» തൃശൂരിന്റെ പ്രാദേശിക ചരിത്രത്തിലൂടെ - അജീഷ് പി എസ് - ആദ്യ ഭാഗം
ഊരകം(തൃശൂർ-കൊടുങ്ങല്ലൂർ പാതയിലുള്ളത്)
13-ആം നൂറ്റാണ്ടിലെ കുമരനെല്ലൂർ ശാസനത്തിൽ "ഊരകത്തു കുടിയിരിക്കുഞ്ചുതിരെർ പിരാമണരെയ് തുർവ്വായ്യകം പറയ്കില് പന്തിരണ്ടു കാണം പൊൻ കടുപ്പിതു" എന്ന് ഊരകത്തെ പരാമർശ്ശിച്ചിട്ടുണ്ട് (ഊരകം എന്ന പേരിനു ഗ്രാമ മദ്ധ്യം എന്ന പൊതുവായ അർത്ഥമുള്ളതിനാൽ പ്രസ്തുത അനുമാനം സംശയാതീതമായി തെളിയിക്കപെട്ടിട്ടില്ല). ഊരകത്തെ പുരാതന ക്ഷേത്രം വളരെ പ്രശസ്തമാണ്. ഊരകത്തമ്മതിരുവടി എന്ന നാമത്തിൽ വിശ്രുതയാണ് ഭഗവതി. തിരുവലയന്നൂർ ഭട്ടതിരി എന്നൊരാൾ കാഞ്ചിപുർത്തുനിന്നു വരവേ ഭഗവതി ഓലക്കുടപ്പുറത്തു പറ്റിക്കൂടി ഊരകത്തേയ്ക്കു വന്നു എന്നാണ് ഐതിഹ്യം. ഐതിഹ്യം എന്തുതന്നെയായാലും ഊരകത്തമ്മതിരുവടിയ്ക്കു ഇന്നും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഓലക്കുട. വിശ്രുതമായ ആറാട്ടുപുഴ പൂരത്തിന് ഭഗവതി എഴുന്നള്ളുന്നത് ആനപ്പുറത്തു ഓലക്കുടയ്ക്കു കീഴിൽ ആണ്. പ്രാചീന തമിഴ് സാഹിത്യത്തിലെ ചില കൃതികൾ പ്രകാരം ഊരകം ക്ഷേത്രാങ്കണം ഒരു ആരാധന സ്ഥലം എന്നതിലുപരി ഒരു വിശ്രമ സങ്കേതവും ഒരു സമ്മേളന സ്ഥലവും കൂടെ ആയിരുന്നു. ക്ഷേത്രത്തിന്റെ സങ്കേത ഭരണം നിർവഹിച്ചിരുന്നത് ഒരു സ്വതന്ത്രസമിതി ആയിരുന്നു.
എന്നാൽ ക്ഷേത്ര ഭരണത്തെയും അധികാരത്തെയും സംബന്ധിച്ചു ദേശത്തെ നമ്പൂതിരിമാർക്കിടയിൽ തർക്കം ഉടലെടുക്കുകയും അതിനൊരു പരിഹാരം എന്ന നിലയിൽ ക്ഷേത്ര ഭരണം കൊച്ചി രാജാവിന്റെ ആധികാരപരിധിയിൽ വരികയും ചെയ്തു. രവിവർമ്മ എന്നൊരു കൊച്ചി രാജാവ് 110 കല്ലുകൊണ്ട് ക്ഷേത്രം പുതുക്കിപ്പണിതു എന്ന അർഥം വരുന്ന ഒരു ലിഖിതം ക്ഷേത്രത്തിന്റെ ശ്രീമൂല സ്ഥാനത്തുനിന്നും കണ്ടെടുക്കാനായിട്ടുണ്ട്. പ്രസ്തുത കൊച്ചി രാജാവിന്റെ ഭരണ കാലം പോർച്ചുഗീസുകാരുടെ വരവിനു മുൻപായിരുന്നുഎന്ന് ഊഹിക്കപ്പെടുന്നു. ഒരിക്കൽ ലന്തക്കാർ എന്നറിയപ്പെടുന്ന ഡച്ചുകാരും സാമൂതിരി സൈന്യവും ഊരകത്തു വെച്ച് ഏറ്റുമുട്ടിയത് യുദ്ധത്തിൽ കലാശിച്ചിട്ടുണ്ട്. ബാലീ ദ്വീപിൽ നിന്നും മറ്റുമായിവന്ന ചില ഡച്ചു പട്ടാളക്കാർ ഊരകത്തു പാർക്കവേ ക്ഷേത്രം കൊള്ളയടിച്ചതായി ആരോപണമുണ്ട്.
പട്ടിക്കാട്
മദ്രാസ് പ്രെസിഡെൻസിലേക്കുള്ള(മലബാർ ജില്ല മുഖേന) കൊച്ചി രാജ്യത്തുനിന്നുള്ള ഒരു പ്രധാന പ്രവേശന മായിരുന്നു പട്ടിക്കാട്. കൊച്ചി രാജ്യത്തിൻറെ പശ്ചിമ അതിർത്തിയായ ഇവിടം നൂറ്റാണ്ടുകൾക്കു മുൻപ് ആൾവാസമില്ലാത്ത പ്രദേശമായിരുന്നു. കാടും മലയും നിറഞ്ഞു വന്യജീവികളുടെ വിഹാര കേന്ദ്രമായിരുന്ന പ്രസ്തുത ദേശത്തു കൂടെയുള്ള യാത്ര ഭീതി ജനകമായിരുന്നു. എന്നാൽ കാലക്രമേണ കാർഷിക ആവശ്യത്തിനും മറ്റും ഇവിടേയ്ക്ക് കുടിയേറ്റങ്ങൾ ഉണ്ടാവുകയും ദേശീയ പാത കടന്നുവരികയും ചെയ്തതോടെ ഭീതി അസ്ഥാനത്തായി. സംഘകാലത്തോളം പഴക്കമുള്ള ഒരു മലമ്പാതയാണ് പ്രസ്തുത വനപാത എന്ന് പരക്കെ അനുമാനിക്കപ്പെടുന്നു. 1844ലാണ് തൃശ്ശൂരിൽ നിന്നും പട്ടിക്കാട് വഴി കോയമ്പത്തൂരിലേക്ക് റോഡ് ഗതാഗതം ആരംഭിച്ചത്. അതിനുമുന്പുവരെ പട്ടിക്കാട് വരെ മാത്രം കാളവണ്ടികൾ പോകും.
