സിലിക്കൺ വാലിയെ പറ്റി കേട്ടിട്ടുള്ളവർ അറിഞ്ഞിരിക്കേണ്ട കാലിഫോർണിയയുടെ സ്വർണ്ണചരിത്രം - California Gold Rush

Avatar
Vinaya Raj V R | 10-06-2020 | 3 minutes Read

ഗൂഗിൾ, ഫേസ്‌ബുക്ക്, ആപ്പിൾ, വീസ, ഒറാക്കിൾ, ഇന്റൽ ഇതെല്ലാം കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോയിലെ സിലിക്കൺ വാലിയിലുള്ള കമ്പനികളാണ്. 1847 - ൽ ഇവിടത്തെ ജനസംഖ്യ 500 ആയിരുന്നു. ആ സമയത്ത് കാലിഫോർണിയയിൽ സ്വർണ്ണം കണ്ടെത്തുകയുണ്ടായി. തുടർന്നിങ്ങോട്ട് ഉണ്ടായ മാറ്റങ്ങൾ രസകരമാണ്.
.

california-gold-rush-malayalam

കാലിഫോർണിയയിൽ ഒരു കർഷകസാമ്രാജ്യമുണ്ടാക്കണമെന്നായിരുന്നു ജോൺ സട്ടറുടെ ആഗ്രഹം, അങ്ങനൊരു ദിവസം അയാളുടെ പണിക്കാരനായ ജെയിംസ് മാർഷലിന് ഒരു തിളങ്ങുന്ന ലോഹക്കഷണം കിട്ടുകയും അതു സട്ടറിനെ കാണിക്കുകയും ചെയ്തു. പരിശോധനയിൽ അതു സ്വർണ്ണമാണെന്നുകണ്ട സട്ടറിന് ആകെ നിരാശയായി, തന്റെ കർഷസാമ്രാജ്യം ഉണ്ടാക്കുന്നതിന് അവിടെ സ്വർണ്ണം കണ്ടെത്തിയതു തടസ്സമാകുമെന്നതിനാൽ ഇക്കാര്യം ആരോടും പറയേണ്ടെന്ന് അയാൾ ജെയിംസിനോട് പറഞ്ഞു.

എന്നാൽ വിവരം ചോരുകയും പത്രക്കാരനായ സാമുവൽ ബ്രണ്ണന്റെ ചെവിയിൽ ഇക്കാര്യം എത്തുകയും ചെയ്തു. "സ്വർണ്ണം, സ്വർണ്ണം, സ്വർണ്ണം, അമേരിക്കൻ നദിയിൽ സ്വർണ്ണം" എന്നാർത്തുവിളിച്ച് അയാൾ തെരുവിൽക്കൂടി നടന്നു. 1848 ഡിസംബർ ആയപ്പോഴേക്കും ഈ വർത്ത ലോകമെങ്ങും എത്തി. അടുത്തവർഷം, 1849-ൽ അങ്ങോട്ട് സ്വർണ്ണാന്വേഷികളുടെ പ്രവാഹമായിരുന്നു. നാൽപ്പത്തൊൻപതുകാർ എന്നു പിന്നീടറിയപ്പെട്ട അവർ കാലിഫോർണിയയിലേക്ക് കുതിച്ചു. സട്ടർ പേടിച്ചപോലെ അയാളുടെ ജോലിക്കാർ സ്വർണ്ണം തേടിപ്പോയി, സ്വർണ്ണം തിരക്കിവന്നവർ അയാളുടെ സ്ഥലം കയ്യേറി, കൃഷിയും മാടുകളും അവർ കൊണ്ടുപോയി.

കിഴക്കേ അമേരിക്കയിൽനിന്ന് പടിഞ്ഞാറുള്ള കാലിഫോർണിയയിൽ എത്തിച്ചേരുക അത്രയെളുപ്പമല്ലായിരുന്നു. കിഴക്കുനിന്നും കപ്പലിൽക്കയറി തെക്കേഅമേരിക്കയുടെ മുനമ്പുചുറ്റി 33000 കിലോമീറ്റർ സഞ്ചരിച്ച് നാലഞ്ചുമാസം എടുത്ത് ആൾക്കാരെത്തി, ചിലർ പനാമയ്ക്കടുത്ത് ഇറങ്ങി ഒരാഴ്‌ച കാട്ടിൽക്കൂടിനടന്ന് പടിഞ്ഞാറെത്തി, അവിടുന്ന് കപ്പൽ കയറി കാലിഫോർണിയയിലെത്തി. മെക്സിക്കോ വഴി മറ്റൊരു പാതയും ഉണ്ടായിരുന്നു. ഈ രീതിയിൽ ആൾക്കാരെ കൊണ്ടുപോകുന്ന പല കമ്പനികളും സമ്പന്നരായിമാറി. ആൾക്കാർക്ക് സാധനങ്ങളുമായി എത്തിയ കപ്പലിലുള്ളവർ സാധനങ്ങൾ വിറ്റശേഷം സ്വർണ്ണം തിരക്കിപ്പോയപ്പോൾ ഉപേക്ഷിക്കപ്പെട്ട കപ്പലുകൾ കടകളും, പാണ്ടികശാലകളും, ഹോട്ടലുകളും, ജയിലുകളുമായിമാറി. നഗരം വലുതായപ്പോൾ കപ്പലുകൾ നിർത്താൻ ഇടമില്ലാതെ അവ നശിപ്പിക്കുകയോ കുഴികൾ മൂടാൻ ഉപയോഗിക്കുകയോ ചെയ്തു. ചൈന, പെറു, ജർമനി, ഫ്രാൻസ്, ഇറ്റലി, ആസ്ത്രേലിയ എന്നിവിടങ്ങളിൽ നിന്നെല്ലാം സ്വർണ്ണം തിരക്കി ആൾക്കാരെത്തി.

