങ്ങളും കടുംപിടിത്തം തുടർന്നതോടെ പ്രശ്നം ആളിക്കത്തി. 2001 ആയപ്പോഴേക്കും കേരളത്തിൽ പ്രക്ഷോഭം വലിയതോതിൽ വളർന്നു.
അതിനേക്കാൾ വലിയ ജനരോഷമാണ് തമിഴ് നാട്ടിൽ ഉണ്ടായത്. കേരളത്തിലേക്കുള്ള ചരക്കുനീക്കം തടയപ്പെട്ടു. കമ്പം, തേനി ജില്ലകളിലെ മലയാളികളുടെ തോട്ടങ്ങളിൽ വലിയ അക്രമങ്ങൾ അഴിച്ചുവിടപ്പെട്ടു.
കരാർ റദ്ദാക്കണം എന്ന കേരളത്തിൻ്റെ അപേക്ഷ ആദ്യംതന്നെ തള്ളപ്പെട്ടു. 1970ൽ അനുബന്ധ കരാർ ഒപ്പുവെച്ചതോടെ കേരളം കരാറിന് അംഗീകാരം നൽകിയതായി കോടതി പ്രഖ്യാപിച്ചു. ഡാമിൻ്റെ ബലക്ഷയം മാത്രമാണ് കോടതിയുടെ മുന്നിലുള്ള തർക്കവിഷയം എന്നായിരുന്നു സുപ്രീം കോടതിയുടെ നിലപാട്. പ്രശ്നം പഠിച്ച് പരിഹാരം നിർദേശിക്കാൻ മുൻ സുപ്രീംകോടതി ജഡ്ജിമാർ ഉൾപ്പെട്ട സമിതിയും അവരെ സഹായിക്കാൻ വിദഗ്ധസമിതിക്കും കോടതി രൂപംനൽകി. വർഷങ്ങൾനീണ്ട പഠനങ്ങൾക്കും പരിശോധനകൾക്കും ശേഷം ഇരുസമിതികളും നൽകിയ റിപ്പോർട്ട്, ബലപ്പെടുത്തൽ പ്രക്രിയക്കുശേഷം ഡാം സുരക്ഷിതമാണ് എന്നായിരുന്നു എന്ന് നാം കണ്ടു. 2014ൽ സുപ്രീംകോടതി അന്തിമവിധി പ്രഖ്യാപിച്ചു. മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയിലേക്ക് ഉയർത്താം.
ഭൂകമ്പംമൂലം ഉണ്ടാകാവുന്ന ബലക്ഷയം സംബന്ധിച്ച് കേരളം സമർപ്പിച്ച റിപ്പോർട്ടുകൾ കോടതി ഫയലിൽ സ്വീകരിച്ചില്ല. ഡാമിൻ്റെ ബലം നിരന്തരം പരിശോധന നടത്തി കേന്ദ്ര ജല കമ്മീഷൻ കോടതിയെ അറിയിച്ചു കൊണ്ടിരിക്കണം. കൃഷിക്ക് അവശ്യംവേണ്ട ജലം ഡാമിൽ പിടിച്ചു നിർത്തിയിട്ടാണെങ്കിൽപോലും മുഖ്യമന്ത്രി ജയലളിത ജലനിരപ്പ് 142 അടിയിൽ എത്തിച്ചു. 136 അടിയായി നിജപ്പെടുത്തി കേരളം നടത്തിയ നിയമനിർമ്മാണം സുപ്രീം കോടതി റദ്ദു ചെയ്തു.
2016ൽ കേരളം സമർപ്പിച്ച റിവ്യൂ ഹർജി കോടതി തളളി. എങ്കിലും മുൻപു നടത്തിയ വിധിയിൽ തിരുത്തൽ വരുത്താൻ അത് കോടതിക്ക് അവസരം നൽകി. നിലവിലെ സ്ഥിതി അനുസരിച്ച് ഡാമിൻ്റെ സുരക്ഷ സുപ്രീം കോടതിയുടെ ഉത്തരവാദിത്തമായി മാറിയിരുന്നു . പുതിയ ഉത്തരവ് പ്രകാരം ഡാമിൻ്റെ ഉറപ്പ് കേന്ദ്ര ജല കമ്മീഷൻ്റെ ഉത്തരവാദിത്തമായി . പുതിയ ഡാം നിർമ്മിക്കണം എന്ന ആവശ്യം ഇരുസംസ്ഥാനങ്ങളും ചർച്ചചെയ്തു തീരുമാനിക്കണം എന്നായിരുന്നു കോടതിയുടെ നിലപാട്. ഒരു സമവായത്തിനും തമിഴ്നാട് തയാറായില്ല. ഡാമിന് ബലക്ഷയം സംഭവിച്ചു, ജലനിരപ്പ് 136 അടിയിൽ നിജപ്പെടുത്തണം എന്ന കേരളത്തിൻ്റെ നിലപാട് പെരിയാറിലെ വെള്ളം ഇടുക്കി ഡാമിൽ എത്തിക്കാനുള്ള തന്ത്രമാണ് എന്നാണ് അവർ കോടതിയിൽ സ്വീകരിച്ച നിലപാട്.
സുപ്രീം കോടതിയെ തെറ്റിധരിപ്പിച്ച് വിധി നെടിയെടുത്തു എന്ന രീതിയിലാണ് സംഭവങ്ങൾ കേരളത്തിലെ ജനങ്ങളുടെ മുൻപിൽ അവതരിപ്പിക്കപ്പെട്ടത്. എന്തുകൊണ്ടാണ് കേരളത്തിൻ്റെ വാദങ്ങളും ജനങ്ങളുടെ ആശങ്കകളും സുപ്രീം കോടതി പരിഗണിക്കാതെ പോയത് എന്നത് സംബന്ധിച്ച് സത്യസന്ധമായ ഒരു അന്വേഷണമോ ചർച്ചയോ നടത്താൻ കേരളത്തിലെ രാഷ്ടീയനേതാക്കളോ മാധ്യമങ്ങളോ തയാറായിട്ടില്ല എന്നതാണ് ദുഃഖകരമായ വസ്തുത.
( തുടരും)
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.