ഇന്തോനേഷ്യയിലെ അമേരിക്കൻ നഗരം !!

Avatar
Vinaya Raj V R | 19-05-2020 | 2 minutes Read

ഇന്തോനേഷ്യയിലെ പാപുവായിലെ മലമുകളിൽ ജീവിക്കുന്ന ഒരു ജനവിഭാഗമാണ് അമുങ്ങ് ജനത. ആകെ ഏതാണ്ട് 17700 ആൾക്കാരേ ഈ വിഭാഗത്തിൽ ഉള്ളൂ. അചേതനവസ്തുക്കളിലും പ്രകൃതിയുടെ പ്രതിഭാസങ്ങളിലും ജീവനുണ്ടെന്ന സിദ്ധാന്തമായ അനിമിസമാണ് ഇവരുടെ യഥാർത്ഥവിശ്വാസരീതി, ഇന്ന് ഭൂരിഭാഗവും ക്രൈസ്തവരാണെങ്കിലും. അവർക്ക് പ്രകൃതിയിൽ നിന്നും വ്യത്യസ്തമായ ദൈവം എന്നൊരു സങ്കൽപ്പം ഉണ്ടായിരുന്നില്ല, പ്രകൃതിയും ഈശ്വരനും അവർക്ക് ഒന്നുതന്നെയായിരുന്നു.

കൃഷി പലയിടത്തായി മാറിമാറിച്ചെയ്യുന്ന രീതിയായിരുന്നു ഇവരുടേത്, അതോടൊപ്പം വിഭവങ്ങൾ ശേഖരിച്ചും വേട്ടയാടിയും അവർ ജീവിച്ചുപോന്നു. പൂർവ്വികഭൂമിയുമായി വളരെയധികം ഹൃദയബന്ധമായിരുന്നു അവർക്ക്. ചുറ്റുമുള്ള മലനിരകൾ വിശുദ്ധമായി അവർ കരുതി.

അങ്ങനെയിരിക്കെ അവരുടെ മലമുകളിൽ സ്വർണ്ണവും വെള്ളിയും ചെമ്പും കണ്ടെത്തി. ഇന്തോനേഷ്യൻ സർക്കാർ അവ ഖനനം ചെയ്യാനായി അമേരിക്കൻ കമ്പനിയായ ഫ്രീപോർട്ടിനെ എൽപ്പിച്ചു. കമ്പനി അവിടെയെത്തി അമുങ്ങുകൾ വിശുദ്ധമായി സങ്കൽപ്പിച്ചുപോരുന്ന വനത്തിൽക്കൂടി വഴിയുണ്ടാക്കി. തുറമുഖവും വിമാനത്താവളവും നഗരവും പണിതുയർത്തി. ചെമ്പുമല എന്ന് അർത്ഥമുള്ള തെംബാഗപുര എന്നാണവർ ആ നഗരത്തിനു പേരിട്ടത്. ഇവർ ജീവിച്ചിരുന്ന മലനിരകളുടെ കേന്ദ്രഭാഗങ്ങൾ കമ്പനിയുടെ കയ്യിലായി. ലോകത്തേറ്റവും വലിയ സ്വർണ്ണഖനിയായ ഗ്രാസ്ബർഗ് ഖനി അവിടെ ഉയർന്നുവന്നു. ഖനനം ആ നാടിന്റെ മുഖച്ഛായ മാറ്റി. നഗരവും സൗകര്യങ്ങളും വർദ്ധിച്ചതോടെ രാജ്യത്തിന്റെ മറ്റുഭാഗങ്ങളിൽ നിന്നും തൊഴിൽതേടി ആൾക്കാർ ധാരാളമായി അങ്ങോട്ടെത്തി.

അമുങ്ങ് ജനത കാലങ്ങളായി കൈവശം വച്ചഭൂമിയിൽ അവർ താമസമുറപ്പിച്ചു. കമ്പനിയെ എതിർത്തമനുഷ്യർ സൈനികരാൽ വധിക്കപ്പെട്ടു. സർക്കാർ കമ്പനിയുടെ സുരക്ഷയ്ക്കായി സൈന്യത്തെയാണ് നിയോഗിച്ചിരിക്കുന്നത്. വൻതുകയാണ് കമ്പനി ഇതിനായി സൈന്യത്തിനും സർക്കാരിനും നേരായവഴിയിലും അല്ലാതെയും നൽകുന്നത്. അവരുടെ നദികളിലേക്ക് കമ്പനി ഓരോദിവസവും രണ്ടുലക്ഷം ടണ്ണിലേറെ മാലിന്യങ്ങൾ തള്ളിക്കൊണ്ടിരിക്കുന്നു. അവർ ജീവിച്ച കാടും മലയും പുഴയും ഒരുതരത്തിലും ജീവിക്കാൻ പറ്റാതായി. എപ്പോൾ എതിർപ്പ് ഉയരുമ്പോഴും സൈന്യത്തിന്റെ സഹായത്തോടെ ഇന്തോനേഷ്യൻ സർക്കാർ അവയെല്ലാം അടിച്ചമർത്തി.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

മലമുകളിലെ കാട്ടിൽ നിർമ്മിച്ച തെംബാഗപുര ഖനിത്തൊഴിലാളികൾക്കും അവരുടെ കുടുംബത്തിനും വേണ്ടി ഖനിയിൽ നിന്നും ഏതാണ്ട് 16 കിലോമീറ്റർ താഴ്വാരത്തിൽ ഉണ്ടാക്കിയതാണ്. നഗരം ഉണ്ടാക്കുന്നകാലത്ത് ആ പ്രദേശത്ത് ഏതാണ്ട് അഞ്ഞൂറോളം അമുങ്ങ് വിഭാഗം ആൾക്കാരായിരുന്നു ജീവിച്ചിരുന്നത്. ഇന്തോനേഷ്യയിലെ മറ്റുനഗരങ്ങളിൽനിന്നും വ്യത്യസ്തമായി ഒരു അമേരിക്കൻ നഗരത്തിനുള്ള സൗകര്യങ്ങൾ തെംബാഗപുരയ്ക്ക് ഉണ്ട്. കായികസൗകര്യങ്ങൾ, ബാർ, സൂപ്പർമാർക്കറ്റ്, ബാങ്ക് തുടങ്ങി എല്ലാം തികഞ്ഞ ആധുനികനഗരമായി തെംബാഗപുര. ലോകത്തെ ഏറ്റവും വിദൂരമായ അന്താരാഷ്ട്രവിദ്യാലയം ഇവിടെയാണെന്നു പറയാറുണ്ട്.

അമുങ്ങ് ജനതയെക്കൂടാതെ മറ്റുചില പാപുവൻ ഗോത്രവർഗ്ഗക്കാരും നഗരത്തിനു സമീപത്തായി വസിക്കുന്നുണ്ട്. ആ സ്ഥലം ഇന്തോനേഷ്യയുടേതല്ലെന്ന നിലപാടിലാണവർ. അതിനാൽ എപ്പോഴും കമ്പനി വേണ്ടുവോളം കാശിറക്കിയ അഴിമതി നിറഞ്ഞ ഇന്തോനേഷ്യൻ സൈന്യവുമായി ഇവർക്ക് പോരാടേണ്ടി വരുന്നു. എപ്പോൾ വഴക്കുണ്ടായാലും മൃഗീയമായി സൈന്യം അതിനെ അടിച്ചമർത്തുന്നു.

Grasberg Ertsberg History


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Vinaya Raj V R

Manager, Kerala Gramin Bank / Wikipedian

Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 01:03:30 am | 25-06-2024 CEST