ചന്തൂവും ഉണ്ണിയാർച്ചയും അറിയാൻ ... കുഞ്ഞിരാമൻ എഴുതുന്നത് !

Avatar
Liju P Nandanan | 08-09-2020 | 3 minutes Read

ആർച്ചക്ക്...

കാലം ഇത്ര ഒക്കെ കഴിഞ്ഞിട്ടും നിന്റെ മനസിൽ ചന്തുവിനോടുള്ള സ്നേഹം ഒട്ടും കുറഞ്ഞിട്ടില്ല എന്നതിൽ എനിക്കൊരു പരാതിയും ഇല്ല ആർച്ചേ.... തിരിച്ചു കിട്ടാത്ത സ്നേഹം മനസിന്റെ വിങ്ങലാണെന്നു കുഞ്ഞിരാമൻ മനസിലാക്കിയിട്ടു കാലങ്ങൾ കുറെ കഴിഞ്ഞിരിക്കുന്നു. ആർച്ചയുടെ വാലേൽ തൂങ്ങി നടക്കുന്നവൻ പേടിത്തൂറി പല പേരുകൾ ഒളിഞ്ഞും തെളിഞ്ഞും പാട്ടുകളായും എന്നെ പറ്റി പറയുമ്പോഴും നിന്റെ പുറകെ നടന്നത് നിന്നോടുള്ള സ്‌നേഹം കൊണ്ട് തന്നെ ആണ് ആർച്ചേ. ഒടുവിൽ നിനക്ക് ചന്തുവിനെ മറക്കുവാനാകില്ല എന്നു പറഞ്ഞപ്പോൾ ഒഴിഞ്ഞു മാറിയിട്ടേ ഉള്ളു ഈ രാമൻ...

അവഗണനയുടെ കഥകൾ ചന്തുവും നീയും മാറി മാറി പുലമ്പുമ്പോൾ എന്നെ ഓർത്തിട്ടുണ്ടോ നിങ്ങൾ... കണ്ണപ്പചേകവർ.... മരുമോനോടും മോളോടും ഉള്ള അന്ധമായ സ്നേഹം കാട്ടുവാൻ കളരിയിൽ എന്നെ എത്ര തവണ പരിഹാസ്യനാക്കിയിരിക്കുന്നു. പഠനം പൂർത്തി ആക്കി അവിടെ നിന്ന് മടങ്ങുമ്പോൾ ആറ്റുമണന്മേൽ കുഞ്ഞിരാമൻ ഒരു കാര്യം ഉറപ്പിച്ചിരുന്നു ലോകത്തിലെ ഏറ്റവും വലിയ അഭ്യാസി ആകുമെന്ന്.... ലോകത്തിലെ ഏറ്റവും മികച്ച കളരി ഈ കുഞ്ഞിരാമന്റെ ആയിരിക്കുമെന്ന്.... അത് ഞാൻ നിറവേറ്റി... ഒന്നല്ല പതിനെട്ട് കളരികൾക്കാണ് ഞാൻ ആശാൻ...

കൊയ്ലോത്ത്കാർ ചാർത്തി തന്ന പറമ്പിൽ 57 അടിയിൽ ഒരു കളരി ഉണ്ടാക്കി വന്നപ്പോൾ കണ്ണപ്പചേകവർ എനിക്കിട്ട് വീണ്ടും താങ്ങി.. പണി അറിയുന്നവന് 12 തന്നെ ധാരളമത്രെ... അതിനു ഞാൻ അവിടെ കുട്ടീം കോലും കളിക്കാൻ അല്ല പഠിപ്പിക്കുന്നത്.. പരട്ടകിളവനോട് നാല് പറയണമെന്ന് വിചാരിച്ചതാ... പിന്നെ ആശാൻ അല്ലെ എന്നു വച്ചു ക്ഷമിച്ചു.. പുതുശ്ശേരിയിൽ പോയി നോക്കു... കുഞ്ഞിരാമന്റെ കളരി ഇപ്പോഴും ഉണ്ടവിടെ... അതൊക്കെ പാടി നടക്കാൻ മാ..മാ.. മഞ്ഞ പാണന് എവിടെ നേരം... ഉടലഴകുള്ള പെണ്ണിലും അവളുടെ അവിഹിതത്തിലും ആണ് മാർക്കറ്റ് എന്ന് പാണൻ അന്നേ തിരിച്ചറിഞ്ഞിരുന്നു... ആ പെണ്ണോരു അഭ്യാസി കൂടി ആണെങ്കിലോ... നല്ല ക്ലിക്ക് ബൈറ്റ് തന്നെ..

