ബോയ്‌സ് എന്ന സൂപ്പർ ഹിറ്റ് സിനിമ തമിഴകം കീഴടക്കി കേരളത്തിൽ തരംഗം സൃഷ്ടിച്ച 2003 കാലഘട്ടം, കൗമാര മനസ്സുകളിലും,ചുണ്ടിലും
"എനക്കൊരു ഗേൾ ഫ്രണ്ട് വേണും..."
എന്ന ഈരടികൾ തത്തികളിക്കുന്ന കാലത്തെ ആലപ്പുഴ ജില്ലയിലെ അതിപ്രശസ്തമായ ഒരു ബോയ്‌സ് ഒൺലി ഹയർ സെക്കണ്ടറി സ്‌കൂൾ.
"സ്‌കൂളിൽ വന്നാൽ ആശാന്മാരുടെ നെഞ്ചത്ത് കയറും എന്ന് ശിഷ്യന്മാരും, നെഞ്ചത്തു കയറാൻ വന്നാൽ വാരി നിലത്തടിക്കും എന്ന് ആശാന്മാരും"
പരസ്യ പ്രസ്താവന നടത്തി ആരോഗ്യകരമായ ഒരു മത്സരം അവിടെ നില നിന്നിരുന്നു.
അന്നൊരു ചൊവ്വാഴ്ച്ചയായിരുന്നു. സ്‌കൂളിന് ഏതെങ്കിലും ട്രോഫി കിട്ടുമ്പോഴോ, സ്‌കൂൾ മാനേജ്മെന്റിലെ പ്രായമായ ആരെങ്കിലും മരിക്കുമ്പോഴോ മാത്രം ഉണ്ടാക്കുന്ന ഒരു സ്‌കൂൾ അസ്സംബ്ലി അന്നും ഉണ്ടായിരുന്നു.പ്രിൻസിപ്പൽ അച്ഛന്റെ പ്രസംഗം കേട്ട് ബോറടിച്ചു, കോട്ടവായിട്ടു വെറുതേ തിരിഞ്ഞു നോക്കിയ ജോസ് സാർ ഒരു കാഴ്ച കണ്ടു ഞെട്ടി, തന്റെ ക്ലാസ്സിലെ പിള്ളേരുടെ ലൈനിൽ മാത്രം വിരലിൽ എണ്ണാനുള്ള ആളുകളെ ഉള്ളൂ. ജോസ് സാറിന്റെ രക്തം തിളച്ചു. ക്ലാസ്സിലേക്ക് കയറി ചെന്ന സാർ, കൊച്ചു വർത്തമാനം പറഞ്ഞിരിക്കുന്ന ചെക്കന്മാരെ കണ്ടു ഹാലിളകി,
"എന്താടാ, നിനക്കൊക്കെ അസ്സംബ്ലിക്ക് വരാൻ ഇത്ര വിഷമം? ഗേൾസ് സ്‌കൂളിലൊക്കെ ചില ദിവസങ്ങളിൽ പെൺപിള്ളേർ അസ്സംബ്ലിക്ക് പോകാതെ ഇങ്ങിനെ ക്ലാസ്സിൽ ഇരിക്കാറുണ്ട്, എന്തേ അത്തരത്തിൽ ഉള്ള എന്തെങ്കിലും ശാരീരിക അസ്വാസ്ഥ്യങ്ങൾ നിനക്കൊക്കെ ഉണ്ടോ? "
സാറിന്റെ ഡയലോഗ് കേട്ട്, ക്ലാസിനു മുന്നിലൂടെ പോയ സുവോളജി മിസ് ആ ക്ലാസ്സിലെ ഘടാഘടിയന്മാരായ ചെറുപ്പക്കാരെ നോക്കി ചിരിച്ചു. അടുത്ത ക്ലാസ്സിൽ നിന്നും ഫിസിക്സ് മിസ് ഇറങ്ങി വന്നു സുവോളജി മിസ്സിന് കമ്പനി കൊടുത്തു.എന്തിനു, സ്‌കൂളിൽ കഞ്ഞി വെക്കാൻ വന്ന ചേച്ചി പോലും അവരെ നോക്കി പുച്ഛിച്ചു.സാർ പറഞ്ഞ ചീത്തകൾ ഒക്കെ മുഖത്ത് നോക്കാതെ നിന്നു കേട്ടെങ്കിലും, അന്നേ വരെ ആ സ്‌കൂളിൽ തലയുയർത്തി നടന്നിരുന്ന പുരുഷ കേസരികളുടെ പുരുഷത്വം പരസ്യമായി അവിടെ ചോദ്യം ചെയ്യപ്പെട്ടു.
