പ്രതീകങ്ങൾ സ്രിഷ്ടിക്കപെടുമ്പോൾ..
ചില സാധാരണ മനുഷ്യരുടെ ഒരു നിമിഷ നേരത്തെ പ്രവർത്തി കൊണ്ട് മാത്രം ലോകം അവരിലേക്ക് ഉറ്റു നോക്കും . അവർ നമ്മളെ പോലെ വെറും സാധാരണക്കാരായിരിക്കാം . പക്ഷെ അവരുടെ അസാധാരണമായ ചില പ്രവർത്തികൾ പല ശക്തി കേന്ദ്രങ്ങളെയും പിടിച്ചു കുലുക്കാൻ ശേഷിയുള്ളതായിരിക്കും .അവരുടെ നേട്ടം എന്തെന്നതിലല്ല , മറിച്ച് അവർ നിലകൊണ്ടത് എന്തിനു വേണ്ടി എന്നതാണ് അവരെ വെത്യസ്തരാക്കുന്നത് . അവർ നിലകൊള്ളുന്നത് മനുഷ്യരാശിയുടെ നന്മക്കായാണെങ്കിൽ വംശ-വർണ്ണ-ദേശ ഭാഷകൾക്കതീതമായി അവർ മനുഷ്യ മനസ്സുകളിൽ സ്ഥാനം നേടും .അതിനാലാണ് ലോകം അവരെ പ്രതീകമായി , തങ്ങളുടെ പ്രതിബിംബമായി കണക്കാക്കുന്നത് ..
സാമന്ത സ്മിത്ത് എന്ന അമേരിക്കൻ ബാലിക ജനിച്ചു വളർന്നതു നീറിപുകഞ്ഞു കൊണ്ടിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു .ഏതു നിമിഷവും മറ്റൊരു മഹായുദ്ധം ഉണ്ടാകാമെന്നും , ലോകം കത്തി ചാംബലാകാമെന്നും വായനാശീലവും ലോകവിവരവുമുള്ള ഏതൊരാളും ധരിച്ചിരുന്ന കാലം . അതെ , ശീതയുദ്ധം പുകഞ്ഞിരുന്ന കഴിഞ്ഞ നൂറ്റാണ്ടിന്റ്റെ രണ്ടാം പാതി . ഒരു യുദ്ധത്തിൽ ഇരകളെ സംബന്ധിച്ച് ന്യായം ആരുടെ ഭാഗത്ത് എന്നതിന് പ്രസക്തിയില്ല . എരിഞ്ഞടങ്ങാൻ പോകുന്നവന്റ്റെ രോദനത്തിന് ന്യായവാദങ്ങൾ പകരമാകില്ല .അതുകൊണ്ട് തന്നെ ഇരുപക്ഷത്തും സാധാരണ ജനങ്ങൾ വാർത്തകളെ ഭയത്തോടെ കേട്ടറിഞ്ഞു . യൂറി അന്ദ്രോപ്രോവ് സോവിയറ്റ് യൂണിയന്റ്റ്റെ തലവനായി തിരഞ്ഞെടുക്കപെട്ടതോടെ പാശ്ചാത്യ മാധ്യമങ്ങൾ ജനമനസ്സുകളിൽ ഭയം വാരി വിതറി . കർക്കശക്കാരനും റഷ്യൻ ചാരസംഘടനയായ KGB യുടെ മുൻ മേധാവിയുമായിരുന്ന അന്ദ്രോവ് അമേരിക്കയുമായി ആണവയുദ്ധത്തിനു മടിക്കില്ല എന്ന് സ്ഥിരമായി വാർത്തകൾ വന്നു തുടങ്ങി .
1982 നവംബർ 22 നു ടൈം മാഗസിനിൽ വന്ന സമാനമായ ഒരു ലേഖനം കണ്ട സാമന്ത അമ്മയോട് ചോദിച്ചത് ഇങ്ങനെയാണ് " ആളുകൾ അന്ദ്രോവിനെ ഭയക്കുന്നു എങ്കിൽ ഒരു അയാൾ യുദ്ധം ആഗ്രഹിക്കുന്നോ ഇല്ലെയോ എന്ന് ആർക്കെങ്കിലും എഴുതി ചോദിച്ചു കൂടെ " എന്ന് . " എന്ത് കൊണ്ട് നിനക്കതു ചെയ്തു കൂടാ " എന്ന അമ്മയുടെ ചോദ്യത്തിൽ നിന്നും പ്രജോദനം ഉൾകൊണ്ട സാമന്ത അത് ചെയ്യുക തന്നെ ചെയ്തു . Maine എന്ന ചെറു പട്ടണത്തിൽ നിന്നും സോവിയറ്റ് യൂണിയന്റ്റ്റെ നേതാവിനൊരു കത്ത് ! അതും പത്തു വയസ്സുള്ള ഒരു ബാലികയുടെത് . സ്വാഭാവികമായും അവഗണിക്കപെട്ടു പോകേണ്ടിയിരുന്ന ആ കത്ത് ഒരു സോവിയറ്റ് യൂണിയൻ ന്യൂസ് പേപ്പർ പബ്ലിഷ് ചെയ്യുകയുണ്ടായി . ആ കത്തിന് മറുപടി നൽകാൻ അന്ദ്രോവ് ആഗ്രഹിക്കുന്നുവോ എന്ന് ചോദിച്ചു കൊണ്ട് അമേരിക്കയിലെ സോവിയറ്റ് അംബാസിടറിനു വീണ്ടും എഴുതി സാമന്ത . ഒടുവിൽ അത് സംഭവിച്ചു . ഏപ്രിൽ 26 1983 നു അന്ദ്രോവ് സമാന്തയ്ക്ക് മറുപടി എഴുതി . സോവിയറ്റ് യൂണിയൻ യുദ്ധം ആഗ്രഹിക്കുന്നില്ല എന്നും ഒരിക്കലും ഞങ്ങൾ ആദ്യം ആണവായൂധം ഉപയോഗിക്കില്ല എന്നുമായിരുന്നു കത്തിന്റ്റെ രത്നച്ചുരുക്കം . കൂടാതെ സോവിയറ്റ് യൂണിയന്റ്റെ അതിഥിയായി ഒരു സന്ദർശനം നടത്താൻ അദ്ദേഹം സാമന്തയെയും മാതാപിതാക്കളെയും ക്ഷണിക്കുകയും ചെയ്തു .
