തൃശൂരിന്റെ പ്രാദേശിക ചരിത്രത്തിലൂടെ - അജീഷ് പി എസ് - Part 1

Avatar
അജീഷ് പി എസ് | 24-05-2020 | 11 minutes Read

തൃശൂർ ജില്ലയിലെ ചില സ്ഥലങ്ങളുടെ പ്രാദേശിക ചരിത്രവും അവയുടെ സ്ഥലനാമം ഉണ്ടായതിനു പിന്നിലെ കാരണങ്ങളും ഉദ്ധരിക്കാൻ ശ്രമിച്ചിരിക്കുകയാണിവിടെ. ലഭ്യമായ പരിമിത അറിവുകൾ വച്ച്, വളരെ കുറഞ്ഞ വാക്കുകളിൽ ലേഖനം എഴുതാൻ ശ്രമിച്ചിരിക്കുന്നതിനാൽ ചരിത്രം പരിപൂര്ണമാണെന്നു പറയാനാവില്ല. മാത്രമല്ല പ്രാദേശിക ചരിത്രം ഇനിയും ലഭ്യമല്ലാത്ത നിരവധി സ്ഥലങ്ങളെ ലേഖനത്തിൽനിന്നു ഒഴിവാക്കേണ്ടിയും വന്നിരിക്കുന്നു. എങ്കിലും തൃശ്ശൂരിലെ വിവിധ പ്രാദേശിക ചരിത്രങ്ങളെ വിവിധ ഗ്രന്ഥങ്ങളിൽ നിന്നും ആനുകാലിക പ്രസിദ്ധീകരണങ്ങളിൽനിന്നും ലഭിച്ച അറിവ് വച്ച് ക്രമപെടുത്താൻ ശ്രമിച്ചിരിക്കുന്നു.

thrissur

അയ്യന്തോൾ

ഇന്ന് തൃശൂർ കലക്ടറേറ്റും കോടതികളും അനുബന്ധ സർക്കാർ ഓഫീസുകളും തിങ്ങി നിറഞ്ഞ അയ്യന്തോൾ ഏകദേശം നൂറു വര്ഷങ്ങള്ക്കു മുൻപ് ഒരു പുരാതന ഗ്രാമ പ്രദേശമായിരുന്നു. അയ്യന്തോൾ എന്ന സ്ഥലനാമത്തിന്റെ ഉൽഭവത്തിനുപിന്നിൽ രണ്ടു വ്യത്യസ്ത അനുമാനങ്ങളുണ്ട്. പ്രാചീന കാലത്തു ബുദ്ധ-ജൈന മതങ്ങൾ കേരളത്തിൽ പ്രബലമായിരുന്ന കാലത്തു അയ്യന്തോൾ എന്ന പദം ഉത്ഭവിച്ചു എന്നാണ് ഒരു അനുമാനം. പ്രസ്തുത മതങ്ങളുടെ ഭാഗമായ പാലി ഭാഷയ്ക്ക് കേരളത്തിലുടനീളം വലിയ സ്വാധീനം ഉണ്ടായിരുന്നു. 'അയ്യൻ' എന്ന തമിഴ് പദത്തിനും 'അയ്യ' എന്ന പാലി ഭാഷയിലെ വാക്കിനും ദേവൻ,ആചാര്യൻ എന്നൊക്കെയാണ് അർഥം. 'തോൽ' എന്നാൽ കാവ്യം എന്നും. ജൈന-ബുദ്ധമതക്കാരുടെ കേന്ദ്രമായിരുന്നതിനാൽ അയ്യൻ+തോൽ എന്നീ പദങ്ങൾ ചേർന്ന് അയ്യന്തോൾ ആയി എന്നാണ് പ്രസ്തുത അനുമാനത്തിന്റെ അടിസ്ഥാനം.

കേരളത്തിലെ 108 ദുർഗ്ഗാലയങ്ങളിൽ ഒന്നാണ് അയ്യന്തോൾ. 'അന്തിക്കാടവണങ്ങോട്ടയ്യന്തോള കുന്നിലും' എന്ന ദുർഗ്ഗാലയ സ്തോത്രം ഇതിനു സാക്ഷ്യം വഹിക്കുന്നു. പ്രസ്തുത വരികളിലെ 'യ്യന്തോള കുന്നിലും' എന്ന പരാമർശ്ശത്തിൽനിന്നും അയ്യന്തോൾ എന്നത് സമീപത്തെ ഒരു കുന്നിന്റെ പേരിൽ നിന്ന് ഉത്ഭവിച്ചതാകാമെന്നാണ് മറ്റൊരു അനുമാനം.
തൃശൂരിനടുത്തുള്ള ചെമ്പൂക്കാവിൽ നിന്നും കോടതികളും കളക്ടറേറ്റും അനുബന്ധ സർക്കാർ ആഫീസുകളും മാറ്റുന്നതുവരെ അയ്യന്തോൾ ഒരു കുഗ്രാമമായി തുടർന്നു. പ്രശാന്ത ഗംഭീരമായ ഗ്രാമഭംഗിയിൽ ആകൃഷ്ടനായിട്ടാണ് പ്രമുഖ സാഹിത്യ പ്രവർത്തകനായ അപ്പൻ തമ്പുരാൻ എന്ന രാമവർമ്മ തമ്പുരാൻ അയ്യന്തോളിലേയ്ക്ക് താമസം മാറ്റിയതെന്ന് നാട്ടുകാർക്കിടയിൽ ഒരു സംസാരമുണ്ട്.

അപ്പൻ തമ്പുരാൻ സ്ഥാപിച്ചു അദ്ദേഹത്തിന്റെ തന്നെ പേരിൽ ഇപ്പോൾ അറിയപ്പെടുന്ന ഒരു വായന ശാല ഇപ്പോഴും അയ്യന്തോളിൽ പ്രവർത്തിക്കുന്നുണ്ട്. ഇന്നിപ്പോൾ നിരവധി വക്കീൽ ആഫീസുകളും മറ്റു സ്ഥാപനങ്ങളും ഫ്ലാറ്റുകളും വീതിയേറിയ റോഡുകളും നിറഞ്ഞ ജന നിബിഡ പ്രദേശമായി അയ്യന്തോൾ മാറിക്കഴിഞ്ഞു.