പുരുഷത്വത്തിന് മുറിവേറ്റ സിംഹങ്ങൾ പ്രതികാരം ചെയ്യാൻ ഒരവസരം കാത്തിരിക്കുമ്പോഴാണ്, പഠിക്കാൻ സിലബസിൽ ഇല്ലാത്ത സന്മാർഗ പഠനം അഥവാ, മോറൽ സയൻസ് എന്ന പരീക്ഷ നടത്തണം എന്ന് സ്‌കൂൾ മാനേജ്‌മന്റ് തീരുമാനിച്ചത്.എടുത്തു പറയത്തക്ക പ്രാധാന്യമില്ലാത്ത ആ പരീക്ഷയെ മറ്റു ക്ലാസ്സുകളിലെ കുട്ടികൾ പാടെ അവഗണിച്ചെങ്കിലും, ജോസ് സാറിന്റെ ക്ലാസ്സിലെ കുട്ടികൾ മാത്രം നൂറു ശതമാനം ആത്മാർത്ഥമായി കണ്ടു.
പരീക്ഷയിലെ ആദ്യത്തെ ചോദ്യം വിട്ടുപോയ ഭാഗം പൂരിപ്പിക്കാൻ ഉള്ളതായിരുന്നു.
"ലൈംഗികത ഒരു -------------- ആണ്"
എന്നായിരുന്നു ആ ചോദ്യം.
"ഈശ്വരദാനം"
എന്നായിരുന്നു അതിന്റെ ഉത്തരം, പിന്നീടങ്ങോട്ട് കൗമാരക്കാർക്ക് വഴികാട്ടിയാകുന്ന ഉദ്ദേശശുദ്ധിയോട് കൂടിയ ചോദ്യങ്ങളായിരുന്നു ആ ചോദ്യപേപ്പറിലാകെ.
മറ്റെല്ലാ ക്ലാസ്സിലും, പെട്ടന്ന് പരീക്ഷ കഴിഞ്ഞപ്പോൾ, ജോസ് സാറിന്റെ ക്ലാസ്സിലെ കുട്ടികൾ മാത്രം സമയം മുഴുവൻ എടുത്തു പരീക്ഷ എഴുതി. തന്റെ ക്ലാസ്സിലെ കുട്ടികളുടെ സന്മാർഗ ബോധം കണ്ടു അമ്പരന്നു നിന്ന സാറിനെ മറ്റു അധ്യാപകർ തോളിൽ തട്ടി അഭിനന്ദിച്ചു.
കൗതുകത്തിന്റെ പേരിൽ, നിർബന്ധം ഇല്ലാതിരുന്നിട്ടും സ്റ്റാഫ് റൂമിൽ ഇരുന്നു ബോറടിച്ചപ്പോൾ തന്റെ കുട്ടികളുടെ പരീക്ഷ പേപ്പർ വെറുതേ ഒന്ന് മറിച്ചു നോക്കിയ ജോസ് സാർ ഞെട്ടി.
ഒന്നാമത്തെ പേപ്പറിലെ ആദ്യ ഉത്തരം ഇതായിരുന്നു.
ലൈംഗികത ഒരു ഹരം ആണ്
രണ്ടാമത്തെ പേപ്പറിലെ ഉത്തരം അതിലും കേമമായിരുന്നു.
