മുല്ലപ്പെരിയാർ ഡാമിൻ്റെ ഭൂമിക ആകെ മാറ്റിയ ഒരു പ്രഖ്യാപനം 1982ൽ ഉണ്ടായി. ഡാമും,തടാകവും പരിസര പ്രദേശങ്ങളും ഉൾപ്പെടുത്തി പെരിയാർ നാഷണൽ പാർക്ക് ആൻ്റ് വൈൽഡ് ലൈഫ് സാങ്ക്‌ചറി നിലവിൽ വന്നു. ( 1934ൽ തന്നെ തിരുവിതാംകൂർ തേക്കടി പ്രദേശം സ്വകാര്യ റിസർവ് ആയി പ്രഖ്യാപിച്ചിരുന്നു).
925 ചതുരശ്ര കിലോമീറ്റർ സ്ഥലം അതിൻ്റെ പരിധിയിലാണ്. 2007ൽ 148 ചതുരശ്ര കിലോമീറ്റർ ഉള്ള ഗുഡ്രിക്കൾ റെഞ്ചും , 2012ൽ 148ചതുരശ്ര കിലോമീറ്റർ വരുന്ന പൊന്നംബല മെടു പ്രദേശവും കൂട്ടി ചേർത്ത് ഇപ്പൊൾ 925 ചതുരശ്ര കിലോമീറ്റർ പ്രദേശം പെരിയാർ നാഷണൽ പാർക്ക് ആണ്. അതോടെ മുല്ലപ്പെരിയാർ വിഷയത്തിൽ കേന്ദ്ര സർക്കാര് കൂടി ഒരു കക്ഷിയായി. ഭരണഘടന അനുസരിച്ച് അന്തർ സംസ്ഥാന നദീജല തർക്കത്തിൽ ഇടപെടാൻ ഒരു വകുപ്പ് ഉണ്ടെങ്കിലും രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഭയന്ന് കേന്ദ്ര സര്ക്കാര് അതിന് മുതിർന്നിരുന്നില്ല.
1998ൽ കേസ് സുപ്രീം കോടതിയിൽ എത്തിയപ്പോൾ കേന്ദ്ര സര്ക്കാര്കൂടി കക്ഷിയായ സാഹചര്യം ഇതാണ്. അതിൻ്റെ പ്രത്യാഖ്യാതം എത് തീരുമാനം ഏടുക്കുന്നതിനും കേന്ദ്രസർക്കാരിൻ്റെ കൂടി അറിവും സമ്മതവും വേണം എന്നതാണ്.
കേന്ദ്രസര്ക്കാര് ആകട്ടെ കേന്ദ്ര ജല കമ്മീഷൻ, ദേശീയ ഡാം സേഫ്റ്റി ഓർഗന്യസേഷൻ, വനം പരിസ്ഥിതി മന്ത്രാലയം തുടങ്ങിയവരുടെ വിദഗ്ധസമിതികളുടെ റിപ്പോർട്ട് ആണ് ആശ്രയിക്കുന്നത്.
മുല്ലപ്പെരിയാർ കേസിൽ സുപ്രീംകോടതി വെറുതെ ഉറക്കത്തിൽനിന്ന് എഴുന്നേറ്റ് ആണ് വിധി പറഞ്ഞത്, വിദഗ്ധസമിതികൾ വേണ്ടത്ര പഠനങ്ങൾ നടത്തിയില്ല എന്ന രീതിയിൽ ചർച്ചകൾ നടത്തി രാഷ്ട്രീയക്കാരും, മാധ്യമങ്ങളും, തൽപ്പരകക്ഷികളും ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുകയാണ്.
1979ൽ തർക്കം ഉടലെടുത്തതുമുതൽ കേന്ദ്രം എടുത്ത നടപടികളുടെ നാൾവഴി പരിശോധിച്ചാൽ കാര്യങ്ങൾ വ്യക്തമാകും.
1979 - നവംബർ 25ന് ജല കമ്മീഷൻ ചെയർമാൻ്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് കേരള സർക്കാരിൻ്റെ ബന്ധപ്പെട്ട എല്ലാവരേയും വിളിച്ചു ചേർത്ത് ചർച്ച നടത്തുന്നു. ജലനിരപ്പ്136 അടിയായി കുറക്കാൻ നിർദേശം നൽകുന്നു. ഡാം ബലപ്പെടുത്തുന്നതിന് വേണ്ട കേബിൾ ആങ്കറിങ് മുതലായ അടിയന്തിരപ്രവർത്തികൾ തീരുമാനിക്കുന്നു.
