മച്ചുനിയൻ ചന്തൂ....ഒടപ്രന്നോൾ ആർച്ചേ....
ഞാൻ ചത്ത് തലയ്ക്ക് മുകളിൽ നിൽക്കുമ്പൊഴും പുലഭ്യം പറച്ചിലോ...!!മതിയായില്ലേ രണ്ടിനും..!!!
നിങ്ങളെയൊന്നും തെറ്റ് പറഞ്ഞിട്ട് കാര്യമില്ല..എന്റച്ഛൻ കണ്ണപ്പ ചേകവരെ പറഞ്ഞാൽ മതിയല്ലോ...!!
അങ്ങേരടെ ആർക്കുമില്ലാത്ത ഒടപ്രന്നോൾ സ്നേഹമാണ് ചന്തൂ..നിന്നെ പുത്തൂരം വീട്ടിൽ എത്തിച്ചത്..!!
അഷ്ടിക്ക് വകയില്ലാത്ത എളന്തളൂർ മഠത്തിലെ ചേകവരുടെ കൂടെ പുത്തൂരം വീടിന്റെ മോന്തായത്തിൽ കരി തേച്ച് നിന്റമ്മ ഇറങ്ങിപ്പോയപ്പോൾ അന്നത്തെ രീതി വച്ച് എന്റച്ഛൻ പടിയടച്ച് പിണ്ഡം വച്ചില്ല....!!
കുടുംബത്തിനു മാനഹാനിയുണ്ടാക്കിയത് നേർപെങ്ങളായാലും അടിച്ചേടത്ത് കേറ്റരുത് എന്ന നാട്ടു നിയമം പാലിക്കപെട്ടുമില്ല.
ഒരു ചേകവൻ ഊരും പേരും ഉള്ളവനോടേ യുദ്ധത്തിനേൽക്കാവൂ എന്നും സ്ഥലവും സമയവും കുറിച്ചേ പൊയ്ത്തിനിറങ്ങാവൂ എന്ന അടിസ്ഥാന നിയമം തെറ്റിച്ച് നിന്റെ പിതാവ് പണത്തിനു വേണ്ടി ആരെന്നറിയാത്ത ചേകവനല്ലാത്ത ഒരു മലയനോടേറ്റ് ചത്തത് യുദ്ധപ്രമാണങ്ങൾക്കെതിരായായിരുന്നു.
കള്ളക്കോലിൽ തോറ്റാൽ പച്ചോലയിൽ കെട്ടി വലിച്ചും നേർക്ക് നേർ പൊരുതി മരിച്ചാൽ വീരാളി പട്ടിൽ പൊതിഞ്ഞും ഡെഡ്ബോഡി വീട്ടിലെത്തിക്കുന്ന പാരമ്പര്യമുള്ള എന്റെ കുടുംബത്തിൽ നിന്നെപ്പോലൊരുവൻ കേവലം എന്റെ പിതാവിന്റെ വാൽസല്യം ഒന്നു മാത്രം പിൻബലമാക്കി എന്റെ കുടുംബത്തിൽ കയറിക്കൂടി എന്റെ പെങ്ങളെ പാട്ടിലാക്കാൻ ശ്രമിച്ചാൽ....അവൾ അവന്റെ വാലിൽ തൂങ്ങി നടന്നാൽ സഹോദരിയുടെ ക്ഷേമവും ഐശ്വര്യവും ആഗ്രഹിക്കുന്ന ഒരു സഹോദരൻ എന്ത് ചെയ്യണമായിരുന്നു...നിന്നെ കെട്ടിപിടിച്ച് അവളെ കെട്ടിച്ചു തരണമായിരുന്നോ....!!!??
എത്ര നന്നായ് പഠിച്ചാലും സ്വന്തം കുട്ടിയെ സ്കൂൾമാഷായ അച്ഛൻ മറ്റു കുട്ടികൾക്ക് മുൻപിൽ പരിഹസിക്കും പോലെ..ശിക്ഷിക്കും പോലെ ഒരു ചാക്കോ മാസ്റ്ററായിരുന്നു കണ്ണപ്പ ചേകവർ.