ഒല്ലൂർ

തൃശൂർ നഗരത്തിൽനിന്നും 5km തെക്കുമാറി സ്ഥിതിചെയ്യുന്ന ഒല്ലൂർ പ്രദേശം, കൊച്ചി നാട്ടുരാജ്യത്തെ ദിവാൻ ആയിരുന്ന ശങ്കര വാര്യർ, കൊച്ചി പ്രധാന മന്ത്രി ആയിരുന്ന ഇക്കണ്ട വാര്യർ,സംഗീത സംവിധായകൻ ഔസേപ്പച്ചൻ, എഴുത്തുകാരൻ ജെ പി ഒല്ലൂർ എന്നിവരുടെ ജന്മദേശമാണ്. 1718ൽ നിർമ്മിക്കപ്പെട്ട,ചുമര്ചിത്ര-കൊത്തുപണികൾക്കൊണ്ടു നിബിഡമായ ഒരു പ്രമുഖ ക്രൈസ്തവ ദേവാലയം ഇവിടെയുണ്ട്. ഇതര ദേശങ്ങളിൽനിന്നും ഒല്ലൂരിലേയ്ക്ക് കുടിയേറിയ കച്ചവടക്കാരും കൃഷിക്കാരുമായ ക്രൈസ്തവരാണ് ഡച്ചു സൈന്യത്തിന്റെ സംരക്ഷണത്തിന് കീഴിൽ ഇവിടെ ദേവാലയം പണികഴിപ്പിച്ചത്.
ക്രൈസ്തവരുടെ കടന്നു വരവിനു മുൻപ്, ഏകദേശം മുന്നൂറ് വർഷങ്ങൾക്കു മുൻപ് ഏതാനും നായർ,നമ്പൂതിരി ഇല്ലങ്ങളും മറ്റു മനകളും നിറഞ്ഞ ഒരു ഗ്രാമമായിരുന്നു ഒല്ലൂർ. മാളിയേക്കൽ കർത്താ എന്ന പദവിയിൽ ഇരിക്കുന്ന നാട്ടുപ്രമാണി അഥാവ നാടുവാഴി ആണ് ദേശം ഭരിച്ചിരുന്നത്. ഇവരുടെ കുടുംബ ക്ഷേത്രമാണ് ഒല്ലൂക്കാവ് സപ്തമാതൃ ക്ഷേത്രം.
ഇതിനു പുറമെ ശാസ്താവിന്റെ പ്രതിഷ്ഠയുള്ള മറ്റൊരു അമ്പലം കൂടെ ഒല്ലൂരിൽ ഉണ്ടായിരുന്നു. ഏതാനും സംസ്കൃത പണ്ഡിതന്മാർ വിവിധ കാലയളവുകളിൽ ഒല്ലൂരിൽ ജീവിച്ചിരുന്നു.

നാടിൻറെ അതിർത്തിയെയും മറ്റും സംബന്ധിച്ചു മാളിയേക്കൽ കർത്താക്കന്മാർ സമീപത്തെ പുത്തനങ്ങാടിയിലെ നാടുവാഴിയുമായി പലതവണ കലഹിക്കുകയും ഇത് പലപ്പോഴും ഘോരമായ തീവെപ്പിലും മറ്റു യുദ്ധ മുറകളിലും കലാശിക്കുകയും ഉണ്ടായിട്ടുണ്ട്. ഒല്ലൂർ ഇതിനെല്ലാം സാക്ഷ്യം വഹിക്കപ്പെട്ടു.
മികച്ച ജീവിത സാഹചര്യങ്ങൾ തേടി ഒല്ലൂരിലേക്കുള്ള ക്രൈസ്തവ കുടിയേറ്റം വർദ്ധിച്ചതും, ബ്രിട്ടീഷുകാരുടെ കടന്നുവരവും, നാടുവാഴികളുടെ സ്ഥാനമാനങ്ങൾ വെട്ടിക്കുറച്ച ശക്തൻ തമ്പുരാൻ രാമവർമ മഹാരാജാവിന്റെ നടപടിയും നാടുവാഴിത്വത്തിനു ക്ഷതമേല്പിച്ചപ്പോൾ ഒല്ലൂരിലെ പ്രമാണിമാരായ മാളിയേക്കൽ കർത്താക്കന്മാരെയും ഇത് ബാധിച്ചു. അധികാരവും ലാഭവും ഇല്ലാതെ പിടിച്ചുനിൽക്കാൻ ആവാതെ മാളിയേക്കൽ കർത്താക്കന്മാർക്കു സ്ഥലം വിട്ടൊഴിഞ്ഞു പോകേണ്ടിവന്നു.
ഇവരുടെ കുടുംബ ക്ഷേത്രമായ ഒല്ലൂക്കാവമ്പലം സമീപത്തേയ്ക്കുള്ള ചിയ്യാരത്തേയ്ക്കു മാറ്റി സ്ഥാപിയ്ക്കപ്പെട്ടു. മറ്റു പുരാതന നമ്പൂതിരി കുടുംബങ്ങൾക്കും കാലാന്തരത്തിൽ ഇതേ ഗതി തന്നെ ഉണ്ടായി. മാളിയേക്കൽ കർത്താക്കന്മാരുടെ കോട്ടയുടെ ഒരു ഭാഗം ഒല്ലൂരിൽ ഇപ്പോഴും അവശേഷിക്കുന്നുണ്ട്.

ഒല്ലൂർ എന്ന സ്ഥലനാമമുണ്ടായത് ഓല എന്ന പദത്തിൽ നിന്നാണെന്നും അതല്ല ഒല്ലൂക്കാവമ്പലത്തിന്റെ പേരിൽനിന്നുമാണെന്നു രണ്ടു അനുമാനങ്ങളുണ്ട്. കവിയും സാഹിത്യകാരനുമായ വൈലോപ്പിള്ളി ശ്രീധരമേനോന്റെ കർമ്മരംഗം കൂടിയാണ് ഒല്ലൂർ.അദ്ദേഹം ദീർഘകാലം ഒല്ലൂർ സർക്കാർ സ്ക്കൂളിൽ അധ്യാപകനായിരുന്നു. കേരളത്തിലെ ആദ്യത്തെ ഫുട്ബോൾ ക്ലബ് 1899ൽ ഒല്ലൂരിൽ സ്ഥാപിക്കപ്പെട്ടു. ഫെർഗൂസൻ ക്ലബ് എന്ന പേരിലാണ് ക്ലബ് അറിയപ്പെട്ടുതുടങ്ങിയത്. ഒല്ലൂരിലെ പ്രശസ്തമായ ദേവാലയം ജവഹർലാൽ നെഹ്റു ഒരിക്കൽ സന്ദർശിച്ചിട്ടുണ്ട്. പ്രസ്തുത ദേവാലയത്തിലെ തിരുന്നാൾ ആഘോഷത്തോടനുബന്ധിച്ചു 'പിശാചുബാധിതരുടെ തുള്ളൽ' എന്നൊരു അനുഷ്ട്ടാനം നിലനിന്നിരുന്നു. ഇതിനു സാക്ഷ്യം വഹിക്കാൻ ദീര്ഘ ദൂരത്തുനിന്നു വരെ നിരവധി ആളുകൾ എത്തിയിരുന്നു. കത്തോലിക്കാ വിശ്വാസങ്ങൾക്ക് നിരക്കുന്നതല്ല എന്ന് വന്നതിനെ തുടർന്ന് പ്രസ്തുത അനുഷ്ടാനം പിന്നീട് നിരോധിയ്ക്കപ്പെട്ടു.

വിയ്യൂർ

തൃശൂർ ഷൊർണ്ണൂർ സംസ്ഥാന പാതയിൽ തൃശ്ശൂരിൽ നിന്നും 3km വടക്കുമാറി സ്ഥിതി ചെയ്യുന്ന പ്രദേശമാണ് വിയ്യൂർ. നൂറ്റാണ്ടുകൾക്കു മുൻപ് പറയ വിഭാഗത്തിൽപ്പെട്ട നിരവധി കുടംബങ്ങൾ ഇവിടെ തിങ്ങി പാർത്തിരുന്നു. വിയ്യൂർ എന്ന ദേശം ആധുനിക കാലത്തു കൂടുതൽ പ്രശസ്തമായത് ഇവിടെ പ്രവർത്തിച്ചു വരുന്ന ജയിലിന്റെ പേരിലാണ്. ജയിൽ സ്ഥാപിക്കപ്പെടുന്നതിനു മുൻപ് അവിടം ഒരു സർക്കാർ വക പാർക്കായിരുന്നു. പ്രശാന്ത സുന്ദരമായ പ്രസ്തുത ദേശത്തു പാർക്ക് സ്ഥാപിച്ചാൽ കൊള്ളാമെന്നു കൊച്ചി നാട്ടുരാജ്യത്തെ ദിവാൻ പേഷ്കാർ ആയിരുന്ന ശങ്കരയ്യർക്കു എങ്ങനെയോ തോന്നി. ദിവാനിൽനിന്നും അനുമതി വാങ്ങിയ അദ്ദേഹം 1895ൽ പാർക് ജനങ്ങൾക്കായി തുറന്നു കൊടുത്തു. എന്നാൽ പാർക്കിലേക്ക് കാര്യമായ ജനപ്രവാഹമുണ്ടായില്ല. ജനങ്ങളെ പാർക്കിലേക്ക് ആകർഷിക്കാൻ ശങ്കരയ്യർ വര്ഷം തോറും കാർഷിക മേള സംഘടിപ്പിക്കുവാൻ തുടങ്ങി. ശങ്കരയ്യർ സംസ്ഥാനമൊഴിയുന്നതുവരെയെ പ്രസ്തുത കാർഷിക മേളയ്ക്ക് ആയുസ്സ് ഉണ്ടായുള്ളൂ. പിന്നീട് ഏറെ നാൾ ദേശം ആളൊഴിഞ്ഞു തന്നെ കിടന്നു.

