റാസൽ ഖൈമയിലെ ആ മലയുടെ മുകളിൽ ഞങ്ങൾ ഈദ് ആഘോഷിക്കാൻ പോയതായിരുന്നു.
കാറും ബൈക്കുമൊന്നും അവിടേക്ക് പോകാത്തതുകൊണ്ടാണോ എന്തോ ഞാനൊരു കുതിരപ്പുറത്തായിരുന്നു പോയത്. നല്ല വെളുവെളുത്ത, പഴശ്ശിരാജയിൽ മമ്മൂട്ടി കൊണ്ടുനടക്കുന്നപോലെയൊരു കലക്കൻ കുതിര.
പാറക്കെട്ട് നിറഞ്ഞ ഇടുങ്ങിയ വഴികളിലൂടെ അരവട്ടം കൂടിയ കുറെ മനുഷ്യർ ബാർബിക്യു സ്റ്റാന്റും ചാർക്കോളും പുല്പായയും കസേരയുമൊക്കെയായി നടന്ന് കയറുന്നതിന്റെ ഇടക്ക്, ഞാൻ മാത്രം ഒരു കുതിരയിന്മേൽ... ജാതി പെട സെറ്റപ്പ്.
ലൈഫിൽ ആകെപ്പാടെ മൂന്നേ മൂന്ന് തവണ മാത്രമാണ് ഞാൻ കുതിരപ്പുറത്ത് കയറിയിട്ടുള്ളത്. വിക്ടോറിയയിൽ നിന്ന് ഊട്ടിക്ക് ടൂർ പോയപ്പോഴും, പിന്നെ കുമാർ പോൾസൺ ടീമിന്റെ കൂടെ ഫാമിലിയായി മൈസൂർ പോയപ്പോഴും അവസാനം കന്യാകുമാരിയിൽ പോയപ്പോഴും.
മൂന്ന് തവണയും ഞാൻ കുതിരപ്പുറത്ത് ഏറെക്കുറെ സൈക്കിളിന്റെ നടുക്കമ്പിയിൽ ഫാക്റ്റംഫോസിന്റെ പ്ലാസ്റ്റിക്ക് ചാക്ക് വച്ച പോലെ അപ്പുറത്തേക്കോ ഇപ്പുറത്തേക്കോ വീഴണ്ടേ??എന്നും, പാവം കുതിര എന്റെ വെയ്റ്റ് താങ്ങാതെ നടുവൊടിഞ്ഞ് ഞാൻ താഴെപ്പോയി എന്റെ നടുവൊടിയുമോ എന്നുമുള്ള ഡബിൾ ടെൻഷനിലുമായിരുന്നു ഇരുന്നിട്ടുള്ളത്.
പക്ഷെ, ഇത് വേറെ ലെവൽ. സീറ്റിങ്ങ് സാമഗ്രഹികളൊന്നുമില്ല, പോരാത്തേന് മലകയറുകയുമാണ്. എന്നിട്ടും ഒരു പ്രശ്നവുമില്ല. പെർഫെക്റ്റ് സീറ്റിങ്ങ്. കംഫർട്ടബിൾ ലൈക്ക് എനിത്തിങ്ങ്!
കുതിരയങ്ങിനെ കയറിക്കയറി, മലയുടെ ഏറ്റം മുകളിൽ നിരപ്പായ സ്ഥലത്തെത്തി. റാസൽ ഖൈമയിൽ ഇങ്ങിനെ മുകളിൽ ഗ്രൗണ്ടോടുകൂടിയ ഒരു മലയുണ്ടെന്ന് ഇതുവരെ അറിഞ്ഞില്ല.
അവിടെ, ചെന്നപ്പോൾ ആറ്റുകാൽ പൊങ്കാലക്ക് അമ്മച്ചിമാർ അടുപ്പ് കൂട്ടി പായസം വക്കുമ്പോലെ, ഒരു പാട് ആളുകൾ ചെറുകൂട്ടങ്ങളായി ബാർബിക്യൂ ഉണ്ടാക്കുന്നു.
ഞാൻ കുതിരപ്പുറത്തിരുന്ന് അതൊക്കെ കൗതുകത്തോടെ ഇങ്ങിനെ കാണുന്നതിനിടക്കാണത് ശ്രദ്ധിച്ചത്. ഒരു ലെബനാൻ ഫാമിലിയുടെ തൊട്ടടുത്ത്, പണ്ടത്തെ കൊടകര ബോയ്സിലെ സമരനായകൻ, അന്നത്തെ പിള്ളേരുടെ ആരാധനാ മൂർത്തി; കൊടകരയുള്ള സഖാവ് ഗോപാലേട്ടനിരുന്ന് ചിക്കൻ ചുടുന്നു.
സൂക്ഷിച്ച് നോക്കിയപ്പോൾ, ആൾ മാത്രമല്ല, ആൾടെ ചേട്ടൻ വിശ്വംഭരേട്ടനും മോഹനേട്ടനും ശക്തിനഗറിലെ ഷൈൻ, ഷമ്മി, ലിട്ടു, ബിട്ടു തുടങ്ങി എല്ലാ മുണ്ടക്കക്കാരുമുണ്ട്.
എനിക്ക് പെട്ടെന്ന് കൺഫ്യൂഷനായിപ്പോയി. ഇനിയിപ്പോൾ ഞാൻ ആലത്തൂരുള്ള മുണ്ടക്കക്കാരുടെ അമ്പലത്തില് പൂരത്തിനാണോ വന്നത്?