ഞാൻ എത്ര നന്നായി പെർഫോം ചെയ്താലും എന്നെ നല്ലത് പറഞ്ഞാൽ അച്ഛനുമമ്മയുമില്ലാത്ത നിനക്ക് എന്ത് തോന്നുമെന്ന ചിന്ത എന്നെ ഇകഴ്ത്താനും നിന്നെ പുകഴ്ത്താനും കാരണമായി.
എടാ..ചന്തൂ...കേവലം കുട്ടിയായിരുന്ന എനിക്ക് ഈ ഇകഴ്ത്തൽ എത്രമാത്രം ഫീൽ ചെയ്തിട്ടുണ്ട് എന്ന് നിനക്കറിയാമോ..!!
അമ്മാവന്റെ മകൾ കുഞ്ചുണ്ണൂലിയായിരുന്നു ആകെയൊരു ആശ്വാസം...പിന്നീട് ഞാനവളെ ആണത്തമായി കെട്ടുകേം ചെയ്തു..അത് പോട്ടെ.
ആർച്ചയെ അല്പം ബലം പിടിച്ചാണെങ്കിലും നല്ല ഫാമിലിയിലുള്ള കുഞ്ഞിരാമചേകവനെ കൊണ്ട് കെട്ടിക്കാൻ എനിക്ക് കഴിഞ്ഞു.ഒരു സഹോദരനെന്ന നിലയ്ക്ക് എനിക്കതിൽ ചാരിതാർത്ഥ്യമുണ്ട്.കുഞ്ഞിരാമൻ വെറും മണ്ടനും പേടിച്ചുതൂറിയെന്നും നീയൊക്കെ കരുതുന്നുണ്ടെങ്കിൽ നിനക്കൊക്കെ തെറ്റി.പതിനെട്ട് കളരിക്ക് ആശാനും അതിബുദ്ധിമാനും തികഞ്ഞൊരു പോരാളിയും തന്നെയായിരുന്നവൻ.അവനെ പാണർക്ക് പണം നൽകി പാടിച്ച് പാടിച്ച് ഒന്നിനും കൊള്ളാത്തവനാക്കിയത് നീയും കൂടാണ് ആർച്ചേ...!!
അല്ലിമലർ കാവിലെ കൂത്തു കാണാൻ നിർബന്ധം പിടിച്ച നിന്നോട് അവൻ ആയിരം വട്ടം പറഞ്ഞില്ലേ..ഒറ്റയ്ക്ക് പോകണ്ടടീ ഞാൻ കളരി കഴിഞ്ഞ് വന്നിട്ട് ഒന്നിച്ച് കുതിരപ്പുറത്ത് വൈകിട്ട് ഒന്നിച്ച് പോകാമെന്ന്....അപ്പൊ നിനക്ക് നെഗളിപ്പ്..!!
നീ ഉച്ചയ്ക്ക് തന്നെ നിന്റെ പെൺസെറ്റുമായി പുറപ്പെട്ടു.നാദാപുരത്തങ്ങാടിയിൽ മാപ്പിളമാർ മഞ്ചൽ തടഞ്ഞപ്പോൾ പഠിച്ച അടവുകൾ നീ പ്രയോഗിച്ചു എന്നത് നേര്..എന്നാൽ വിവരം കേട്ട് പാഞ്ഞെത്തിയ കുഞ്ഞിരാമനെ...
"പെണ്ണായ ഞാനോ വിറയ്ക്കുന്നില്ല..ആണായ നിങ്ങൾ വിറയ്ക്കുന്നെന്തേ" എന്ന് നീ പബ്ലിക്കായി ചോദിച്ചില്ലേ....അവൻ വിറച്ചത് സത്യമാണ്...പക്ഷേ അത് നിന്നോടുള്ള ദേഷ്യത്തിൽ വിറച്ചതാണവൻ.പറഞ്ഞാൽ കേക്കാതെ തോന്ന്യാസം കാണിച്ച നിന്നെയൊക്കെ ഞാനായിരുന്നെങ്കിൽ അടിച്ച് കരണം പുകച്ചേനേ....അവനൊരു തറവാടിയായതു കൊണ്ട് പബ്ലിക്കായി ഒരു പെണ്ണിനെ തല്ലി എന്ന ദുഷ്പേരിൽ നിന്നൊഴിവാകാൻ അവൻ സംയമനം പാലിച്ചു.