എറണാകുളത്തു ഇന്ന് ഹൈ കോടതി ഇരിക്കുന്ന ഭാഗത്തു സ്ഥിതി ചെയ്തിരുന്ന സെൻട്രൽ ജയിൽ മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റണമെന്നും കൂടുതൽ നവീനമായ രീതിയിൽ നിർമ്മിക്കണമെന്നും അക്കാലത്തു ആവശ്യമുയർന്നിരുന്നു. തുടർന്ന് ജയിൽ സ്ഥാപിക്കപ്പെടാൻ തിരഞ്ഞെടുക്കപ്പെട്ടത് വിയ്യൂരിലെ ആളും ആരവങ്ങളുമില്ലാതെ കിടന്ന പാർക്കിരുന്ന പ്രദേശമാണ്. അങ്ങനെ എ ആർ ബാനർജി കൊച്ചി ദിവാൻ ആയിരുന്ന കാലത്തു കൊല്ലവർഷം 1089-ആം ആണ്ടിൽ വിയ്യൂർ ജയിൽ പ്രവർത്തനം ആരംഭിച്ചു.

ജയിലിനു സമീപത്താണ് നിരവധി ആൽമരങ്ങളാൽ ചുറ്റപ്പെട്ടു മണലാർക്കാവ് എന്ന ക്ഷേത്രം നിലനിക്കുന്നത്. ഇവിടുത്തെ നടത്തപ്പെടുന്ന 'കുംഭസംക്രമണ വേല' എന്നൊരു ഉത്സവം ഒരുകാലത്ത് മുടങ്ങിപോയത് പുനാരാരംഭിക്കാൻ മുൻകൈ എടുത്തത് ക്ഷേത്രത്തിനു അടുത്ത് തന്നെ കോവിലകം പണിയിച്ചു പാർത്തിരുന്ന,ഒരു വിഷവൈദ്യൻ കൂടെയായ കൊച്ചി രാമവർമ്മ കൊച്ചുണ്ണി തമ്പുരാൻ ആണ്. വിയ്യൂർ ദേശം ഒരു കാലത്തു പെരുമ്പ എന്ന പേരിൽ കൂടെ അറിയപ്പെട്ടിരുന്നു.

പഴുവിൽ

മനക്കൊടി കായലിന്റെ ഓരത്തു സ്ഥിതി ചെയ്യുന്ന പഴുവിൽ എന്ന സ്ഥലം പതിറ്റാണ്ടുകൾക്ക് മുൻപ് പഴയൂർ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കേരളത്തിൽ കരവഴിയുള്ള ഗതാഗതസൗകര്യങ്ങൾ ഇല്ലാതിരുന്ന കാലത്തു പഴുവിൽ ഒരു പ്രമുഖ വാണിജ്യ കേന്ദ്രം ആയിരുന്നു. പഴുവിൽ ദേശത്ത്കൂടെയുള്ള കായലിനു നിരവധി അന്യ ദേശങ്ങളുമായി സമ്പർക്കം ഉണ്ടായിരുന്നു എന്നത് ഇവിടുത്തെ കച്ചവട അഭിവൃദ്ധി വർധിപ്പിച്ചു. ചാലക്കുടി താഴേക്കാട്ട് പള്ളിയിൽ നിന്നും കണ്ടെടുത്ത ശാസനത്തിൽ രാജസിംഹൻ എന്ന ചേര രാജാവ് മണിഗ്രാമത്തിലെ രണ്ടു ക്രിസ്ത്യൻ വ്യാപാരികളായ ചാത്തൻ വടുകനും ഇരവി ചാത്തനും അവകാശങ്ങൾ കല്പിച്ചരുളിയതായി പറയുന്നുണ്ട്. മണിഗ്രാമം എന്നത് പഴുവിൽ അടിസ്ഥാനമായ ഒരു വാണിജ്യ സംഘമായിരുന്നു എന്ന് സംശയിക്കപ്പെടുന്നു.

എ ഡി 883ൽ സ്ഥാപിക്കപ്പെട്ട പഴുവിലെ ക്രൈസ്തവ ദേവാലയത്തിന്റെ ആരംഭത്തിനു പിന്നിൽ വലിയൊരു ഐതിഹ്യമുണ്ട്. പഴുവിൽ ദേശം കൊച്ചി രാജ്യത്തു സാമൂതിരിയുടെ രാജ്യത്തെ സ്പർശ്ശിക്കുന്ന യുദ്ധ രംഗങ്ങളിൽ നിർണ്ണായകമായ സ്ഥലമായിരുന്നു. സാമൂതിരി കൊച്ചി പിടിച്ചടക്കാൻ നടത്തിയ പരിശ്രമങ്ങളൊക്കെയും പഴുവിൽ സ്ഥിരമായി തമ്പടിച്ചിരുന്ന കൊച്ചിരാജാവിന്റെ സൈനികർ പരാജയ പ്പെടുത്തിയിരുന്നു. തട്ടിൽ മാപ്പിള എന്നൊരു നസ്രാണിയായിരുന്നു ഒരു കാലത്തു കൊച്ചി രാജാവിന്റെ സൈനിക തലവൻ. പറങ്കികൾക്കു കുഞ്ഞാലി മരയ്ക്കാർ എന്നതുപോലെ, സാമൂതിരിയുടെ കണ്ണിലെ കരടായിരുന്നു തട്ടിൽ മാപ്പിള. എന്നാൽ എ ഡി 950ൽ സമീപത്തുള്ള ഏനാമാക്കൽ എന്ന സ്ഥലത്തുവച്ചു നടന്ന യുദ്ധത്തിൽ തട്ടിൽ മാപ്പിള കൊല്ലപ്പെട്ടു. തട്ടിൽ മാപ്പിളയെ തന്റെ രാജ്യാതിർത്തിയിലുള്ള ഏനാമ്മാവ് പള്ളിയിൽ സംസ്കരിക്കാൻ സാമൂതിരി അനുവദിച്ചില്ല. തുടർന്ന് തട്ടിൽ മാപ്പിളയുടെ മൃതദേഹം കൊച്ചിയിലേയ്ക്ക് കൊണ്ടുവരാനും അവിടെ തന്നെ സംസ്കരിക്കാനും പദ്ധതിയിട്ടെങ്കിലും നടക്കാതെ വന്നപ്പോൾ പഴുവിലിൽ സംസ്കരിച്ചു. കൊച്ചി രാജാവ് അവിടെ ഒരു പള്ളി പണിയിക്കുകയും ചെയ്തു. കിഴക്കേ കായൽ മുതൽ പടിഞ്ഞാറേ കായൽ വരെ പള്ളിയ്ക്ക് കരം ഒഴിവായി ദാനം ചെയ്യുകയും ചെയ്തു. പോർച്ചുഗീസുകാരുടെ കാലത്തു 1665 പള്ളി പുനർനിർമ്മിച്ചു.പോർച്ചുഗീസ് വാസ്തുവിദ്യ ശൈലിയിലാണ് നിർമ്മാണം. പ്രമുഖ മലയാള സാഹിത്യകാരനും ഈശോ സഭ വൈദികനും മിഷനറിയുമായ അർണ്ണോസ് പാതിരി പഴുവിൽ പള്ളിയിൽ വച്ചാണ് സർപ്പദംശമേറ്റു മരിക്കാൻ ഇടവന്നത്.അദ്ധേഹത്തെ പഴുവിൽ തന്നെ സംസ്കരിക്കുകയും ചെയ്തു. ശവകുടീരം ഇപ്പോഴും ഉണ്ട്.

