ബുദ്ധമത പ്രതിമയുടെ ഉള്ളിലെ മമ്മി സന്യാസി - എക്സ് റേ വെളിപ്പെടുത്തിയ ബുദ്ധമത പ്രതിമയുടെ രഹസ്യം

Avatar
Vinaya Raj V R | 14-05-2020 | 2 minutes Read

mommy monk

ആയിരത്തോളം വർഷം പഴക്കമുള്ള, ചൈനയിൽ നിന്നുമുള്ള ഒരു ബുദ്ധപ്രതിമ നെതർലാന്റ്സിലെ ഡ്രെന്റ്സ് മ്യൂസിയത്തിൽ പ്രദർശനത്തിനു വച്ചിരിക്കുകയായിരുന്നു. അതിനിടെ ആ പ്രതിമ മിയാൻഡർ മെഡിക്കൽ സെന്ററിൽ കൊണ്ടുപോയി ഒന്നു സി റ്റി സ്കാനിനുവിധേയമാക്കി. പഴക്കത്തെപ്പറ്റി എന്തെങ്കിലുമൊക്കെ വിവരങ്ങൾ കിട്ടുകയായിരുന്നു സ്കാനിന്റെ പ്രാഥമികലക്ഷ്യം.

എന്നാൽ അവർ സ്വർണ്ണരൂപത്തിലുള്ള ആ പ്രതിമയ്ക്കുള്ളിൽ കണ്ടത് ആൾവലിപ്പമുള്ള പദ്മാസനസ്ഥനായ ആയിരം വർഷം പഴക്കമുള്ള ഒരു ബുദ്ധസന്യാസിയുടെ മമ്മിയായിരുന്നു.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ചൈനയിൽ ബുദ്ധസന്യാസിമാർ സ്വയംതന്നെ മമ്മിയായിത്തീരുന്നത് അപൂർവ്വമായിരുന്നില്ല. ഏറ്റവും കൂടുതൽ ഈ രീതി ഉണ്ടായിരുന്നത് ജപ്പാനിലായിരുന്നു. ജീവിച്ചിരിക്കുന്ന ബുദ്ധന്മാർ എന്നാണ് ഈ മമ്മികൾ അറിയപ്പെട്ടിരുന്നത്. ഇതിനായി ബുദ്ധസന്യാസി ഒരു വ്യാഴവട്ടക്കാലത്തോളം നീളുന്ന തയ്യാറെടുപ്പാണ് നടത്തുന്നത്. ഇക്കാലത്ത് അവർ ഭക്ഷണത്തിൽ കാര്യമായ വ്യത്യാസം വരുത്തുന്നു. അരി, ഗോതമ്പ്, സോയബീൻ എന്നിവ കൊണ്ടുള്ള ഭക്ഷണമെല്ലാം ഉപേക്ഷിക്കുന്നു പകരം അണ്ടിപ്പരിപ്പുകൾ, ഉണങ്ങിയപഴങ്ങൾ, മരത്തിന്റെ തോൽ എന്നിവ കഴിക്കുകയും അവയുടെ അളവുകുറച്ചുകുറച്ച് കൊണ്ടുവരികയും ചെയ്യുന്നു. ശരീരത്തിലെ കൊഴുപ്പും ഈർപ്പവും ഇല്ലാതാക്കി ശരീരം അഴുകിപ്പോകാതിരിക്കണമെന്നുള്ളതാണ് ഇതിന്റെ ലക്ഷ്യം. ബാക്ടീരിയയുടെ വളർച്ച ഒഴിവാക്കാൻ ഔഷധച്ചെടികൾ, ഈന്തിന്റെ പഴങ്ങൾ, എള്ള് എന്നിവയും കഴിക്കുന്നു. പ്രാണികളെ അകറ്റാനായി വാർണിഷ് ഒക്കെയുണ്ടാക്കാൻ ഉപയോഗിക്കുന്ന വിഷമയമായ മരക്കറകളും അവർ അകത്താക്കുന്നു. ഇങ്ങനെ വർഷങ്ങൾ കടന്നുപോകുമ്പോൾ ഭക്ഷണത്തിന്റെ അളവ് കുറച്ചുകൊണ്ടുവന്ന് ഏതാണ്ട് പട്ടിണിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നു.