റോബർട്ട് സെവെൽ എന്നൊരു വിദേശി 1882ൽ ഇവിടം സന്നർശ്ശിക്കുകയും വനഗർഭത്തിൽ നിരവധി പ്രാചീന ശൈലിയിലുള്ള ക്ഷേത്രങ്ങൾ കണ്ടതായും പറയുന്നുണ്ട്. 1814ൽ ബ്രിട്ടീഷുകാർ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ പട്ടിക്കാട് ചുരത്തിനു സമീപത്തു ബ്രാഹ്മണർക്ക് മാത്രമായി ഒരു ഊട്ടുപുര ഉണ്ടായിരുന്നതായും മറ്റുള്ളവർക്ക് വേണ്ടി ഒരു പൊതു സത്രമുള്ളതായും പറഞ്ഞിരിക്കുന്നു. നിരവധി കൊള്ളക്കാരുടെ ശല്യം ഇവിടെ ഉണ്ടായിരുന്നു എന്നതിനാൽ പട്ടിക്കാട് വഴി ചിറ്റൂരിലേയ്ക്കും മറ്റും പോകുന്ന സർക്കാർ പ്രതിനിധികൾക്കുകൂടെ ശിപായിമാരെ നിയോഗിക്കണമെന്ന സർക്കാർ മാർഗ്ഗ നിർദേശവും ഉണ്ടായിരുന്നു.
തൃക്കൂർ
തൃശൂർ നഗരത്തിൽനിന്ന് പത്തു കിലോമീറ്റർ തെക്കു കിഴക്കായി നിലകൊള്ളുന്ന തൃക്കൂരിൽ പഴക്കം ചെന്ന ഒരു ഗുഹ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. 1911 ലെ കൊച്ചി സ്റ്റേറ്റ് മാനുവലിൽ തമിഴ് ഭ്രാഹ്മണരുടെ ഒരു പ്രധാന കേന്ദ്രമാണ് ഇവിടെം എന്ന് പറഞ്ഞിരിക്കുന്നു. ക്ഷേത്രത്തിലെ പ്രതിഷ്ഠ സ്വയം ഭൂവാണെന്നാണ് വിശ്വാസം. ഏതാനും ശിലാ ലിഖിതങ്ങളും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രം ഏതാനും നൂറ്റാണ്ടുകൾ കൊച്ചി പ്രധാന മന്ത്രിമാരായിരുന്ന പാലിയത്ത് അച്ചന്മാരുടെ നിയന്ത്രണത്തിൽ ഇരുന്നിട്ടുണ്ട്.
ചേലക്കര
കൊച്ചി രാജ്യത്തിൻറെ വടക്കേ അതിർത്തിയിൽ, പൊന്നാനിപ്പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ചേലക്കര നൂറ്റാണ്ടുകൾക്കു മുൻപ് ഒരു താലൂക്ക് തന്നെയായിരുന്നു. നാലു പ്രവൃത്തികളിലായി 47 വില്ലേജുകൾ ചേലക്കര താലൂക്കിൽ ഉണ്ടായിരുന്നു. ഡി ലെനോയ്യുടെ നേത്രത്വത്തിൽ ഉള്ള തിരുവിതാംകൂർ സൈന്യം 1762 ലെ തിരുവിതാംകൂർ കൊച്ചി ഉടമ്പടിയുടെ അടിസ്ഥാനത്തിൽ സാമൂതിരിയുമായുള്ള യുദ്ധത്തിന് അവസാനം കുറിച്ചത് ചേലക്കരയിൽ വച്ചായിരുന്നു.
വ്യാപകമായ കാർഷിക മേഖല സ്ഥലത്തെ സമ്പന്നമാക്കുന്നു. പുരാതമായ ഒരു കൊട്ടാരത്തിന്റെ അവശിഷ്ടങ്ങൾ ചേലക്കരയിൽ അവശേഷിക്കുന്നുണ്ട്. വെങ്കനെല്ലുർ ക്ഷേത്രം, എമൂർ ഭഗവതി ക്ഷേത്രം എന്നിവ സ്ഥലത്തെ ചരിത്ര പ്രാധാന്യമുള്ള ക്ഷേത്രങ്ങളാണ്. ചേലക്കരയുടെ പുരാതനത്വം വഹിയ്ക്കുന്ന മറ്റൊരു ക്ഷേത്രമാണ് അന്തിമഹാകാളൻ കാവ്. കാല്പാന്ത കാലത്തു ശിവൻ സംഹാര നൃത്തം ചെയ്തു ഭദ്രകാളി ഉൾപ്പെടെ സമസ്ത ചരാചരങ്ങളെയും തന്നില്ലെയ്ക്കാവാഹിച്ചത്തിന്റെ മൂർത്തീമത്ഭവമാണ് അന്തിമഹാകളാണെന്നാണ് ഐതിഹ്യം. പുരാതന കാലത്തു ഇതൊരു ദ്രാവിഡ കാവ് ആയിരുന്നു എന്ന് അനുമാനങ്ങളുണ്ട്.
പഴയന്നൂർ
കൊച്ചി രാജവംശത്തിന്റെ പരദേവതയായ പഴയന്നൂർ ഭഗവതിയുടെ ആസ്ഥാനം എന്ന ഖ്യാതി പേറുന്ന പഴയന്നൂർ, ചേലക്കരയിൽനിന്നും 8km കിഴക്കായി സ്ഥിതി ചെയ്യുന്നു. പഴയന്നൂർ എന്ന സ്ഥലനാമത്തിനു തമിഴ് സംഘകാലത്തോളം പഴക്കം ഉണ്ട്. പഴെയർ,ഊര് എന്നീ പദങ്ങൾ ലോപിച്ചാണ് പഴയന്നൂർ എന്ന സ്ഥലനാമം ഉണ്ടായത്. ഒരു കൊട്ടാര അവശിഷ്ടവും ചൊവ്വാഴ്ച്ച ചന്തയും പഴയന്നൂരിന്റെ ഗതകാല സ്മരണകളെ ഉയർത്തുന്നു. പുരാതനകാലത്തു പാലക്കാട്ടു ചുരം വഴി കേരളത്തിലേയ്ക്കുണ്ടായിരുന്ന പാത പഴയന്നൂർ വഴി ആയിരുന്നു.
ടിപ്പു തൻറെ തിരുവിതാംകൂർ ആക്രമണം പ്രമാണിച്ചു സൈനിക സാമഗ്രികൾ കൊണ്ടുവരുന്നതിനായി പഴയന്നൂർ മുതൽ മുള്ളൂർക്കര,തൃശൂർ വഴി ചാലക്കുടിയിലേയ്ക്ക് കാളവണ്ടി പോകുന്ന ഒരു പാത നിർമ്മിക്കുകയുണ്ടതായി. പ്രസ്തുത റോഡ് ആധുനിക കാലത്തു ദേശീയ,സംസ്ഥാന പാതകളുടെ ഭാഗമാണ്.
തിരുവില്വാമല
പാറകളും അരുവികളും കൊണ്ട് രമണീയമായ സ്ഥലമാണ് തിരുവില്വാമല, സ്ഥലനാമത്തിനടിസ്ഥാനം അവിടുത്തെ അത്ഭുതകരവും അസാധാരണവും ആയ ഒരു നിഗൂഢ ഗുഹയാണ്.രണ്ടറ്റവും വിസ്താരവുമുള്ള ഗുഹയുടെ മദ്ധ്യഭാഗമാകട്ടെ വളരെ ഇടുങ്ങിയിട്ടാണ്. അതിനിടയിലൂടെ കടന്നുവരാൻ കഴിയുന്നത് ഒരു സായൂജ്യമായി ഭക്തർ കരുതുന്നു. ഗുഹ മനുഷ്യ നിർമ്മിതവും അല്ല. പ്രകൃതിയുടെ കരവിരുതാണ്.തിരു,വിൾ,മല എന്നീ മൂന്നു വാക്കുകൾ സന്ധിച്ചു തിരുവില്വാമല ആയി.