ഏനാമ്മാക്കൽ(ഏനാമ്മാവ്)

ഏനാമ്മാക്കൽ,ഏനാമ്മാവ് എന്നീ പേരുകളിൽ അറിയപ്പെടുന്ന ജലാശയങ്ങളാൽ സമ്പന്നമായ പ്രദേശം തൃശൂരിന് വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. തൃശൂർ ജില്ലയിലെ നെല്ലറകളായ കോൾ നിലങ്ങൾ മിക്കതും ഏനാമ്മാവ് കേന്ദ്രീകരിച്ചാണ് ഉള്ളത്. പ്രകൃതിയോട് മല്ലിട്ട് കഠിനധ്വാനം നടത്തിയിട്ടാണ് കായൽ നിലങ്ങളിൽ കൃഷി നടത്തിയിരുന്നതെന്നു വില്യം ലോഗൻ മലബാർ മനുവലിൽ പറഞ്ഞുവച്ചിരിക്കുന്നു.

പ്രസ്തുത നിലങ്ങളിൽ ആവിയന്ത്രത്തെ ആശ്രയിച്ചു പമ്പു പ്രവർത്തിപ്പിച്ചാണ് വെള്ളം വറ്റിച്ചു കൃഷിയിറക്കിയിരുന്നത്. അന്ധകാരവൃതമായ രാത്രികളിൽ ആവിയന്ത്രത്തിന്റെ തീജ്വാലകൾ ജലാശയപരപ്പിൽ പ്രകാശം പരത്തുന്നതും, യന്ത്രത്തിന്റെ കർണ്ണ ഭേദകമായ ഹുങ്കാരം അന്തരീക്ഷത്തെ മുഖരിതമാക്കുന്നതും പതിവാണെന്ന് ലോഗനെനെഴുതുന്നു.
ഉപ്പു വെള്ളം കയറി കൃഷി നശിക്കാതിരിക്കാൻ സാമൂതിരിയും കൊച്ചി രാജാവും ചേർന്ന് 18-ആം നൂറ്റാണ്ടിൽ ഏനാമ്മാവ് കായലിൽ 200 അടി നീളത്തിൽ വിലങ്ങനെ അണ കേട്ടിട്ടിരുന്നു. എന്നാൽ 1802ൽ അന്നത്തെ അസിസ്റ്റന്റ് കളക്ടർ ഡ്രെമ്മെൻസ് ചില തെറ്റായ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ അണക്കെട്ടിന്റെ ഒരു ഭാഗം പൊളിച്ചുകളയുകയും ഇത് ഉപ്പു വെള്ളം കോൾ നിലങ്ങളിൽ കയറി കൃഷി നശിക്കാൻ ഇടവരുത്തുകയും ചെയ്തു. പിന്നീട് അരനൂറ്റാണ്ടുകൾക്കുശേഷമാണ് സ്ഥിതി ഗതികൾ പൂർവ സ്ഥിതിയിലായത്. കൊല്ലവർഷം 993-ആം ആണ്ടിലാണ് ഏനാമ്മാവിൽ ഒരു പ്രഥാമിക വിദ്ദ്യാലയം നടത്താൻ കൊച്ചിരാജാവ് 30 പണം പ്രതിഫലമായി പാറക്കൽ രാമൻ എന്നയാളെ നിയോഗിച്ചത്.

ഏനാമ്മാവിനടുത്തുള്ള ഇരിമ്പ്രനെല്ലൂർ എന്ന സ്ഥലം പ്രാചീന കാലത്തു ചോള രാജാക്കന്മാരുടെ ഒരു പ്രധാന തട്ടകമായിരുന്നു. എ ഡി 500ൽ സ്ഥാപിക്കപ്പെട്ടു എന്ന് കരുതപ്പെടുന്ന ഒരു ക്രൈസ്തവ ദേവാലയം ഏനാമ്മാവിൽ ഉണ്ട്. പ്രസ്തുത ദേവാലയം പലതവണ നവീകരണ പ്രവർത്തനങ്ങൾക്കു വിധേയമായി. ദേവാലയം പരിശുദ്ധ കന്യക മറിയത്തിന്റെ നാമദേയത്തിൽ ആയിരുന്നു എന്നതിനാൽ ഏൻ അമ്മാവ്(എന്റെ അമ്മ) എന്ന് അന്നത്തെ തമിഴ് ഭാഷയിൽ വിശ്വാസികൾ വിളിച്ചു പോന്നു. ഇതാണ് കാലാന്തരത്തിൽ ഏനാമ്മാവ് എന്ന സ്ഥല പേരായി രൂപാന്തരപ്പെട്ടത്. 1653 ലെ കൂനൻ കുരിശൂ സത്യത്തിൽ പങ്കെടുക്കാതെ പറങ്കികൾക്കൊപ്പം നിന്ന കേരളത്തിലെ 84 പ്രമുഖ ഇടവകകളിൽ ഒന്ന് ഏനാമ്മാവ് ആയിരുന്നു. പടയോട്ട കാലത്തു ടിപ്പുവും സംഘവും ചേർന്ന് ഏനാമ്മാവ് പള്ളി ആക്രമിച്ചതായി ആരോപണമുണ്ട്.

