ലോകത്തിലെ ആദ്യ സബ് വൂഫർ കണ്ടുപിടിച്ച കംബനിയുടെ കഥ - ONKYO

Avatar
അജിത് കളമശ്ശേരി | 21-05-2022 | 5 minutes Read

അങ്ങനെ ഒരു വൻമരം കൂടി വേരുകൾ നഷ്ടപ്പെട്ട് ആസന്നമരണത്തിലേക്ക് പതിക്കുകയാണ്. 1946 ഏപ്രിൽ മാസത്തിൽ തക്കേഷി ഗോഡായ് എന്ന വ്യക്തി ജപ്പാനിലെ വ്യവസായ നഗരങ്ങളിൽ ഒന്നായ ഒസാക്കയിൽ ആരംഭിച്ച ONKYO എന്ന പേരിൽ പ്രസിദ്ധമായ ഒസാക്ക ഡേങ്കി ഓങ്കിയോ എന്ന ഓഡിയോ ഇലക്ട്രോണിക്സ് കമ്പനി വൻ കടബാദ്ധ്യതയെ തുടർന്ന് 2022 മെയ് മാസം മുതൽ പ്രവർത്തനം അവസാനിപ്പിച്ചിരിക്കുകയാണ്.

നീണ്ട 76 വർഷത്തെ പ്രയാണത്തിന് ശേഷം ഓങ്കിയോ ഓഡിയോ പ്രവർത്തനം അവസാനിപ്പിക്കുമ്പോൾ പുതു തലമുറ ഓഡിയോഫൈലുകൾക്ക് ശുദ്ധസംഗീതം ആസ്വദിക്കാനുള്ള ഒരു പ്രധാന മാർഗ്ഗം അടയുന്നു എന്ന സങ്കടം ബാക്കിയാവുകയാണ്.

എന്നിരുന്നാലും ലോകമാകെയുള്ള ഓഡിയോ പ്രേമികൾക്കായി നിരവധി ഒന്നാം തരം കണ്ടുപിടുത്തങ്ങളും, ഓഡിയോ ഉൽപ്പന്നങ്ങളും സമ്മാനിച്ച് ആ ഓർമ്മകൾ ബാക്കി വച്ചാണ് ഓങ്കിയോ പോകുന്നത് എന്നതിൽ നമുക്കാശ്വസിക്കാം.ഓങ്കിയോ എന്ന വാക്കിന് പ്രതിധ്വനി എന്നാണ് ജപ്പാനീസ് ഭാഷയിൽ അർത്ഥം.

961-1653160056-fb-img-1653159560870

ചെറുപ്പം മുതൽ നല്ലൊരു സംഗീതപ്രേമിയും, ടെക്നിക്കൽ മൈൻഡ് സെറ്റുള്ളയാളുമായിരുന്നു ഓങ്കിയോ സ്ഥാപകനായ തക്കേഷി ഗോഡായ് .

കുടുംബതൊഴിലായ കാർപ്പെൻ്ററി ബിസിനസിൽ പിതാവിനെ സഹായിച്ച് പോന്ന തക്കേഷിക്ക് താൻ സ്വരുക്കൂട്ടിയ പണം കൊണ്ട് ഒരു റെക്കാഡ് പ്ലയർ മ്യൂസിക് സിസ്റ്റം വാങ്ങുക എന്നതായിരുന്നു പ്രഥമ ലക്ഷ്യം.. ഇതിനായി ജോലി ചെയ്ത സമ്പാദിച്ച തുക കൊണ്ട് ഒരു മ്യൂസിക് സിസ്റ്റം സ്വന്തമാക്കി.

പക്ഷേ അദ്ദേഹത്തിൻ്റെ ആസ്വാദന ശൈലിക്ക് അനുയോജ്യമായ ശബ്ദം ആ സെറ്റിൻ്റെ ചെറിയ ഇൻബിൽറ്റ് സ്പീക്കറുകളിൽ നിന്ന് ലഭിച്ചില്ല.