നാൾപോകെ പലനാട്ടുകാരും അവരവരുടെ കോളനികൾ അവിടെയുണ്ടാക്കി. ഏതാണ്ട് മൂന്നുലക്ഷം ആൾക്കാരാണ് ഇവിടെ സ്വർണ്ണം കുഴിച്ചെടുക്കാൻ എത്തിയത്. ഇങ്ങനെ കാലിഫോർണിയയിൽ നിന്നും ആകെ കുഴിച്ചെടുത്ത സ്വർണ്ണം 3700 ടൺ ആണെന്നാണ് കണക്കാക്കിയിരിക്കുന്നത്. 1857 -ൽ കാലിഫോർണിയയിൽ നിന്നും സ്വർണ്ണവുമായി പോകുകയായിരുന്ന എസ് എസ് സെൻട്രൽ അമേരിക്ക എന്ന കപ്പൽ മുങ്ങിപ്പോവുകയും അതിലുണ്ടായിരുന്ന 425 ആൾക്കാർ മരിക്കുകയും 14000 കിലോ സ്വർണ്ണം കടലിൽ മുങ്ങിപ്പോവുകയും ചെയ്തു. (ഇതിലെ നല്ലൊരു ഭാഗം 130 വർഷത്തിനുശേഷം 1988 -ൽ വീണ്ടെടുക്കുകയുണ്ടായി)


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

സ്വർണ്ണം തിരക്കി ആൾക്കാരെത്തുന്നതിനുമുൻപേ അവിടെ വസിച്ചിരുന്ന റെഡ് ഇന്ത്യക്കാർ വേട്ടയാടിയും കൃഷിനടത്തിയും ഒക്കെയായിരുന്നു ജീവിച്ചത്. സ്വർണ്ണം മോഹിച്ച് എത്തിയവർ ഇവരെ അവിടുന്ന് തുരത്തി, അവർ നായാടിക്കൊണ്ടിരുന്ന സ്ഥലങ്ങൾ കയ്യേറി, അവർ മീൻപിടിച്ചുകൊണ്ടിരുന്ന പുഴകളിൽ വിഷം കലർന്ന് മൽസ്യങ്ങൾ ചത്തു, അവരുടെ താമസസ്ഥലം ഇല്ലാതായി. രോഗങ്ങളും പട്ടിണിയും നാട്ടുകാരുടെ എണ്ണത്തിൽ വലിയ കുറവുവരുത്തി. എതിർത്തുനിന്നവരെ സ്വർണ്ണവേട്ടക്കാർ കൊന്നുതുടങ്ങി. ഒറ്റദിവസം അൻപതോളം പേരെ വകവരുത്തിയ ദിവസങ്ങൾ ഉണ്ട്. അവരുടെ തിരിച്ചടിയിൽ ഒരാളെങ്ങാൻ കൊല്ലപ്പെട്ടാൽ തിരികെ അവരുടെ ഗ്രാമങ്ങൾ മുച്ചൂടും മുടിക്കുന്നതിൽ വരെയെത്തി കാര്യങ്ങൾ. ഒരിക്കൽ ഒരാക്രമണത്തിന്റെ പ്രത്യാക്രമണത്തിൽ തെറ്റായി മറ്റൊരു വിഭാഗത്തെ തിരികെയാക്രമിച്ച് ആ കൂട്ടത്തിലെ മൂന്ന് കുട്ടികൾ ഒഴികെ എല്ലാവരെയും കൊന്ന സംഭവം വരെ ഉണ്ടായിട്ടുണ്ട്. 370 ആക്രമണങ്ങളിൽ 16000 വരെ റെഡ് ഇന്ത്യക്കാർ മരിച്ചതായാണ് കണക്കുകൾ.