റഷ്യ സന്ദർശിച്ച സാമന്ത അമേരിക്കൻ മധ്യമങ്ങൾ ഭീകരരായി ചിത്രീകരിച്ചിരുന്ന റഷ്യക്കാരെ" Russians were just like us " എന്ന് വിശേഷിപ്പിക്കുകയുണ്ടായി . പിന്നീട് നാട്ടിൽ തിരിച്ചെത്തിയ സാമന്തയ്ക്ക് വൻ വരവേൽപ്പ് ലഭിച്ചു . ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കൻ അംബാസിടർ ആയി അറിയപെട്ട സാമന്ത ക്രമേണ ഒരു സെലിബ്രിറ്റി ആയി മാറി . ആ കുട്ടി റഷ്യൻ എജന്റ്റ് ആണെന്ന് വരെ അമേരിക്കയിൽ വാർത്തകൾ അക്കാലത്തു പരന്നിരുന്നു . ഒടുവിൽ ഒരു വിമാനാപകടത്തിൽ പിതാവിനോടും മറ്റു യാത്രികരോടുമൊപ്പം കൊല്ലപെടുമ്പോൾ ആ കുട്ടിക്ക് 13 വയ്യസ് മാത്രമായിരുന്നു പ്രായം . മരണത്തെ തുടർന്ന് ധാരാളം വിവാദങ്ങൾ ഉടലെടുത്തു എങ്കിലും അതൊരു അപകടം തന്നെയായിരുന്നു എന്ന് ഒടുവിൽ ഉറപ്പിക്കപെട്ടു .ഇരു രാജ്ടങ്ങളും സാമന്തയുടെ സ്മരണാർഥം പലതും ചെയ്തു ,സാമാന്തയുടെ പേരിൽ സ്റ്റാമ്പുകൾ ഇറക്കി , മോസ്കോയിൽ പ്രതിമ വരെ നിർമ്മിക്കുകയുണ്ടായി .
സാമന്ത തനിയെ യുദ്ധം ഒഴിവാക്കിയിട്ടില്ലായിരിക്കാം , ആ കുട്ടി ചിലപ്പോൾ അപക്വമായി അയച്ച കത്തായിരിക്കാം അത് . അല്ലെങ്കിൽ പലരും ആരോപിച്ച പോലെ ഒരു സെലിബ്രിറ്റി ആകാൻ മാതാപിതാക്കളുടെ നിയന്ദ്രണത്തിൽ നടന്ന ഒരു ശ്രമം കൂടിയായിരിക്കാം . പക്ഷേ ആയിരക്കണക്കിന് സമാനമായ കത്തുകൾ ദിവസേന ലഭിച്ചിരുന്ന ലോകത്തിലെ ഏറ്റവും ശക്തനായ ഒരു നേതാവിന് പത്തു വയസ്സുള്ള ഒരു ബാലികയുടെ കത്തിന് മറുപടി എഴുതാൻ തോന്നിയത് എന്ത് കൊണ്ടാണ് ? അതൊഴിവാക്കാൻ സാധിക്കാതിരുന്നത് എന്തുകൊണ്ടാണ് ? എന്ത് കൊണ്ട് സാമന്ത ഇരുരാജ്യങ്ങളിലെയും കോടി കണക്കിനു ജനങ്ങളാൽ സ്നേഹിക്കപെട്ടു ? കാരണം ആ ബാലിക ഒരു പ്രതീകമാണ് . അവർ സാമന്തയിൽ കണ്ടത് തങ്ങളുടെ പ്രതിബിംബത്തെയാണ് . താനഗ്രഹിച്ചത് ചെയ്ത മറ്റോരു വെക്തിയെയാണ് .
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.
ചരിത്രത്തെ അറിയുവാനും അറിഞ്ഞത് മറ്റുള്ളവരെ അറിയിക്കുവാനും സോഷ്യൽ നെറ്റവർക്ക് പ്ലാറ്റഫോമിലുള്ള ഒരിടം .