രണ്ടായിരം വർഷം മുൻപ് വലിയൊരു മലതുരന്ന് ആറുകിലോമീറ്ററിലേറെ നീളമുള്ള ഒരു തുരങ്കമുണ്ടാക്കി ഇറ്റലിയിൽ, ഇതെന്തിനായിരുന്നു?
ഇറ്റലിയിൽ അതീവഫലഭൂയിഷ്ടമായ ഒരു താഴ്വരയുണ്ട് റോമിന് 80 കിലോമീറ്റർ കിഴക്കായി അബ്രുസോ സംസ്ഥാനത്ത്. എല്ലാവശവും പർവതങ്ങളാൽ ചുറ്റപ്പെട്ട ആ നിരന്ന താഴ്വരയ്ക്കുള്ളിലുള്ള തടാകമായ ഫുസിൻ പുറത്തേക്കു ബഹിർഗമിക്കാൻ മാർഗമില്ലാത്തതിനാൽ പലകാലങ്ങളിലും നിറഞ്ഞ്കവിഞ്ഞ് ചുറ്റുമുള്ള താഴ്വരയിൽ ജീവിക്കുന്നവർക്കും അവരുടെ കൃഷിക്കും പുരാതനകാലം മുതൽത്തന്നെ ഒരു ശാപമായി നിലകൊണ്ടു. വലിപ്പം കൊണ്ട് ഇറ്റലിയിലെ മുന്നാമത്തെ തടാകമായിരുന്നു അത്. 17 കിലോമീറ്റർ നീളവും 10 കിലോമീറ്റർ വീതിയുമുണ്ടായിരുന്നു ഈ തടാകത്തിന്. വലിയതോതിലുള്ള മൽസ്യസമ്പത്തുകാരണം തടാകത്തിനുചുറ്റും ധാരാളം മുക്കുവരും ജീവിച്ചിരുന്നു, പക്ഷേ, തടാകം നിറഞ്ഞുകവിയുമ്പോൾ ഇവർ ബുദ്ധിമുട്ടിലായി, കൂടാതെ കെട്ടിക്കിടക്കുന്ന വെള്ളം മലേറിയയ്ക്കും കാരണമായി.
താഴ്‌വരയിലെ ജനങ്ങൾ എങ്ങനെയെങ്കിലും തടാകത്തിലെ ജലം നീക്കംചെയ്തുതരണമെന്നു ജൂലിയസ് സീസറോട് അഭ്യർത്ഥിച്ചു, എന്നാൽ ഇതിനൊരു പദ്ധതി തയ്യാറാക്കുന്നതിനുമുൻപ് സീസർ കൊല്ലപ്പെട്ടു. ഒരു നൂറ്റാണ്ടിനുശേഷം AD 41-ൽ ക്ലോഡിയസ് ഈ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചു. വെള്ളം ഒഴുക്കിക്കളയാനായി സമീപത്തുള്ള അവസാനോയിലെ മലനിരകൾക്ക് അടിയിൽക്കൂടി ആറ് കിലോമീറ്റർ നീളമുള്ള ഒരു തുരങ്കം നിർമ്മിച്ചു. 30000 ആൾക്കാർ, മിക്കവരും അടിമകൾ 11 വർഷം കൊണ്ട് മലതുരന്നാണ് തുരങ്കം ഉണ്ടാക്കിയത്.
മണ്ണിടിച്ചിലും തുരങ്കം പൊളിഞ്ഞതുമൊക്കെ എത്രയോ ജീവനെടുത്തു. ഏറ്റവും നീണ്ട തുരങ്കമെന്ന പദവി ഇത് തുടർന്ന് 18 നൂറ്റാണ്ടുകാലം നിലനിർത്തി. ടണലിൽക്കൂടി ഒഴുകിപ്പോയ വെള്ളം 35000 ഏക്കർ വിസ്താരമുണ്ടായിരുന്ന ഫുസിനോ തടാകത്തിന്റെ വലിപ്പം 15000 ഏക്കറായിച്ചുരുക്കി. റോമൻ കാലഘട്ടം അവസാനിച്ചതോടെ പരിപാലനമില്ലാതെ തുരങ്കം അടഞ്ഞുപോയി അതോടൊപ്പം വലിയൊരു ഭൂകമ്പം തടാകത്തിന്റെ നിരപ്പ് താഴ്ത്തുകകൂടിച്ചെയ്തപ്പോൾ വെള്ളം ഒഴുകാതായി തടാകത്തെ പൂർവ്വസ്ഥിതിയിലെത്തിച്ചു. പലപ്പോഴും ഇതിനെ നന്നാക്കിയെടുക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. 1852 ആയപ്പോഴേക്കും പഴയ നിരപ്പിനേക്കാളും 30 അടികൂടി തടാകം ഉയർന്നിരുന്നു .