അന്ന് ജപ്പാനീസ് വിപണിയിൽ ലഭിച്ചിരുന്ന സ്പീക്കർ ബോക്സുകൾ അമേരിക്കൻ നിർമ്മിതമായിരുന്നു. അവയ്ക്കാണെങ്കിൽ വൻ വിലയും. നല്ലൊരു മ്യൂസിക് സിസ്റ്റം വാങ്ങുന്നതിലുമധികം തുക സ്പീക്കർ ബോക്സുകൾക്കായി ചിലവഴിക്കേണ്ടി വന്നിരുന്നു. അതിനാൽ സാധാരണക്കാർക്കും, ഇടത്തരക്കാർക്കും ഇവ അപ്രാപ്യമായിരുന്നു.

പരമ്പരാഗതമായി ആശാരിപ്പണി വശമായ തക്കേഷി നിരാശനായില്ല. സ്വന്തമായി ഒരെണ്ണമങ്ങ് നിർമ്മിക്കാൻ തീരുമാനിച്ചു. ജോലിയുടെ ഇടവേളകളിലും, അവധി ദിവസങ്ങളിലും മറ്റ് സ്പീക്കർ ബോക്സുകൾ കണ്ട് മനസിലാക്കിയ അഴകളവുകൾ പ്രയോഗിച്ച് ഒരെണ്ണം പണി തെടുത്തു.

കേൾവി സുഖം തോന്നിയില്ല. അഴിച്ചും, പണിതും, വീണ്ടും പണിതും മാസങ്ങൾ ചിലവഴിച്ച് നിരവധി പരാജയങ്ങൾക്ക് ശേഷം നല്ല കേൾവി സുഖമുള്ള ഒരു സ്പീക്കർ ബോക്സ് തക്കേഷിയുടെ പണിശാലയിൽ പൂർത്തിയായി.

ഇത് കേട്ടറിഞ്ഞെത്തിയ നിരവധി സംഗീതാസ്വാദകർ തക്കേഷിയോട് അവർക്കും സ്പീക്കർ സിസ്റ്റങ്ങൾ പണിത് കൊടുക്കുവാൻ ആവശ്യപ്പെട്ടു.
ഇതൊരു നല്ല ബിസിനസ് അവസരമായി കണ്ട തക്കേഷി സ്പീക്കർ ബോക്സുകൾ നിർമ്മിക്കുന്നതിനായി ഒരു പണിശാല തുടങ്ങുവാൻ തീരുമാനിച്ചു.

ഇതിനാവശ്യമായ മെഷീനറികൾ വാങ്ങുന്നതിനായി നടത്തിയ പരിശ്രമത്തിൽ ഒരു വ്യവസായി തക്കേഷിയോട് പറഞ്ഞു, അന്ന് ജപ്പാനീസ് വിപണിയിൽ ദൗർലഭ്യം നേരിട്ടിരുന്ന റെക്കോഡ് പ്ലയറുകൾക്ക് ഉപയോഗിച്ചിരുന്ന സ്റ്റീരിയോ കാട്രിഡ്ജുകൾ നിർമ്മിച്ചു നൽകാമെങ്കിൽ ആവശ്യമായ പണം മുടക്കാമെന്ന്.

അന്ന് പ്രചുരപ്രചാരം നേടിയിരുന്ന മോണോ റെക്കാഡ് പ്ലയറുകളെ സ്റ്റീരിയോ റെക്കാഡ് പ്ലയറുകളാക്കി കൺവെർട്ട് ചെയ്യുന്നതിന് ഈ കാട്രിഡ്ജുകൾ വളരെ അവശ്യമായിരുന്നു.

ഇരുകയ്യാലെയും ഈ ഓഫർ സ്വീകരിച്ച തക്കേഷി സ്വന്തമായി വികസിപ്പിച്ചെടുത്ത കാട്രിഡ്ജുകൾ ONKYO ബ്രാൻഡിൽ 1946 ൽ ജപ്പാനീസ് വിപണിയിൽ പുറത്തിറക്കി.

വൻ വിജയമായിത്തീർന്ന ഈ ഉൽപ്പന്നം ഓങ്കിയോ കമ്പനിയുടെ സാമ്പത്തിക അടിത്തറ മെച്ചപ്പെടുത്തി.