അമ്പഴക്കാട്

ചാലക്കുടി, മാള എന്നീ സ്ഥലങ്ങൾക്ക് മദ്ധ്യേ സ്ഥിതി ചെയ്യുന്ന അമ്പഴക്കാട് കേരളത്തിലെ ആദ്യകാല അച്ചടിശാലകളുടെ പട്ടികയിൽ ഒന്നാംസ്ഥാനം വഹിക്കുന്നു. കേരളത്തിലെത്തിയ ജെസ്യൂട്ട് പാതിരിമാർ 1550ൽ അമ്പഴക്കാട്ടു പള്ളിയും സെമിനാരിയും അച്ചടിശാലയും പണികഴിപ്പിച്ചു. സംസ്കൃതം,മലയാളം,തമിഴ് തുടങ്ങി ഇന്ത്യൻ ഭാഷകൾ വരെ സെമിനാരിയിൽ പഠിപ്പിച്ചിരുന്നു. പോർച്ചുഗീസ്-തമിഴ് നിഘണ്ടു ഉൾപ്പെടെ നിരവധി നിഘണ്ടുകളും മൂല്യഗ്രന്ഥങ്ങളും ഇവിടുത്തെ പ്രസ്സിൽനിന്നും അടിച്ചിറക്കിയിട്ടുണ്ട്. മിഷനറിമാർ 'സെന്റ് പോൾ ഊർ'(വിശുദ്ധ പൗലോസിന്റെ ദേശം) എന്ന് നാമകരണം ചെയ്യപ്പെട്ട സമീപത്തുള്ളൊരു പ്രദേശമാണ് പിൽക്കാലത്തു 'സമ്പാളൂർ' ആയി മാറിയത്. ഫ്രാൻസിസ് സേവ്യർ,ഗാർസ്യ,ജോൺ ബ്രിട്ടോ,കോൺസ്താൻസോ ബെസ്ച്ചി എന്നീ പ്രമുഖ വൈദികരുടെ കർമ്മ മേഖലകൾ ആയിരുന്നു ഇവിടം. ഏതാനും സന്യാസിമഠങ്ങൾ,വൈപ്പിക്കോട്ട സെമിനാരി,പള്ളിപ്പുറം ജെസ്യൂട്ട് കോളേജ് എന്നീ സമീപ ദേശങ്ങളിലെ ചരിത്രാവശിഷ്ടങ്ങൾ കേരളത്തിലെ ക്രിസ്തീയ സംസ്ക്കാരത്തിന്റെ പദമുദ്രകളാണ്.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കെ പി പദ്മനാഭ മേനോൻ എന്നൊരു ചരിത്രകാരൻ 1912ൽ അമ്പഴക്കാട് വലിയതോതിൽ ചരിത്രാന്വേഷണം നടത്തുകയും ഇവിടം 17-ആം നൂറ്റാണ്ടിലെ ദക്ഷിണ ഭാരതത്തിലെ ഏറ്റവും വലിയ അച്ചടി കേന്ദ്രമായിരുന്നു എന്ന നിഗമനത്തിൽ എത്തിച്ചേരുകയും ചെയ്തു. മലയാള ഭാഷ അഭിമാനികളായ എല്ലാവരും ചേർന്ന് അമ്പഴക്കാട് ഒരു സ്മാരക സ്തംബമോ മറ്റോ നിർമ്മിക്കണമെന്നും ആദ്ദേഹം ആവശ്യപ്പെട്ടു.

ഉത്രാളിക്കാവ്

ഉത്രാളിക്കാവ് എന്ന പ്രദേശത്തിന്റെ പ്രശസ്തിയ്ക്കും ജനപ്രീതിയ്ക്കും കാരണം ഇവിടുത്തെ ക്ഷേത്രത്തിൽ നടത്തപ്പെടുന്ന പൂരവും വെടിക്കെട്ടും മറ്റു ഉത്സവങ്ങളും ആണല്ലോ. ആദി ദ്രാവിഡ സംസ്കാരത്തിന്റെ പൈതൃകം പേറുന്ന ക്ഷേത്രമാണ് ഉത്രാളിക്കാവ്. വടക്കാഞ്ചേരിയിൽനിന്ന് അല്പം മാറി സ്ഥിതിചെയ്യുന്ന മനോഹരമായ ഗ്രാമാന്തരീക്ഷത്തിൽ വയലുകളുടെ മധ്യത്തിൽ, മലകളുടെ മടിത്തട്ടിലാണ് ക്ഷേത്രം.ഉത്രാളിക്കാവ് എന്ന വാക്ക് രുധിരമഹാകാളി ലോപിച്ചതാണെന്നാണ് വിശ്വാസം.
ആദ്യകാല ദ്രാവിഡ ക്ഷേത്രങ്ങൾ വയലുകൾക്കു മധ്യത്തിലായിട്ടായിരുന്നു. ഒരു മരച്ചുവട്ടിൽ കെട്ടിട നിർമ്മിതികളൊന്നും ഇല്ലാതെ വിഗ്രഹം സ്ഥാപിക്കപ്പെട്ട നിലയിലാണ് പ്രാചീന കാലത്തെ ദ്രാവിഡ കാവുകൾ(ഇന്നും ചില ക്ഷേത്രങ്ങൾ അത്തരത്തിൽ ഉണ്ട്). ആര്യ-ബ്രാഹ്മണരുടെ കടന്നു വരവോടെയാണ് ക്ഷേത്ര നിർമ്മാണ ശൈലികൾക്കും ആചാര അനുഷ്ഠാനങ്ങൾക്കും വ്യത്യാസം വന്നുതുടങ്ങിയത്.

ഉത്രാളിക്കാവ് ക്ഷേത്രത്തിലും ആര്യൻ കുടിയേറ്റത്തോടെ മാറ്റങ്ങൾ സംഭവിക്കുകയും കാവ് നവീകരിക്കപ്പെടുകയും ആന,നെറ്റിപ്പട്ടം,കുട,ആലവട്ടം,വെഞ്ചാമര,വാദ്യഘോഷങ്ങൾ എന്നിവയുടെ അകമ്പടിയോടെ ഉത്സവം ആരംഭിക്കുകയും ചെയ്തുഎന്നാണ് ചരിത്രകാരന്മാർ പറയുന്നത്. എന്നാൽ ഉത്രാളിക്കാവിലെ ദ്രാവിഡ പൈതൃകം പരിപൂർണ്ണമായി അസ്തമിച്ചു എന്ന് പറയാൻ ആവില്ല. പൂരത്തിന് മുൻപ് പറ പുറപ്പെട്ടുകഴിഞ്ഞാൽ വിവിധ ജാതിക്കാർ ദ്രാവിഡ സംസ്കാരങ്ങളുടെ ശേഷിപ്പുകളിലായ ആണ്ടി,തിറ,ദാരികൻ,കാള,പൂതൻ,നായാടി തുടങ്ങി കലാരൂപങ്ങളോടെയും വിവിധ വാദ്യഘോഷ അകമ്പടിയോടെയും വീടുകൾ തോറും കയറി ഇറങ്ങുക പതിവാണ്. ഉത്സവ ആഘോഷത്തിന്റെ തന്നെ ഭാഗമായുള്ള കുതിരകളും തേരുകളും കെട്ടിയുണ്ടാക്കി അവയെ ചുമലിൽ വച്ചുകൊണ്ടു പോകുന്ന കാവ് തീണ്ടൽ എന്ന ഘോഷയാത്രയും ദ്രാവിഡ സംസ്കാരത്തിന്റെ പൈതൃകം പേറുന്നു. ചുരുക്കത്തിൽ ഉത്രാളിക്കാവിലെ ആചാര-അനുഷ്ഠാനങ്ങളിൽ ആര്യൻ-ദ്രാവിഡ സംസ്കാരങ്ങളുടെ സമന്വയമാണുള്ളത്.