1980 - ഏപ്രിൽ 29ന് ദില്ലിയിൽ ചേർന്ന രണ്ടാമത്തെ മീറ്റിംഗിൽ അടിയന്തിരപണികൾ പൂർത്തിയാകുന്ന മുറയ്ക്ക് ജലനിരപ്പ് 145 അടിയായി ഉയർത്താൻ തീരുമാനിക്കുന്നു.
1986 - മാർച്ച് 28ന് അയച്ച കത്തിൽ തമിഴ്നാട് നടത്തേണ്ട പ്രധാന അറ്റകുറ്റ പണികൾ, സ്പിൽവെ പുനർനിർമ്മിക്കുന്നതിനുള്ള ഡിസൈൻ , ഡാമിൻ്റെ മുകളിൽ കോൺക്രീറ്റ് ബെൽറ്റ് തുടങ്ങി വിശദമായ നിർദ്ദേശങ്ങൾ രേഖാമൂലം നൽകുന്നു. പണികൾ പൂർത്തിയാകുന്ന മുറയ്ക്ക് ജലനിരപ്പ് 152 അടിയായി ഉയർത്താൻ ഡാം സജ്ജമാവും എന്നുകൂടി അറിയിക്കുന്നു.
1998 - സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്യപ്പെടുന്നു. കേരള തമിഴ്നാട് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചുകൂട്ടാൻ കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രിയെ ചുമതലപ്പെടുത്തുന്നു.
2000 - കോടതി നിർദേശമനുസരിച്ച് മെയ് 19ന് കൂടിയ യോഗത്തിൽ ഇരുസംസ്ഥാനങ്ങളുടെയും പ്രതിനിധികളെക്കൂടി ഉൾപ്പെടുത്തി ഒരു വിദഗ്ധസമിതി രൂപീകരിക്കാൻ തീരുമാനിക്കുന്നു. ജൂണിൽ പ്രസ്തുതസമിതി പ്രവർത്തനം ആരംഭിക്കുന്നു.
2001 - വിദഗ്ദ്ധസമിതി മാർച്ചിൽ റിപ്പോർട്ട് സമർപ്പിക്കുന്നു. ഡാമിൻ്റെ സുരക്ഷക്ക് കോട്ടം തട്ടാതെ ജലനിരപ്പ് 136അടിയിൽ നിന്ന് 142അടിയായി ഉയർത്താമെന്ന് സമിതി അഭിപ്രായപ്പെടുന്നു. ബാക്കി അറ്റകുറ്റപണികൾ തീരുന്ന മുറയ്ക്ക് 152 അടി വരെ ജലനിരപ്പ് ഉയർത്തുന്നതിന് കുഴപ്പമില്ല എന്നുകൂടി വിദദ്ധസമിതി നിർദേശിക്കുന്നു. റിപ്പോർട്ട് ഓഗസ്റ്റ് 8ന് സുപ്രീം കോടതിയിൽ സമർപ്പിക്കുന്നു.
2006 - മുല്ലപ്പെരിയാർ എൻവിരോന്മൻറ് പ്രൊട്ടക്ഷൻ ഫോറം 2001ൽ നല്കിയ കേസിൽ ഫെബ്രുവരി 27ന് സുപ്രീംകോടതി വിധി പറയുന്നു. ജലനിരപ്പ് 136 അടിയിൽനിന്ന് 142 അടിയായി ഉയർത്താൻ അനുവാദം നൽകുന്നു. ബാക്കി അറ്റകുറ്റപണികൾ അടിയന്തിരമായി പൂർത്തിയാക്കാനും നിർദേശം നൽകുന്നു. ജലനിരപ്പ്136അടിയായി നിലനിർത്തിക്കൊണ്ട് കേരള നിയമസഭ അടിയന്തിരമായി പാസാക്കിയ നിയമത്തിന് മാർച്ച് 18ന് ഗവർണർ അംഗീകാരം നൽകുന്നു. നിയമം റദ്ദാക്കാൻ തമിഴ്നാട് സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്യുന്നു. ഫെബ്രുവരി 27ലെ വിധിപ്രകാരം ജലനിരപ്പ് 142 അടിയായി ഉയർത്താൻ അനുവാദം ചോദിക്കുന്നു. ഏപ്രിൽ 3ന് കേരളം സമർപ്പിച്ച റിവ്യൂ ഹർജി ജൂലൈ 27ന് സുപ്രീംകോടതി തള്ളുന്നു. സെപ്റ്റംബർ 25ന് പുറപ്പെടുവിച്ച ഉത്തരവിൽ കേന്ദ്ര സർക്കാരിൻ്റെ സഹായത്തോടെ ഇരുസംസ്ഥാനങ്ങളും തർക്കം ചർച്ചചെയ്തു പരിഹരിക്കണം എന്ന് നിർദേശിക്കുന്നു.