അപ്പുറത്തുമിപ്പുറത്തുമിരിക്കുന്ന സിറിയൻ ഈജിപ്ഷ്യൻ ഫാമിലികളെക്കണ്ടപ്പോൾ അതല്ല എന്ന് മനസ്സിലായി.
മലമുകളിലേക്ക് കുതിരപ്പുറത്ത് വന്ന എന്നെ, നാട്ടുകാരടക്കം തികഞ്ഞ ബഹുമാനത്തോടെ നോക്കി നിൽക്കേ, ഇച്ചിരി ബഹുമാനം കൂടിക്കോട്ടേ എന്ന് വച്ച് ഞാൻ കുതിരപ്പുറത്ത് നിന്ന് ഇറങ്ങി, കുതിരയെ നോക്കി പറഞ്ഞു.
‘സിറ്റ്!‘
അത് കേട്ടതും, കുതിരപ്പവൻ വേഗം നമ്മുടെ ജാക്കി ഇരിക്കുമ്പോലെ രണ്ട് കൈകൾ മുകളിലേക്കാക്കി ഇരുന്നു.
അപ്പോൾ, ഞാൻ ഗോപാലേട്ടനോടായി പറഞ്ഞു.
‘ഗോപാലേട്ടാ.. ഒരു ചിക്കൻ പീസ് തന്നേ... കുതിരക്ക് കൊടുക്കാനാ..‘
ജാക്കി അങ്ങിനെ നമ്മൾ പറഞ്ഞത് അനുസരിച്ചാൽ ഉടൻ ആൾക്കൊരു ഗിഫ്റ്റ് കൊടുക്കും. ആ ലൈനിൽ പറഞ്ഞതാണ്.
“ചിക്കൻ പീസോ?? കുതിരക്കോ? കുതിര ചിക്കനൊന്നും തിന്നില്ലഡാ.. “ - ഗോപാലേട്ടൻ.
“അത് ശരിയാണല്ലോ?! കുതിര ചിക്കൻ തിന്നില്ല. പിന്നെന്താ തിന്നുക??“
എനിക്കാലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല.
കുതിരയാണേൽ “ദിപ്പ എന്തെങ്കിലും കിട്ടും... ദിപ്പോ കിട്ടും“ എന്നും വിചാരിച്ച് എന്നെ നോക്കിക്കൊണ്ടേയിരിക്കുകയാണ്.
ഞാൻ ഗോപാലേട്ടനോട് പതിയെ ചോദിച്ചു. “ആക്ച്വലി, കുതിര എന്താണ് സാധാരണ കഴിക്കുക??“
അപ്പോൾ, ആള് ഒരു കലക്ക്.
“ഇതൊന്നും അറിയാതെയാണോ കുതിരയേം കൊണ്ടുനടക്കുന്നത്?“ ഷൈനും ഷമ്മിയും ലിട്ടുവും ബിട്ടുവും അത് കേട്ട് ചിരിയോട് ചിരി.
ഞാൻ നശിച്ചു.
കുതിരയാണേൽ, ‘ഗിഫ്റ്റ് എടുക്ക്... വേഗം ഗിഫ്റ്റ് എടുക്ക്...‘ എന്ന റോളിൽ എന്നെത്തന്നെ നോക്കുകയാണ്.
ഞാൻ വേഗം അവിടെയുള്ള ഓരോരുത്തരോടും പോയി ചോദിക്കാൻ തുടങ്ങി.
“കുതിര സാധാരണയായി എന്താണ് തിന്നുക??“
ഒരു പേട്ടക്കും അപ്പോൾ അതറിയില്ല. സിറിയക്കാരോടും ഫിലിപ്പീനികളോടും എന്തിന് ഇംഗ്ലീഷുകാരോട് വരെ ഞാൻ ചോദിച്ചു. ആർക്കും അറിയില്ല.
അപ്പോൾ, ആൾക്കൂട്ടത്തിൽ നിന്നൊരു ഉത്തരം അശരീരിപോലെ കേട്ടു..
‘പരുത്തിക്കുരുവും കെ.എസും!!‘
അത് എരുമയുടെ ഫൂഡല്ലേ?? ആരെങ്കിലും കളിയാക്കാൻ പറയുന്നതാണെന്ന് തോന്നി, ഒന്നും കൂടെ കൺഫേം ചെയ്യാം എന്ന് വിചാരിച്ച് ഒന്നും കൂടെ ചോദിച്ച നേരം അശരീരി വീണ്ടും കേട്ടു.
‘ഈ പാതിരാത്രി എന്തിനാ ചേട്ടാ കുതിരക്ക് ഫുഡ് കൊടുക്കുന്ന കാര്യം ചോദിക്കുന്നത്??‘
“നമ്മുടെ കുതിര പാവല്ലേ?? എന്തെങ്കിലും ഗിഫ്റ്റ് കൊടുത്തില്ലെങ്കിൽ അതിന് വിഷമാവൂല്ലേ??“
എന്നും പറഞ്ഞ് കുറെ നേരം സ്വർണ്ണകുമാരിയെ മിഴിച്ച് നോക്കി തിരിഞ്ഞുകിടന്നുറങ്ങി എന്നാണ് പറയുന്നത്!
» Photo Credit : @hollymandarich
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.