തുടർന്ന് സ്പീക്കർ ബോക്സുകളുടെ വിപണിയിലേക്ക് പ്രവേശിച്ച ഓങ്കിയോ ഉൽപ്പന്നങ്ങൾ സാധാരണക്കാരുടെയും, ഇടത്തരക്കാരുടെയും ഇടയിൽ വൻ ജനപ്രീതി നേടി.

ഇതിനിടെ തങ്ങൾ നിർമ്മിക്കുന്ന ബോക്സുകളിൽ ഉപയോഗിക്കാനായി ഗുണമേൻമയുള്ള സ്പീക്കറുകളുടെ നിർമ്മാണവും ഓങ്കിയോ കമ്പനി ആരംഭിച്ചു.

തങ്ങളുടെ ജപ്പാനീസ് വിപണി പതിയെ ഓങ്കിയോ പിടിച്ചടക്കുന്നത് കണ്ട അമേരിക്കൻ കമ്പനികൾ സ്പീക്കർ നിർമ്മാണത്തിനുള്ള ഗുണമേൻമയുള്ള പേപ്പർ കോണുകൾ നൽകുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി.

ഇതോടെ 1948 ൽ സ്വന്തം ടെക്നോളജിയിൽ സവിശേഷ ഗുണങ്ങളുള്ള പേപ്പർ കോണുകൾ ONKYO വികസിപ്പിച്ചെടുത്ത് നിർമ്മാണം ആരംഭിച്ചു.

1948 ൽ തന്നെ ഹോട്ടലുകളിലെ ചാനൽ മ്യൂസിക്‌ സിസ്റ്റങ്ങൾക്ക് അനുരൂപമായ വിധത്തിൽ ഇൻബിൽറ്റ് മാച്ചിങ്ങ് ട്രാൻസ്ഫോർമറോട് കൂടിയ സ്പീക്കറുകൾ വിപണിയിലറിക്കി .

1950ൽ ലോകത്തിലാദ്യമായി ഹൈ എൻഡ് സെറ്റുകളുടെ ജീവശ്വാസമായ നോൺ പ്രസ്ഡ് പേപ്പർ കോണുകൾ ONKYO യുടെ ഗവേഷണ വിഭാഗം കണ്ട് പിടിച്ച് പേറ്റൻ്റ് ചെയ്തു.

കാർബൺ ഫൈബർ നാരുകൾ കോണുകൾ നിർമ്മിക്കുന്ന പേപ്പർ നിർമ്മാണ ഘട്ടത്തിൽ തന്നെ അതിൽ പാകി സവിശേഷമായ പ്രോസസുകളിലൂടെയാണ് നോൺ പ്രസ്ഡ് കോണുകൾ നിർമ്മിക്കുന്നത്. ഇങ്ങനെ നിർമ്മിക്കുന്ന കോണുകൾക്ക് ഉയർന്ന ശബ്ദ സാന്ദ്രതയിലും വൈകൃതങ്ങൾ ഉണ്ടാക്കാത്ത ശുദ്ധ ശബ്ദം പുറപ്പെടുവിക്കാൻ ശേഷിയുണ്ട്.

ഇന്നും നോൺ പ്രസ്ഡ് പേപ്പർ കോണുകൾ ഒരത്ഭുതം തന്നെയാണ്. ലോകത്ത് വിരലിൽ എണ്ണാവുന്ന കമ്പനികൾ മാത്രമേ ONKYO ടെക്നോളജിയിൽ ഇത് നിർമ്മിക്കുന്നുള്ളൂ. അതിനാൽ ലക്ഷങ്ങൾ വിലയുള്ള ഹൈ എൻഡ് സെറ്റുകളിൽ മാത്രമായി ഇത് ഒതുങ്ങുന്നു.

