ലോകത്തെ തന്നെ ഏറ്റവും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒന്നായ വെയ്ക്ക് ദ്വീപ് (Wake Island) നെ കുറിച് - വിനയരാജ്

Avatar
Vinaya Raj V R | 01-06-2020 | 3 minutes Read

കേവലം14 ചതുരശ്രകിലോമീറ്ററിൽത്താഴെ വിസ്താരമുള്ള വെയ്ക്ക് ദ്വീപ് (Wake Island) ലോകത്തെ തന്നെ ഏറ്റവും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ്. ഏറ്റവും അടുത്ത ജനവാസകേന്ദ്രം ഇവിടെനിന്നും ഏതാണ്ട് 1000 കിലോമീറ്റർ അകലെയാണ്. 1899 മുതൽ ഈ ദ്വീപ് അമേരിക്കൻ ഐക്യനാടുകളുടെ അധീനതയിലാണ്.

wake island

രണ്ടാം ലോകമഹായുദ്ധത്തിന്റെ മധ്യകാലത്ത് അമേരിക്ക ഇവിടെയുള്ള അവരുടെ സൈനികബലം വർദ്ധിപ്പിച്ചു. 1941 ഡിസംബറിലെ പേൾ ഹാർബർ ആക്രമണത്തോടൊപ്പം ജപ്പാന്റെ 27 മിറ്റ്സുബിഷി ബോംബറുകൾ ഇവിടെയും കനത്ത ആക്രമണം നടത്തി, അവിടെയുണ്ടായിരുന്ന അമേരിക്കക്കാരുടെ 12 യുദ്ധവിമാനങ്ങളിൽ എട്ടെണ്ണവും അവർ തകർത്തു. ഇന്ധനശേഖരവും വെയർഹൗസുകളും ആന്റിനകളും നശിപ്പിച്ചു. കനത്ത ബോംബിങ്ങിനിടയിൽ 16 ദിവസം പിടിച്ചുനിന്നവരിൽ ബാക്കിയായ അമേരിക്കക്കാർ കീഴടങ്ങി. ക്രമേണ അവരിൽ 98 ജോലിക്കാർ ഒഴികെയുള്ളവരെ യൊക്കോഹാമയിലേക്ക് കൊണ്ടുപോയി.

രണ്ടായിരത്തോളം വരുന്ന ജപ്പാൻ സൈന്യം ദ്വീപിൽ നിലയുറപ്പിച്ചു, അമേരിക്കയുടെ തുടർ ആക്രമണങ്ങൾ പ്രതീക്ഷിച്ച അവർ ദ്വീപിലെ സൈനികബലം വർദ്ധിപ്പിച്ചു. കീഴടങ്ങിയ അമേരിക്കക്കാരെക്കൊണ്ട് ബങ്കറുകളും ചുറ്റുമതിലുകളും പണിയിച്ചു. രണ്ടുവർഷത്തോളം അവർ അവിടെ അങ്ങനെ തുടർന്നു, 1943 -ൽ അമേരിക്കൻ സൈന്യം തുടർച്ചയായി ആക്രമണം നടത്തുന്നതിനു പ്രതികാരമെന്നോണം 98 അമേരിക്കക്കാരെയും വധിച്ചുകളയാൻ ജപ്പാൻ ക്യാപ്റ്റൻ ഉത്തരവിട്ടു. 98 പേരെയും കണ്ണുകെട്ടി ദ്വീപിന്റെ വടക്കേ അറ്റത്തുകൊണ്ടുപോയി നേരത്തെ ഒരുക്കിയ കുഴിക്കുസമീപം നിർത്തി വെടിച്ചുകൊന്നുകളഞ്ഞു. മൃതദേഹങ്ങൾ കുഴിച്ചുമൂടി. അതിൽ രക്ഷപെട്ട ഒരാൾ ആ സ്ഥലത്ത് ഒരു കല്ലിൽ 98 US PW 5-10-43 എന്നുകൊത്തിവച്ചു. അയാളെയും താമസിയാതെ കണ്ടുപിടിച്ചു ജപ്പാൻകാർ വധിച്ചുകളഞ്ഞു. (പിൽക്കാലത്ത് ഇവരുടെ ഭൗതിക അവശിഷ്ടങ്ങൾ ഹോണോലുലുവിലേക്കു കൊണ്ടുപോയി സംസ്കരിച്ചു.)

