" ഉണ്ണിയാർച്ച തേപ്പാണ്. " എന്ന് പാണൻമാരെ കൊണ്ട് ഒന്ന് കൂടി പറയിപ്പിക്കരുത് .. സ്നേഹപൂർവം ഉണ്ണിയാർച്ച

Avatar
Sarath Sasi | 08-09-2020 | 3 minutes Read

പ്രിയപ്പെട്ട ചന്തുവിന്,

ഇത് ഞാനാണ് ഉണ്ണിയാർച്ച. പുത്തൂരം ഉണ്ണിയാർച്ചയിൽ നിന്ന് ട്രാൻസ്‌ഫർ ഓഫ് പ്രോപ്പർട്ടി ആക്ട് പ്രകാരം വിവാഹത്തോടെ ആറ്റുമണമേൽ ഉണ്ണിയാർച്ചയായി മാറിയവൾ, ഒരു കാലത്ത് താങ്കളുടെ കാമുകിയായിരുന്നവൾ.

നമ്മുടെ കാലത്ത് ആങ്ങള എന്ന വാക്കിന്‌ പകരം ഈ കാലത്ത് കുട്ടികൾ ഉപയോഗിക്കുന്നത് 'ബ്രോ' എന്ന വാക്കാണ്.ആ വാക്ക് പരിചയമില്ലാത്തത് കൊണ്ട് തൽകാലം ഞാൻ ചന്തുവിനെ പേര് വിളിക്കാം. ബ്രോ എന്ന പുതിയ വാക്കിനേക്കാൾ, തെക്കൂന്നു വടക്കോട്ട് വന്ന, "തേപ്പ്" എന്ന വാക്കാണ് ഇപ്പോൾ എന്റെ പുതിയ പ്രശ്നം. തേപ്പ് എന്ന വാക്ക് ഇവിടെ പ്രചാരത്തിൽ ആയപ്പോൾ ന്യൂ ജനറേഷൻ പാണൻമാർ പാടി നടക്കുന്നത്, "ഉണ്ണിയാർച്ച ചന്തുവിനെ തേച്ചു" എന്നാണ്. അതു കൊണ്ടാണ് ഈ വൈകിയ വേളയിൽ ഒരു സ്വയം വിലയിരുത്തലാകാം എന്നു കരുതിയത്.

പുത്തൂരം തറവാട് മുഴുവനായി സ്ത്രീവിരുദ്ധം ആണെന്ന് ഞാൻ പറയുന്നില്ല, ആയിരുന്നെങ്കിൽ പെണ്ണായ ഞാൻ ആയുധം എടുക്കില്ലായിരുന്നല്ലോ. താങ്ക്സ് ടു നിങ്ങളുടെ മാമൻ(എന്റെ അച്ഛൻ) കണ്ണപ്പ ചേകവർ. ആയുധം എടുക്കാൻ കിട്ടിയ സ്വാതന്ത്ര്യം, ജീവിതം തിരഞ്ഞെടുക്കാൻ തറവാട്ടിൽ പെണ്ണുങ്ങൾക്ക് ഉണ്ടായിരുന്നില്ല എന്ന കാര്യം അതിനൊപ്പം പറയേണ്ടതുണ്ട്. കളിപ്പാട്ടത്തിന് വേണ്ടി ആരോമലിനോട് പോരടിച്ചിരുന്ന എനിക്ക് സ്വന്തം ജീവിതത്തിന് വേണ്ടി പോരാടിക്കാനുള്ള സ്വാതന്ത്ര്യം അനുവദിച്ചു കിട്ടിയില്ല.

