മുല്ലപ്പെരിയാർ ഡാം - ചില അപ്രിയ സത്യങ്ങൾ - 9

Avatar
ജോയ് എബ്രാഹം , കള്ളിവയലിൽ | 11-11-2021 | 3 minutes Read

906-1636638589-mullaperiyar-water

കാര്യങ്ങളുടെ പോക്ക് അത്ര പന്തിയല്ല എന്ന് തിരിച്ചറിഞ്ഞ കേരളസർക്കാർ സ്വന്തംനിലയിൽ ഡാമിൻ്റെ ഹൈഡ്രോളജിക്കൽ സ്ഥിതി പരിശോധിക്കാൻ ഡൽഹി ഐ ഐ ടിയിലെ ഒരു പ്രൊഫസറേ ചുമതലപ്പെടുത്തി. അദ്ദേഹം നടത്തിയ പഠനത്തിൽ കണക്കുകൂട്ടിയത് പ്രതീക്ഷിക്കാവുന്ന പരമാവധി പ്രളയം ( Probable Maximum Flood) 291275 ക്യൂസെക്ക്‌സ് എന്നാണ്. നിലവിലുള്ള സ്‌പിൽവേ സംവിധാനത്തിന് ആ വെളളം മുഴുവൻ ഒഴുക്കിക്കളയാൻ സാധിക്കില്ല. ഡാം നിറഞ്ഞുകവിഞ്ഞു ഒഴുകിയാൽ ഡാം തകരും എന്നാണ്.

2006ലെ കേസിൻ്റെ അനുബന്ധമായി 2008 ജൂലായ് 15ന് തമിഴ്നാട് നൽകിയ കേസിന് മറുപടിയായി മേൽപറഞ്ഞ റിപ്പോർട്ട് കേരളം സുപ്രീംകോടതിയിൽ സമർപ്പിച്ചു. ജല കമ്മീഷൻ്റെ അഭിപ്രായം അറിയാൻ കോടതി നിർദേശിച്ചത് അനുസരിച്ച് അവർ 2008 സെപ്റ്റംബർ 13ന് റിപ്പോർട്ട് കോടതിക്ക് നൽകി.
മഴയുടെ തീവ്രത, സമയദൈർഘ്യം, ഡാമിൽ ഒഴുകിയെത്തുന്ന വെള്ളത്തിൻ്റെ അളവ് തുടങ്ങിയ കാര്യങ്ങളിൽ ഐ ഐ ടി പ്രൊഫസർ സ്വീകരിച്ച മാനദണ്ഡങ്ങൾ തെറ്റാണ് , ആയതിനാൽ അദ്ദേഹം കണക്കുകൂട്ടിയ ഉയർന്ന വെള്ളപ്പൊക്ക തോതിന് ( Probable Maximum Flood) അടിസ്ഥാനമില്ല എന്നായിരുന്നു കേന്ദ്ര ജല കമ്മീഷൻ്റെ വിലയിരുത്തൽ.
2009. - ഇതിനിടയിൽ കേരള സർക്കാർ മേയിൽ പുതിയ ഒരു കമ്മറ്റിയെ നിയമിച്ചു. 2009 ജൂണിൽ കമ്മറ്റി റിപ്പോർട്ട് സമർപ്പിച്ചു. ഡാമിന് സംഭവിച്ച തകരാറുകൾ വിലയിരുത്തുമ്പോൾ എന്തൊക്കെ അറ്റകുറ്റപണികൾ നടത്തിയാലും ഡാം ഇനി സുരക്ഷിതമായിരിക്കില്ല എന്നായിരുന്നു റിപ്പോർട്ട്.

ഡാമിൻ്റെ അടിഭാഗം പരിശോധിക്കണം, കമ്പ്യൂട്ടർ നിയന്ത്രിത ഭൂകമ്പമാപിനികൾ സ്ഥാപിക്കണം, ഡാമിന് താഴേയായി പുതിയ ഡാം പണിയുക മാത്രമേ മർഗമുള്ളു എന്നും കമ്മറ്റി നിർദേശിച്ചു.

ഈ റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ ഇരു സംസ്ഥാനങ്ങളുടെയും പ്രതിനിധികൾ ഉൾപ്പെട്ട ഒരു സംഘം 2009 ജൂലായിൽ ഡാം സന്ദർശിക്കണം എന്ന ഒരു നിർദേശം കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി മുന്നോട്ടുവെച്ചെങ്കിലും മഴക്കാലകെടുതികൾ ചൂണ്ടിക്കാട്ടി കേരളം പിന്മാറി. തുടർന്ന് കേന്ദ്ര ജലവിഭവ വകുപ്പ് സെക്രട്ടറി ജൂലായ് 31 ന് ഒരു അടിയന്തരയോഗം വിളിച്ചുകൂട്ടി. പുതിയ ഒരു ഡാം നിർമ്മിക്കുക മാത്രമാണ് ശാശ്വതമായ പരിഹാരം എന്ന് കേരളം ശക്തമായ നിലപാട് ഏടുത്തു. വേണ്ടിവന്നാൽ അതിൻ്റെ ചിലവ് വഹിക്കുന്ന കാര്യംപോലും ചിന്തിക്കാം എന്നുകൂടി കേരളം അറിയിച്ചു.