കിഴക്കേ കോട്ട,പടിഞ്ഞാറേ കോട്ട (തൃശൂർ നഗര പ്രാന്തത്തിലുള്ളത്)

പേര് പോലെ തന്നെ തൃശ്ശൂരിൽ വലിയൊരു കോട്ടയുണ്ടായിരുന്നു. തൃശ്ശിവപേരൂർ കോട്ട എന്ന പെരില റിയപ്പെട്ടിരുന്ന പ്രസ്തുത കോട്ട നിലനിന്നിരുന്ന ചില ഭാഗങ്ങളെയാണ് പടിഞ്ഞാറേ കോട്ട,കിഴക്കേ കോട്ട,കോട്ടപ്പുറം എന്നിങ്ങനെയുള്ള പേരുകളിൽ ഇന്ന് അറിയപ്പെടുന്നത്. കോട്ടയ്ക്കു ചുറ്റും കിടങ്ങും ഉണ്ടായിരുന്നതായി ചരിത്ര രേഖകളിൽ കാണുന്നു. കോട്ടയും കിടങ്ങുമെല്ലാം കാലാന്തരത്തിൽ പലപ്പോഴായി കഥാവശേഷമായി. പ്രസ്തുത കോട്ടയെ പറ്റിയുള്ള വിവരങ്ങൾ ലഭിക്കുന്നത് 1810ൽ കൊച്ചി-തിരുവിതാംകൂർ രാജ്യങ്ങളിൽ സർവ്വേ നടത്തിയ ബ്രിട്ടീഷ് ഉദ്യാഗസ്ഥന്മാരുടെ രേഖപ്പെടുത്തലുകളിൽനിന്നാണ്. പ്രസ്തുത രേഖകൾ പ്രകാരം തൃശ്ശൂരിൽ ഉദ്ദേശം 4.5 മൈൽ ചുറ്റളവിൽ ആയിരുന്നു കോട്ട നിലനിന്നിരുന്നത്. തൃശൂർ നഗരത്തിന്റെ ഭാഗമായ എട്ടു വില്ലേജുകൾ കോട്ടയ്ക്ക് അകത്താണ് സ്ഥിതി ചെയ്തിരുന്നത്. 1790 കളിൽ ആയിരുന്നു നിർമ്മാണ പ്രവർത്തനങ്ങൾ.

ഏകദേശം 14 അടിയാണ് കോട്ടയുടെ ഉയരം. വീതി 15 അടിയും. കോട്ട സമചതുര ആകൃതിയിലോ കൃത്യമായ വൃത്താകൃതിയിലോ ആയിരുന്നില്ല. കോട്ടയുടെ ഉച്ചിയിൽ ക്രമമായ ഇടവേളകളിൽ കൊത്തളങ്ങളും,കാവൽപ്പുരകളും, ആയുധ ശാലകളും സജ്ജീകരിച്ചിരുന്നു. ചെങ്കല്ലും മണൽത്തിട്ടയും കൊണ്ടായിരുന്നു നിര്മ്മാണം. എന്നാൽ കോട്ടയുടെ നിർമ്മാണം പദ്ധതിയിട്ടിരുന്നതുപോലെ അവസാനിപ്പിച്ചിട്ടില്ല എന്ന് ബ്രിട്ടീഷ് ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയിരിക്കുന്നു.
കോട്ടയ്ക്കു പുറത്തു അതിർത്തിയിൽ വടക്കു പെരിങ്ങാവ് ദേശവും പടിഞ്ഞാറു അയ്യന്തോളും തെക്കു ചിയ്യാരവും, കിഴക്ക് ഒല്ലൂക്കര ദേശവും ആണ്. വടക്കുന്നാഥ ക്ഷേത്രം, ഇന്നത്തെ ശക്തൻ തമ്പുരാൻ കൊട്ടാരം(വടക്കേ സ്റ്റാൻഡിൽ ഉള്ളത്), ക്രൈസതവ റൊമോ സിറിയൻ പള്ളി(ഇന്നിപ്പോൾ കല്ദായവിഭാഗം കൈവശം വച്ചിരിക്കുന്ന മാർത്ത് മറിയം വലിയപള്ളി), വിവിധ മാർക്കറ്റുകൾ,അങ്ങാടികൾ തുങ്ങിയവ കോട്ടയ്ക്ക് അകത്തായിരുന്നു.

തൃശ്ശൂരിൽ ഇത്തരത്തിലുള്ളൊരു കോട്ട സംരക്ഷിച്ചു വലിയ തോതിൽ ചിലവ് കഴിക്കേണ്ടതില്ല എന്ന് പിന്നീട് കൊച്ചി രാജവംശത്തിനു മനസ്സിലായിരിക്കണം. ശക്തൻ മഹാരാജാവിന്റെ മരണാനന്തരം രാജ്യ തലസ്ഥാനം തൃപ്പുണിത്തുറയിലേയ്ക്കും എറണാകുളത്തെ മറ്റ് ഭാഗങ്ങളിലേക്കും മാറ്റപെട്ടപ്പോൾ തൃശ്ശൂരിന്റെ പ്രതാപത്തിനു മങ്ങലേറ്റു. തൃശൂർ കോട്ട സംരക്ഷിച്ചു സമ്പത്തു വലിയ തോതിൽ വിനിയോഗം ചെയ്യേണ്ടെന്ന് ബ്രിട്ടീഷുകാരും കൊച്ചി രാജവംശത്തോട് നിർദേശിച്ചു. ഇതോടെ കോട്ടയുടെ സംരക്ഷണം പിൻവലിക്കപ്പെടുകയും കോട്ട പതിയെ പതിയെ നശിച്ചു തുടങ്ങുകയും ചെയ്തു. ഏകദേശം 70 വർഷങ്ങൾക്കു മുൻപ് വരെ കോട്ടയുടെയും കിടങ്ങിന്റെയും ചില ഭാഗങ്ങൾ പ്രത്യക്ഷമായിരുന്നു എന്ന് മുതിർന്നവർ പറയുന്നു. കിടങ്ങിന്റെ ഒരു ഭാഗം മണ്ണിട്ട് നികത്തി നിർമ്മിച്ചിട്ടുള്ള ഒന്നാണ് ഇന്നത്തെ ബിഷപ്പ് പാലസ് റോഡ്.

തൃപ്രയാർ

തിരുപ്പുരയ്, ആർ എന്നീ പദങ്ങൾ ചേർന്നാണ് തൃപ്രയാർ എന്ന സ്ഥലനാമമുണ്ടായത്. ബ്രിട്ടീഷ് ഭരണ കാലത്തു പഴയ പൊന്നാനി താലൂക്കിന്റെ ഭാഗമായിരുന്നു തൃപ്രയാർ. എന്നാൽ ഇവിടുത്തെ പ്രശസ്തമായ ക്ഷേത്രഭരണത്തിനവകാശികൾ കൊച്ചി രാജവംശമായിരുന്നു. മനോഹരമായ ചുവർചിത്ര-ദാരു വേലകൾ,ഉന്നതമായ മതിൽ,ഗോപുരം, ചെമ്പു വിരിച്ച മേൽക്കൂരയോടെയും സ്വർണ്ണ താഴിക കുടത്തോടെയും കൂടിയ ശ്രീ കോവിൽ എന്നിവ ക്ഷേത്രത്തിന്റെ പ്രത്യേകതകളാണ്. വിഗ്രഹ സാദൃശ്യം വിഷ്ണുവിനോടാണെങ്കിലും ശ്രീരാമന്റേതാണ് എന്നാണ് സങ്കൽപ്പം. ശ്രീരാമനെ വഴങ്ങാൻവേണ്ടി ദീർഘദൂരത്തുനിന്നു വരെ ഭക്തർ എത്തുന്നത് പതിവാണ്. എന്നാൽ ആറാട്ടുപുഴ പൂരത്തിന് പങ്കെടുക്കാൻ പുറത്തേക്കെഴുന്നള്ളുന്നത് വിഷ്ണുവോ ശ്രീരാമനോ അല്ല. തേവരാണ്(ശാസ്താവ്). ആദിയിൽ അയ്യപ്പ ക്ഷേത്രത്തിന്റെ ലക്ഷണമാണോ ഇതെന്ന് സംശയിക്കാം. ക്ഷേത്രത്തിലെ ഊരായ്മ സ്ഥാനം ചേലൂർ,പുന്നപ്പിള്ളി,ജ്ഞാനപ്പിള്ളി എന്നീ മൂന്നു മനകൾക്കായിരുന്നു.