1953 ൽ എട്ടിഞ്ച് സ്പീക്കറുകൾ ഫിറ്റ് ചെയ്ത വാൽവ് റേഡിയോ പുറത്തിറക്കി ലോകത്തെ ഞെട്ടിച്ചു.ഈ റേഡിയോ ഉയർന്ന ഗുണമേൻമയുള്ള ശബ്ദം കൂടുതൽ ദൂരത്തിൽ എത്തിക്കാൻ പ്രാപ്തമായിരുന്നു.അത് വരെ എന്തെങ്കിലും ഒച്ച കേട്ടാൽ മതിയെന്ന ഉദ്ദേശത്തോടെ നാലിഞ്ച് സ്പീക്കറുകളാണ് വില കൂടിയ റേഡിയോകളിൽ പോലും ഉണ്ടായിരുന്നത്. വലിയ സ്പീക്കറുള്ള റേഡിയോ സംഗീത പ്രേമികളുടെ ഇടയിൽ വേഗം പോപ്പുലറായി.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

1955 ൽ ശബ്ദ ഗുണത്തിന് പ്രാമുഖ്യം നൽകിയ ടെലിവിഷനുകൾ പുറത്തിറക്കി.

1956 ൽ ലോകത്തിലാദ്യമായി കോ ആക്സിയൽ സ്പീക്കറുകൾ പുറത്തിറക്കി. ഫുൾ റേഞ്ചും, ട്വീറ്ററും ഒന്നിച്ചുള്ള ഈ സ്പീക്കറുകൾ വാഹനങ്ങളിൽ സ്ഥലം ലാഭിക്കുന്നതിനാൽ വളരെ വേഗം ഓട്ടോമൊബൈൽ ഇൻഡസ്ട്രിയിൽ തരംഗമായി.

1956 ൽ തന്നെ പ്ലാസ്റ്റിക് ഉപയോഗിച്ച് സ്പീക്കർ കോണുകൾ നിർമ്മിക്കുന്ന ടെക്നോളജി പേറ്റെൻ്റ് ചെയ്തു.പേപ്പർ അല്ലാത്തൊരു വസ്തു കൊണ്ട് സ്പീക്കർ കോണുകൾ നിർമ്മിക്കുന്ന ലോകത്തിലെ ആദ്യ കമ്പനിയായി ONKYO മാറി.

കപ്പൽപോലുള്ള വെള്ളവും, ഈർപ്പവും ,മൂലം പേപ്പർ കോണുകൾ വേഗം തകരാറിലാകുന്ന സ്ഥലങ്ങളിൽ ഉപയോഗിക്കാം എന്നതിനാൽ ഇതും വേഗം പ്രചാരം നേടി.

1961 ൽ ലോകത്തിലാദ്യമായി റേഡിയോ ട്രാൻസ്മിറ്ററും, റിസീവറും ഒന്നിച്ചുള്ള കയ്യിലൊതുങ്ങുന്ന ട്രാൻസീവർ പുറത്തിറക്കി.

1965 ൽ ബുക്ക് ഷെൽഫ് സ്പീക്കറുകൾ എന്ന ഒരു പുതിയ വിഭാഗം സ്പീക്കറുകൾ പുറത്തിറക്കി. അന്നത്തെ ഹോം ലൈബ്രറികളിലെ ഷെൽഫിൽ ഒതുങ്ങിയിരിക്കുന്ന വിധം ചെറുതും എന്നാൽ ശബ്ദ ഗുണമേൻമയിൽ വിട്ട് വീഴ്ച വരുത്താത്തതുമായ 2 way, 3 way സ്പീക്കറുകളായിരുന്നു ഓങ്കിയോയുടെ ബുക്ക് ഷെൽഫ് സ്പീക്കറുകൾ. ഇതും വിപണിയിൽ തരംഗമായി.

1966 ൽ ഇന്നത്തെ പോർട്ടബിൾ ഹൈ ഫൈ ഓഡിയോ സെറ്റുകളുടെ മുൻഗാമിയെ അവതരിപ്പിച്ചു. രണ്ട് സ്പീക്കറുകളും, റെക്കാഡ് പ്ലയറും, റേഡിയോയും ഒത്തിണക്കിയ ടേബിൾ ടോപ്പ് സ്റ്റീരിയോ സിസ്റ്റമായിരുന്നു അത്. അൽപ്പം ഭാരക്കൂടുതൽ ഉണ്ടെങ്കിലും ലോകത്തിലെ ആദ്യ പോർട്ടബിൾ ഹൈ - ഫൈ എന്ന നിലയിൽ അത് ഖ്യാതി നേടി. ഇതോടെ ലോകത്തിലെ എല്ലാ ഓഡിയോ കമ്പനികളും ഇതനുകരിച്ച് സെറ്റുകൾ ഇറക്കാൻ തുടങ്ങി.