ഗുഹയിൽ നൂണ്ടുവന്നാൽ പുനർജ്ജന്മം കിട്ടിയ ഫലമാണെന്നാണ് ഹൈന്ദവ വിശ്വാസം. ഇതുകൊണ്ട് ഗുഹയ്ക്കു പുനർജ്ജനി ഗുഹ എന്നും ഗുഹ നൂളുന്ന പ്രവർത്തിയ്ക്ക് പുനർജ്ജനി നൂഴൽ എന്നും പേരുണ്ട്. സമീപത്തുള്ള പാപനാശിനിതീർത്ഥത്തിൽ സ്നാനം ചെയ്തതിനുശേഷം മാത്രമാണ് വൃശ്ചിക മാസത്തിലെ ഏകാദശി ദിവസം ഗുഹ നൂഴൽ നടത്തുന്നത്.
തിരുവില്വാമല ക്ഷേത്രത്തെ കുറിച്ചുള്ള ഐതിഹ്യം ഇപ്രകാരമാണ്- രാമലക്ഷ്മണമാർ യുദ്ധാനന്തര കാലത്തു വിശ്രമിക്കാൻവേണ്ടി ഒരു സ്ഥലം തിരക്കി വരാൻ ആയ്യപ്പനെ ഏർപ്പെടുത്തി, അയ്യപ്പൻ വിശ്രമിക്കാൻ പറ്റിയ സ്ഥലം അന്വേഷിച്ചു അനവധി ദിക്കിൽ നടന്നു. ഒടുവിൽ തിരുവില്വാമലയിൽ എത്തുകയും, അവിടുത്തെ സർവ്വാതിശയമായ മഹത്വത്തിൽ ആകൃഷ്ടനായി വന്ന കാര്യം മറന്നു അവിടെതന്നെ പാർക്കുകയും ചെയ്തു. സ്ഥലമന്വേഷിച്ചു പോയ അയ്യപ്പനെ തിരക്കി ഇറങ്ങിയ രാമലക്ഷ്മണന്മാർ യാദൃശ്ചികമായി തിരുവില്വാമലയിൽ എത്തുകയും അവിടെയുണ്ടായിരുന്ന അയ്യപ്പനെ കണ്ടു അരിശം കയറി സമീപത്തെ താഴ്ചയിലേയ്ക്ക് ചവിട്ടി തള്ളുകയും ചെയ്തു. പ്രസ്തുത ദേശത്തു ക്ഷേത്രം നിലകൊള്ളുന്നു എന്നാണ് ഐതിഹ്യം.
മാപ്രാണം
ഇരിങ്ങാലക്കുടയ്ക്കു സമീപത്തുള്ള മാപ്രാണം ദേശം ചരിത്രമുറങ്ങുന്ന മണ്ണാണ്. പുരാതനകാലത്തു നിരവധി ഭ്രാഹ്മണരും അവരുടെ ക്ഷേത്രങ്ങളും ആയിരുന്നു മാപ്രാണത്തു. മഹാബ്രഹ്മണ പുരം എന്ന് ഇതിനാൽ ദേശം വിളിയ്ക്കപ്പെട്ടുപോന്നു. മഹാബ്രാഹ്മണപുരം എന്ന് പേര് ലോപിച്ചു കാലാന്തരത്തിൽ മാപ്രാണം എന്നായിതീർന്നു. പ്രസ്തുത ദേശം പല കാലയളവുകളിൽ വിവിധ യുദ്ധങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഡച്ചുകാരും സാമൂതിരി രാജവംശവും കൊച്ചിരാജ്യവംശവുമെല്ലാം പലതവണ മാപ്രാണത്തുവെച്ചു ഏറ്റുമുട്ടി. ഒരിക്കൽ സാമൂതിരി രാജാവ് കൊച്ചി പിടിച്ചടയ്ക്കുന്നതിന്റെ ഭാഗമായി തൃശൂർ ദേശമുൾപ്പെടെ അതാത് ദേശങ്ങളിലെ നടുവഴികളുടെ സഹായത്തോടെ കീഴടക്കി മാപ്രാണം വരെ എത്തിയപ്പോൾ അവിടെ വച്ച് കൊച്ചി സൈന്യം തിരിച്ചടിച്ചത് വലിയൊരു യുദ്ധത്തിൽ കലാശിച്ചു.
പ്രസ്തുത യുദ്ധത്തിൽ സാമൂതിരിസൈന്യം ഭാരതപ്പുഴയുടെ വടക്കോട്ട് തോറ്റോടി. സാമൂതിരിയുടെ അധിനിവേശത്തിനു കൂട്ടുനിന്ന തൃശ്ശൂരിലെയും സമീപത്തെയും നടുവഴികൾക്കും പ്രമാണിമാർക്കും കനത്ത ശിക്ഷയാണ് കൊച്ചി രാജവംശം നൽകിയത്. വേളോസ്സ നമ്പ്യാർ എന്ന പദവിയിലറിയപ്പെടുന്ന നാടുവാഴിയാണ് അന്ന് മാപ്രാണം ഭരിച്ചിരുന്നത്. ആദ്ദേഹം കൊച്ചി-കോഴിക്കോട് യുദ്ധത്തിൽ സാമൂതിരി പക്ഷം ചേർന്നിരുന്നതുകൊണ്ടാണ് സാമൂതിരിയ്ക്കു മാപ്രാണം നേടിയെടുക്കാൻ കഴിഞ്ഞത്. യുദ്ധത്തിൽ സാമൂതിരി പക്ഷം തോറ്റതോടെ അന്നത്തെ വേളോസ്സ നമ്പ്യാർ കൊച്ചി രാജവംശത്തിന്റെ ക്രോധത്തിനു ഇരായാവുകയും ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്തു.
ടിപ്പുവിന്റെ പാടയോട്ടക്കാലത്തും മാപ്രാണത്തു തന്ത്ര പ്രധാനമായ ഒരു സൈനിക നീക്കം നടക്കുകയുണ്ടായി. ടിപ്പുവിനെ തിരിച്ചോടിയ്ക്കാൻ കൊച്ചീരാജവംശത്തിന്റെ അനുമതിയോടെ തിരുവിതാംകൂർ സൈന്യം താവളമടിച്ച സ്ഥലങ്ങളിൽ ഒന്നാണ് മാപ്രാണം. 5000 നായർ സൈനികരും 6 പുള്ളികുഞ്ചുക്കൂട്ടക്കാരും കുതിരക്കാരും ഇത്തരത്തിൽ മാപ്രാണത്തു നിയോഗിയ്ക്കപ്പെട്ടു.
