ബജറ്റ് വരുമാനത്തെ റെവന്യൂ വരവ് എന്നും ക്യാപിറ്റൽ വരവ് എന്നും രണ്ടായി തിരിച്ചിട്ടുണ്ട്. ഇതിൽ റെവന്യൂ വരവ് എന്നത് ആണ് യഥാർഥ വരവ്. കാരണം ക്യാപിറ്റൽ വരവ് ഭൂരിഭാഗവും കടം വാങ്ങുന്ന പണമാണ്. ഉദാഹരണമായി 2020-2021 വർഷത്തെ കേരളാ ബഡ്ജറ്റിൽ ക്യാപിറ്റൽ വരവ് 29575.93 കോടിരൂപയാണ്. അതിൽ 29241.91 കോടിയും വിവിധ തരത്തിൽ ഉള്ള കടങ്ങൾ വഴിയാണ് കിട്ടുന്നത്.
എന്നാൽ 2020-2021 വർഷത്തെ കേരളാ ബഡ്ജറ്റിൽ റെവന്യൂ വരവ് 114635.90 കോടി രൂപയാണ്. അതിൽ 67420.01 കോടി രൂപാ സംസ്ഥാന നികുതി വരുമാനമാണ്. 14587.00 സംസ്ഥാന നികുതി ഇതര വരുമാനമാണ്. 32628.89 കേന്ദ്ര സർക്കാർ വിഹിതമാണ്.
കേന്ദ്ര വിഹിതമായ 32628.89 കോടി രൂപയിൽ 11694.09 കോടി വിവിധ കേന്ദ്രസർക്കാർ ഗ്രാന്റുകൾ ആണ്. കേന്ദ്രസർക്കാർ നൽകുന്ന ശേഷിക്കുന്ന തുകയിൽ 20934.80 കോടി വിവിധ കേന്ദ്രനികുതികളുടെ സംസ്ഥാന വിഹിതമാണ്. പ്രസ്തുത 20934.80 കോടി രൂപയിൽ 1213.39 കോടി മാത്രമാണ് കേന്ദ്ര മദ്യനികുതി വിഹിതം.
സംസ്ഥാന നികുതി വരുമാനമായ 67420.01 കോടി രൂപയിൽ കേവലം 2800.67 കോടി മാത്രമാണ് മദ്യനികുതി. അതായത് സംസ്ഥാന നികുതി വരുമാനമായ 67420.01 കോടി രൂപയുടെ 5% പോലും ഇല്ല മദ്യനികുതി. 32388.11 കോടിയുമായി GST ആണ് പ്രസ്തുത ലിസ്റ്റിൽ ഒന്നാമൻ. 23263.16 കോടിയുമായി VAT രണ്ടാം സ്ഥാനത്ത് ഉണ്ട്. മൂന്നാം സ്ഥാനം രെജിസ്ട്രേഷൻ നികുതി 4306.24 കോടി. വാഹന നികുതി 3968.22 കൊടിയുമായി നാലാം സ്ഥാനത്ത് ഉണ്ട്.
ഇനിയിപ്പോൾ സംസ്ഥാന നികുതി ഇതര വരുമാനമായ 14587.00 കോടിയിൽ ഭൂരിഭാഗവും മദ്യ വരുമാനമാണ് എന്ന് കരുതേണ്ടാ. അതിൽ 11569.70 കൊടിയും ലോട്ടറിയിൽ നിന്നുള്ള വരുമാനം ആണ്. അല്ലാതെ നിങ്ങൾ പലരും കരുതുന്നത് പോലെ ബിവറേജിൽ നിന്നുള്ള വരുമാനം ഒന്നും അല്ല.
