അമേരിക്കയിലെ വിർജീനിയയിലുള്ള ഒരു പന്നിമാംസ ഉൽപ്പാദന കമ്പനിയാണ് സ്മിത്ഫീൽഡ് ഫുഡ്സ്. 1936 -ൽ സ്ഥാപിതമായ ഈ കമ്പനിയെ 2013 -ൽ ചൈന ആസ്ഥാനമായ WH ഗ്രൂപ്പ് വാങ്ങി. ഏതെങ്കിലും ഒരു അമേരിക്കൻ കമ്പനിയെ ചൈനീസ് കമ്പനികൾ വാങ്ങുന്നതിലെ ഏറ്റവും വലിയ ഏറ്റെടുക്കൽ ആയിരുന്നു അത്. അതോടൊപ്പം സ്മിത്ഫീൽഡിന്റെ 146000 എക്കർ സ്ഥലവും ഗ്രൂപ്പിനു സ്വന്തമായി. അങ്ങനെ അമേരിക്കയിൽ സ്ഥലം സ്വന്തമായിട്ടുള്ള വിദേശകമ്പനികളിൽ മുൻനിരക്കാരായി WH ഗ്രൂപ്പ് മാറി. സ്മിത്ഫീൽഡ് ഫുഡ്സ് ആണ് ലോകത്തേറ്റവും വലിയ പോർക്ക് ഉൽപ്പാദകർ. അമേരിക്കയിൽ 500 ഫാമുകൾ ഉള്ളതുകൂടാതെ രണ്ടായിരത്തോളം സ്വതന്ത്ര കർഷകരുമായി സ്മിത്ഫീൽഡിന് പന്നികളെ വളർത്തിനൽകുന്ന കരാറിലും അവർ എർപ്പെട്ടിട്ടുണ്ട്. അമേരിക്ക കൂടാതെ മെക്സിക്കോ, പോളണ്ട്, റുമേനിയ, ജർമനി, ബ്രിട്ടൻ എന്നിവിടങ്ങളിലെല്ലാം സ്മിത്ഫീൽഡിന് പോർക്ക് വിഭാഗങ്ങൾ ഉണ്ട്. നോർത് കരോലിനയിലുള്ള പത്തുലക്ഷത്തോളം ചതുരശ്രഅടി വലിപ്പമുള്ള ഒരൊറ്റ മാംസസംസ്കരണ യൂണിറ്റിൽത്തന്നെ ദിവസേന 32000 പന്നികളെ കശാപ്പുചെയ്തു മാംസമാക്കിമാറ്റാനുള്ള സൗകര്യമുണ്ട്. WH ഗ്രൂപ്പ് ഏറ്റെടുക്കുന്നതിനു മുൻപ് 2006 -ൽ സ്മിത്ഫീൽഡ് ഒന്നരക്കോടിയോളം പന്നികളെ വളർത്തുകയും രണ്ടേമുക്കാൽ കോടി പന്നികളെ കശാപ്പുചെയ്യുകയും ചെയ്തിരുന്നു. അതായത് ഒരു ദിവസം 114300 പന്നികളെ. ഇതൊക്കെയും തന്നെ ചൈനയിലേക്ക് കയറ്റുമതി ചെയ്യുകയാണ് ചെയ്യുന്നത്.