അപ്പോൾ ശിഷ്യർ സന്യാസിയെ ഭൂമിക്കടിയിലുള്ള ഒരു അറയിലേക്ക് മാറ്റുന്നു. ശ്വസിക്കാനായി ഒരു മുളംതണ്ട് മുകളിലേക്ക് വച്ചിരിക്കും. അവിടെ പദ്മാസനത്തിൽ ഇരിക്കുന്ന സന്യാസി മന്ത്രങ്ങളും ഉരുവിട്ട് മുളംകുഴൽ വഴി ശ്വസിച്ച് ജീവിക്കുന്നു. ഓരോ ദിവസവും ജീവനോടെയുണ്ടെന്ന് അറിയിക്കാൻ ഒരു മണി അദ്ദേഹം മുഴക്കും. മണിനാദം കേൾക്കാതെയാവുമ്പോൾ മുളംകുഴൽ നീക്കം ചെയ്ത് അറ സീൽ ചെയ്യുന്നു. മൂന്നുവർഷത്തിനുശേഷം ശിഷ്യർ അറ തുറന്നുനോക്കും. മമ്മിയായെങ്കിൽ അടുത്ത ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി പ്രതിഷ്ഠിക്കും, ഇല്ലെങ്കിൽ ഒരു ഉച്ചാടനം നടത്തി സംസ്കരിക്കും.

ഇങ്ങനെ മമ്മിയായാൽ അയാൾ വിശുദ്ധനായി. അയാൾക്ക് മരണമില്ലെന്നും മരിച്ചിട്ടില്ലെന്നുമാണ് വിശ്വാസം. പക്ഷേ പലപ്പോഴും ഇങ്ങനെ ചെയ്താൽ മമ്മിയാവാറില്ലെന്നത് വേറേകാര്യം. നെതർലാന്റ്സിൽ കണ്ടതാണ് ബുദ്ധപ്രതിമയുടെ ഉള്ളിലുള്ള രീതിയിൽ കണ്ടെത്തിയ ഇത്തരം ആദ്യമമ്മി. എങ്ങനെയാണ് ഇത് ചൈനയ്ക്ക് പുറത്തെത്തിയതെന്ന് ആർക്കും അറിയില്ല. സ്കാൻ ചെയ്തപ്പോൾ മമ്മിയുടെ അസ്ഥികൂടം പരിക്കേൽക്കാതെ തന്നെ കണ്ടെത്തിയെങ്കിലും ആന്തരാവയവങ്ങൾ കാണാനുണ്ടായിരുന്നില്ല. തുടർന്ന് നടത്തിയ എൻഡോസ്കോപ്പിയിൽ വയറ്റിനുള്ളിൽ ചൈനീസ് ലിപിയിൽ എഴുതിയ കുറെ കടലാസുകൾ കണ്ടെത്തി.

റേഡിയോ കാർബൺ ഡേറ്റിങ്ങ് നടത്തിയപ്പോൾ ഇത് 30-50 പ്രായത്തിനിടയിലുള്ള ഒരാളുടേതാണെന്ന് മനസ്സിലാക്കാനായി. ഈ മമ്മി പുരാതനചൈനയിലെ ബുദ്ധസന്യാസിയായ ലിയൂക്കുവാന്റെയാണെന്ന് (Liuquan) കരുതപ്പെടുന്നു. ഇത്തരത്തിൽ മമ്മിമാരായ സന്യാസിമാരുള്ള മഠങ്ങൾ മതഭക്തിയുടെ കേന്ദ്രബിന്ദു മാത്രമായിരുന്നില്ല, മമ്മിസന്യാസിമാരെക്കാണാൻ എത്തുന്ന വലിയതോതിലുള്ള ഭക്തർ നൽകുന്ന സംഭാവനകൾ മഠത്തിന്റെ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളവും പ്രധാനമായിരുന്നു.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Vinaya Raj V R

Manager, Kerala Gramin Bank / Wikipedian

Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 05:21:25 am | 19-06-2024 CEST