പ്രിയ ആർച്ചയ്ക്ക് , ഉണ്ണിയാർച്ചക്ക് ചന്തുവിന്റെ മറുപടി ..

Avatar
Rayan Choran | 08-09-2020 | 3 minutes Read

പ്രിയ ആര്‍ച്ചയ്ക്ക്,

കത്തും കത്തിലെ കുത്തും കിട്ടി ബോധിച്ചിരിക്കുന്നു.

ഊര് മാറിയപ്പോള്‍ പഞ്ഞംമാറി ഉണ്ണിയാര്‍ച്ച വെറും ആര്ച്ചയായതായി അറിഞ്ഞു. ട്രാന്‍സ്ഫര്‍ ഓഫ് പ്രോപ്പര്‍ട്ടി ആക്ടിനുമുമ്പേ മരുമക്കത്തായപേരില്‍ മച്ചുനന്‍ ആരോമലിന്റെ പ്രോപ്പര്‍ട്ടി മുഴുവന്‍ അടിച്ചുമാറ്റിയതും അറിഞ്ഞു. ഇതേ മരുമക്കത്തായത്തിന്റെ പേരില്‍ തറവാട്ടില്‍ ഇല്ലാതിരുന്ന സ്വത്ത് അന്യാധീനപ്പെട്ടുപോകാതിരിക്കാന്‍ മച്ചുനനും മച്ചുനത്തിയും മാമനും മാമിയും ചേര്‍ന്ന് മുറച്ചെറുക്കനാണെന്ന അടവും പറഞ്ഞ് എന്നെ വളച്ചു വശത്താക്കാന്‍ നിങ്ങളെല്ലാരും കൂടെ നടത്തിയ നാടകം, തെക്കന്‍ കളരിപഠിച്ചു കളി പതിനെട്ടും പഠിച്ച ഞാന്‍ വിദഗ്ദമായി ഒഴിഞ്ഞുമാറിയ ചൊരുക്ക് ഇപ്പോഴും തീര്‍ന്നിട്ടില്ല അല്ലേ മച്ചുനത്തീ?

തെക്കര് കാടികുടിച്ചാലും മൂടിയേ കുടിക്കൂ, ചത്തുകിടന്നാലും ചമഞ്ഞേ കിടക്കൂ. മുഷിഞ്ഞുനാറിയ തുണികള്‍ വടക്കരെ പോലെ അലക്കുക മാത്രമല്ല, അലക്കിയ തുണികള്‍ നന്നായി തേച്ചുമടക്കിയേ ഉപയോഗിക്കുകയുമുള്ളൂ. അങ്ങനെ വൃത്തിയായും വെടിപ്പായും ചെയ്യുന്നതിനെയാണ് തേയ്ക്കുക എന്നു പറയുന്നത്. വെടക്കരായ വടക്കര്‍ അതിനെ ചതിയായും വഞ്ചനയായും കാണുന്നത് തെക്കരുടെ കുഴപ്പമല്ല. അതുപോട്ടേ, തെക്കും വടക്കുമൊന്നുമല്ലല്ലോ ഇപ്പോള്‍ പ്രശ്നം.

പുത്തൂരം തറവാടിന്റെ സ്ത്രീ വിരുദ്ധത മാത്രമല്ല, കഞ്ചൂസ്തരം മുഴുവന്‍ മച്ചുനത്തി എന്നെ പഠിപ്പിക്കണ്ട. ഞാനും അവിടെ തന്നെ കളരി പഠിച്ചത്. മച്ചുനത്തി ആയുധം എടുത്ത് എന്തോ ഒലത്തി എന്നൊക്കെ പാണന്മാര് ഇവിടെയും വന്നു പറഞ്ഞിരുന്നു. എന്നോ ഒരു ദിവസം അടിച്ചുതളിക്കാരി ജാനു വരാത്ത ദിവസം കളരി അടിച്ചു വൃത്തിയാക്കാന്‍ അമ്മാവന്‍ ഏല്പിച്ചിരുന്നപ്പോള്‍ അതിന്റെ കൂടെ രണ്ട് വാളും നാല് കുറുവടിയും കൂടെ തുടച്ചു വൃത്തിയാക്കിയതിനെയാണ് പാണന്മാരുടെ ഒലത്ത് എന്ന് എനിക്ക് നേരിട്ടറിയാവുന്നതാണല്ലോ.