നമ്മൾ പുത്തൂരം തറവാട്ടുകാർ ജീവിച്ചതും, വളർന്നതും പോരും, അങ്കവും കണ്ടാണ്. സ്നേഹം പോലും നമ്മൾ അളന്നത് ചങ്കൂറ്റത്തിന്റ് അളവുകോൽ കൊണ്ടാണ്. നിങ്ങളെ കാണുന്നതിന് ഒരുപാട് മുൻപ് പരിചയമുള്ള കുഞ്ഞിരാമേട്ടനോട് തോന്നിയതിനെക്കാൾ സ്നേഹം നിങ്ങളോട് തോന്നിയതിന് കാരണം നിങ്ങളുടെ മെയ് വഴക്കവും, അടവുകളിലെ പൂര്ണതയും തന്നെയായിരുന്നു. സ്നേഹം ആ അളവ് കോലിൽ അളക്കാനാണ് ഞാൻ പഠിച്ചതെന്ന് തുറന്നു പറയാൻ എനിക്കൊരു മടിയുമില്ല. പക്ഷേ ബാല്യത്തിലെ അരക്ഷിതാവസ്ഥയും, അനാഥത്വവും നിറഞ്ഞ ജീവിതത്തിൽ നിന്നുള്ള മോചനത്തിനായി നിങ്ങൾ എന്നിൽ തിരഞ്ഞത് ഒരു വൈകാരിക ബന്ധമാണെന്നു തിരിച്ചറിയാൻ ഞാൻ അല്പം വൈകി. അത് തിരിച്ചറിഞ്ഞപ്പോഴേക്കും ആരോമൽ എന്ന സഹോദരൻ എന്റെ ഉടമസ്ഥാവകാശം മറ്റൊരാൾക്ക് തീറെഴുതി കൊടുത്തിരുന്നു.

വിവാഹശേഷം കുഞ്ഞിരാമന്റെ വീട്ടിലെ കഷ്ടപ്പാടുകളും എന്റെ ഇഷ്ടക്കേടുകളും ഞാൻ നിങ്ങളോട് തുറന്നു പറഞ്ഞതാണ്. ആ നേരത്ത് ഏതോ മാമൂലുകളിൽ കുടുങ്ങിപ്പോയ നിങ്ങളുടെ മനസ്സ് എന്തു കൊണ്ടോ എന്നെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ നിങ്ങളോട് പറഞ്ഞില്ല.

നിങ്ങളെ വിവാഹ ശേഷവും ഞാൻ ഉള്ളു കൊണ്ട് സ്നേഹിച്ചിരുന്നു,ചന്തു ജീവിതത്തിൽ ഒറ്റപ്പെട്ടു പോകാതിരിക്കാൻ തുമ്പോലാർച്ചയുമായുള്ള വിവാഹം ആലോചിച്ചതും അതിനാണ്. അതിന് നിങ്ങൾക്ക് കഴിയില്ല എന്നു ബോധ്യമായപ്പോഴാണ് വീണ്ടും എന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചത്. പക്ഷേ അപ്രതീക്ഷിതമായ കുഞ്ഞിരാമേട്ടന്റെ മടങ്ങിവരവ് എല്ലാം തകർത്തു കളഞ്ഞു. ആ സമയത്ത് എന്റെ മുന്നിൽ രണ്ട് മാർഗങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒന്നെങ്കിൽ നമ്മൾ രണ്ടാളും കുറ്റക്കാരാകുക, അല്ലെങ്കിൽ നിങ്ങളെ കുറ്റക്കാരനാക്കുക. ഞാൻ ആദ്യത്തേത് തിരഞ്ഞെടുത്തിരുന്നെങ്കിൽ കുഞ്ഞിരാമേട്ടൻ അല്ലെങ്കിൽ ചന്തു, രണ്ടിൽ ഒരാൾ അവിടെ പോരാടി മരിച്ചേനെ. ആ സമയത്ത് ഞാൻ തെറ്റായ ഒരു തീരുമാനം എടുത്തു എന്ന് പിന്നീടൊരിക്കലും തോന്നിയിട്ടില്ല. ആരോമൽ പോരിന് വരുമ്പോൾ താല്പര്യം ഇല്ല എന്നു പറഞ്ഞു ഒരു രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ പലപ്പോഴും നിങ്ങൾ ഒഴിഞ്ഞു മാറിയിട്ടില്ലേ? അത്രയേ ഞാനും ചെയ്തുള്ളൂ.