വളരെ പുരാതനമായൊരു ക്രൈസ്തവ ദേവാലയം മാപ്രാണത്തു ഉണ്ട്. എ ഡി 928ൽ സ്ഥപിക്കപ്പെട്ടു എന്നാണ് കരുതപ്പെടുന്നത്. പ്രസ്തുത ദേവാലയത്തെ എല്ലാ വിധ നികുതികളിൽ നിന്നും കൊച്ചി രാജാവ് ഒഴിവാക്കിയിരുന്നു. തിരുന്നാൾ ആഘോഷത്തോട് അനുബന്ധിച്ചുള്ള തിരുന്നാൾ പ്രദക്ഷിണം പ്രശസ്തമാണ്.
ചേറ്റുവ
നൂറ്റാണ്ടുകൾക്കു മുൻപ് ദക്ഷിണേന്ധ്യയിലെ തന്നെ പ്രധാന തുറമുഖങ്ങളിൽ ഒന്നായിരുന്നു ചേറ്റുവ തുറമുഖം. കടൽവക്കത്തു ആഴമുള്ള പുഴയാൽ ചുറ്റപ്പെട്ടാണ് ചേറ്റുവ ദേശം സ്ഥിതി ചെയ്യുന്നത്. ഇതിനു പുറമെ ആഴമുള്ള കായലുകൾ ചുറ്റിലും ഉണ്ടായിരുന്നു. ഇവയെ കേന്ദ്രീകരിച്ചു നിരവധി ഉൾനാടൻ ജലപാതകൾ അന്നു നിലനിന്നിരുന്നു.പ്രകൃതി ദത്തമായ ഈ പ്രത്യേകത ചേറ്റുവയിൽ ഒരു തുറമുഖം ഉണ്ടാകുന്നതിനു കാരണമായി.
വെനീസ്,സ്പെയിൻ,ഹോളണ്ട്,ഇന്ഗ്ലൻഡ്,ജപ്പാൻ,ശ്രീലങ്ക തുടങ്ങി രാജ്യങ്ങളിൽനിന്നുള്ള നിരവധി വ്യാപാര പ്രമുഖർ പ്രാചീന കാലത്തു ചേറ്റുവ തുറമുഖത്തേക്ക് എത്തിയിരുന്നു. ഒരു കാലത്തു ഇവിടം "കറുപ്പിന്റെയും" വ്യാപാര കേന്ദ്രമായിരുന്നെന്നു തെളിഞ്ഞിട്ടുണ്ട്. മറ്റു വിദേശികളെപോലെതന്നെ യഹൂദര്ക്കും ഇവിടം പ്രിയങ്കരമായിരുന്നു. ചേറ്റുവയിൽ നിന്നും അധികം അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന പാലയൂർ ദേശത്തു ജൂതക്കുന്നു എന്നപേരിലറിയപ്പെടുന്നൊരു സ്ഥലം ഇപ്പോഴുമുണ്ട്.
ഉൾപ്രദേശങ്ങളിൽ നിന്നും ചരക്കുകൾ ചെറുവള്ളങ്ങളിലൂടെ വളരെ എളുപ്പത്തിൽ തോട് മാർഗം കൊണ്ട് വരാനും കപ്പലിൽ കയറ്റിഅയക്കാനും ചേറ്റുവ കടലോരത്തു സാധിക്കുമായിരുന്നു. സമീപ പ്രദേശങ്ങളിൽ കുരുമുളക് സുലഭമായിരുന്നുവെന്നത് ഇവിടം വിദേശ പ്രീതി അർഹിക്കുന്നതിനു കാരണമായി. ഇതുകൊണ്ട് തന്നെ സമീപ പ്രദേശങ്ങളിലെ നാട്ടുരാജാക്കന്മാരെല്ലാം തങ്ങളുടെ രാജ്യത്തിൻറെ അതിർത്തി ചേറ്റുവയിലേയ്ക്ക് വ്യാപിപ്പിക്കാൻ കാര്യമായി ശ്രമിച്ചു വന്നിരുന്നു. ഇത് പലപ്പോഴും രക്ത രൂക്ഷിതമായ സംഘട്ടനങ്ങൾക്കു വഴിതെളിച്ചു. ഡച്ചുകാർ പോലും കേരളത്തിൽ വന്ന ശേഷം ആദ്യം ചെയ്തത് ചേറ്റുവ നേടിയെടുക്കുവാൻ സാമൂതിരിയുമായി സന്ധിയുണ്ടാക്കി എന്നതാണ്. പിൽക്കാലത്തു ചേറ്റുവാ പ്രദേശത്തോടു പ്രണയം മൂത്തു ഡച്ചുകാർ തങ്ങളുടെ പ്രധാനപ്പെട്ട ഒരു കപ്പലിനെ "ചേറ്റുവ" എന്ന് നാമകരണം ചെയ്യുകപോലും ഉണ്ടായി.
ഇതുകൊണ്ടു വെട്ടാറ്റ് യുദ്ധത്തിന് ശേഷം ചേറ്റുവാ ദേശം സാമൂതിരിയ്ക്കു വിട്ടുകൊടുത്ത ഡച്ചുകാരുടെ നിലപാടിൽ കൊച്ചി രാജാവിന് അസംതൃപ്തിയുണ്ടായിരുന്നു.ഇത് പിന്നെയും യുദ്ധത്തിന് ആക്കം കൂട്ടി:പ്രസ്തുത യുദ്ധം ഏകദേശം ഒൻപതു വര്ഷം നീണ്ടുനിന്നു. പ്രസ്തുത നാളുകളിൽ കൊച്ചിരാജാവിന്റെ സൈന്യവും സാമൂതിരിപ്പടയും തമ്മിൽ നിരവധി തവണ ചേറ്റുവയിൽ വച്ച് ഏറ്റുമുട്ടി. ഇന്നത്തെ ഇസ്രയേലിനെപോലെ ഒരു "നിത്യസംഘർഷ" ഭൂമിയായിരുന്നു അന്ന് ചേറ്റുവ ദേശം എന്ന് വേണമെങ്കിൽ പറയാം. യുദ്ധാനന്തരം സാമൂതിരിയ്ക്കു പരാജയം സമ്മതിക്കേണ്ടി വന്നു.ഇതിനെ തുടർന്ന് ചേറ്റുവ ദേശം പിന്നെയും ഡച്ച് അധികാര പരിധിയിലായി. സാമൂതിരിയുടെ പെട്ടെന്നുള്ള കടന്നാക്രമണങ്ങളെ ചെറുക്കാൻ കൊച്ചി രാജാവിന്റെ സഹായത്തോടെ ഡച്ചുകാർ ചേറ്റുവയിൽ കെട്ടുറപ്പുള്ള ഒരു കോട്ട നിർമിക്കാൻ ആരംഭിച്ചു. ചേറ്റുവയിൽ പണിയപ്പെട്ടു തുടങ്ങിയ കോട്ട തന്റെ രാജ്യത്തിന് ഭീഷണിയാണെന്ന് മനസ്സിലാക്കിയ സാമൂതിരി, അത് പിടിച്ചെടുക്കാൻ കഠിനമായി ശ്രമിച്ചു. ഇപ്രകാരം കോട്ടയുടെ നിർമാണം പുരോഗമനീക്കവെ ചേറ്റുവ പിടിച്ചടക്കുവാൻ സാമൂതിരി മെനഞ്ഞ തന്ത്രം ആധുനിക കാലഘട്ടത്തെ സിനിമകളിലെ ക്ളൈമാക്സിനെ വെല്ലുന്ന തരത്തിലുള്ളതാണ്.