ഭക്ഷണത്തിനായി ചൈനക്കാർ BC 6000 മുതൽ തന്നെ പന്നിയെ വളർത്തിയ രേഖകൾ ഉണ്ട്. ഇന്നും മറ്റേതൊരു രാജ്യക്കാരേക്കാളും പന്നികളെ ചൈനക്കാർ തിന്നുന്നു. ചൈനക്കാരുടെ മാംസാഹാരത്തിൽ എഴുപതു ശതമാനത്തോളം പന്നിമാംസമാണുതാനും. ലോകത്തെ പന്നിമാംസ ഉൽപ്പാദനത്തിന്റെ പകുതിയിലേറെയും ചൈനയിലാണ്, എന്നിട്ടും ചൈന പന്നിമാംസം ഇറക്കുമതി ചെയ്യുകയാണ്. അങ്ങനെയിരിക്കെയാണ് നല്ല ഉൽപ്പാദനക്ഷമതയും നൂതനരീതികളുമായി പന്നിമാംസം ഉൽപ്പാദിപ്പിച്ചുകൊണ്ടിരുന്ന സ്മിത്ഫീൽഡിനെ ചൈനക്കാർ കൈവശപ്പെടുത്തുന്നത്. അവിടെ നിന്നും ഉണ്ടാക്കുന്ന പോർക്കുമുഴുവൻ ചൈനയിലേക്കു കയറ്റുമതി ചെയ്യുകയാണ്. തണുപ്പിച്ച് സൂക്ഷിക്കാൻ പറ്റിയ സൗകര്യങ്ങളുടെ അപര്യാപ്തത മാത്രമാണ് ഏകതടസ്സം. കഴിഞ്ഞരണ്ടുവർഷങ്ങളിൽ ഉണ്ടായ ആഫ്രിക്കൻ പന്നിപ്പനി ചൈനയുടെ പന്നികളുടെ 40 ശതമാനവും ഇല്ലാതാക്കിയപ്പോൾ അതുമൂലമുണ്ടായ ക്ഷാമം തീർത്തത് സ്മിത്ഫീൽഡ് ആണ്. കഴിഞ്ഞവർഷം ജൂൺ മുതൽ സെപ്തംബർ വരെയുള്ള അവരുടെ കയറ്റുമതി ഏതാണ്ട് 168000 പന്നികളുടെ മാംസത്തിനു തുല്യമാണ്.
പുതുമയാർന്ന മാനേജ്മെന്റുരീതികളിൽക്കൂടി പോർക്കുൽപ്പാദനത്തിന്റെ സമസ്തമേഖലകളിലും, പന്നികളുടെ ഗർഭധാരണം മുതൽ പ്രസവം തുടങ്ങി കൊന്ന് ഇറച്ചിയാക്കി കയറ്റുമതി ചെയ്യുന്നതുവരെ എല്ലാം അവർക്ക് നിയന്ത്രിക്കാനായി. പുകയിലക്കൃഷി ഇല്ലാതായപ്പോൾ ജോലിയില്ലാതായ കർഷകർക്ക് സ്മിത്ഫീൽഡ് 8-10 ആഴ്ച പ്രായമുള്ള പന്നിക്കുഞ്ഞുങ്ങളെ നൽകി കമ്പനി നിശ്ചയിച്ച ഭക്ഷണം നൽകി വളർത്തി അവയെ തിരികെവാങ്ങി. പന്നിയുടെ ഉടമസ്ഥത കമ്പനിയ്ക്ക് ആയിരുന്നു. ആയിരക്കണക്കിന് പന്നികളെ വളർത്താൻ ശേഷിയുള്ളവരുമായി മാത്രമായിരുന്നു കരാർ, അങ്ങനെ ചെറുകിട കർഷകർ കച്ചവടമില്ലാത്തവരായി മാറി. 1980 -ൽ 667000 പന്നിക്കൃഷിക്കാർ ഉണ്ടായിരുന്ന നോർത്ത് കരോലിനയിൽ 2005 ആയപ്പോഴേക്കും അവരുടെ എണ്ണം വെറും 67000 ആയി മാറി. അമേരിക്കൻ സർക്കാർ ഇതിനു നിയന്ത്രണങ്ങൾ കൊണ്ടുവന്നപ്പോൾ അവർ ഈ മാതൃക കിഴക്കൻ യൂറോപ്പിലേക്കുമാറ്റി. ഇതേ പരിപാടി റുമേനിയയിൽ അവർ അനുവർത്തിക്കുകയും 2003 -ൽ 477000 പന്നിക്കൃഷിക്കാർ റുമേനിയയിൽ ഉണ്ടായിരുന്നത് 2007 ആയപ്പോഴേക്കും 52000 ആയി ചുരുങ്ങിപ്പോകുകയും ചെയ്തു. പോളണ്ടിലും ഇതേ അവസ്ഥ സംജാതമായി.