2007 - അതനുസരിച്ച് നവംബർ 29 ന് ദില്ലിയിൽ കേന്ദ്രസര്ക്കാര് യോഗം വിളിച്ചുകൂട്ടുന്നു. ഡിസംബർ 18ന് കേന്ദ്രമന്ത്രി, കേരളാ, തമിഴ്നാട് മന്ത്രിമാരുമായി വീണ്ടും ചർച്ച നടത്തുന്നു. 18നു തന്നെ തമിഴ്നാട് മുഖ്യമന്ത്രി പ്രധാനമന്ത്രിയെക്കണ്ട് നിവേദനം സമർപ്പിക്കുന്നു. ഒരു സംസ്ഥാനങ്ങളിലും പെടാത്ത എഞ്ചിനീയർമാർ ഡാമിലെ സീപ്പെജിൻ്റെ അളവ് പരിശോധിക്കട്ടെ എന്ന തമിഴ്നാടിൻ്റെ നിർദേശം പരിശോധിക്കാം എന്ന് കേരള മുഖ്യമന്ത്രി ഉറപ്പ് നൽകുന്നു. സീപ്പേജ് അളവ് പരിശോധിക്കാൻ ഒരു കൂട്ടായ സംവിധാനമാണ് ഉദ്ദേശിച്ചത് എന്ന് ഡിസംബർ 19 ന് കേരള മുഖ്യമന്ത്രി കത്തിലൂടെ തമിഴ്നാട് മുഖ്യമന്ത്രിയെ അറിയിക്കുന്നു. കത്ത് ജനുവരി 22നു തമിഴുനാട് കേന്ദ്രത്തിന് അയക്കുന്നു.
2008 - അത്തരം ഒരു കൂട്ടായ സംവിധാനം 2007 ഡിസംബർ 19 ന് നടത്തിയ യോഗത്തിൽ ചർച്ച ചെയ്തിട്ടില്ല എന്ന് തമിഴ്നാട് മുഖ്യമന്ത്രി ഫെബ്രുവരി 8 ന് കത്തിലൂടെ കേരള മുഖ്യമന്ത്രിയെ അറിയിക്കുന്നു.
കേന്ദ്ര ജല കമ്മീഷൻ ചീഫ് എൻജിനീയറുടെ അധ്യക്ഷതയിൽ ഇരു സംസ്ഥാനങ്ങളുടെയും പ്രതിനിധികൾ ഉൾപ്പെട്ട ഒരു 9അംഗ വിദഗ്ധസമിതി രൂപീകരിക്കുന്നതിന് സമ്മതം ചോദിച്ചുകൊണ്ട് ഏപ്രിൽ 28ന് ഇരുസംസ്ഥാന സർക്കാരുകൾക്കും കത്ത് നൽകുന്നു. അത്തരം ഒരു സമിതി തങ്ങൾക്ക് സ്വീകാര്യമല്ല എന്ന് ജൂൺ 17 ന് തമിഴുനാട് രേഖാമൂലം അറിയിക്കുന്നു.
2009 - ഇരുസംസ്ഥാനങ്ങളുടെയും പ്രതിനിധികളെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു സമിതിക്കുള്ള തമിഴുനാടിൻ്റെ നിർദേശം തങ്ങൾക്ക് സ്വീകാര്യമല്ല എന്ന് കേരളം ഫെബ്രുവരി 24ന് രേഖാമൂലം മറുപടി നൽകുന്നു.
( തുടരും)
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.