ഒരു അർദ്ധരാത്രിയിൽ ആയിരം പടയാളികളുമായി സാമൂതിരി ചേറ്റുവ തീരത്തെത്തി. കുറച്ചു ചാവേർ പോരാളികളെ കൂലിപ്പണിക്കാരുടെ വേഷത്തിൽ കോട്ട നിർമാണം നടക്കുന്നിടത്തേയ്ക്ക് അയച്ചു. ഡച്ച് ഉദ്യോഗസ്ഥർ അവരെയും പണിക്കു ചേർത്തു. സാമൂതിരിയുടെ വേഷപ്രച്ഛന്നരായ ചാവേറുകൾ മറ്റേതൊരു പണിക്കാരനെയും പോലെ തന്നെ കോട്ട നിർമാണത്തിൽ വ്യാപൃതരായി. ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ഡച്ച് മേലുദ്യോഗസ്ഥരും ചില പ്രമാണികളും വിശ്രമിക്കാനായി പുറത്തുപോയി. ഈ ഘട്ടത്തിൽ ഏതാനും കാവൽക്കാർ മാത്രമാണ് കോട്ടയിലുണ്ടായിരുന്നത്. ഇതിനേക്കാൾ വലിയ അസുലഭനിമിഷം വേറെയില്ലെന്നു മനസ്സിലാക്കിയ സാമൂതിരിയുടെ ചാവേറുകൾ പൊടുന്നനെ ആക്രണകാരികളായി മാറി വ്യാപകമായ ആക്രമണം അഴിച്ചുവിട്ടു, കോട്ടയ്ക്കു പുറത്തു ഒളിച്ചു പതുങ്ങി നിൽക്കുകയായിരുന്ന സാമൂതിരിപ്പട കോട്ടയ്ക്കകത്തേയ്ക്കു ഇരച്ചുകയറി. ഇവരുടെ ആക്രമണത്തിന് മുൻപിൽ ഡച്ചു സൈന്യം പരാജയം മണത്തു, ഇതുകണ്ട പ്രധാന ഡച്ച് ഉദ്യോഗസ്ഥന്മാർ കൊച്ചിയിലേയ്ക്ക് ഒളിച്ചോടി. വിജയാനന്തരം ചേറ്റുവാ കോട്ട സാമൂതിരി ബ്രിട്ടീഷുകാർക്ക് വിട്ടുകൊടുക്കുകയാണുണ്ടായത്. ബ്രിട്ടീഷുകാരുടെ നാളുകളിൽ ചേറ്റുവ കോട്ട ടിപ്പുവിന്റെ ആക്രമണത്തിന് വിധേയമായി. കോട്ടയുടെ കാട് കയറിയ അവശിഷ്ടങ്ങൾ മാത്രമാണ് ഇന്ന് അവശേഷിയ്ക്കുന്നത്.
ഇരിങ്ങാലക്കുട
പരശുരാമൻ മഴുവെറിഞ്ഞു കേരളമുണ്ടാക്കിയ ശേഷം, ഭ്രാഹ്മണരെ കുടിയിരുത്തി ഉണ്ടാക്കിയ ഗ്രാമങ്ങളിൽ ഒന്നാണ് ഇരിങ്ങാലക്കുട എന്നാണ് ഐതിഹ്യം. രണ്ടു പുഴകളുടെ സംയോജനം എന്ന അർഥം വരുന്ന ഇരുചാൽകൂടൽ എന്ന പദം ലോപിച്ചാണ് കാലാന്തരത്തിൽ ഇരിങ്ങാലക്കുട എന്ന സ്ഥലനമുണ്ടായത് എന്നാണ് പരക്കെയുള്ള അനുമാനം. ഇരിങ്ങാലക്കുടയ്ക്കു വടക്കുള്ള കരുവന്നൂർ പുഴയും തെക്കുള്ള ചാലക്കുടി പുഴയും നൂറ്റാണ്ടുകൾക്കു മുൻപ് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്ര ഗോപുരത്തിന്റെ പടിഞ്ഞാറു സംയോജിച്ചു കൊടുങ്ങല്ലൂർ കായലിൽ ചേർന്നിരുന്നു. പ്രസ്തുത പുഴകൾ പിന്നീടുണ്ടായ പ്രകൃതി ക്ഷോഭത്തിൽ വഴിപിരിഞ്ഞൊഴുകിയതാവാമെന്നും കരുതുന്നു. ക്ഷേത്രത്സവത്തിന്റെ ഭാഗമായ ആറാട്ടു ഇത്തരത്തിലുള്ള അനുമാനം സത്യമായിരുന്നു തെളിയിക്കുന്നു. ഇരിങ്ങാലക്കുട ക്ഷേത്രോൽസവത്തിന്റെ സമാപന ദിവസത്തെ ആറാട്ടു ഒന്നിടവിട്ട് ഓരോ വർഷവും ചാലക്കുടി പുഴയിലും കരുവന്നൂർ പുഴയിലുമാണ് മാറി മാറി നടത്തുന്നത്.
ഇരിങ്ങാലക്കുടയിലെ കൂടൽമാണിക്യം ക്ഷേത്രം പ്രാചീനകാലത്തെ ജൈനക്ഷേത്രമായിരുന്നുവെന്നു കരുതുന്നവരുണ്ട്. ഭരതേശ്വരൻ എന്നൊരു ദിഗംബരന്റെ പ്രതിഷ്ഠയാണ് ഇവിടെ ഉണ്ടായിരുന്നതെന്ന് ഇവർ കരുതുന്നു. നാട് ഹൈന്ദവ ആധിപത്യത്തിലേയ്ക്ക് വരികയും ജൈനമതം ശോഷിയ്ക്കുകയും ചെയ്തതോടെ ക്ഷേത്രത്തിലെ പ്രതിഷ്ഠ ഹിന്ദു ആരാധന മൂർത്തികളായി മാറുകയും ചെയ്തു എന്നാണ് ഇവരുടെ ചരിത്ര വീക്ഷണം. ക്ഷേത്രത്തിലെ ഒരു ശില്പ നിർമ്മിതിയ്ക്കു ജൈനമതമൂർത്തിയോടു സാദൃശ്യമുണ്ട് എന്നത് പ്രസ്തുത വീക്ഷണത്തെ ശരി വയ്ക്കുന്നു. ക്ഷേത്രത്തിൽ കുപീലനി മഹർഷി വലിയൊരു യാഗം നടത്തിയതായി വിശ്വാസമുണ്ട്. തച്ചുടൈയകൈമൾ എന്ന പ്രമാണിക്കായിരുന്നു ക്ഷേത്രഭരണത്തിന്റെ അവകാശം.