1970 ൽ കൺസ്യൂമർ ഓഡിയോ വിപണിയിലേക്ക് ലോകത്തിലെ ആദ്യ വലിയ ഡൈനമിക് ഡ്രൈവറുകൾ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിർമ്മിതമായ ചെവി മൊത്തമായി മൂടുന്ന ഓവർ ഇയർ ഹൈ - ഫൈ ഹെഡ് ഫോൺ പുറത്തിറക്കി. ഇത് പോർട്ടബിൾ സംഗീത ലോകത്തിന് വലിയ ഉണർവേകി.ഒരു വലിയ സൗണ്ട് സിസ്റ്റത്തിൽ നിന്നും ലഭിക്കുന്ന ശബ്ദ ഗരിമ ഇതിൻ്റെ 500 മില്ലി വാട്ട് ഡ്രൈവറുകൾ നൽകിയിരുന്നു.

1970 ൽ തന്നെയാണ് ഹൃദ്രോഗികളുടെയും, സമാധാന പ്രേമികളുടെയും, ശുദ്ധ സംഗീതപ്രേമികളുടെയും നിതാന്ത ശത്രുവായ സബ് വൂഫർ എന്ന നിഷ്ഠൂരനെ ONKYO യുടെ ഗവേഷണ വിഭാഗം കണ്ടെത്തി വിപണിയിലെത്തിക്കുന്നത്.

ഭാഗ്യവശാൽ അന്ന് അത് ലോക വിപണിയിൽ അത്രയ്ക്ക് ഹിറ്റായില്ല.

1971 ൽ ഹോം ഓഡിയോ സെഗ് മെൻ്റിൽ ലോകത്തിലെ ആദ്യ നാല് ചാനൽ ക്വാഡ്രാ ഫോണിക് ഓഡിയോ സിസ്റ്റം പുറത്തിറക്കി. സിനിമാ തീയേറ്ററുകളിൽ മാത്രം അനുഭവിച്ചിരുന്ന സറൗണ്ട് സൗണ്ട് ഇതോടെ വീടുകളിലും എത്തിച്ചേർന്നു.

1973 ൽ ലോക വിപണിയിലേക്ക് ഹോം ഓഡിയോ വിഭാഗത്തിൽ ആദ്യ ഡയറക്റ്റ് ഡ്രൈവ് റിക്കോഡ് പ്ലയർ എത്തിച്ചു. അത് വരെ ബൽറ്റ് ഡ്രൈവ് മെക്കാനിസങ്ങളാണ് ഉപയോഗത്തിലിരുന്നത്.ഈ സംവിധാനം റെക്കോഡ് പ്ലയറിലെ വോ ആൻഡ് ഫ്ലറ്റർ എന്നറിയപ്പെടുന്ന അപശബ്ദങ്ങൾ ഇല്ലാതെയാക്കി.

1978 ൽ ONKYO വീണ്ടും 1970 ൽ ആദ്യമിറക്കി പരാജയമടഞ്ഞ സബ് വൂഫറിനെ 20 Hz മുതൽ 90 Hz വരെ ട്യൂൺഡ് ഫ്രീക്വൻസിയിൽ സെറ്റ് ചെയ്ത് 8 ഇഞ്ച് സ്പീക്കറുകൾ ഉപയോഗിച്ച് അതിന് ലോകത്തിലെ ആദ്യ ക്ലാസ് D ,PWM ടെക്നോളജി ഉപയോഗിക്കുന്ന ഇൻബിൽറ്റ് ഇൻ്റഗ്രേറ്റഡ് ആംപ്ലിഫയറുകൾ ഉപയോഗിക്കുന്ന SL - 1 എന്ന നമ്മൾ ഇന്ന് കാണുന്ന തരം സബ് വൂഫർ മോഡൽ പുറത്തിറക്കി.