കെട്ടികൊണ്ടു വന്നത് പെണ്ണിനെ മാത്രമല്ല അവളുടെ മാർക്കറ്റിങ് ടീമിനെ കൂടി ആണെന്നത് കുഞ്ഞിരാമൻ ഓർത്തില്ല. പക്ഷെ ആരൊക്കെ പറഞ്ഞില്ലെങ്കിലും ഒരു കാര്യം നീ പറയണമായിരുന്നു ആർച്ചേ.

പുത്തൂരം കളരിയിൽ വിളക്കിന് തിരി കൊളുത്തിയും ചന്തുവിനെ ഒളിഞ്ഞും തെളിഞ്ഞും നോക്കി ഇരിക്കുകയും വാൾ ഇടക്കിടക്ക് തുടക്കുകയും ഒന്നോ രണ്ടോ അടവുകൾ മാത്രം അറഞ്ഞിരുന്ന നിന്നെ ഒരു തികഞ്ഞ അഭ്യാസി ആക്കിയത് ഈ കുഞ്ഞിരാമൻ ആണെന്ന്. വാളെടുത്തു പൊക്കിയാൽ പോലും കൈ മുറിഞ്ഞിരുന്ന നിന്നെ പാണ്ടി നാട്ടിൽ നിന്നെത്തിച്ച ഉറുമിയെ പോലും കൈവഴക്കത്തിൽ ആക്കിയത് ഈ കുഞ്ഞിരാമൻ ആണെന്നത്...

തുളുനാട്ടിലെയും കടത്തനാട്ടിലെയും സ്ത്രീകൾ അടുക്കളയിൽ കരിന്തിരി കത്തിച്ചിരിക്കുമ്പോൾ അല്ലിമലർക്കാവിൽ കൂത്തുകാണുവാനും അയ്യപ്പൻകാവിൽ വിളക്ക് വക്കുവാനും അജ്ഞനക്കാവിൽ വേല കാണുവാനും നിന്നെയും കൊണ്ടാണ് ഞാൻ പോയത്...


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

നാദാപുരത്ത് വച്ച് കയറി പിടിച്ച തെണ്ടിപരിഷകളുടെ കൈകൾ നീ അറുത്ത് മാറ്റിയപ്പോൾ ഒരു ആശാൻ എന്ന രീതിയിൽ ഞാൻ അഭിമാനം കൊണ്ടതേ ഉള്ളു... നാട്ടുകാരും വീട്ടുകാരും ഒരുമ്പിട്ടിറങ്ങിയ പെണ്ണിനെ പിടിച്ചു കെട്ടണം എന്നു പറഞ്ഞപ്പോഴും കുഞ്ഞിരാമൻ ആർച്ചയെ എന്നും നെഞ്ചോട് ചേർത്ത് നിർത്തിയതെ ഉള്ളു.സ്ത്രീകൾക്ക് എന്നും ആവശ്യത്തിൽ അധികം സ്വാതന്ത്ര്യം നൽകുന്ന ഒരു മോഡേൻ ഫാമിലി ആയിരുന്നു ആറ്റുമണന്മേൽ.... അപ്പോഴും ആ കള്ളപ്പരിഷ പാണൻ പാടി , കുഞ്ഞിരാമൻ പേടിതൊണ്ടൻ ആണെന്ന്... അത് കേട്ട് നീയും ചിരിച്ചപ്പോൾ മുറിഞ്ഞതിന്റെ മനമാണ്.

