എന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും എന്നിൽ അർപ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കാനാവാത്തതിനാൽ ഇതല്ലാതെ എന്റെമുന്നിൽ മറ്റുവഴികളില്ല...

Avatar
Vinaya Raj V R | 06-05-2020 | 3 minutes Read

എന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും എന്നിൽ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനാവാത്തതിനാൽ ഇതല്ലാതെ എന്റെമുന്നിൽ മറ്റുവഴികളില്ല.

ഇങ്ങനെ ഒരു കുറിപ്പ് എഴുതിവച്ചതിനുശേഷം ഡോക്ടർ ഹെൻറി ബെഡ്സൺ തന്റെ കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്തു.

SEO text

മൂവായിരം വർഷക്കാലം ലോകത്ത് മനുഷ്യരെ വിറപ്പിക്കുകയും കോടിക്കണക്കിനാളുകളുടെ മരണത്തിടയാക്കുകയും ചെയ്ത വസൂരി ഒടുവിൽ 1978 വസന്തകാലത്ത് മനുഷ്യനു കീഴടങ്ങി. തുടർച്ചയായി പത്തുവർഷക്കാലം നടത്തിയ വാക്സിനേഷനാണ് വസൂരിയെ ഭൂമിയിൽ നിന്നും ഇല്ലായ്മ ചെയ്തത്.

സൊമാലിയക്കാരനായ മാലിൻ എന്ന, വാക്സിനേഷൻ നടത്തിയിട്ടില്ലാത്ത 23 കാരന് വസൂരി വരികയും അദ്ഭുതകരമായി അയാൾ രക്ഷപ്പെടുകയും ചെയ്തശേഷം ഒരുകൂട്ടം ഡോക്ടർമാർ അതിന്റെ സ്രോതസ് കണ്ടെത്തുകയും മറ്റൊരു അമ്പതിനായിരം ആൾക്കാരെക്കൂടി വാക്സിനേറ്റുചെയ്യുകയും ചെയ്തു.

അമേരിക്കക്കാരനും ലോകാരോഗ്യസംഘടനയുടെ വസൂരി നിർമ്മാർജ്ജനസമിതിയുടെ നേതാവുമായ ഡൊണാൾഡ് ഹെൻഡേർസനും കൂട്ടാളികളും എന്നിട്ടും ഭൂമിയിൽ നിന്നും വസൂരി നിർമ്മാർജനം ചെയ്തു എന്നകാര്യം ഉറപ്പുവരുത്താനും അക്കാര്യം പ്രഖ്യാപിക്കാനും രണ്ടുവർഷം കൂടി കാത്തിരുന്നു. അപ്പോഴേക്കും ഇരുപതാം നൂറ്റാണ്ടിൽമാത്രം 30 കോടി ആൾക്കാരെ വസൂരി കൊന്നിരുന്നു.

എന്നിട്ടും ഭൂമിയിൽ ഒരിക്കൽക്കൂടി വസൂരിവന്നു.

നാല്പതുകാരിയായ മെഡിക്കൽ ഫോട്ടോഗ്രാഫർ ജാനെറ്റ് പാർക്കർ ഇംഗ്ലണ്ടിലെ ബിർമിംഹാം മെഡിക്കൽ സ്കൂളിലെ അനാട്ടമി ഡിപ്പാർട്ട്മെന്റിൽ ജോലിചെയ്തുവരവേ 1978 ആഗസ്ത് 11- ന് പനിയും തലവേദനയും പേശീവേദനയുമായി ചികിൽസതേടി ആശുപത്രിയിലെത്തി. ദിവസങ്ങൾക്കുള്ളിൽ അവരുടെ ശരീരം മുഴുവൻ ചുവന്നകുമിളകൾ നിറഞ്ഞു. ചിക്കൻപൊക്സാണ് പേടിക്കേണ്ടെന്ന് ഡോക്ടർ പറഞ്ഞെങ്കിലും താമസിയാതെ പരസഹായമില്ലാതെ നിൽക്കാൻ പോലും പറ്റാത്ത അവസ്ഥയിലെത്തി ജാനെറ്റ്. ആഗ്സ്റ്റ് 20- ന് ജാനറ്റിന് വസൂരിയാണെന്ന് സ്ഥിരീകരിച്ചു.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