ലൈംഗികത ഒരു ആവേശം ആണ്
തുടക്കത്തിലേ വിട്ടു പോയ ഭാഗം പൂരിപ്പിക്കാൻ ഉള്ള ചോദ്യങ്ങളുടെ ഉത്തരങ്ങളേക്കാൾ മൃഗീയവും, പൈശാചികവും ആയിരുന്നു, ഉപന്യസിക്കാൻ ഉള്ള ചോദ്യങ്ങളുടെ വിശദമായ ഉത്തരങ്ങൾ. അന്നത്തെ കാലത്തെ മുത്ത്, മുത്തുച്ചിപ്പി എന്നീ പ്രസിദ്ധീകരങ്ങളെയും, ഇന്നത്തെ കാലത്തെ മനോരമ,മാതൃഭൂമി എന്നീ പത്രങ്ങളെയും ആ ഉത്തരക്കടലാസുകൾ വെല്ലുവിളിച്ചു.
ഉത്തരക്കടലാസുകളിൽ മിക്കവാറും കള്ള പേരുകളായിരുന്നു.ഒന്നെങ്കിൽ സുരേഷ്, അല്ലെങ്കിൽ ബിജു ഇതായിരുന്നു ആ പേരുകൾ.
"സ്വന്തം പേര് പേപ്പറിൽ ഇല്ലെങ്കിൽ ആളെ കണ്ടു പിടിക്കാൻ കഴിയില്ല"
എന്ന ശിഷ്യന്മാരുടെ ബുദ്ധിയെ ജോസ് സാറിന്റെ കംപ്യൂട്ടർ സയൻസ് ലോജിക് കീഴ്പെടുത്തി.
അന്ന് ക്ലാസ്സിൽ ഹാജരായവരുടെ പേരിൽ നിന്നും,പേപ്പറുകളിൽ ഉണ്ടായിരുന്ന പേരുകൾ ഒഴിവാക്കിയപ്പോൾ, ശിഷ്ടമായി കിട്ടിയത് അത്രയും,കഥാകാരന്മാരായ പുരുഷ കേസരിയുടെ പേരുകളായിരുന്നു.
ക്ലാസുകൾ തീരാറായ ആ അവസരത്തിൽ രക്ഷപെടാൻ മാര്ഗങ്ങള് ഉണ്ടായിട്ടും,
"സ്റ്റാഫ് റൂമിൽ വന്നു കുറ്റം ഏറ്റു പറഞ്ഞില്ലെങ്കിൽ ടി പേരുകാർക്കു ആർക്കും റെക്കോർഡ് സർട്ടിഫൈ ചെയ്തു കൊടുക്കില്ല"
എന്ന പൂഴിക്കടക്കൻ സാർ ഇറക്കിയപ്പോൾ, ചങ്കുറപ്പ് ഉണ്ടായിരുന്നിട്ടും, ധീരന്മാർ മൂക്കും കുത്തി സ്റ്റാഫു റൂമിൽ വീണു.
സ്ത്രീപുരുഷ ഭേദമെന്യേ സ്റ്റാഫ് റൂമിലെ അദ്ധ്യാപക സമൂഹത്തെ സാക്ഷിയാക്കി ജോസ് സാർ ചോദ്യം തുടങ്ങി.
"നിനക്ക് ലൈംഗികത ഹരം ആണല്ലേ ?" കൂട്ടത്തിൽ കട്ടി മീശ വന്നു തുടങ്ങിയ മൂത്താപ്പയോടായിരുന്നു ആദ്യ ചോദ്യം
പിന്നീട് വിരൽ അടുത്തയാളിലേക്ക് നീണ്ടു
"നിനക്ക് എന്താണെന്നാ പറഞ്ഞത്? ആവേശം, കൊള്ളാം "
പിന്നീടങ്ങോട്ട്, ഒരുപാട് ഉത്തരങ്ങൾ ജോസ് സാറിന്റെ നാവിൽ സരസ്വതിയായി വിളയാടി.