ഖനനത്തിനെത്തിയവരേക്കാൾ ലാഭമുണ്ടാക്കിയത് കച്ചവടക്കാരായിരുന്നു. മുകളിൽ നമ്മൾ കണ്ട സാമുവൽ ബ്രണ്ണനെന്ന പത്രക്കാരന് സ്വർണ്ണം കണ്ടെത്തിയ വാർത്ത പത്രത്തിൽ കൊടുക്കാനായില്ല, കാരണം അയാളുടെ ജോലിക്കാരെല്ലാം സ്വർണ്ണം തേടിപ്പോയിരുന്നു. സാൻ ഫ്രാൻസിസ്കോയ്ക്കും സ്വർണ്ണഖനികൾക്കും ഇടയ്ക്കുള്ള ഏക കട ഇയാളുടേതായിരുന്നു. കിട്ടാവുന്നിടത്തുനിന്നെല്ലാം തൂമ്പകൾ, ഷവലുകൾ, പിക്കാസുകൾ, ചട്ടികൾ എന്നിവയെല്ലാം അയാൾ വാങ്ങി തന്റെ കടയിൽ എത്തിച്ചു, അതിനുശേഷം "സ്വർണ്ണം, സ്വർണ്ണം, സ്വർണ്ണം, അമേരിക്കൻ നദിയിൽ സ്വർണ്ണം" എന്നുവിളിച്ചുപറഞ്ഞു തെരുവിൽക്കൂടി ഓടിനടന്നു. 20 സെന്റിനു വാങ്ങിയ ചട്ടികൾ അയാൾ ഒന്നിനു 15 ഡോളറിനു വിറ്റു. ഒൻപതാഴ്ചയ്ക്കുള്ളിൽ അയാൾ 36000 ഡോളർ ഉണ്ടാക്കി. കാലിഫോർണിയയിലെ ആദ്യത്തെ പത്രത്തിന്റെയുടമയായ ഇയാളാണ് സ്വർണ്ണവേട്ടക്കാലത്തെ ആദ്യ കോടീശ്വരൻ. സംഭവബഹുലമായ ഒരു ജീവിതത്തിനുടമയായ ബ്രണ്ണൻ ഒടുവിൽ വിവാഹമോചനത്തിനു ഭാര്യക്ക് നഷ്ടപരിഹാരം നൽകേണ്ടിവന്ന് ദരിദ്രനായി. തന്റെ തന്നെ ശവസംസ്കാരത്തിനു പണം നൽകാനാവാതെ ആരും കൈപ്പറ്റാനില്ലാതെ ഒരുവർഷം സൂക്ഷിക്കപ്പെട്ടശേഷമാണ് മരണശേഷം അയാളുടെ മൃതദേഹം സംസ്കരിക്കാനായത്.

ഈ സ്വർണ്ണത്തിന്റെ കണ്ടുപിടുത്തം കാലിഫോർണിയയെ മാറ്റിമറിച്ചു. അതൊരു അമേരിക്കൻസംസ്ഥാനമായി, അങ്ങോട്ടു തീവണ്ടിപ്പാത എത്തി. രാജ്യത്തിന്റെ മറ്റുഭാഗത്തുനിന്നും ഹൈവേകൾ അങ്ങോട്ടെത്തി. 1847-1870 കാലത്ത് സാൻ ഫ്രാൻസിസ്കോയിലെ ജനസംഖ്യ 500 - ൽ നിന്നും ഒന്നരലക്ഷമായിമാറി. ലോക സമ്പദ്‌വ്യവസ്ഥ ഉണർന്നു. കാലിഫോർണിയ ഒരു സുവർണ്ണ സംസ്ഥാനം തന്നെയായി മാറി. പെട്രോളിയം, സിനിമ, വിമാനക്കമ്പനികൾ, സോഫ്റ്റ്‌വേർ എല്ലാത്തിന്റെയും തലസ്ഥാനമായി കാലിഫോർണിയ മാറി. അമേരിക്കയിലെ ഏറ്റവും സമ്പന്ന സംസ്ഥാനമാണിന്ന് കാലിഫോർണിയ. കാലിഫോർണിയ ഒരു രാജ്യമായിരുന്നെങ്കിൽ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്‌ശക്തിയായിരുന്നേനേ അത്. ബ്രിട്ടനേക്കാളും ഫ്രാൻസിനെക്കാളും മുകളിൽ. അവരേക്കാൾ മുമ്പിൽ ജർമനിയും ജപ്പാനും ചൈനയും അമേരിക്കയും മാത്രമേ ഉണ്ടാകുമായിരുന്നുള്ളൂ.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Vinaya Raj V R

Manager, Kerala Gramin Bank / Wikipedian

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 3 | Saved : 07:23:34 pm | 02-12-2023 CET