ഒന്നോർത്താൽ ചന്തു എന്നെ സ്നേഹിക്കുന്നതിന്റെ നൂറ് ഇരട്ടി കുഞ്ഞിരാമേട്ടൻ എന്നെ സ്നേഹിക്കുന്നുണ്ട്. അല്ലെങ്കിൽ ചന്തുവുമായുള്ള എന്റെ അടുപ്പം നേരിട്ട് അറിയാവുന്ന കുഞ്ഞിരാമേട്ടൻ എന്നെ വിവാഹം കഴിക്കാൻ തയ്യാറാകുവോ? എല്ലാം പോട്ടെ ദുരൂഹ സാഹചര്യത്തിൽ നമ്മളെ രണ്ടാളെയും കണ്ടിട്ട് യാതൊരു പ്രശ്നവും ഉണ്ടാക്കാതിരിക്കുമോ? സ്നേഹത്തിന്റെ നിറകുടമായ ആ മനുഷ്യൻ എല്ലാം വിഷമങ്ങളും ഉള്ളിൽ കടിച്ചമർത്തി സഹിച്ചതിനെ നിങ്ങൾ ഭീരുത്വം എന്നാണ് വിളിച്ചത്. കുഞ്ഞിരാമേട്ടന്റെ സ്ഥാനത്ത് ചന്തു ആയിരുന്നെങ്കിൽ, സ്വന്തം ഭാര്യയെ ദുരൂഹ സാഹചര്യത്തിൽ കണ്ടാൽ എന്താകും ആ രാത്രി സംഭവിക്കുക?

എല്ലാം കഴിഞ്ഞു അങ്കത്തിന് ആരോമൽ ആങ്ങളയുടെ തുണക്കാരനായി തറവാട്ടിലേക്ക് ചന്തു മടങ്ങി വന്നപ്പോൾ വീണ്ടും എന്റെ ഉള്ളിലെ സ്വപ്നങ്ങൾ പൂവണിഞ്ഞതാണ്. നഷ്ടപെട്ടത് എന്തൊക്കെയോ തിരിച്ചു കിട്ടി എന്നൊരു തോന്നലായിരുന്നു. വാക്ക് നൽകിപ്പോയി എന്ന ന്യായം പറഞ്ഞ് ആരോമൽ തകർത്ത എന്റെ മോഹങ്ങൾ ആരോമലിന്റെ ജീവൻ രക്ഷിക്കാൻ കൊടുത്ത വേറൊരു വാക്കിലൂടെ തിരിച്ചു പിടിക്കാം എന്ന് ഞാൻ കിനാവ് കണ്ടു.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

പക്ഷെ വിധി അവിടെയും എന്നെ തോൽപ്പിച്ചു. ആരോമലിനെ ചന്തു ചതിച്ചില്ല എന്ന് വാദത്തിന് വേണ്ടിയെങ്കിലും ഞാൻ എങ്ങനെ വിശ്വസിക്കും? കുഞ്ഞുന്നാൾ മുതൽ ആരോമൽ ചന്തുവിനെ ഉപദ്രവിച്ചിട്ടേയുള്ളൂ, ദ്രോഹിച്ചിട്ടേയുള്ളൂ. ഞാൻ ഉൾപ്പടെ ചന്തുവിനെ സ്നേഹിച്ച എല്ലാവരെയും ചന്തുവിൽ നിന്ന് അകറ്റിയ ആളാണ് ആരോമൽ. അങ്ങനെ ഒരാളോട് അങ്കത്തിനു ഇടയിൽ ചന്തു മാറ്റുച്ചുരിക മറന്നുവെന്നു പറഞ്ഞതും, ആയുധത്തിൽ കള്ളം കാണിച്ചതും യാദൃശ്ചികത എന്ന് വിശ്വസിക്കാൻ കഴിയുമോ? അങ്ങനെ വിശ്വസിച്ചാൽ കൂടി വീരരിൽ വീരനായ ആരോമലിന് അപകട മരണം സംഭവിച്ചു എന്ന് പറഞ്ഞാൽ ഞാൻ എങ്ങനെയാണ് വിശ്വസിക്കേണ്ടത്? ആരോമലിനെ കീഴ്പ്പെടുത്താൻ ചന്തുവിന് മാത്രമേ കഴിയൂ എന്ന് വേറെ ആർക്കും അറിയില്ലെങ്കിലും എനിക്കറിയാം.