ഒരുപാട് വരുംകാല എഴുത്തുകാർ ആ സ്റ്റാഫ്‌റൂമിൽ അന്ന് എന്നെന്നേക്കുമായി ഇല്ലായ്മ ചെയ്യപ്പെട്ടു.കണ്ണുകൾ ഇറുക്കി അടച്ച പുരുഷ കേസരികളുടെ പൂർവികന്മാർ വീട്ടിലും, അവരുടെ പൂർവികന്മാർ സെമിത്തേരിയിലും ആ നിമിഷങ്ങളിൽ തുമ്മി തുമ്മി ക്ഷീണിച്ചു.
"ശത്രുക്കൾക്ക് പോലും ഈ അവസ്ഥ വരുത്തരുതേ"
എന്ന് കല്ലറകളിൽ ആത്മാക്കൾ അന്ന് പ്രാർത്ഥിച്ചു.
സാറിന്റെ ദേഷ്യം ഒന്നടങ്ങിയപ്പോൾ, പീഡനകേസ് പ്രതികളെ പോലെ മുഖത്ത് കർചീഫ് ഇട്ടു കുട്ടികൾ പുറത്തേക്ക് ഇറങ്ങി.പുറത്തേക്ക് ഇറങ്ങിയ അവർ ആദ്യം അന്വേഷിച്ചത്, ഏറ്റവും വില കുറഞ്ഞ മദ്യത്തിന്റെ വിലയായിരുന്നു. അവർ ഏതോ,ബീവറേജസിന് മുന്നിൽ സ്‌കൂൾ യൂണിഫോമിൽ ക്യൂ നിൽക്കുമ്പോൾ,
സ്റ്റാഫ് റൂമിൽ ഏകാന്തതനായി ചിന്തയിലാണ്ടിരുന്ന ജോസ് സാറിന്റെ ചുമലിൽ സഹപ്രവർത്തകൻ ആയിരുന്ന പീറ്റർ സാർ തോണ്ടി വിളിച്ചു.
"സാർ, സാറേ"
"ഊം"
ജോസ് സാർ മൂളി
"സാറേ ആ മറ്റേതിന്റെ ഉത്തരം എന്താ?"
പീറ്റർ സാറിന്റെ സംശയം
"ഏതിന്റെ ?"
ജോസ് സാർ നീരസം പ്രകടിപ്പിച്ചു.
"സാറേ, ആ മറ്റേ, പൂരിപ്പിക്കാൻ ഉള്ള ലൈംഗികത ചോദ്യത്തിന്റെ?"
പീറ്റർ സാർ വിടാൻ ഉദ്ദേശമില്ല.
"ഓ, സാറിനെന്താ തോന്നുന്നേ? പീറ്റർ സാറിന്റെ ഉത്തരം പറ."
ജോസ് സാർ സഹപ്രവർത്തകനെ ഒഴിവാക്കാൻ നോക്കി.
"ലൈംഗികത ഒരു ആശ്വാസം, അല്ലെങ്കിൽ നേരംപോക്ക് അതല്ലേ സാറേ ഉത്തരം? "
പീറ്റർ സാറിന്റെ ആ ഉത്തരം കേട്ട്, ജോസ് സാർ സ്റ്റാഫ് റൂമിൽ നിന്നും ഇറങ്ങി ഓടിയെങ്കിലും,ആ ഓട്ടത്തിനിടയിലും സാറിന്റെ മനസ്സിൽ ഇരുന്നു ആരോ പറഞ്ഞു.
"ഇതൊക്കെ വെച്ച് നോക്കുമ്പോൾ എട്ടും പൊട്ടും തിരിയാത്ത ആ കൊച്ചു പിള്ളേർ പുണ്യാളന്മാരാ, പുണ്യാളന്മാർ,പാവങ്ങളെ ഞാൻ വെറുതേ വിഷമിപ്പിച്ചു !! "
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.