മുകുന്ദപുരം താലൂക്കിന്റെ ആസ്ഥാനം എന്ന ഖ്യാതി പേറുന്ന പട്ടണം കൂടെയാണ് ഇരിങ്ങാലക്കുട. 1762 ൽ ആണ് താലൂക് നിലവിൽവന്നത്. ഇതിന്റെ ഭാഗമായി സ്ഥാപിക്കപ്പെട്ട കോടതിയും മറ്റു സർക്കാർ ആഫീസുകളും നിലനിന്നിരുന്ന കെട്ടിടങ്ങൾ ഇപ്പോഴും ഇരിങ്ങാലക്കുടയിൽ ഉണ്ട്.
ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനം സ്വാതന്ത്ര സമരവുമായി ബന്ധപ്പെട്ട ഒരു ദാരുണ സംഭവത്തിന് സാക്ഷ്യം വഹിയ്ക്കുക ഉണ്ടായിട്ടുണ്ട്. 1942ൽ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട കൊച്ചി രാജ്യ പ്രജാമണ്ഡലം എന്നൊരു രാഷ്ട്രീയ പ്രസ്ഥാനം അതിന്റെ വാർഷിക പൊതുയോഗം നടത്താൻ തീരുമാനിച്ചിരുന്നത് ഇരിങ്ങാലക്കുടയിൽ ആയിരുന്നു. ഇത് മുൻകൂട്ടി അറിഞ്ഞ അന്നത്തെ കൊച്ചി ദിവാൻ A.F.W നിക്സൺ യോഗം നടത്തരുതെന്ന് ഉത്തരവിടുകയും ചെയ്തു. എന്നാൽ എല്ലാവിധ വില ക്കുകളെയും അതിജീവിച്ചു നിരവധിപേർ യോഗത്തിനെത്തി. യോഗം തുടങ്ങിയതും ദിവാൻ സജ്ജരാക്കിയിരുന്ന പോലീസുകാർ ക്രൂരമായ മർദ്ദനം ആരംഭിച്ചു. സാമാജികർ നാലുപാടേയ്ക്കും ചിതറിയോടി. ഏതാനും പേര് അറസ്റ്റ് വരിക്കുകയും ചെയ്തു. അന്ന് അവിടെ അറസ്റ്റ് വരിച്ച ചെറുപ്പക്കാരനായ ഒരാൾ പിന്നീട് കേരളത്തിന്റെ മുഖ്യമന്ത്രിയായി- പേര് K.കരുണാകരൻ.
കൊച്ചി രാജാക്കന്മാർ നാടിൻറെ കച്ചവട അഭിവൃദ്ധിയ്ക്കായി ഇരിങ്ങാലക്കുടയിൽ നിരവധി ക്രൈസ്തവരെ കുടിയിരുത്തുക ഉണ്ടായിട്ടുണ്ട്. കൊപ്രയാട്ടി എണ്ണയുണ്ടാക്കൽ, ചിട്ടി കമ്പനികൾ എന്നിവ ഇരിങ്ങാലക്കുടയിലെ പ്രധാന വ്യാപാര-വ്യവസായ സംരംഭങ്ങൾ ആണ്. ജനുവരി ആദ്യവാരത്തിൽ നടത്തപ്പെടുന്ന പിണ്ടിപ്പെരുന്നാളും അമ്പ് പ്രദക്ഷിണവും പ്രശസ്തമാണ്.
ചാവക്കാട്
തൃശൂരിന് 35km വടക്കുപടിഞ്ഞാറ് കനോലി കനാലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ചാവക്കാടിന്റെ സ്ഥലനാമത്തെ സംബന്ധിച്ചു രസകരമായൊരു ഐതിഹ്യമുണ്ട്. ക്രിസ്തു ശിഷ്യനായ സെൻറ് തോമസ് മുഖേന ക്രിസ്തുമാർഗ്ഗം സ്വീകരിച്ച ഏതാനും നമ്പൂതിരി മാരോടുള്ള പ്രതിക്ഷേധ സൂചകമായി ഇതര നമ്പൂതിരിമാർ നാടിനെ ശപിച്ചു പുറപ്പെട്ടു പോയെന്നും ഇതുകാരണം ശാപക്കാട് എന്നൊരു സ്ഥലനാമം രൂപംകൊള്ളുകയും ഇത് കാലാന്തരത്തിൽ ചാവക്കാട് ആയി മാറി എന്നുമാണ് കഥ.(പ്രസ്തുത അനുമാനം ചരിത്രപരമായി തെളിയിക്കപ്പെട്ടിട്ടില്ല). സെൻറ് തോമസ് സ്ഥാപിച്ചു എന്ന് കേരളത്തിലെ പരമ്പരാഗത ക്രൈസ്തവർ വിശ്വസിക്കുന്ന ഒരു ദേവാലയം ചാവക്കാടിനു സമീപത്തെ പാലയൂരിൽ ഉണ്ട്. ദേവാലയം ഇപ്പോൾ സിറോ മലബാർ കത്തോലിക്ക സഭയുടെ കൈവശമാണ്. പീഡാനുഭവഅനുസ്മരണഘട്ടത്തിൽ പ്രസ്തുത ദേവാലത്തിലേയ്ക്ക് കാൽനടയായി ദൂരദേശങ്ങളിൽനിന്നു പദയാത്രകൾ നടത്തപ്പെടുന്നു.
പാലയൂർ പള്ളിയ്ക്ക് സമീപത്തായി പാലയൂരിൽ തന്നെ ജൂതക്കുന്നു എന്നൊരു സ്ഥലമുണ്ട്. അവിടെ വളരെ മുൻപ് ജൂതകോളനി നിലനിന്നിരുന്നു. ജൂതന്മാർ ദേശം വിട്ടുപോകുമ്പോൾ ദിവസവും വിളക്കുവയ്ക്കാൻ ഒരു തീയനെ ഏർപ്പെടുത്തിയതായും അത് നിരവധി കാലം തുടർന്നുപോരുകയും ഉണ്ടായിട്ടുണ്ട്. ചാവക്കാട് പ്രദേശങ്ങൾ മമ്മിയൂർ ആസ്ഥാനമാക്കി വാണിരുന്ന പുന്നത്തൂർ സ്വരൂപത്തിന്റെ കീഴിൽ ആയിരുന്നു. ടിപ്പുവിനോട് ഏറ്റു മുട്ടി മരിച്ച ഹൈദ്രോസ് കുട്ടി മൂപ്പന്റെ ഭൗതിക അവശിഷ്ടം സൂക്ഷിച്ചിരിയ്ക്കുന്ന മണത്തല സമീപത്താണ്. ചാവക്കാട് മുസ്ലിം പള്ളിയുടെ സമീപത്തു വച്ചത്രേ മൂപ്പൻ മരണപ്പെട്ടത്.