ഓർക്കുക കേരളത്തിൽ 500 രൂപാ വിലയുള്ള ഒര് കുപ്പി മദ്യത്തിന് മാഹിയിൽ 300 രൂപയേ ഉള്ളൂ എന്ന് കരുതുക. അതിൽ നിന്ന് എന്ത് മനസിലാക്കാം 500 രൂപയ്ക്ക് നിങ്ങൾ മദ്യം വാങ്ങുമ്പോൾ 200 രൂപയെ സംസ്ഥാനത്തിന് കിട്ടുകയുള്ളൂ ശേഷിക്കുന്ന 300 രൂപാ കേന്ദ്രസർക്കാരും, മദ്യ ഉത്പാദകരും, വ്യാപാരിയും കൊണ്ടുപോകും.
സംസ്ഥാനത്ത് വിവിധ ക്ഷേമ പ്രവർത്തനങ്ങൾക്ക് ചെലവാക്കുന്ന തുക മദ്യനികുതിയേക്കാൾ കൂടുതലാണ്. ഉദാഹരണമായി 2800.67 കോടി സംസ്ഥാന മദ്യനികുതി വരുമാനം ഉള്ള കേരളം 2817.70 കോടി പിന്നോക്ക ജനവിഭാഗത്തിന്റെ ക്ഷേമത്തിനായി ചെലവഴിക്കുന്നുണ്ട്. അതുകൊണ്ടാണ് കേരളത്തിൽ പിന്നോക്ക ജനവിഭാഗം രാജ്യത്തെ ഇതര പിന്നോക്ക ജനവിഭാഗത്തേക്കാൾ മികച്ച സാമ്പത്തിക, സാമൂഹിക പുരോഗതി നേടിയത്.
പൊലീസിന് വേണ്ടി 3686.67 കോടി ചെലവഴിക്കുന്നത് കൊണ്ടാണ് ഇതര സംസ്ഥാനങ്ങളിലെക്കാൾ മികച്ച പോലീസ് സംവിധാനം കേരളത്തിൽ ഉള്ളത്. ആരോഗ്യ മേഖലയിൽ 7615.39 കോടി ചെലവഴിച്ചത് കൊണ്ടാണ് ആരോഗ്യ രംഗത്ത് ഇതര സംസ്ഥാനങ്ങളേക്കാൾ മികച്ച നിലയിൽ നിൽക്കാൻ കഴിയുന്നത്. വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കായി 20495.50 കോടി മാറ്റി വെച്ചത് കൊണ്ടാണ് സ്വകാര്യ സ്കൂൾ ഉപേക്ഷിച്ചു പലരും സർക്കാർ വിദ്യാലയത്തിലേക്ക് മാറിയത്.
മേൽപ്പറഞ്ഞ സാമൂഹിക ക്ഷേമ പദ്ധതികളിൽ ചെറിയൊരു കുറവ് വരുത്തിയാൽ വേണമെങ്കിൽ മദ്യ വില മാഹി നിലവാരത്തിൽ എത്തിക്കാം. പക്ഷേ അങ്ങനെ ചെയ്താൽ കേരളത്തിൽ കുടിയന്മാരുടെ എണ്ണം കൂടുമോ എന്ന് എനിക്ക് അറിയില്ല. കാരണം വെറുതേ കിട്ടിയാലും ഞാൻ കുടിക്കാറില്ല.
വാൽകഷ്ണം: വസ്തുതാ വിരുദ്ധമായി തള്ളുന്നത് ആരെണെലും ഞാൻ എതിർക്കും അതാണ് എന്റെ ശൈലി. അമേരിക്കയിൽ പാവങ്ങൾക്ക് മികച്ച ചികിത്സാ കിട്ടില്ലാ എന്ന് വസ്തുതാ വിരുദ്ധമായി തള്ളിയത് കൊണ്ടാണ് കഴിഞ്ഞ കുറച്ചു ദിവസമായി അതിനെ ആധികാരികമായി എതിർത്തത്. അതുപോലെ ബിവറേജ് പൂട്ടിയാൽ കേരളം മുടിഞ്ഞുപോകും എന്ന് തള്ളി മറിക്കുന്നത് കണ്ടത് കൊണ്ടാണ് ഇത് എഴുതിയത്.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.