1862 -ൽ ഇറ്റലിയിലെ ഒരു പ്രഭുവും ബാങ്കറുമായ അലെസാന്ദ്രോ, ഫ്രഞ്ച് സ്വിസ്സ് എഞ്ചിനീയർമാരുടെ സഹായത്തോടെ ഈ തടാകത്തെ ഒഴുക്കിക്കളയാനുള്ള ഒരുക്കങ്ങൾ നടത്തി. പകരം തടാകം ഇരുന്ന സ്ഥലം അയാളുടേതാവുമെന്നായിരുന്നു കരാർ. 13 വർഷത്തെ പരിശ്രമത്തിനൊടുവിൽ പുതിയതുരങ്കമുണ്ടാക്കി തടാകം പൂർണ്ണമായും ഒഴുക്കിക്കളഞ്ഞു. വീണ്ടെടുത്ത 35000 ഏക്കർ ഏറ്റവും ഫലഭൂയിഷ്ടമായ കൃഷിയിടം അയാളുടെ കുടുംബത്തിന്റേതായി. മീൻപിടിച്ചുകൊണ്ടിരുന്നവർ ആ ജോലി ഉപേക്ഷിച്ച് കൃഷിക്കാരായി മാറി. 1952-53 കാലത്ത് ഇറ്റലിയിൽ ഭൂപരിഷ്കരണം വന്നപ്പോൾ രണ്ടര ഏക്കർ വീതമുള്ള സ്ഥലങ്ങളായി അവ പലർക്കായി പതിച്ചുനൽകി. ഇന്നും ഈ തുരങ്കങ്ങൾ വഴി മിച്ചമുള്ള വെള്ളം സെക്കന്റിൽ 9 ഘനഅടി തോതിൽ പുറത്തേക്കുപോകുന്നു. പത്തൊൻപതാം നൂറ്റാണ്ടിലെ തുരങ്കങ്ങളുടെ പുനർനിർമ്മാണത്തിൽ പഴയ റോമൻ തുരങ്കങ്ങളുടെ മിക്കഭാഗങ്ങളും നശിച്ചുപോയി, അതിനാൽത്തന്നെ പണ്ട് ഇവ എത്രത്തോളം വിജയകരമായിരുന്നു എന്ന് കൃത്യമായി അറിയില്ല. 1942 -ൽ മറ്റൊരു ടണൽ കൂടി ഇവിടെ ഉണ്ടാക്കുകയുണ്ടായി .
ഇന്നും ഇറ്റലിയിലെ ഏറ്റവും ഫലഭൂയിഷ്ടമായ പ്രദേശങ്ങളിൽ ഒന്നാണ് ഫുസിനോ തടാകം ഇരുന്നസ്ഥലം. അവിടെ ഉണ്ടാക്കുന്ന പച്ചക്കറികൾക്ക് അവയുടെ ഗുണവും രുചിയും കാരണം ഇറ്റലിയിലെങ്ങും വലിയ ഡിമാന്റാണ്. അവിടത്തെ ഉരുളക്കിഴങ്ങിനാവട്ടെ ഭൂപ്രദേശസൂചകപദവി ലഭിച്ചതുമാണ്. പണ്ടത്തെ തടാകത്തിന്റെ അതിർത്തിയിലെ കരയിൽക്കൂടി ചുറ്റി ഒരു റോഡ് ഉള്ളതിനാൽ തടാകവും ചുറ്റുമുള്ള സ്ഥലവും വേറിട്ട് തന്നെ ആകാശക്കാഴ്ചകളിൽക്കാണാം, ഇതിനിടയിൽ ചതുരാകൃതിയിൽ വിവിധവർണ്ണങ്ങളിലുള്ള പാടങ്ങളും അതിമനോഹരമായ ദൃശ്യമാണ്.
വീഡിയോ പ്ലെയറിലെ സെറ്റിംഗ്‌സിൽ Subtitles - Italian to English സെലക്ട് ചെയ്തു വിശദമായി വീഡിയോ പിൻതുടരാവുന്നതാണ്
# വിനയരാജ്
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.
Manager, Kerala Gramin Bank / Wikipedian