പെങ്ങൾ പേരുദോഷം വരുത്തി എന്നു പറഞ്ഞു കളരി വിളക്കിൽ തലയിടിച്ചു കരഞ്ഞ ആത്മസുഹൃത്തിന് വേണ്ടി ആണ് നിന്നെ വിവാഹം കഴിക്കാൻ ഞാൻ തീരുമാനിച്ചതെങ്കിലും കണ്ട നാൾ മുതൽ ഉള്ള സ്നേഹം എന്നിലുണ്ടായിരുന്നു... എന്നെ വിവാഹം കഴിക്കാൻ ഇഷ്ടമാണോ എന്ന് ഞാൻ ചോദിച്ചപ്പോൾ ചന്തു ചതിച്ചതാണെന്നും തെറ്റുപറ്റിപോയി കുഞ്ഞിരാമേട്ടാ എന്ന് പറഞ്ഞു എന്റെ നെഞ്ചിൽ തല ചായ്ച്ചു കരഞ്ഞ ആർച്ചയെ ഞാൻ മറക്കില്ല... കഴിഞ്ഞതെല്ലാം ഞാൻ മറന്നു... നീയും മറന്നുവെന്നു ഞാൻ വിചാരിച്ചു..

പക്ഷെ....
പലവട്ടം പലയിടത്തും വച്ച് നീയെന്റെ സ്നേഹത്തിനു മുറിവേല്പിച്ചു... ഒടുവിൽ ആരോമലിന്റെ അങ്കത്തിന് പോലും മാറ്റചുരിക പിടിക്കുവാൻ ചന്തുവിനെ കൊണ്ട് വരുവാൻ കണ്ണപ്പചേകവരെ നിർബന്ധിച്ചത് നീയായിരുന്നു. കുഞ്ഞിരാമന് ടൈമിങ് ഇല്ലത്രേ... പതിനെട്ട് കളരികളിൽ പിള്ളേരെ പിന്നെ ഞാൻ മണ്ണപ്പം ചുടാനാണോടി പഠിപ്പിച്ചു കൊണ്ടിരുന്നത്... എന്നിട്ടെന്തായി ചത്തുമലച്ച ഒരു ശരീരം പുത്തൂരം പടിപ്പുരയിൽ എത്തി.അവിടം കൊണ്ട് തീർന്നോ....പട്ടുപുതച്ച ബോഡിയിൽ കെട്ടിപിടിച്ചു നീ അടുത്ത പണി കൂടി തന്നു.. എന്റെ മോൻ ഇതിന് പ്രതികാരം വീട്ടുമത്രെ...

എന്റെ മോനെകൂടി കൊലക്ക് കൊടുക്കാൻ വയ്യാത്തത് കൊണ്ടാണ് അവനെ ഞാൻ തന്നെ അടവുകൾ എല്ലാം പഠിപ്പിച്ചത്... പതിനെട്ടടവുകൾ അല്ല..പത്തൊൻപത് അടവുകൾ ആണ് അവനെ പഠിപ്പിച്ചത്... ചന്തു കേട്ടിട്ടേ ഇല്ലാത്ത പത്തൊമ്പതാമത്തെ അടവ്... എന്തായാലും എന്റെ മകൻ തോൽക്കില്ല എന്നത് എനിക്കുറപ്പാണ്... ഇടക്ക് പെങ്ങളുടെ രൂപത്തിൽ ഒരു എട്ടിന്റെ പണി തന്നെങ്കിലും ആരോമൽ എന്റെ ചങ്ക് ആയിരുന്നു... ആത്മ സ്നേഹിതന് പണി കൊടുത്താവനുള്ള മറുപണി ഈ രാമന്റെ ചോര തന്നെ നൽകും.

ചന്തു സ്വന്തം തലയറുത്തു കൊടുത്തു, അല്ലെങ്കിൽ ആർച്ച പഠിപ്പിച്ച ആർച്ചയുടെ മകൻ ചതിയൻ ചന്തുവിന്റെ തലയറുത്തു എന്നൊക്കെ പാടുവാൻ പാണൻ റെഡി ആയി ഇരിക്കുന്നുണ്ടാകും... കുഞ്ഞിരാമന് അതൊക്കെ ഇപ്പോൾ വെറും രോമമാണ്.. രോമം...

ചന്തു... ആർച്ചേ... നിങ്ങളോട് രണ്ടാളോടും ഈ രാമന് ഒന്നേ പറയാനൊള്ളു....
നിങ്ങള് കട്ടോ...കക്കുന്നില്ല കക്കുന്നില്ല എന്നു പറഞ്ഞോണ്ട് കക്കരുത്... ഷഡീടെ മുകളിൽ കയറി കോണകം കെട്ടരുത്...


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 3 | Saved : 03:23:36 am | 24-03-2023 CET