മുല്ലപ്പെരിയാർ - ചില അപ്രിയ സത്യങ്ങൾ

Avatar
ജോയ് എബ്രാഹം , കള്ളിവയലിൽ | 29-10-2021 | 3 minutes Read

പത്തൊമ്പതാം നൂറ്റാണ്ട്.

ബ്രിട്ടീഷ് ഭരണത്തിന് കീഴിലുള്ള മദ്രാസ് പ്രസിഡൻസിയില് മധുര, രാമനാഥപുരം തുടങ്ങിയ പ്രദേശങ്ങളിൽ അടിക്കടിയുണ്ടായ വരൾച്ചയിൽ വമ്പിച്ച കൃഷിനാശത്തിന് പുറമെ ആൾനാശവും ഉണ്ടായി.

60000 ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു എന്നാണ് കണക്ക്.

വെള്ളത്തിന് വേണ്ടിയുള്ള അന്വേഷണം അയൽ രാജ്യമായ തിരുവിതാംകൂറിലേക്ക് ബ്രിട്ടീഷുകാരുടെ ശ്രദ്ധ തിരിച്ചു. പാഴായിപ്പോകുന്ന പെരിയാറിലെ വെള്ളം അണ കെട്ടി തിരിച്ചു വിടുക. കത്തിടപാടുകൾ 1850 മുതൽ ആരംഭിച്ചു.

അപകടം മണത്ത തിരുവിതാംകൂർ എതിർത്തു.

1885 ഓഗസ്റ്റിൽ വിശാഖം തിരുനാൾ മഹാരാജാവ് അന്തരിച്ചു. ശ്രീ മൂലം തിരുനാൾ പുതിയ മഹാരാജാവ് ആയി. ഈ തക്കത്തിൽ അണക്കെട്ട് നിർമ്മിക്കാൻ 8000 ഏക്കർ വനഭൂമി വിട്ടു കൊടുക്കാം എന്ന് ബ്രിട്ടീഷ് റസിഡൻ്റ് കത്ത് എഴുതി.

ബ്രിട്ടീഷ് സർക്കാരിൻ്റെ സമ്മർദത്തിന് വഴങ്ങി തിരുവിതാംകൂർ 1886 ഒക്ടോബർ 29ന് ( 1062 തുലാം 14) പാട്ടക്കരാർ ഒപ്പുവെച്ചു.

മദ്രാസ് ചീഫ് എൻജിനീയർ ജോൺ പെനി ക്വിക്കിൻ്റെ നേതൃത്വത്തിൽ 1893ൽ ഡാം പണി പൂർത്തിയാക്കി. 1241 അടി നീളം. 158 അടി ഉയരം. വെള്ളത്തിൻ്റെ നിരപ്പ് 152 അടി.
1932ൽ സർ സി പി തിരുവിതാംകൂറിൽ എത്തി. മുൻപ് മദ്രാസ് സർക്കാരിൻ്റെ ( ഗവർണറുടെ എക്സിക്യൂട്ടിവ് കൗൺസിൽ അംഗം) ജലസേചന വകുപ്പ് കൈകാര്യം ചെയ്തിരുന്ന സി പി ക്ക് മുല്ലപ്പെരിയാർ കരാറിൻ്റെ അപകടം മനസിലായി. കരാറിൽ ഇല്ലാത്ത കാര്യമായ വൈദുതി ഉത്പാദിപ്പിക്കാനുള്ള തമിഴ് നാടിൻ്റെ ശ്രമം അദ്ദേഹം എതിർത്തു. അഴിച്ചുവെച്ച വക്കീൽ കുപ്പായം വീണ്ടും അണിഞ്ഞു ദിവാൻ നേരിട്ട് കേസ് വാദിച്ചു . തൻ്റെ മുൻ ശിഷ്യൻ അഡ്വക്കേറ്റ് ജനറൽ അല്ലാടി കൃഷ്ണസ്വാമി അയ്യർ ആയിരുന്നു എതിർഭാഗത്ത്.

വൈദ്യുതിക്ക് പാട്ടം കിട്ടാനുള്ള വിധി സി പി നേടിയെടുത്തു.

1947ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ കരാർ റദ്ദാക്കി പുതിയ കരാർ ഉണ്ടാക്കാനുള്ള സി പി യുടെ ശ്രമങ്ങൾ അദ്ദേഹം നാടുവിട്ടതോടെ അവസാനിച്ചു.
1970 ൽ ഉപകരാർ ഉണ്ടാക്കിയ ഉദ്യോഗസ്ഥർ ശേഷിക്കുന്ന അധികാരങ്ങൾ കൂടി തമിഴ്നാടിന് അടിയറ വെച്ചു. മന്ത്രിസഭ അറിയാതെയാണ് കരാർ ഒപ്പുവെച്ചത്.

