എനക്ക് ഇനി ഈ ഉസ്കൂളില് പഠിക്കണ്ട..ന്റെ ക്ലാസിലെ കുട്ടികള് കളിയാക്കുന്നു #വിദ്യാലയസ്മരണ

Avatar
Nizar Valiyakath VK | 12-05-2020 | 1 minute Read

class drawing
Photo Credit : Nizar Valiyakath VK

"എനക്ക് ഇനി ഈ ഉസ്കൂളില്‍ പഠിക്കണ്ട..ന്റെ ക്ലാസിലെ കുട്ടികള്‍ കളിയാക്കുന്നു. നല്ല വെഷമമുണ്ട്"
വരയിട്ട നോട്‍ബുക്കിന്റെ നടുപ്പേജീന്ന് കീറിയെടുത്ത് അക്ഷരത്തെറ്റോടെ എഴുതി നാലാക്കി മടക്കി, ഹെഡ്‍മാസ്റ്റര്‍ കേബിനിലേക്ക് ആളില്ലാനേരംനോക്കി കരഞ്ഞുകലങ്ങിയ കണ്ണുകളുമായി കടന്നുവന്നിരിക്കയാണ് ആ ഏഴാംക്ലാസുകാരി ഫാത്തിമ(ശരിയായ പേരല്ല).

ക്ലാസെല്ലാം തുടങ്ങി രണ്ടുമൂന്നുമാസം കഴിഞ്ഞപ്പോള്‍ വീടുമാറ്റംമൂലം മലപ്പുറം ജില്ലയിലെവിടെയോനിന്നും ടിസിയും വാങ്ങി ചേര്‍ന്നതാണിവള്‍. ചേര്‍ന്ന ക്ലാസിലെ പെണ്‍കുട്ടികളെല്ലാം നല്ല സ്മാര്‍ട്ട് മിടുക്കികളും. ഫാത്തിമാനെ ക്ലാസിലാക്കാന്‍ ചെന്നപ്പോ അവരോടായി പറഞ്ഞിരുന്നതാണ്, ദൂരേന്നു വരുന്നതാണെന്നും ഓളെ കൂടെ കൂട്ടണമെന്നും. എല്ലാരും സമ്മതിച്ചതുമാണ്, പിന്നെ ഇപ്പോഴിങ്ങനെ?
എന്തായാലും വിഷയം അന്വേഷിക്കാമെന്നും തല്‍ക്കാലം ക്ലാസില്‍പോയിരിക്കാനും പറഞ്ഞ് അവളെ ഒരുവിധം സമാധാനിപ്പിച്ചുവിട്ടു.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

അന്നു വൈകുന്നേരം തന്നെ ആ ക്ലാസിലെ ലലനാമണികളെ കേബിനിലേക്ക് വിളിപ്പിച്ചു. ആറേഴെണ്ണം ഭവ്യതയോടെ മുന്നില്‍ നിരന്നു. ഫാത്തിമയെ കൂട്ടുകാരിയായി കരുതേണ്ടതിനെയും എല്ലാറ്റിനും കൂടെക്കൂട്ടേണ്ടതിനെയും കുറിച്ച് അവളുടെയും കുടുംബത്തിന്റെയും ദൈന്യത ഉപന്യസിച്ച് വിശദമാക്കി.
എല്ലാര്‍ക്കും കാര്യം ബോധ്യപ്പെട്ടെന്ന് ഒരു ഡസന്‍ കണ്ണുകള്‍ സാക്ഷ്യം പറഞ്ഞു. ഇനിയവളെ വിഷമിപ്പിക്കരുതെന്ന ഉദ്ബോധനം എല്ലാവരും തലകുലുക്കി അംഗീകരിച്ചു.

"ആട്ടെ, എന്തിനാണ് നിങ്ങളവളെ കളിയാക്കീത്?"
ലീഡറാണത് പറഞ്ഞത്. "പൊന്നു സാറേ...എന്തും സഹിക്കാം. കഴിഞ്ഞയാഴ്ചയിറങ്ങിയ വിസില്‍ എന്ന വിജയ് സിനിമ അവള്‍ മൂന്നാംക്ലാസില്‍ പഠിക്കുമ്പോൾ മാമാടെകൂടെ തിയേറ്ററില്‍ പോയി കണ്ടൂന്നൊക്കെ പറഞ്ഞാല്‍? തള്ളിനും ഒരു അതിരൊക്കെ വേണ്ടേ?"

എന്തു പറയാന്‍! ശരിയല്ലേ, തള്ളിനും ഒരു അതിരൊക്കെ വേണമല്ലോ!


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Nizar Valiyakath VK

തൃശൂര്‍ കൊടുങ്ങല്ലൂര്‍ അഴീക്കോട് സ്വദേശി. എടവനക്കാട് HIHSSല്‍ വൈസ് പ്രിന്‍സിപ്പല്‍

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 05:19:19 am | 17-04-2024 CEST