ഫാക്ടറികളിൽ ഒരു പന്നിയെ കൊല്ലുന്നതുമുതൽ അതിനെ പൂർണ്ണമായി ഭാഗിച്ചുതീർക്കാൻ വേണ്ട സമയം കേവലം അഞ്ചുമുതൽ പത്തുമിനിട്ടുവരെ മാത്രമാണ്. ഇതിനായി കത്തികൾ ഉപയോഗിക്കുന്ന ജീവനക്കാർക്ക് നിരന്തരം പരിക്കുപറ്റാനുള്ള സാധ്യതകൾ ഏറെയാണ്. കത്തിക്ക് മൂർച്ചകൂട്ടാൻ പോലും സമയം ലഭിക്കാത്തരീതിയിൽ പണിയെടുത്താലേ അസംബ്ലി ലൈനിൽ പിടിച്ചുനിൽക്കാനാവുകയുള്ളൂ. കുടിയേറിയവർക്ക് പലപ്പോഴും പരാതികൊടുക്കാനോ സംഘടന ഉണ്ടാക്കാനോ പോലും സാധിക്കാറുമില്ല.
ഗർഭിണികളാവുന്ന പന്നികളെ കമ്പികൊണ്ടുണ്ടാക്കിയ വളരെച്ചെറിയ തിരിയാൻ ഇടമില്ലാത്ത ഒരേപോലെയുള്ള ക്രേറ്റുകളിലാണിടുന്നത്. 115 ദിവസത്തിനുശേഷം പ്രസവിക്കുന്ന അവയെ മുലകൊടുക്കാനായി മൂന്നാഴ്ച മറ്റൊരു കൂട്ടിലേക്കുമാറ്റുന്നു, തുടർന്ന് അപ്പോൾത്തന്നെ വീണ്ടും കൃത്രിമമായി ഗർഭധാരണം നടത്തിയശേഷം തിരികെ പഴയകൂട്ടിലാക്കുന്നു. ഇതെല്ലാം മൃഗസ്നേഹികളിൽ നിന്നും സംഘടനകളിൽ നിന്നും വിമർശനം വിളിച്ചുവരുത്തുന്നുണ്ട്. അതുകൂടാതെ പന്നിക്കൂടുകളിൽനിന്നെല്ലാം പുറംതള്ളുന്ന മലവും മൂത്രവും രക്തവുമടക്കമുള്ള മാലിന്യങ്ങൾ ശുദ്ധീകരിക്കാതെ തന്നെ ദശലക്ഷക്കണക്കിനു ലിറ്റർ സൂക്ഷിച്ചിരിക്കുന്നത് വലിയതോതിലുള്ള മലിനീകരണങ്ങൾ ആണ് ഉണ്ടാക്കുന്നത്. ഒരു പന്നി അതിന്റെ ജീവിതകാലത്ത് 1100 ലിറ്റർ മുതൽ 1300 ലിറ്റർ വരെ മാലിന്യം ഉണ്ടാക്കുന്നുണ്ട്. 1990 കളിൽ നോർത്ത് കരോലിനയിലെ നദികളിലേക്ക് ഇത്തരം കോടിക്കണക്കിനു ലിറ്റർ മാലിന്യം കമ്പനി തള്ളുകയുണ്ടായി. ചുരുക്കത്തിൽ ചൈനക്കാർക്ക് പന്നിയെത്തിന്നാൻ അമേരിക്കയിലെ സ്ഥലങ്ങൾ പലതും മലിനമാക്കുകയാണ് ചെയ്യുന്നത്. അതിന്റെ ലാഭവും ചൈനയിലെ കമ്പനിയ്ക്കും .
Undercover Video
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.
Manager, Kerala Gramin Bank / Wikipedian