ആക്രമണം നടത്തി ദ്വീപുപിടിച്ചെടുക്കുന്നതിനുപകരം അമേരിക്കൻ നേവി ആ ദ്വീപിലേക്കുള്ള ജപ്പാന്റെ എല്ലാ കപ്പലുകളുടെ വഴിയും അടച്ചുകളഞ്ഞ് കടലിൽ ഉപരോധം ശക്തമാക്കി. ശുദ്ധജലമോ യാതൊരുവിധ സസ്യങ്ങളോ ഇല്ലാത്ത ആ ദ്വീപിൽ ജപ്പാൻകാർ പട്ടിണിയിലായി. ധാരാളം ദേശാടന കടൽപ്പക്ഷികൾ വന്നുപോകുന്ന സ്ഥലമായിരുന്നു വെയ്ക്ക് ദ്വീപ്. മറ്റിടങ്ങളിൽ നിന്നും വളരെ ദൂരെയായതിനാൽ ദീർഘദൂരം പറക്കുന്ന കടൽപ്പക്ഷികളുടെ വിശ്രമകേന്ദ്രമായിരുന്നു അവിടം. യുദ്ധകാലത്തിനു മുൻപ് ജപ്പാനിലെ തൂവൽ ശേഖരണക്കാർ ഇവിടെ വന്നു തമ്പടിച്ച് പലതരം പക്ഷിത്തൂവലുകൾ വലിയ അളവിൽ ശേഖരിച്ചുകൊണ്ടുപോകുമായിരുന്നു.

യൂറോപ്പിലെ ഫാഷൻ രംഗത്തേക്കും കിടക്കയും തലയിണയുമെല്ലാം ഉണ്ടാക്കാനും അവ ഉപയോഗിച്ചുപോന്നു. ഈ ദ്വീപിലെ മിക്കവാറും പക്ഷികൾ ദേശാടനക്കാരായിരുന്നു, ഒരെണ്ണമൊഴികെ. 22 സെന്റിമീറ്റർ മാത്രം നീളമുള്ള പറക്കാനാവാത്ത വെയ്ക്ക് അയലന്റ് റെയിൽ (Wake island rail) എന്ന പക്ഷിയായിരുന്നു അത്. ശുദ്ധജലം ലഭ്യമല്ലാത്ത ആ ദ്വീപിൽ കടലൊച്ചുകളെയും, പ്രാണികളെയും പുഴുക്കളെയും തിന്ന് അവ ജീവിച്ചു. പട്ടിണിയാൽ കുടുങ്ങിയ ജപ്പാൻകാർ നന്നായി പറക്കാൻ കഴിയുന്ന മറ്റുദേശാടനപ്പക്ഷികളെ വിട്ട് ഇവയെ പിടിച്ചുതിന്നാൻ തുടങ്ങി.

1945 ആയപ്പോഴേക്കും അവസാന വെയ്ക്ക് അയലന്റ് റെയിലിനെയും ജപ്പാൻകാർ അകത്താക്കി. അതോടൊപ്പം രണ്ടാം ലോകമഹായുദ്ധകാലത്തെ ജപ്പാന്റെ ബോംബാക്രമണവും അമേരിക്കക്കാർ ദ്വീപിൽ നടത്തിയ വികസനവും കൂടിയായപ്പോൾ അവസാനത്തെ റെയിലും ഇല്ലാതായി. അങ്ങനെ ഈ പക്ഷി ഭൂമുഖത്തുനിന്നും എന്നേക്കുമായി അപ്രത്യക്ഷമായി.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