ഇതൊക്കെ അപ്പൊഴപ്പോൾ അവനെന്നെ വിളിച്ചറിയിക്കുന്നുണ്ടായിരുന്നു.
"പോട്ടെ കുഞ്ഞിരാമാ..ഒറ്റ പുത്രിയായത് കൊണ്ട് ലാളന അല്പം കൂടിപ്പോയളിയാ..നീ ക്ഷമി" എന്ന് പറഞ്ഞ് ഞാനാണവനെ സമാധാനിപ്പിച്ചത്..!!
അതൊക്കെ പോട്ടെ...ഉണിചന്ത്രോരും ഉണികോനാരും തമ്മിലുള്ള മൂപ്പിളമ തർക്കം പൊയ്ത് തീർക്കാൻ തീരുമാനിച്ച് ഉണിചന്ത്രോർ എന്നെ സമീപിച്ചപ്പോൾ കച്ചമെഴുക്കിനെന്നും ചുരിക വിളക്കാനെന്നും അതിനെന്നും ഇതിനെന്നും പറഞ്ഞ് ഞാൻ കിഴികളനവധി വയ്പ്പിച്ചത് നിന്നെയും കൂടൊന്ന് കര കയറ്റാനായിരുന്നു ചന്തു..!!അങ്കത്തിൽ ഞാൻ മരിച്ചാലും ആ തുക കൊണ്ട് നിനക്കൊരു കുടുംബം ഉണ്ടാക്കാമല്ലോ എന്ന് ഞാൻ കരുതി...അതെന്റെ പിതാവ് കണ്ണപ്പ ചേകവരോടു ഞാൻ പറയുകേം ചെയ്തു...ഒന്നുമില്ലെങ്കിലും നിന്റെ ശല്യം പുത്തൂരം വീട്ടിൽ നിന്നൊഴിയുമല്ലോ എന്ന സ്വാർത്ഥതാല്പര്യം അതിനു പിന്നിലുണ്ടായിരുന്നു എന്നത് നേര്.
അങ്കത്തിനു മുന്നോടിയായി ഞാൻ തൃപ്പങ്ങോട്ടും ലോകനാർകാവിലും വ്രതമനുഷ്ടിച്ച് ഭജനയിരുന്നപ്പോൾ.. അങ്കകലിനാഗ ദൈവങ്ങളുടെ കാവിൽ ഉലക്കയിൽ മത്തങ്ങ വച്ച് മ്ത്തങ്ങ മേൽ തേങ്ങ വച്ച് തേങ്ങ മേൽ മുട്ട വച്ച് ആ മുട്ടമേൽ സൂചി കുത്തി നിർത്തി അതിന്മേൽ പ്രാക്റ്റീസ് ചെയ്തു കൊണ്ടിരുന്നപ്പോൾ ...നീ സ്കൂളടവിനു തറവാട്ടിൽ വന്ന ആർച്ചയുമായി ചന്ദനലേപ സുഗന്ധം പാടി നടക്കുകയായിരുന്നില്ലേടാ ചന്തൂ...!!??
ഒക്കെ പോട്ടെ...അരിങ്ങോരുമായി അങ്കം വെട്ടിക്കൊണ്ടിരുന്നപ്പൊ നീ ചെയ്ത തെണ്ടിത്തരം ഇനി ഞാൻ പറയണോ...¡!!
ഇരുമ്പാണി വച്ച് ചുരിക വിളക്കാൻ തന്ന കാശ് നീ പുട്ടടിച്ച കൊണ്ടല്ലേടാ ആ കൊല്ലൻ അത് മുളയാണി വച്ച് വിളക്കിയത്..ഇച്ചിരിപ്പൂരം അലക്കുകാരം നീ വാങ്ങി കൊടുത്തിരുന്നെങ്കിൽ അയാളു പൊൻകാരം വച്ച് അത് പണ്ടാരടങ്ങുവായിരുന്നോ...നിനക്കാണെങ്കിൽ എളന്തളൂർ മഠത്തിൽ പോയി ചന്ദനക്കട്ടിലിനു ചിന്തേര് വയ്പ്പിക്കാനുള്ള തിരക്കായിരുന്നു അന്ന്...!!