999 വർഷത്തേക്ക് കരാർ ഉണ്ടാക്കിയത് കൊടിയ വഞ്ചനയും യുക്തിക്ക് നിരക്കാത്തതുമാണ് എന്ന് ഇപ്പൊൾ ചില തൽപരകക്ഷികൾ പ്രചരണം നടത്തുന്നു. എന്നാൽ ആയിരം വർഷം മുൻപേതന്നെ രാജകീയശാസനങ്ങളിൽ " ആചന്ദ്ര താരം" അഥവാ ചന്ദ്രൻ ഉള്ളടത്തോളം കാലം നിലനൽക്കുന്ന കരാറുകൾ കല്ലിൽ കൊത്തിവെച്ചിരുന്നു എന്ന് ചരിത്രം പഠിക്കുന്നവർക്ക് അറിയാം.

999 വര്ഷം എന്നാല് ആജീവനാന്തം നിലനിൽക്കുന്നത് എന്ന് അർഥം.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

എന്തിനാണ് അങ്ങനെ ഒരു വ്യവസ്ഥ ഉണ്ടാക്കിയത് എന്ന് പലർക്കും അറിയില്ല , അല്ലെങ്കിൽ അറിയില്ല എന്ന് നടിക്കുന്നു.

മദ്രാസ് പ്രവിശ്യയിൽ ഉണ്ടായ കൊടിയ വരൾചയിൽ 60000 ആളുകൾ കുടിവെള്ളം കിട്ടാതെ ചത്തുവീണ ദുരവസ്ഥയാണ് ബ്രിട്ടീഷ് സർക്കാരിനെ വെള്ളത്തിന് വേണ്ടിയുള്ള തിരച്ചിലിന് നിർബന്ധിച്ചതും പെരിയാർ പ്രദേശത്ത് അത് കണ്ടെത്തി കരാരിലേക്ക് നയിച്ചതും.

ഒരുകാലത്തും തമിഴുനാട്ടിൽ ഇത്രയും വെള്ളം ലഭിക്കില്ല. ഡാം നിലനിർത്താനല്ല വെള്ളം കിട്ടുന്നത് ഉറപ്പാക്കാനാണ് കരാർ. അതുകൊണ്ടാണ് ഇപ്പൊൾ വെള്ളം നൽകാം പുതിയ ഡാം നിർമ്മിക്കണം എന്ന് കേരള സര്ക്കാര് നിരന്തരം വാദിക്കുന്നത്.

ഡാം വന്നതോടെ തമിഴ് നാടിൻ്റെ മുഖച്ഛായ മാറി. വരണ്ടുണങ്ങിയ പ്രദേശങ്ങൾ പച്ചപ്പണിഞ്ഞ് ആളുകൾ പട്ടിണിയിൽ നിന്നും രക്ഷനേടി. വെള്ളം ശേഖരിച്ച് നിർത്തുന്നതിനായി താഴെ വൈഗ ഡാം പണി തീർത്തിരുന്നു.

കേരളത്തിൽ വിശാലമായ തേക്കടി തടാകം രൂപപ്പെട്ടു. അതിൻ്റെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി തേക്കടിയിൽ ബോട്ടിംഗ് ഏർപ്പെടുത്തി. വെള്ളത്തിനടിയിൽ ഉണ്ടായിരുന്ന മരങ്ങൾ ആഴത്തിൽ മുങ്ങി തോട്ട ഘടിപ്പിച്ച് പൊട്ടിച്ചുമാറ്റുന്നത് അക്കാലത്ത് കുമളിയിലെ സാഹസികരായ യുവാക്കളുടെ പ്രധാന വരുമാനമാർഗമായിരുന്നു .
കാട്ടിനുള്ളിലെ സർക്കാര് അതിഥിമന്ദിരമായ അരണ്യനിവാസിൽ ഒരു രാത്രി ചിലവഴിക്കുക എന്നത് വരേണ്യവർഗത്തിൻ്റെയും ഉന്നത അധികാരികളുടെയും സ്റ്റാറ്റസ് സിമ്പൽ ആയി മാറി.