വാർത്ത പുറത്തുവന്നതും നഗരം ഭയത്താൽ നടുങ്ങി. എവിടെനിന്നാണ് വസൂരി ജാനെറ്റിനു കിട്ടിയതെന്നതുകണ്ടുപിടിക്കാൻ വലിയ ബുദ്ധിമുട്ടുണ്ടായില്ല. ജാനെറ്റിന്റെ ഓഫീസ് വസൂരിയുടെ വൈറസിനെപ്പറ്റി പഠിക്കുന്ന പരീക്ഷണശാല സ്ഥിതിചെയ്യുന്ന ഡോ. ഹെൻറി ബെഡ്സന്റെ ഓഫീസിനു നേരേമുകളിൽ ആയിരുന്നു. സർവ്വകലാശാലയിലെ മൈക്രോബയോളജി വിഭാഗത്തിന്റെ തലവനായിരുന്നു ഡോ. ഹെൻറി ബെഡ്സൺ. അദ്ദേഹമാവട്ടെ അതിപ്രശസ്തനായ മൈക്രോബയോളജിസ്റ്റായിരുന്ന സർ. സാമുവൽ ബെഡ്സന്റെ മകനുമാണ്. വസൂരിവൈറസിനെപ്പറ്റി പഠിക്കാൻ ലോകാരോഗ്യസംഘടന അനുവാദം നൽകിയ അപൂർവ്വം പരീക്ഷണശാലകളിൽ ഒന്നായിരുന്നു അത്. വൈറസ് പരീക്ഷണം നടത്താനുള്ള ഡോ. ബെഡ്‌സന്റെ അപേക്ഷ ലോകത്തിൽ ഇത്തരം പരീക്ഷണശാലകൾ തീരെക്കുറച്ചുമതി എന്നകാരണത്താൽ ലോകാരോഗ്യസംഘടന നേരത്തെ നിരസിച്ചതുമാണ്. എന്നാൽ പരീക്ഷണശാലയുടെ സുരക്ഷാനിലവാരം വർദ്ധിപ്പിക്കാമെന്ന ഉറപ്പിൽ വീണ്ടും ബെഡ്സൺ അപേക്ഷിച്ചപ്പോൾ അനുമതി ലഭിച്ചതാണ്. പക്ഷേ ബെഡ്സന് തന്റെ വാക്കു പാലിക്കാനായില്ല.

ജാനെറ്റിന്റെ രോഗാവസ്ഥയെപ്പറ്റി ആദ്യം മനസ്സിലാക്കിയതും ബെഡ്സൺ തന്നെയായിരുന്നു, അത് അദ്ദേഹത്തെ തകർത്തുകളഞ്ഞു. പോലീസ് അന്വേഷണസംഘം അദ്ദേഹത്തിന്റെ പരീക്ഷണശാലയിൽ കയറിയിറങ്ങി, മീഡിയ വീടിനുമുന്നിൽ തമ്പടിച്ചു. എല്ലാ കുറ്റവും ബെഡ്സന്റെ മുകളിൽ വച്ചുകെട്ടാനായി മാധ്യമങ്ങളുടെ ശ്രമം. ജാനറ്റിന്റെ അവസ്ഥ അനുദിനം വഷളായി, കണ്ണുകളുടെ കാഴ്ച നഷ്ടപ്പെട്ടു. വൃക്കകൾ പ്രവർത്തനരഹിതമായി. സെപ്തംബർ അഞ്ചിന് തന്റെ ഏകമകളുടെ പരിതാപകരമായ അവസ്ഥകണ്ട ജാനറ്റിന്റെ 77 വയസ്സുള്ള പിതാവ് ഹൃദയാഘാതത്താൽ മരണമടഞ്ഞു. അടുത്തദിവസം തന്റെ വീടിനടുത്തുള്ള മുറിയിലേക്കു ചെന്ന ബെഡ്സൺ തന്റെ കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്തു. മരണക്കുറിപ്പിൽ അദ്ദേഹം ഇങ്ങനെയെഴുതി:

എന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും എന്നിൽ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാൻ എനിക്കു കഴിഞ്ഞില്ല. പക്ഷേ എന്റെ കുടുംബത്തിന് ഇത്തിരി സമാധാനം കിട്ടാൻ ഇതല്ലാതെ എന്റെ മുന്നിൽ മറ്റുവഴികളില്ല.

സെപ്തംബർ 11 -ന് ജാനറ്റും മരണത്തിനു കീഴടങ്ങി.

