13 ഓഗസ്റ്റ് 1978 നു പൂനെയിൽ ഒരു പെൺകുട്ടി ജനിച്ചു. ജനിച്ച ഉടൻ ആശുപത്രിയോടു ചേർന്നുള്ള അനാഥാലയത്തിന്റെ വാതിലിനു മുന്നിലേക്കു അവൾ ഉപേക്ഷിക്കപ്പെട്ടു. അവർ അവൾക്കു ലൈല എന്നുപേരിട്ടു. മൂന്നാഴ്ച കഴിഞ്ഞു ഒരു ആൺകുട്ടിയെ ദത്തെടുക്കായി അനാഥാലയം സന്ദർശിച്ച ഇന്ത്യൻ വംശജനും ഓസ്‌ട്രേലിയൻ വംശജയുമായ ദമ്പതികൾ ലൈലയെ കണ്ടതും അവരുടെ തീരുമാനം മാറ്റി. ആൺകുട്ടിക്കു പകരം അവർ പെൺകുട്ടിയെ ദത്തെടുക്കാൻ തീരുമാനിച്ചു, അവർ അവളെ ലിസ എന്നുവിളിച്ചു അമേരിക്കയിലേക്കു കൊണ്ടുപോയി, അവിടെ നിന്നും കെനിയയിലേക്കും, പിന്നീടു ഓസ്‌ട്രേലിയയിലേക്കും അവർ നാടുമാറി.
ലിസയെ ക്രിക്കറ്റിലേക്കു പിച്ചവെപ്പിച്ചത് പിതാവ് ഹാരൻ സ്ഥലേക്കർ ആയിരുന്നു. വീടിനു പിന്നാമ്പുറത്ത് അവർ മുടങ്ങാതെ ക്രിക്കറ്റ് കളിച്ചു. ക്രിക്കറ്റിനെ പ്രണയിച്ചു തുടങ്ങിയ ലിസ വീടുവിട്ടു അടുത്ത ആൺമൈതാനങ്ങളിലേക്കു കളിക്കാൻ പോയി. അവരുടെ ടീമിൽ അംഗത്വം എടുത്തു. മറ്റു ജോലികൾ ചെയ്യുമ്പോഴും ഉപേക്ഷിക്കപ്പെടാത്ത ഒരിഷ്ടം പോലെ ക്രിക്കറ്റിനെ ലിസ കൊണ്ടുനടന്നു.
1997ൽ ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്തിനുവേണ്ടി ആദ്യമത്സരം. 2001ൽ ഓസ്‌ട്രേലിയക്കു വേണ്ടി ആദ്യത്തെ ഏകദിന മത്സരം. 2003ൽ ആദ്യത്തെ ടെസ്റ്റ്. 2005ൽ ട്വന്റി-ട്വന്റി. ലിസ സ്ഥലേക്കർ എന്ന കളിക്കാരി ഓസ്‌ട്രേലിയൻ ക്രിക്കറ്റിന്റെ മാത്രമല്ല, ലോക വനിതാ ക്രിക്കറ്റിലെ തന്നെ ഏറ്റവും തലയെടുപ്പുള്ള പേരായി. ഓഫ് സ്പിന്നറിൽ നിന്നും എണ്ണംപറഞ്ഞ ബാറ്റ്‌സ്വുമണും ഓൾ റൗണ്ടറുമായി മൈതാനങ്ങളിൽ കങ്കാരുപ്പടയുടെ നെടുനായകത്വമായി.
ഏകദിനത്തിൽ രണ്ടായിരം റൺസ് തികയ്ക്കുന്ന, നൂറിലധികം വിക്കറ്റ് നേടുന്ന ആദ്യത്തെ വനിതാ ക്രിക്കറ്ററായി. ഓസ്‌ട്രേലിയക്കു വേണ്ടി കളിച്ച ഒരു വ്യാഴവട്ടക്കാലം കൊണ്ട് 4 ലോകകപ്പുകൾ എടുത്തുയർത്തി. ഐസിസിയുടെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഒന്നാംസ്ഥാനം പിടിച്ചു.
ഇക്കൊല്ലത്തെ ഐസിസിയുടെ ഹാൾ ഓഫ് ഫെയിം അംഗീകാരവും ഈ പ്രതിഭയെ തേടിയെത്തുന്നു. ഇതുവരെ 6 ഇന്ത്യൻ കളിക്കാർക്കു മാത്രം ലഭിച്ചിരിക്കുന്ന ആദരം. കപിൽദേവിനും ഗവാസ്കർക്കും ബിഷൻ ബേദിക്കും തെണ്ടുൽക്കർക്കും ദ്രാവിഡിനും കുംബ്ലേക്കും ശേഷം ജന്മം കൊണ്ട് ഇന്ത്യക്കാരിയായ, കർമം കൊണ്ട് ഓസ്‌ട്രേലിയക്കാരിയായ, ലിസ സ്ഥലേക്കരും ഇതിഹാസങ്ങളുടെ പട്ടികയിൽ ഇടംപിടിക്കുന്നു.
42 വർഷങ്ങൾക്കു മുമ്പ് പൂനെയിലെ ഒരു അനാഥാലയത്തിന്റെ മുറ്റത്ത് ആരുമില്ലാതെ കിടന്നുകരഞ്ഞ ഒരു പെൺകുട്ടി ബാറ്റുകൊണ്ടും ബോളുകൊണ്ടും ലോകം നേടിയെടുക്കുന്നു
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.