കുഞ്ഞിരാമന്‍ മച്ചമ്പിയോട് എനിക്ക് സ്നേഹം മാത്രമേയുള്ളൂ. എന്റെ പിടലിക്കിരിക്കേണ്ട മാറാപ്പ് അങ്ങേര് ചുമന്നല്ലോ. ആ നന്ദി മച്ചുനത്തിക്ക് മനസ്സിലാകില്ല, കുഞ്ഞിരാമന്‍ മച്ചമ്പിക്ക് മനസ്സിലാകും. നിന്‍റ അച്ഛന്‍ പെങ്ങളുടെ മോനായ എന്നേക്കാള്‍ മുമ്പേ കുഞ്ഞിരാമന്‍ മച്ചമ്പിയെ ആര്‍ച്ച കണ്ടു പരിചയിച്ചു എന്നുള്ളത് ഞാനങ്ങ് വിശ്വസിച്ചു. ഒന്നു മയത്തില്‍ തള്ള് മച്ചുനത്തീ.

ആരോമല്‍ മച്ചമ്പി സത്യത്തില്‍ മച്ചുനസവിശേഷമായ സ്നേഹം നിമിത്തവും തെക്കന്‍ കളരിയിലെ അടവുകള്‍ ഫീസ് തരാതെ പഠിക്കാമെന്ന വ്യാമോഹത്താലും മച്ചുനത്തിയെ എന്റെ തലയില്‍ നിന്നും ഒഴിവാക്കി കുഞ്ഞിരാമന്‍ മച്ചമ്പിയുടെ തലയിലാക്കിയതാണെന്ന് എനിക്കറിയാം.

കുഞ്ഞിരാമന്റെ തലയിലായശേഷവും അവിടുത്തെ കഷ്ടപ്പാടുകള്‍ സഹിക്കാന്‍ പറ്റണില്ല എന്നലമുറയിട്ടു കരഞ്ഞത് എനിക്ക് കിട്ടേണ്ടിയിരുന്ന തറവാട്ട് വീതം തട്ടിയെടുക്കാനായിരുന്നു എന്ന് മനസ്സിലാക്കാന്‍ പാഴൂര്‍ പടിപ്പുരവരെയൊന്നും പോകേണ്ട കാര്യമില്ലായിരുന്നു. താങ്ക്സ് ടു തെക്കന്‍സ്.

എനിക്കൊരു വിവാഹത്തിനു കഴിയില്ല എന്ന കുത്ത് എനിക്കിഷ്ടപ്പെട്ടു. അങ്ങനെയെങ്കില്‍ അങ്ങനെ. തുമ്പോലയോ കുരുത്തോലയോ എന്തോ ഒരോലയാര്‍ച്ച എങ്കിലും രക്ഷപ്പെട്ടെന്നു കരുതിക്കോ. കളരിക്കുമാത്രമായി ഉഴിഞ്ഞുവച്ച എന്റെ ജീവിതം കൈരളി പീപ്പിള്‍സ് ആകാത്തതിനു കളരിപരമ്പര ദൈവങ്ങള്‍ക്ക് താങ്ക്സ്.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

വീണ്ടും നിന്റെ ജീവിതത്തിലേക്ക ക്ഷണിച്ചെന്നോ? അടിപൊളി. എടീ മച്ചുനത്തീ, ചുളിവുവീണ നിന്റെ വസ്ത്രങ്ങള്‍ തെക്കരുടെ രീതിയില്‍ തേച്ചു മടക്കുന്നതെങ്ങനെ എന്നു പഠിപ്പിക്കാനല്ലേ നീ അന്നന്നെ അകത്തളത്തിലേക്ക് വിളിപ്പിച്ചത്? മുണ്ടും നേര്യതും തേച്ചു മടക്കിയപ്പോള്‍, നിന്റെ ചുക്കിച്ചുളിഞ്ഞ തൊലിയെ അതുപോലെ തേച്ചു വെളുപ്പിക്കാന്‍ മാര്‍ഗ്ഗമുണ്ടോ എന്ന് നീയല്ലേ എന്നോട് ചോദിച്ചത്? അതിന് ബ്രഹ്മന്‍ തമ്പുരാന്‍ വിചാരിച്ചാല്‍ പോലും നടക്കില്ല എന്ന നഗ്നസത്യം നിന്നോടു പറഞ്ഞതിനല്ലേ മച്ചുനത്തീ നീ കുഞ്ഞിരാമന്‍ മച്ചമ്പിയോട് എന്നക്കുറിച്ചു വേണ്ടാതീനം പറഞ്ഞത്?

ചന്തുവിന്‍ നിന്നോട് സ്നേഹമുണ്ടായിരുന്നു, പണ്ട്, മച്ചുനത്തിയോടുള്ള സ്നേഹം. അതിന്റെ എത്ര ഇരട്ടി കുഞ്ഞിരാമന്‍ മച്ചമ്പിക്ക് ഉണ്ടെന്നൊന്നും എനിക്കറിയില്ല. കാരണം സ്നേഹത്തെ അളക്കാന്‍ നിങ്ങള്‍ സ്ത്രീകള്‍ക്കുമാത്രമേ കഴിയൂ.