ചാവക്കാട് 1717 ഡച്ചുകാരും 1776 ഹൈദർ അലിയും നേടിയെടുത്തു. മൈസൂർ പടയുടെ പക്കൽനിന്നും 1789ൽ ബ്രിട്ടീഷുകാർ ദേശം പിടിച്ചെടുത്തു, മദ്രാസ് പ്രെസിഡെൻസിയിൽപ്പെട്ട മലബാറിൽ ചേർത്തു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിയ്ക്കുമ്പോൾ ചാവക്കാട് പൊന്നാനി താലൂക്കിന്റെ ഭാഗം ആണ്. പിന്നീടാണ് തൃശൂർ ജില്ലയിൽ ലയിപ്പിച്ചത്.
ചാലക്കുടി
തൃശൂർ ജില്ലയിൽ വനാതിർത്തിയിലേക്കുള്ള പ്രധാന പ്രവേശനമാർഗ്ഗങ്ങളിൽ ഒന്നാണ് ചാലക്കുടി. ചാലക്കുടിയുടെ ഒഴുകുന്ന പുഴയെ സംബന്ധിച്ചു പുരാതനകാലത്തേ മൂഷിക രാജവംശത്തിന്റെ ഒരു സംസ്കൃത കാവ്യത്തിൽ പരാമർശ്ശങ്ങൾ ഉണ്ട്. രണ്ടാം ലോകമഹായുദ്ധം അവസാനിക്കുന്നത് വരെ ചാലക്കുടിയ്ക്കു സമീപത്തുള്ള പരിയാരം,വെറ്റിലപ്പാറ എന്നീ സ്ഥലങ്ങൾ എല്ലാം വന്യ മൃഗങ്ങൾ വിഹരിയ്ക്കുന്ന വനനിബിഡ മേഖലകൾ ആയി തുടർന്നു. 1945ൽ വിമുക്ത ഭടന്മാർക്കു വനഭൂമി പതിച്ചുകൊടുക്കുന്ന പതിവ് ആരംഭിച്ചതോടെ കഥ മാറി. നാടിൻറെ വിസ്തൃതി കൂടിവന്നു.
1906 വരെ കാട്ടിലെ തടികൾ കടത്തിക്കൊണ്ടുവരാൻ ചാലക്കുടി പുഴയെ തന്നെ ആശ്രയിക്കണമായിരുന്നു. ആനയെ കൊണ്ട് തടിവലിപ്പിച്ചു പുഴയിൽ ചാടിപ്പിക്കും ഇത് ചങ്ങാടമായി പുഴയിലൂടെ ഒഴുക്കി തീരദേശ നഗരങ്ങളിൽ എത്തിയ്ക്കും. ഇത് പലതരത്തിലും നഷ്ടം ഉണ്ടാക്കിതുടങ്ങിയതോടെ മറ്റു മാർഗ്ഗങ്ങളെ കുറിച്ച് കൊച്ചി സർക്കാർ ആലോചിക്കുകയും തത്ഫലമായി ചാലക്കുടിയിൽ ട്രാംവേ എന്നൊരു സംവിധാനം ആരംഭിക്കുകയും ചെയ്തു. R.V.ഹാറ്റ്ഫീൽഡ് എന്നൊരു പാശ്ചാത്യ എഞ്ചിനീയർ ആണ് ട്രാംവേ പാത രൂപകൽപ്പന ചെയ്തത്. ഗുരുത്വാകർഷണനിയമം അനുസരിച്ചു പ്രവർത്തിക്കുന്ന, തീവണ്ടി പാതയ്ക്ക് സമാനമായ പാതയിലൂടെ കടന്നു പോകുന്ന വാഹനത്തെയാണ് ട്രാംവേ എന്ന് പറയുന്നത്. പാളങ്ങൾ ഉത്ഭവ സ്ഥാനത്തുനിന്ന് ലക്ഷ്യസ്ഥാനത്തേയ്ക്ക് ചരിച്ചു സ്ഥാപിക്കുന്നതിനാൽ മരതടികൾ ഉൾക്കൊള്ളിച്ച വാഹനം തനിയെ യന്ത്ര സംവിധാനങ്ങൾ ഇല്ലാതെ മുന്പോട്ടുപോയി ലക്ഷ്യത്തിലെത്തുന്നു. ട്രാംവേ പദ്ധതി നടപ്പിലാക്കാൻ വന്ന ചിലവ് 20 ലക്ഷം ഉറുപ്പിക ആണെന്ന് സർക്കാർ കണക്കുകളിൽ കാണുന്നു. ട്രാംവേ പാതകളിൽ ഇടയ്ക്കിടെ സ്റ്റേഷനുകളും ഉണ്ടായിരുന്നു.
ട്രാംവേ പ്രകൃതി രമണീയമായ കാനന പാതകളിലൂടെ ആയിരുന്നു എന്നതിനാൽ, വിനോദ സഞ്ചാരത്തിനും ബ്രിട്ടീഷുകാർ സൗകര്യം ഉപയോഗിച്ച് തുടങ്ങി. ട്രാംവേ സൗകര്യം അനുഭവിക്കാൻ ഭാഗ്യമുണ്ടായ വിദേശികൾ, ലോകത്തെ അദ്ഭുതകരമായ അനുഭൂതികളിൽ ഒന്നാണിതെന്നു സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇന്ന് പാലക്കാട് ജില്ലയുടെ ഭാഗമായ പറമ്പിക്കുളത്തുനിന്നും ആണ് ട്രാംവേയുടെ ആരംഭം. മോട്ടോർ വാഹനങ്ങളുടെ കടന്നു വരവ് ഇത്തരത്തിലുള്ളൊരു സൗകര്യത്തിന്റെ ആവശ്യകത ഇല്ലാതാക്കിയതോടെ ട്രാംവേ വിസ്മൃതിയിൽ മറഞ്ഞു. അവശേഷിയ്ക്കുന്ന പാതകൾ കാടിന്റെ വിവിധ ഭാഗങ്ങളിൽ ഒരു കാലഘട്ടത്തിന്റെ സമരണകളായി ചിലയിടങ്ങളിൽ നിലകൊള്ളുന്നു.
ടിപ്പുവിന്റെ പടയോട്ടത്തെ പ്രതിരോധിയ്ക്കാൻ തിരുവിതാംകൂർ നിർമ്മിച്ച നെടുങ്കോട്ടയുടെ ആരംഭം ചാലക്കുടിയ്ക്കു സമീപത്തെ മേലൂർ എന്ന സ്ഥലത്തുനിന്നും ആണ്. ക്രൈസ്തവരുടെ കടന്നു വരവോടെ ദേശത്തിനു വാണിജ്യ പുരോഗതി ഉണ്ടായി. ചാലക്കുടി ക്രൈസ്തവ ദേവാലയം തീർത്ഥാടന കേന്ദ്രമാണ്.