പുത്തൻചിറ

തൃശൂർ ജില്ലയിൽ ഒരു ജൂത കോളനി ആയിരുന്ന മാളയ്ക്കും പോർച്ചുഗീസ് കേന്ദ്രമായ അമ്പഴക്കാടിനും അടുത്തായിട്ടാണ് പുത്തൻചിറയുടെ സ്ഥാനം. പുത്തൻചിറ എന്ന പ്രദേശം പല തരത്തിലും ചരിത്ര പ്രസിദ്ധമാണ്. പുത്തൻചിറഗ്രാമം സ്വാതന്ത്ര്യ ലബ്ദിയ്ക്കുമുന്പ് കൊച്ചി നാട്ടുരാജ്യത്തിന്റെ അതിർത്തിയ്ക്കുള്ളിൽ എന്നാൽ തിരുവിതാംകൂറിന്റെ ഭരണത്തിൽ കീഴിൽ നിലനിന്നിരുന്ന സ്ഥലമാണ്(കേരളത്തിൽ ഇന്ന് മാഹി ഉള്ളതുപോലെ). ഇതിനൊരു കാരണവുമുണ്ട്, സർവ്വ പ്രതാപവാനായ കോഴിക്കോട് സാമൂതിരി മഹാരാജാവ് രാജ്യം വിപുലീകരിച്ചു കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കി രാജ്യത്തിൻറെ പ്രതാപം വർധിപ്പിക്കാൻ തീരുമാനിക്കുകയും ഇതിനായി കൊച്ചി-തിരുവിതാങ്കൂർ രാജ്യങ്ങൾ കൈപ്പിടിയിലൊതുക്കാൻ പദ്ധതിയിടുകയും ചെയ്തു. അദ്ദേഹം ആദ്യം കൊച്ചി രാജ്യത്തെ ഏതാനും നാടുവാഴികളെയും മറ്റും കൂട്ടുപിടിച്ചു വലിയൊരു മുന്നേറ്റം നടത്തി. സാമൂതിരിയുടെ മുന്നേറ്റങ്ങളെ സൈനികമായി പ്രതിരോധിയ്ക്കാൻ ആകാതെ നിസ്സഹായനായ കൊച്ചിരാജാവ് തിരുവിതാംകൂറുമായി സഖ്യത്തിലേർപ്പെട്ടു. സാമൂതിരിയെ ഒതുക്കേണ്ടത് തിരുവിതാംകൂറിന്റെയും ആവശ്യമായിരുന്നു.

കൊച്ചി-തിരുവിതാംകൂർ സംയുക്ത സൈന്യത്തിന് നേതൃത്വം കൊടുത്തിരുന്നത് അന്നത്തെ തിരുവിതാംകൂർ ദളവ അയ്യപ്പൻ മാർത്താണ്ഡ പിള്ള, ഡച്ചുകാരെ ചതിച്ചു തിരുവിതാംകൂർ സൈന്യത്തിലേയ്ക്ക് കാൽ മാറിയ സർവ്വ സൈന്യാധിപൻ ഡി ലെനോയ്, കൊച്ചി പ്രധാന മന്ത്രി പാലിയത്തച്ചൻ എന്നിവർ ആയിരുന്നു. അപ്രതീക്ഷിത മുന്നേറ്റത്തിൽ സാമൂതിരിയും സൈന്യവും തോറ്റോടി. അയ്യപ്പൻ മാർത്താണ്ഡ പിള്ളയുടെ സേവനത്തിൽ സന്തോഷഭരിതനായ അന്നത്തെ കൊച്ചി മഹാരാജാവ് തന്റെ രാജ്യത്തെ ഏറ്റവും മനോഹരമായതും കാർഷിക ഫലഭൂയിഷ്ഠവുമായ ഒരു ദേശം സമ്മാനമായി അദ്ദേഹത്തിന് നൽകി. അത് പുത്തൻചിറ അല്ലാതെ മറ്റൊരു ദേശവും ആയിരുന്നില്ല. മാർത്താണ്ഡപിള്ളയാകട്ടെ പുത്തൻചിറ ദേശം സ്വന്തം കുടുംബ സ്വത്തായി വയ്ക്കാതെ തിരുവിതാംകൂറിനു സമർപ്പിക്കുകയും ചെയ്തു. അങ്ങനെ 1762 മുതൽ പുത്തൻചിറ തിരുവിതാങ്കൂറിന്റെ ഭാഗമായി.

ജലഗതാഗത സൗകര്യങ്ങൾ പ്രബലമായിരുന്ന നൂറ്റാണ്ടുകളിൽ കരുവന്നൂർ പുഴയുടെ ഒരു കൈവഴി പുത്തൻചിറയിലൂടെ ഉണ്ടായിരുന്നു എന്നതിനാൽ ഇവിടുത്തെ പ്രതാപം വർധിച്ചു. കൊടുങ്ങല്ലൂർ പട്ടണം തുറമുഖ പ്രശസ്തിയിൽ നിലനിന്നിരുന്ന കാലഘട്ടത്തിൽ പുത്തൻചിറ കൊടുങ്ങല്ലൂർ പട്ടണത്തിന്റെ ഒരു ഭാഗമായിരുന്നു. എന്നാൽ എ ഡി 1341 ലെ വെള്ളപ്പൊക്കത്തിൽ പുത്തന്ചിറയിലൂടെയുള്ള പുഴ ഗതി മാറി ഒഴുകുകയും കൊടുങ്ങല്ലൂർ തുറമുഖത്തിന്റെ അടക്കം ആഴം കുറയുകയും ചെയ്തു.

വളരെ പുരാതനമായ ഒരു ക്രൈസ്തവ ദേവാലയം പുത്തന്ചിറയിലുണ്ട്. പ്രസ്തുത ദേവാലയം എ ഡി 400ൽ സ്ഥാപിക്കപ്പെട്ടതാണെന്നു കരുതപ്പെടുന്നു. എ ഡി നാലാം നൂറ്റാണ്ടിൽ വരയ്ക്കപ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്ന പരിശുദ്ധ കന്യകമറിയത്തിന്റെ ചിത്രം ദേവാലയത്തിലുണ്ട്. എ ഡി 1701 മുതൽ 1777 വരെ കൊടുങ്ങലൂർ അതിരൂപതയെ ഭരിച്ചിരുന്ന പോർട്ടുഗീസുകാരായ മെത്രാപ്പോലീത്താമാരുടെയും, ഗോവർണദോർമാരുടെയും ആസ്ഥാന ദേവാലയമായിരുന്നു പുത്തൻചിറ ദേവാലയം. പ്രസ്തുത നാളുകളിൽ കൊടുങ്ങല്ലൂർ രൂപത ഭരിച്ചിരുന്ന ഡോ. ജോൺ റിബൈറോ, ആന്റണി പിമെന്റൽ, ജോൺ അലോഷ്യസ് വാസ് കോൺസെല്ലോസ്, സാൽവദോർ ദോസ് റേയിസ് എന്നീ പോർച്ചുഗീസ് മെത്രാന്മാരെ ദേവാലയത്തിൽ അടക്കം ചെയ്തിരിക്കുന്നു. പോർച്ചുഗീസ് ശൈലിയിൽ നിർമ്മിക്കപ്പെട്ട ഒരു കരിങ്കൽ കുരിശ്ശ് ദേവാലയത്തിനു സമീപത്തുണ്ട്. കത്തോലിക്ക സഭ അടുത്തിടെ വിശുദ്ധയായി പ്രഖ്യാപിച്ച മറിയം ത്രേസ്സ്യായുടെ ജന്മ നാടുകൂടെയാണ് പുത്തൻചിറ.