പിന്നീടുനടന്ന അന്വേഷണത്തിൽ പരീക്ഷണശാലയിലെ സുരക്ഷാകാര്യങ്ങളിൽ വൻവീഴ്ചകൾ കണ്ടെത്തി. ജീവനക്കാരുടെ ശ്രദ്ധക്കുറവ്, സുരക്ഷാകാബിനറ്റിനു വെളിയിൽ വച്ച് വൈറസ് സാമ്പിളുകൾ പരിശോധിച്ചത്, പരീക്ഷണശാലയിൽ നിന്നും വൈറസ് രക്ഷപ്പെടാതിരിക്കാനുള്ള സുരക്ഷാമുൻകരുതലുകൾ എടുക്കാത്തത്, വസ്ത്രം മാറാനുള്ള വെവ്വേറെയിടങ്ങൾ ഇല്ലാത്തത്, ആവശ്യത്തിന് അണുനാശകങ്ങൾ ഉപയോഗിക്കാത്തത്, അണുബാധയുള്ള വസ്ത്രങ്ങൾ ധരിച്ചത് മുതലായവയെല്ലാം അന്വേഷണത്തിൽ കണ്ടെത്തി. ജീവനക്കാരെല്ലാം വാക്സിനെടുത്തവരായതിനാൽ അവർക്കാർക്കും അസുഖം ബാധിച്ചില്ലന്നേയുള്ളൂ. ജാനറ്റാവട്ടെ 12 വർഷം മുൻപാണ് വാക്സിനേഷൻ എടുത്തത്. രണ്ടുമുതൽ അഞ്ചുവർഷത്തിലൊരിക്കൽ എടുക്കേണ്ടിയിരുന്നതാണ് വസൂരിവാക്സിൻ.

വസൂരി വൈറസ്എങ്ങനെയാണ് ജാനറ്റിൽ എത്തിയതെന്ന് കൃത്യമായി മനസ്സിലായില്ലെങ്കിലും പരീക്ഷണശാലയുടെ വായുപുറത്തുവരുന്ന മാർഗത്തിൽക്കൂടി എത്തുകയും അത് മുകളിലെ നിലയിലുള്ള ജാനറ്റ് ശ്വസിച്ചതുവഴിയുമാണ് വസൂരി വന്നതുമെന്നാണ് പ്രബലമായ നിഗമനം. 1980 -ൽ ജാനറ്റിന്റെ മരണത്തിനു രണ്ടുവർഷത്തിനുശേഷം ഔദ്യോഗികമായി ലോകത്തുനിന്നും വസൂരി നിർമ്മാർജ്ജനം ചെയ്തെന്ന് പ്രഖ്യാപിക്കപ്പെട്ടു.

ഈ സംഭവത്തിനുശേഷം ലോകത്തെ മിക്കയിടത്തുനിന്നും വസൂരി വൈറസിന്റെ സ്റ്റോക്ക് നശിപ്പിക്കുകയും പരീക്ഷണശാലകൾ അടച്ചുപൂട്ടുകയും ചെയ്തു. ഇപ്പോൾ ലോകത്ത് രണ്ടിടത്താണ് വസൂരി അണുക്കൾ ഔദ്യോഗികമായി സൂക്ഷിച്ചിട്ടുള്ളത്: ഒന്ന് അമേരിക്കയിലെ അറ്റ്ലാന്റയിലും മറ്റേത് റഷ്യയിലെ കോൾറ്റ്‌സോവോയിലും.

മനുഷ്യനും വൈറസും തമ്മിലുള്ള യുദ്ധം ജയിക്കുക അത്ര എളുപ്പമൊന്നുമല്ല. എന്നാൽ മനുഷ്യൻ ഇതിൽ ജയിക്കുക തന്നെ ചെയ്യും, അതിനിടയിൽ വരുന്ന നഷ്ടം എത്രതന്നെയായാലും. ഇതിനിടയിൽ ശാസ്ത്രജ്ഞന്മാരും ഗവേഷകരും ഇവയ്ക്ക് മരുന്നും പ്രതിവിധികളും കണ്ടെത്താൻ എടുക്കേണ്ടിവരുന്ന റിസ്കുകളും ബുദ്ധിമുട്ടുകളും എത്രമാത്രമാണെന്ന് നമ്മൾ മനസ്സിലാക്കണം. അപ്പോഴാണ് വൈറസ് ഇല്ലെന്നും വാക്സിനേഷൻ അശാസ്ത്രീയമാണെന്നും പറഞ്ഞ് പലരും ആളാവാൻ നോക്കുന്നത്. ഒരുകാലത്ത് പലശാസ്ത്രജ്ഞരും അവരുടെ ജീവൻ ബലികഴിച്ചുണ്ടാക്കിയ സ്വർഗത്തിൽ വസിക്കുമ്പോൾ, വറ്റ് എല്ലിനിടയിൽ കയറുമ്പോൾ ഇതൊക്കെ നിസാരമാണെന്നു തോന്നും.

» നമ്മുടെ നാട്ടിലെ വസൂരിക്കാലത്തെ ഒരു കഥ ശ്രീ, മുരളീ തുമ്മാരുകുടി എഴുതിയത്


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Vinaya Raj V R

Manager, Kerala Gramin Bank / Wikipedian

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 12:54:55 pm | 03-12-2023 CET