കുന്നംകുളം
കുന്നംകുളങ്ങര എന്ന് നൂറ്റാണ്ടുകൾക്കു മുൻപ് അറിഞ്ഞിരുന്ന സ്ഥലനാമമാണ് ഇപ്പോൾ കുന്നംകുളം ആയത്. സ്വാതന്ത്ര്യലബ്ദ്ധിയ്ക്കുമുന്പ് കുന്നംകുളം കൊച്ചി രാജ്യത്തെ തലപ്പിള്ളി താലൂക്കിന്റെ ആസ്ഥാനം ആയിരുന്നു. രണ്ടുനൂറ്റാണ്ടുകൾക്കു മുൻപ് ഇവിടം നിരവധി ക്രൈസ്തവർ തിങ്ങി പാർത്തിരുന്ന പ്രദേശമായിരുന്നെന്നു ബ്രിട്ടീഷുകാരനായ വാർഡ് രേഖപ്പെടുത്തിയിരിക്കുന്നു. ജനത്തിരക്കുകൊണ്ട് പട്ടണവീഥികൾ മുഖരിതമായിരുന്നെന്നും തുണിച്ചരക്കൊഴികെ മറ്റെല്ലാം ഇവിടെ വില്പനയ്ക്ക് എത്താറുള്ളതായും അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നു. കുന്നംകുളം കൊച്ചി രാജ്യത്തിൻറെ വടക്കേ അതിർത്തിയിൽ നിലകൊള്ളുന്നു എന്നതിനാൽ രാജ്യത്തിൻറെ പുറത്തേയ്ക്കു കൊണ്ടുപോകുന്ന വിപണന വസ്തുക്കളിൽ തീരുവ പിരിയ്ക്കാൻ പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൗക്കകൾ ഏർപ്പെടുത്തിയിരുന്നു.
കുന്നംകുളത്തിനു 3km വടക്കുള്ള ചൊവ്വന്നൂരിൽ കൊല്ലവർഷം 1025 വരെ പ്രവർത്തിച്ചിരുന്ന ഒരു സംസ്കൃത വിദ്യാപീഠം ഉണ്ടായിരുന്നു. സമീപത്തെ മറ്റൊരു സ്ഥലമായ കടവല്ലൂരിൽ നമ്പൂതിരിമാർക്കുള്ള ഋഗ്വേദ പഠന ശാല ഉണ്ടായിരുന്നു.
1790നു ശേഷം നാടുവാഴികളായ മനക്കുളം തമ്പുരാന്റെയും അയിനിക്കൂർ തമ്പുരാന്റെയും അനുമതിയോടെ ചിറളയം കോവിലകംമുതൽ തെക്കോട്ടും പടിഞ്ഞാറുകുന്നംകുളം കോവിലകം മുതൽ കിഴക്കോട്ടും കുരിശാകൃതിയിൽ നാലു തെരുവുകൾ രൂപംകൊണ്ടു. ഇവിടുത്തെ വ്യാഴായ്ച്ച ചന്ത പ്രശസ്തമാണ്. കുന്നംകുളം പട്ടണത്തിന്റെ സമീപ പ്രദേശങ്ങളിൽ കൊച്ചി പ്രധാനമന്ത്രി ആയിരുന്ന പാളിയത്തു അച്ചന്മാർക്കു നിരവധി ഭൂസ്വത്തുക്കൾ ഉണ്ടായിരുന്നു.
പുത്തൻപേട്ട
തൃശൂർ നഗര പരിധിയിലെ ഇന്നത്തെ ഹൈ റോഡിനോട് ചേർന്നുള്ള ഒരു പ്രദേശത്തിന്റെ പേരാണ് പുത്തൻപെട്ട. പ്രസ്തുത സ്ഥലനാമം ഇപ്പോൾ പ്രയോഗിക്കപ്പെടാതെ ആധുനിക തലമുറ മറന്നുകൊണ്ടിരിക്കുന്ന ഒന്നാണ്. കച്ചവട അഭിവൃദ്ധിയ്ക്കുവേണ്ടി രാമവർമ്മ ശക്തൻ തമ്പുരാൻ മഹാരാജാവ് മലയോര പ്രദേശങ്ങളിൽനിന്നു ക്രൈസ്തവരെ കൊണ്ട് വന്നു പാർപ്പിച്ചതും അവർക്ക് ഭൂമി നൽകിയതും ഇവിടെയാണ്. രാജാവിന്റെ അനുമതിയോടെ തന്നെ ഒരു ക്രൈസ്തവ ദേവാലയം ഇവിടെ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. മാർത്ത് മറിയം വലിയ പള്ളി എന്ന പേരിട്ട പ്രസ്തുത ദേവാലയം ഇപ്പോൾ കൈവശം വച്ചിരിയ്ക്കുന്നത് കൽദായ വിഭാഗമാണ്. തൃശൂർ നഗരത്തിൽ ഇപ്പോൾ ഉള്ളതിവച്ചു ഏറ്റവും പുരാതനമായ വലിയപള്ളി, കൽദായ വിഭാഗത്തിന് ലഭിച്ചത് കോടതിയിൽ കത്തോലിക്കർക്കെതിരെ കൊടുത്ത ഹര്ജിയിൽ അനുകൂല വിധി ഉണ്ടായതിനെ തുടർന്നാണ്. കേസിൽ തോറ്റ തൃശ്ശൂരിലെ കത്തോലിക്കർ അഭിമാനം വീണ്ടെടുക്കാൻ അതിനു സമീപത്തുതന്നെ ഏഷ്യയിലെ തന്നെ വലുതെന്നു പറയത്തക്ക രീതിയിൽ, ബ്രഹ്മാണ്ഡമായ മറ്റൊരു ദേവാലയം സ്ഥാപിച്ചു. പരിശുദ്ധ വ്യാകുല മാതാവിന്റെ ദേവാലയം എന്നാണ് നാമകരണം ചെയ്തതെങ്കിലും പള്ളി പ്രശസ്തമായത് പുത്തൻ പള്ളി എന്ന അപരനാമത്തിലാണ്. 1929ൽ നിർമാണം ആരംഭിച്ച ദേവാലയത്തിന്റെ പണികൾ പൂർത്തിയായത് ഏതാനും വര്ഷങ്ങള്ക്കു മുൻപാണ്. ജ്ഞാനപ്രകാശം എന്ന തിരുനെൽവേലിയിൽനിന്നുള്ള വാസ്തു വിദ്വാൻ ആണ് ദേവാലയത്തിന്റെ രൂപരേഖ ഉണ്ടാക്കിയത്. ബൈബിൾ ടവർ എന്ന് പേരിട്ടിരിക്കുന്ന ദേവാലയത്തിന്റെ മണിഗോപുരത്തിന്റെ ഉച്ചിയിൽനിന്നു നോക്കിയാൽ തൃശ്ശൂർ ജില്ലയുടെ പലഭാഗങ്ങളും ദൃശ്യമാണ്.
നിരവധി ചെറുകിട വ്യാപാര സ്ഥാപനങ്ങൾകൊണ്ടു തിങ്ങി നിറഞ്ഞ അങ്ങാടികൾ ഉള്ള പുത്തൻപേട്ട കേരളത്തിലെ തന്നെ പ്രധാന വ്യാപാര കേന്ദ്രങ്ങളിൽ ഒന്നാണ്. (തുടരും)
# അജീഷ് പി എസ്
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.