നേരത്തെ 1935 -കാലത്ത് വെയ്ക്ക് ദ്വീപ് പാൻ അമേരിക്കൻ എയർലൈൻസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. അക്കാലത്ത് പസഫിക്കിനുകുറുകെ നിർത്താതെ പറക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. സൈന്യത്തിന്റെ സമ്മതത്തോടെ വെയ്ക്ക് ദ്വീപിലെ റൺവേ വികസിപ്പിക്കാൻ അവർ തീരുമാനിച്ചു. ഒരു 6700 ടൺ കപ്പൽ ചാർട്ടർ ചെയ്ത് പാൻ അമേരിക്കൻ എയർലൈൻസ് വിമാനത്താവളം നിർമ്മിക്കാൻ വെയ്ക്ക് ദ്വീപിലെത്തി.

പവിഴപ്പുറ്റുകളാൽ ദ്വീപിനടുത്തേക്ക് എത്താൻ പോലും പറ്റാത്ത അവസ്ഥയായിരുന്നിട്ടും അവർ അവിടെ 3000 മീറ്റർ നീളമുള്ള ഒരു റൺവേ ഉണ്ടാക്കുകതന്നെ ചെയ്തു. തുടർന്ന് 48 മുറികൾ ഉള്ള ഒരു ഹോട്ടൽ അവർ അവിടെ നിർമ്മിച്ചു. മണ്ണ് ഇല്ലെന്നുതന്നെ പറയാവുന്ന ആ ദ്വീപിൽ എയർലൈൻസിലെ യാത്രക്കാർക്ക് പുത്തൻ പച്ചക്കറി കിട്ടാനായി ഇവിടെ നടത്തിയ ഹൈഡ്രോപോണിക്സ് കൃഷിരീതിയാണ് ഈ മേഖലയിലെ ആദ്യകാല വിജയങ്ങളിൽ ഒന്ന്.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അമേരിക്ക പങ്കെടുത്ത കൊറിയൻ, വിയറ്റ്നാം യുദ്ധങ്ങളിലെല്ലാം അവരുടെ എയർഫോഴ്സ് ദിവസേന 120 യുദ്ധവിമാനങ്ങൾ വരെ ഇവിടെ ഇറക്കിയിരുന്നു. 1970 കൾ ആയപ്പോഴേക്കും വിമാനങ്ങളുടെ ഒറ്റപ്പറക്കലിനുള്ള ദൂരശേഷി വർദ്ധിച്ചതോടെ വെയ്ക്ക് വിമാനത്താവളത്തിന്റെ പ്രാധാന്യം കുറഞ്ഞു.

ഇന്ന് പസിഫിക്കിനുകുറുകെ പറക്കുന്ന വിമാനങ്ങൾക്കെല്ലാം അടിയന്തിര ആവശ്യത്തിനു ഉപയോഗിക്കാൻ അമേരിക്കൻ വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള ഈ വിമാനത്താവളം ഉപയോഗിക്കാൻ കഴിയും. ജപ്പാന്റെയും ഹവായിയുടെയും ഏതാണ്ട് മധ്യത്തിലുള്ള ഈ കൊച്ചുദ്വീപിലേക്ക് അമേരിക്കൻ സൈന്യം കോടികളാണ് ഒഴുക്കുന്നത്, ചൈനയും വടക്കൻ കൊറിയയുമായുള്ള പ്രശ്നങ്ങൾ നിലനിൽക്കുമ്പോൾ പസഫിക്കിലുള്ള തങ്ങളുടെ അധീശത്വം നിലനിർത്താൻ ഇത്രയും യോജിച്ച ഒരിടം മറ്റൊന്നില്ലെന്ന് അവർക്ക് നന്നായി അറിയാം.

# വിനയരാജ്


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Vinaya Raj V R

Manager, Kerala Gramin Bank / Wikipedian

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 11:22:00 am | 03-12-2023 CET