"ചന്തു ചതിച്ചു"

എന്ന ആരോമലിന്റെ മരണ മൊഴിയേക്കാൾ മുകളിൽ നിൽക്കുന്ന ഒന്നും ആ നേരത്ത് എന്റെ മുന്നിൽ ഉണ്ടായിരുന്നില്ല.

"ബ്ളഡ് ഈസ് തിക്കർ ദാൻ വാട്ടർ."

എന്നാണല്ലോ. സഹോദരന്റെ ഘാതകനായ ഒരാളെ സ്നേഹിക്കാൻ ഉണ്ണിയാർച്ചയ്ക്ക് പിന്നീടൊരിക്കലും കഴിഞ്ഞില്ല. അങ്ങനെ ഞാൻ ചെയ്തിരുന്നെങ്കിൽ പാണൻമാർ പാടി പുകഴ്ത്തി മഹിമയൊന്നും പുത്തൂരം തറവാടിന് ഉണ്ടാകില്ലായിരുന്നു. ഉണ്ണിയാർച്ചയുടെ മനസിൽ ചന്തുവിനോടുള്ള എല്ലാ സ്നേഹവും അന്നേ തീർന്നതാണ്.

വർഷങ്ങളായി ഞാൻ ചന്തുവിനെ മറന്ന് ജീവിക്കാൻ ശ്രമിക്കുകയാണ്. പക്‌ഷേ വിധി വീണ്ടും മക്കളുടെ രൂപത്തിൽ ചോദ്യവുമായി മുന്നിൽ വന്ന് നിൽക്കുന്നു. ആരോമലുണ്ണി എന്ന എന്റെ മകൻ അമ്മാവന്റെ മരണത്തിന് പകരം ചോദിക്കണം എന്നാണ് പറയുന്നത്. എന്ത് പറഞ്ഞാണ് ഞാൻ അവനെ തടയേണ്ടത്? തറവാടിന് വന്നു ചേർന്നു എന്നു പറയുന്ന കളങ്കം തീർക്കാൻ അവൻ മുന്നോട്ട് ഇറങ്ങുമ്പോൾ അനുഗ്രഹിച്ച് അയയ്ക്കുകയല്ലാതെ എന്റെ മുന്നിൽ മറ്റു മാർഗങ്ങൾ ഇല്ല. പഠിച്ച അടവുകൾ മറന്നു തുടങ്ങിയെങ്കിൽ, സ്വയം രക്ഷിക്കാനായി പുതിയ അടവുകൾ കരുതിക്കോളൂ. അല്ലാണ്ട് ഈ മത്സരത്തിൽ കൂടി തോറ്റിട്ട്,

"ഉണ്ണിയാർച്ച തേപ്പാണ്."

എന്ന് പാണൻമാരെ കൊണ്ട് ഒന്ന് കൂടി പറയിപ്പിക്കരുത്.

എന്ന്
സ്നേഹപൂർവം
ഉണ്ണിയാർച്ച
ആറ്റുമണമേൽ (മുൻ പുത്തൂരം)


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 3 | Saved : 08:15:40 pm | 02-12-2023 CET