906-1636638608-water-authority-india

പുതിയ ഡാമിൻ്റെ പ്രോപ്പോസൽ അയക്കാൻ കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി ഓഗസ്റ്റ് 26ന് കത്തിലൂടെ കേരളസർക്കാരിനോട് ആവശ്യപ്പെട്ടു.
എന്നാൽ ബലപ്പെടുത്തിയതിനു ശേഷമുള്ള പഴയ ഡാം പുതിയതിന് തുല്യമാണ് എന്നായിരുന്നു തമിഴുനാടിൻ്റെ നിലപാട്. പുതിയ ഒരു ഡാം എന്ന നിർദ്ദേശം കേരളം ഇനി ഉന്നയിക്കാൻ പാടില്ല എന്നുകൂടി തമിഴുനാട് മുഖ്യമന്ത്രി ഓഗസ്റ്റ് 13ന് കേരള മുഖ്യമന്ത്രിയെ അറിയിച്ചു.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

പുതിയ ഡാം നിർമ്മിച്ചശേഷവും മുൻകരാർ പ്രകാരം വെള്ളം തമിഴ്നാടിനു നൽകാം എന്ന് കേരളം സമ്മതിച്ചതായി മിനിസ്റ്റ്സിൽ രേഖപ്പെടുത്തിയിരിക്കുന്നത് തെറ്റാണ് എന്ന് കേരളം ജൂലായ് 31ന് കേന്ദ്രത്തെ അറിയിച്ചു, മറിച്ച് വെള്ളം തമിഴുനാടിനു നൽകാം എന്നുമാത്രമാണ് സമ്മതിച്ചത് .

മുല്ലപ്പെരിയാർ കേസ് പരിഗണിച്ച സുപ്രീംകോടതി നവംബർ 10 ന് സുപ്രധാനമായ ചില നിർദേശങ്ങൾ നൽകി. ഒരു ഭരണഘടനാ ബെഞ്ചിന് മാത്രമേ ഈ കേസിൽ തീർപ്പ് കൽപ്പിക്കാൻ കഴിയൂ. അതിനായി കേസ് ചീഫ് ജസ്റ്റിസിൻ്റെ പരിഗണനക്ക് വിടുന്നു. അതുവരെ തൽസ്ഥിതി തുടരും. പക്ഷേ ഡാമിന് ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്താൻ തമിഴുനാടിനു തടസമുണ്ടാവില്ല.

2010. - ഫെബ്രുവരി 18ന് ഒരു അഞ്ചംഗ ബെഞ്ച് കേസ് പരിഗണിച്ചു. എല്ലാ കക്ഷികളെയും കേട്ട് ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഒരു ഉന്നതാധികാരസമിതി രൂപീകരിക്കാൻ സുപ്രീംകോടതി കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകി. 6 മാസമായിരുന്നു കാലാവധി.

സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് എ എസ് ആനന്ദ്, കേരളത്തിൻ്റെ പ്രതിനിധിയായി മുൻ സുപ്രീംകോടതി ജഡ്ജി കെ ടി തോമസ്, തമിഴ്നാടിൻ്റെ പ്രതിനിധിയായി മുൻ സുപ്രീംകോടതി ജഡ്ജി എ ആറ് ലക്ഷ്മണൻ, കേന്ദ്ര ജലവിഭവ വകുപ്പ് മുൻ സെക്രട്ടറി സി ഡി തട്ടേ, കേന്ദ്ര ജല കമ്മീഷൻ മുൻ ചീഫ് എഞ്ചനീയർ ഡി കെ മെഹ്ത എന്നിവരായിരുന്നു അംഗങ്ങൾ.

2010 ഏപ്രിൽ 30ന് സമിതി നിലവിൽ വന്നു. സെപ്റ്റംബർ 20ന് സുപ്രീം കോടതി സമിതിയുടെ കാലാവധി ഒക്ടോബർ 30 മുതൽ 6 മാസം കൂടി നീട്ടിനൽകി.
ഡിസംബറിൽ കമ്മറ്റി ഡാം സന്ദർശിച്ചു ബന്ധ്പ്പെട്ട എല്ലാവരുമായി ചർച്ച നടത്തി.

( തുടരും)


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About ജോയ് എബ്രാഹം , കള്ളിവയലിൽ

» Facebook

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 06:28:10 pm | 09-08-2022 CEST