മുള്ളൂർക്കര

പഴയ കൊച്ചി നാട്ടുരാജ്യത്തിന്റെ ഉത്തര അതിർത്തിയിൽ, തലപ്പിള്ളി ദേശത്തിന്റെ വടക്കേ അറ്റത്തു മനക്കോട്ടച്ചൻ എന്നപേരിൽ പ്രാദേശികമായി അറിയപ്പെട്ടിരുന്ന ഒരു നാടുവാഴിയുണ്ടായിരുന്നു. സർക്കാർ രേഖകളിൽ മനക്കോട്ട് നായർ എന്നപേരിലും അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ തലസ്ഥാനം മുള്ളൂർക്കര ആയിരുന്നു. മുള്ളൂർക്കര കേന്ദ്രീകരിച്ചു ഇദ്ദേഹത്തിന് നിരവധി ഭൂസ്വത്തുളും ഉണ്ടായിരുന്നു. വടക്കാഞ്ചേരിക്കും ചെറുതുരുത്തിയ്ക്കും ഇടയിൽ ഒരു കാലത്തു സ്ഥിതിചെയ്തിരുന്ന ഐരൂർ നാടിൻറെ തലസ്ഥാനം കൂടെയായിരുന്നു മുള്ളൂർക്കര.

1700 കളിൽ മനക്കാട്ടച്ചന്റെ പിന്തുണയോടെയാണ് സാമൂതിരി രാജാവ് കൊച്ചി രാജ്യത്തിൻറെ ഏതാനും ഭാഗങ്ങൾ പിടിച്ചടക്കിയത്. എന്നാൽ പിന്നീടുണ്ടാക്കപ്പെട്ട ഒരു സന്ധി പ്രാകാരം സാമൂതിരി കൊച്ചി രാജ്യത്തുനിന്നും പിൻവാങ്ങിയതോടെ മനക്കോട്ടച്ചൻ അന്നത്തെ കൊച്ചി മഹാരാജാവിന്റെ ക്രോധത്തിനു ഇരയായി. 1740ൽ ഒരു രാജ്യദ്രോഹി എന്ന നിലയിൽ മനക്കോട്ടച്ചന്റെ സ്വത്ത് കണ്ടുകെട്ടുകയും അദ്ദേഹത്തെയും കുടുംബക്കാരെയും രാജ്യഭ്രഷ്ടരാക്കുകയും ഉണ്ടായി. മനക്കോട്ട തറവാട് സ്വത്തുക്കളെല്ലാം പിന്നീട് ലഭിച്ചത് കൊച്ചി പ്രധാന മന്ത്രികൂടെ ആയിരുന്ന പാലിയത്ത് അച്ചനാണ്. രാജ്യഭ്രഷ്ടരാക്കപ്പെട്ടവർ പിന്നീട് കൊച്ചി രജ്യത്തെ തന്നെ മറ്റൊരു അതിർത്തിയായ കണയന്നൂർ താലൂക്കിലെ ഭാഗങ്ങളിലേയ്ക്ക് കുടിയേറി(ഇതിനു രാജാവ് തടസ്സം നിന്നില്ല). എന്നാൽ ഒരു നൂറ്റാണ്ടിനുശേഷം കൊല്ലവർഷം 1075 ൽ മനക്കാട്ടു തറവാട്ടുകാർ മുള്ളൂർക്കരയിലെ സ്വത്തുക്കളിൽ അവകാശം സ്ഥാപിയ്ക്കാൻ തൃശൂർ കോർട്ടിൽ ഹർജ്ജി കൊടുത്തു. പ്രസ്തുത വ്യവഹാരത്തിൽ പാലിയത്ത് രാമൻ വലിയച്ഛൻ കോടതി മുൻപാകെ ഹാജരായി അന്യായം ബോധിപ്പിച്ചെങ്കിലും വിധി അദ്ദേഹത്തിന് എതിരാവുകയാണ് ഉണ്ടായത്.

മുള്ളൂർക്കരയിൽ റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ക്ഷേത്രത്തിനു പേര് മനക്കോട്ടുകാവ് എന്നാണു. എ ഡി 1740ൽ സാമൂതിരിയുടെ ആക്രമണം തടുക്കാൻ കെട്ടിയ ഒരു കോട്ട മുള്ളൂർക്കരയിൽ ഉണ്ടായിരുന്നു എന്ന് കൊച്ചി സ്റ്റേറ്റ് മാനുവലിൽ സി അച്യുതമേനോൻ പറയുന്നു. പടയോട്ട കാലത്തു ടിപ്പു പഴയന്നൂർ മുതൽ ചാലക്കുടി വരെ സൈനിക ആവശ്യങ്ങൾക്കായി നിർമ്മിച്ച റോഡ് മുള്ളൂർക്കര വഴിയായിരുന്നു.

കരൂപ്പടന്ന

പുരാതനക്കാലത്തു തുറമുഖ പ്രാധാന്യ മുണ്ടായിരുന്ന കായലോരമാണ് കരൂപ്പടന്ന. ഇരിങ്ങാലക്കുടയിൽനിന്നും 9 km തെക്കായി സ്ഥിതി ചെയ്യുന്ന കരൂപ്പടന്ന പുരാതന കാലത്തെ ചേര തലസ്ഥാനമായിരുന്നു എന്ന് അനുമാനിച്ചിരുന്ന ചരിത്രകാരന്മാരും ഉണ്ട്. എന്നാൽ കേരളത്തിലെ അതി പ്രാചീന ഗതാഗത കേന്ദ്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കരൂപ്പടന്ന എന്ന് അനുമാനിക്കാൻ കാ രണങ്ങളുണ്ട്. വടക്കൻ ദിക്കുകളിലേക്കുള്ള ചേര തലസ്ഥാനത്തിന്റെ പടിവാതിൽ എന്ന ഖ്യാതി കരൂപ്പടന്നയ്ക്ക് ഉണ്ടായിരുന്നു. കൊച്ചിയിൽ നിന്നും ജലഗതാഗത മാർഗ്ഗം കരൂപ്പടന്ന വന്നിറങ്ങി നേരെ കര വഴി ഇരിങ്ങാലക്കുട,തൃശൂർ വഴി വടക്കൻ ദിക്കുകളിലേയ്ക്ക് പോകാനുള്ള മാർഗ്ഗം സുഗമമായിരുന്നു.കൊച്ചി രാജാക്കന്മാർ തൃശ്ശൂരിലേക്ക് എഴുന്നള്ളുമ്പോൾ കരൂപ്പടന്ന ഇറങ്ങി വിശ്രമിക്കുക പതിവാണ്. ഇതിനുവേണ്ടി സർക്കാർ വക ഊട്ടുപുരയും കരൂപ്പടന്ന ഉണ്ടായിരുന്നു. എന്നാൽ ആധുനിക ഗതാഗത മാർഗ്ഗങ്ങൾ വിപുലീകരിയ്ക്കപ്പെട്ടതോടെ കരുപ്പടന്നയുടെ പ്രധാന്യം അസ്ഥാനത്തായി, തുറമുഖം വിസ്മൃതിയിൽ മറഞ്ഞു.(തുടരും)

» തൃശൂരിന്റെ പ്രാദേശിക ചരിത്രത്തിലൂടെ - തൃശ്ശൂരിലെ സ്ഥല ചരിത്രങ്ങൾ - അജീഷ് പി എസ് - Part 2

# അജീഷ് പി എസ്


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 0 | Saved : 08:20:53 pm | 02-12-2023 CET