വലിയ സ്ക്രീനുള്ള ടെലിവിഷനുകളുടെയും, പ്രൊജക്റ്ററുകളുടെയും നിർമ്മാണം ഈ കാലത്ത് ലോക വ്യാപകമായി ആരംഭിച്ചിരുന്നതിനാൽ തീയേറ്റർ അനുഭവം വീട്ടിൽ നൽകുന്ന ഈ സബ് വൂഫർ മോഡലുകൾ വീട്ടിൽ വലിയ സ്ക്രീനിൽ സിനിമാ കാണുന്നവരുടെ പ്രീതി പെട്ടെന്ന് പിടിച്ച് പറ്റി.

അന്ന് ONKYO പുറത്തിറക്കിയ സബ് വൂഫറുകളുടെ അനുകരണങ്ങളാണ് നാമിന്ന് കാണുന്നവയെല്ലാം.

1981ൽ ലോകത്തിലെ ആദ്യ ഹൈ സ്പീഡ് ഡ്യുവൽ ഡബ്ബിങ്ങ് ഡ്യുവൽ കാസറ്റ് റെക്കോഡിങ്ങ് ഡക്ക് മോഡലായ TA - W800 പുറത്തിറക്കി.

1990 ൽ കമ്പനിയുടെ സ്ഥാപകനായ തക്കേഷി ഗോഡായ് അന്തരിച്ചു.

2000 ആണ്ടോടെ വിപണന തന്ത്രങ്ങളിലും, ടെക്നോളജികളിലും ഉണ്ടായ വൻ മാറ്റങ്ങളും, ചൈനയിൽ നിന്നുള്ള ഓഡിയോ ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയിൽ ലോക വിപണിയിലേക്ക് പ്രവഹിക്കാൻ തുടങ്ങിയതും ONKYO കമ്പനിയുടെ ലാഭ വിഹിതത്തിൽ കാര്യമായ ഇടിവുണ്ടാക്കി.ഇത് മൂലം വിവിധ രാജ്യങ്ങളിലെ സ്വന്തം നിർമ്മാണ യൂണിറ്റുകൾ ഒന്നൊന്നായി അടച്ച് ഉത്പാദനം ചൈനയിലേക്ക് മാറ്റിയതോടെ ഗുണമേൻമയിലും കാര്യമായ കുറവുണ്ടായി.

ഇത് തരണം ചെയ്യാൻ 2015 ൽ സമാന ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ജപ്പാനീസ് കമ്പനിയായ പയനിയറുമായി ലയിച്ചു എങ്കിലും അതും നേട്ടമുണ്ടാക്കിയില്ല.

അതോടെ ബാങ്കുകളിൽ നിന്നും എടുത്തിരുന്ന മില്യൺ കണക്കിന് ഡോളർ വായ്പ്പകളുടെ തിരിച്ചടവ് മുടങ്ങുകയും, കമ്പനി പാപ്പരാവുകയും, കടം നൽകിയ ബാങ്കുകളുടെ കൺസോർഷ്യം കമ്പനി ഏറ്റെടുക്കുകയുമാണുണ്ടായത്.ഇതോടെ കമ്പനി അനിവാര്യമായ അടച്ച് പൂട്ടലിലേക്കെത്തിച്ചേർന്നു.

ഈ കടബാധ്യതകൾ വീട്ടി മറ്റൊരു കമ്പനി ONKYO ഏറ്റെടുക്കാനുള്ള സാദ്ധ്യതകൾ അനദിവിദൂര ഭാവിയിൽ പോലും കാണുന്നില്ല.

കമ്പനിയുടെ സുവർണ്ണ കാലഘട്ട മുദ്ര പേറുന്ന 2000 ന് മുൻപുള്ള ONKYO സെറ്റുകൾ ഓഡിയോ പ്രേമികളുടെ കളക്ഷനിൽ സുവർണ്ണ ശോഭയോടെ പരിപാലിക്കപ്പെടും.

എഴുതിയത്:അജിത് കളമശേരി.

Read original FB post


Also Read » സാനിയോയുടെ കഥ


Also Read » മിഡ് ലൈഫ് ക്രൈസിസ് - പാർട്ട് 3



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About അജിത് കളമശ്ശേരി

» FaceBook

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 2 | Saved : 10:17:10 pm | 03-06-2023 CEST