എടാ...ആ ചുരിക മുറിഞ്ഞു പോയപ്പോൾ മാറ്റ ചുരിക നീ തന്നോ..നീ ചില യുദ്ധനിയമങ്ങൾ എടുത്തിട്ടു.പൊയ്ത്തിന്റെ ആ ഘട്ടത്തിൽ ചുരിക മാറ്റാൻ വകുപ്പില്ലെന്ന് നീ പറഞ്ഞു..!!
അരിങ്ങോടർ എന്ന എല്ലാം തികഞ്ഞ പൊയ്ത്തുകാരൻ അങ്കക്കലി പൂണ്ട് നിൽക്കുമ്പോൾ മുറിചുരികേം വച്ച് ഞാനെന്തുണ്ടാക്കാനാണ്.ഞാൻ ഒരു അഞ്ച് മിനിട്ട് സുല്ല് പറഞ്ഞ് ഒന്നിരുന്ന തക്കത്തിന്...അത് സമ്മതിച്ച് തിരിഞ്ഞ അരിങ്ങോടരുടെ കഴുത്തു നോക്കി എന്റെ മുറിചുരികയെടുത്ത് എറിഞ്ഞത് നീയല്ലേടാ ചതിയാ..!!
അതൊന്നും കാണാനും ഷൂട്ട് ചെയ്യാനും ഒരു എം ടിയുമുണ്ടായില്ല ഹരിഹരനുമുണ്ടായില്ല..
ആർച്ചയെ പിന്നേം കിട്ടുമെന്ന് നീ കരുതി...അവളുടെ ഓഫറും അതായിരുന്നല്ലോ...പക്ഷേ ഞാനെങ്ങാനും ചാവാതെ തിരിച്ചു വന്നാൽ പിന്നേം നിങ്ങടെ ബന്ധത്തിന് ഒടക്കിയാലോ എന്ന് നീ ഭയന്നു..നീ എന്നെ കുത്തി..ഞാൻ ചത്തു.
ആർച്ച അവളുടെ തനിഗുണം കാട്ടി..നിന്നെ തേച്ചു.
പോയപ്പൊ ആർക്ക് പോയി..എന്റെ കുഞ്ചുണ്ണൂലിക്കും തുമ്പോലാർച്ചയ്ക്കും മോൻ കണ്ണപ്പുണ്ണിക്കും പോയി..!!
പാണന്മാർ പാട്ട് കെട്ടി...കുന്നത്ത് കൊന്ന പൂത്ത പോലെ..വയനാടൻ മഞ്ഞൾ മുറിച്ച പോലെ..ശംഖു കടഞ്ഞ കഴുത്തഴക്...പൊക്കിൾ കുഴി..പുറവടിവ്...അങ്കത്തഴമ്പ്..മാമ്പുള്ളി ചൊണങ്ങ്..!!
എന്ത് കാര്യം...ചത്തില്ലേ ഞാൻ..!!
നിനക്കും അവൾക്കുമൊന്നും നഷ്ടപ്പെട്ടില്ല...നീ കുട്ടിമാണിയെ കെട്ടി എളന്തളുർ മഠത്തിൽ കളരി തുടങ്ങി കാശുകാരനായി..അവള് കുഞ്ഞിരാമന്റൊപ്പം സുഖായി ജീവിക്കുന്നു.
മരുമക്കത്തായമായത് കൊണ്ട് അവളുടെ മോൻ ആരോമലുണ്ണി പുത്തൂരം വീട്ടില് സുഖം പൊറുതി...എന്റെ കണ്ണപ്പുണ്ണി പാവം ഒരു മൂലപറ്റി..ഓരം ചേർന്ന് ജീവിക്കുന്നു..കുഞ്ചുണ്ണൂലിയെ ഉമ്മറത്തേക്ക് കാണാറേയില്ല.
അതുകൊണ്ട്...ചന്തൂ..ആർച്ചേ..തേച്ചതും തേപ്പിച്ചതുമായ പുലയാട്ട് കഥകൾ നിർത്തിക്കോ..!!!
ഒക്കെക്കൂടെ തേച്ചത് എന്നെയാണ്...ഈ പുത്തൂരം ആരോമൽ ചേകവരെ....!!!
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.