1920 കൾ മുതൽ ആരംഭിച്ചിരുന്നു ഹൈറേഞ്ച് കുടിയേറ്റം നീരൊഴുക്ക് ഇല്ലാതായ പെരിയാറിൻ്റെ താഴ്ന്ന പ്രദേശങ്ങളിൽ മുഴുവൻ ആളുകളെക്കൊണ്ട് നിറച്ചു. വള്ളക്കടവ് മുതൽ അയ്യപ്പൻകോവിൽ വരെ ജനവാസപ്രദേശങ്ങൾ ആയി മാറി.

1947ൽ സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം സംസ്ഥാന പുനസംഘടന പ്രഖ്യാപിച്ചതോടെ ഹൈറേഞ്ച് കുടിയേറ്റം വലിയ ഒരു ഒഴുക്കായി മാറി. ദേവികുളം പീരുമേട് താലൂക്കുകകൾ തമിഴ് ഭൂരിപക്ഷ മേഖലകൾ എന്ന നിലയിൽ തമിഴ്നാടിനോട് ചേർക്കാനുള്ള സാധ്യത ഒഴിവാക്കാൻ സര്ക്കാര് ഗ്രോ മോർ ഫുഡ് എന്നയൊരു പദ്ധതി ഉണ്ടാക്കി വൻതോതിൽ വനഭൂമി പതിച്ചു നൽകി കുടിയേറ്റം പ്രോത്സാഹിപ്പിച്ചു. 1956ൽ കേരളം നിലവിൽ വന്നതിനുശേഷം ബാക്കിയുള്ള വനഭൂമി എങ്ങനെയെങ്കിലും നിലനിർത്തുക എന്നതായി ലക്ഷ്യം. ചുരുളി കീരിത്തോട് കുടിയിറക്ക് ഒക്കെ ചരിത്രം.

വനഭൂമിയോടു ചേർന്നുള്ള ജനവാസം പുതിയ ഒരു സാധ്യത ഉണ്ടാക്കി. എങനെയും പണം ഉണ്ടാക്കണം എന്ന് ലക്ഷ്യമിട്ട ചില ദുഷ്ടശക്തികൾ വനത്തിനുള്ളിൽ കഞ്ചാവ് കൃഷി ആരംഭിച്ചു. 'ഇടുക്കി ഗോൾഡ്' ലോകം മുഴുവൻ പ്രശസ്തമായി. സായിപ്പന്മാർ തേക്കടിയിലേക്ക് ഒഴുകി എത്തി. അവർക്കായി നാട്ടുകാർ താമസസൗകര്യം ഒരുക്കി. തേക്കടിയൊട് ചേർന്ന കുമളി ഒരു പട്ടണമായി വളർന്നു.

മുല്ലപ്പെരിയാർ ഡാമിൻ്റെ ആധുനിക ചരിത്രം ആരംഭിക്കുന്നത് 1979ലാണ്.

അക്കൊല്ലം ഗുജറാത്തിലെ മോർവിയിലുള്ള മാച്ചു ഏർത്ത് ഡാം വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. 25000 ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു എന്നാണ് കണക്ക്. അതിനെത്തുടർന്ന് പഴയ ഡാമുകളുടെയെല്ലാം സുരക്ഷ പരിശോധിക്കാൻ കേന്ദ്ര സർക്കാര് കേന്ദ്ര ജല കമ്മീഷനെ ചുമതലപ്പെടുത്തി.

അക്കാലത്ത് കേന്ദ്ര ജല വിഭവ കമ്മീഷൻ ചെയർമാൻ ആയിരുന്ന ഡോക്ടർ കെ സി തോമസ് തൻ്റെ നാടിന് അറിയാതെതന്നെ ഒരു വലിയ ഉപകാരം ചെയ്തു. 80 വർഷത്തിലേറെ പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമിൻ്റെ സുരക്ഷ വിശദമായി പരിശോധിക്കേണ്ടതുണ്ട്, അതുവരെ നിലവിൽ അനുവദനീയമായ 152 അടിയിൽ നിന്നും 136 അടിയായി ജലനിരപ്പ് താഴ്ത്താൻ ഉത്തരവിട്ടു. ഫലത്തിൽ ഡാമിലെ വെള്ളത്തിൽ മൂന്നിൽ ഒന്നിൻ്റെ കുറവാണ് അദ്ദേഹം വരുത്തിയത്.
( തുടരും)

Read original FB post


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About ജോയ് എബ്രാഹം , കള്ളിവയലിൽ

» Facebook

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 05:45:39 am | 17-04-2024 CEST