മച്ചുനത്തി എന്താ പറഞ്ഞത്? ആരോമലിനു തുണയ്ക്കുപോകാന്‍ ഞാന്‍ വന്നപ്പോള്‍ വീണ്ടും സ്വപ്നങ്ങള്‍ പൂവിട്ടുവെന്നോ? അമ്പടി ഭീകരീ. നിശ്ചയിച്ചുറപ്പിച്ച അങ്കം ചെസ്സുകളിയെന്നാണോ, പാണന്മാര് ഒലത്തി എന്നു പാടി നടന്ന ആര്‍ച്ച വിചാരിച്ചിരുന്നത്? കളരിയില്‍ അടിച്ചുതളിക്കാന്‍ മാത്രമേ കയറിയിട്ടുള്ളൂ എന്ന് ഇതില്‍ കൂടുതല്‍ തെളിവുവേണോ?

ആരോമല്‍ മച്ചുനന്‍ എന്നെ സ്നേഹിച്ചിട്ടേയുള്ളൂ. ആ ആരോമല്‍ മച്ചുനനെ ഞാന്‍ ചതിച്ചു എന്നു പറയുന്നത് നിന്റെ മറ്റൊരു മികച്ച ചതി മാത്രമാണ്. മാറ്റച്ചുരിക വേണമെന്നല്ല ആരോമല്‍ ആവശ്യപ്പെട്ടത്. മറ്റേച്ചുരിക വേണമെന്നാണ്. അതേത് ചുരികയെന്ന് എനിക്ക് മനസ്സിലായതുമില്ല. അടിച്ചുതളിക്കാരി മാത്രമായിരുന്ന നീയല്ലേ അന്ന് കളരിയില്‍ നിന്നും ആയുധങ്ങള്‍ പൊതിഞ്ഞു കെട്ടി ഏല്പിച്ചത്. സ്വത്തിനുവേണ്ടി സ്വന്തം സഹോദരനെ കൊല്ലാനല്ലേ മറ്റേ ചുരിക നീ വയ്ക്കാതിരുന്നതും ഇരുമ്പാണിക്കു പകരം മുരിക്കാണി വയ്പിച്ചതും?

മുറിവേറ്റു ആരോമല്‍ മച്ചമ്പി വീണതും എന്നോടു മാപ്പു പറഞ്ഞുകൊണ്ടാണ്. ചന്തു മച്ചുനാ, അവള്‍ നിന്നെ ഇനിയും ചതിക്കും എന്നാണെന്നോട് മച്ചുനന്‍ പറഞ്ഞത്. ഏതവളെന്ന് ഇപ്പോഴാണ് മനസ്സിലായതെന്നു മാത്രം.

പിന്നെ നിന്റേയും ആരോമലിന്റേയും മക്കള്‍ എന്നെ കാണാന്‍ വന്നിരുന്നു. നിന്റെ കത്തും തന്നു. അതൊക്കെ വായിച്ചിട്ട് ഇതൊക്കെ ഞാനവരോട് പറയുകയും ചെയ്തിരുന്നു. ഒടുവില്‍ മാമനോടൊന്നും തോന്നല്ലേ മക്കളേ എന്നു പറയുകയും ചെയ്തു. തെക്കന്‍ അടവുകള്‍ പഠിച്ച ഈ മാമനെ ആ വെടക്കന്‍ കുഞ്ഞുങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ല എന്ന സത്യം അവര്‍ക്കു മനസ്സിലാകുകയും ചെയ്തു. ഈ രംഗങ്ങളെല്ലാം എംടിയും ഹരിഹരനും ഷൂട്ടു ചെയ്തിട്ടുമുണ്ട്. നെറ്റ്ഫ്ലിക്സ് പ്രൈമില്‍ അത് ടെലികാസ്റ്റ് ചെയ്യുമെന്നാണ് അവര്‍ എനിക്കുറപ്പു തന്നിട്ടുള്ളത്.

ഏതായാലും ചന്തു എല്ലാം അവസാനിപ്പിക്കുകയാണ്. മറ്റൊരു രാഷ്ട്രീയ ഭീഷ്മാചാര്യന്‍ ആകാനൊന്നും വയ്യ മച്ചുനത്തി. പ്രായവും കുറേ ആയില്ലേ. മതി. എല്ലാം മതിയാക്കുന്നു.

എന്ന് നീ എപ്പോഴും വെറുത്തിരുന്ന തെക്കന്‍ ചന്തു.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Do NOT follow this link or you wont able to see the site!

❤️ | 3 | Saved : 05:05:23 am | 19-06-2024 CEST