ലക്ഷക്കണക്കിന് വജ്രങ്ങൾ ചിതറിക്കിടക്കുന്ന ജർമ്മനിയിലെ നഗരത്തെ പറ്റിയുള്ള അറിവുകളിലേക്ക്

Avatar
Vinaya Raj V R | 25-05-2020 | 2 minutes Read

germany city

ലക്ഷക്കണക്കിന് വജ്രങ്ങൾ ചിതറിക്കിടക്കുന്നൊരു നഗരമാണ് ജർമനിയിലെ ബാവേറിയ സംസ്ഥാനത്തെ നോർഡ്‌ലിഞൻ. അവിടത്തെ കെട്ടിടങ്ങൾ പണിതിരിക്കുന്ന കല്ലുകളിൽപ്പോലും നിറയെ വജ്രങ്ങളാണ്.

ഏതാണ്ട് ഒന്നരക്കോടി വർഷങ്ങൾക്കുമുൻപ് ഒന്നര കിലോമീറ്ററോളം വ്യാസമുള്ള ഒരു ഉൽക്ക നോർഡ്‌ലിഞൻ എന്ന സ്ഥലത്ത് പതിക്കുകയുണ്ടായി. വയലിൽ ഒക്കെക്കാണാറുള്ള കൊഴുത്ത ചെളിയിലേക്ക് ഒരു കല്ലെറിഞ്ഞപോലെയാണ് അവിടെ സംഭവിച്ചത്. പ്രതലത്തിന് 30-50 ഡിഗ്രി ചെരിവിൽ ഏതാണ്ട് സെക്കന്റിൽ 20 കിലോമീറ്റർ വേഗതയിൽ ആയിരുന്നു പതനം. പതിനെട്ട് ലക്ഷം ഹിരോഷിമ ബോംബിന്റെ ശക്തിയായിരുന്നു ആ വീഴ്ചയ്ക്ക് ഉണ്ടായിരുനന്ത്. അതിന്റെ ശക്തിയിൽ ഉണ്ടായ ഗർത്തത്തിന് 24 കിലോമീറ്റർ ആയിരുന്നു വ്യാസം.

ഇത്തരത്തിൽ ചെളിയിലേക്കു കല്ലെറിഞ്ഞതുപോലുള്ള ഉൽക്കാഗർത്തങ്ങൾ (Rampart crater) ഭൂമിയിൽ വേറെ ഇല്ലെന്നുതന്നെ പറയാം, അത്തരം മിക്കതും ചൊവയിൽ കാണുന്നതരത്തിലുള്ളതാണ്. ഈ പതനത്തെത്തുടർന്നു രൂപം കൊണ്ട് അവിടുന്ന് പുറത്തേക്ക് തെറിച്ച ഗ്ലാസ് രൂപത്തിലുള്ള ടെക്റ്റൈറ്റുകൾ അവിടുന്ന് 450 കിലോമീറ്റർ കിലോമീറ്റർ അകലെനിന്നുപോലും ലഭിച്ചിട്ടുണ്ട്. ഇത്തരം വലിയൊരു ഉൽക്കാപതനം നടക്കുന്നതിന്റെ ശക്തിയിൽ ധാരാളം വജ്രം രൂപം കൊള്ളും. ഇവിടെ അങ്ങനെയുണ്ടായത് ഏതാണ്ട് 72000 ടൺ വജ്രമാണ്. അവയെല്ലാം 0.2 മില്ലീമീറ്ററിലും കുറവ് വ്യാസമുള്ളവയാണെന്നും മാത്രം. അതിനാൽത്തന്നെ അവയ്ക്ക് സാമ്പത്തികമൂല്യമൊന്നുമില്ല, ശാസ്ത്രീയമൂല്യമേയുള്ളൂ. നോർഡ്‌ലിഞനിലെ കൽക്കെട്ടിടങ്ങളിലെല്ലാം ഇത്തരം ലക്ഷക്കണക്കിനു വജ്രത്തരികൾകാണാനാവും. അവിടെയുണ്ടായിരുന്ന ഗ്രാഫൈറ്റ് ആണ് കൂട്ടിയിടിയുടെ ആഘാതത്തിൽ ഇങ്ങനെ വജ്രമായി മാറിയത്.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

നോർഡ്‌ലിഞർ റീസ് എന്നറിയപ്പെടുന്ന ഈ ഉൽക്കഗർത്തത്തിന്റെ മധ്യഭാഗത്തുനിന്നും ഏതാണ്ട് ആറുകിലോമീറ്റർ തെക്കുപടിഞ്ഞാറുമാറിയുള്ള നഗരമാണ് നോർഡ്‌ലിഞൻ. അന്നുവീണ ഉൽക്കപതനത്തിന്റെ ആഘാതമേറ്റ് കുഴിഞ്ഞുപോയ ഇടത്താൺ ഈ നഗരം. ഏതാണ്ട് 20000 ജനസംഖ്യയുള്ള ഇവിടെയുള്ള കെട്ടിടങ്ങൾ ഉണ്ടാക്കിയിരിക്കുന്ന പാറകളെല്ലാം ഈ പതനത്തിൽ രൂപം കൊണ്ടവയാണ്. ഇവിടെ സ്ഥിതിചെയ്യുന്നറീസ് ക്രേറ്റർ മ്യൂസിയത്തിൽ ഉൽക്കകളെപ്പറ്റിയും ഉൽക്കാപതനത്തെപ്പറ്റിയുമെല്ലാമുള്ള വിവരങ്ങൾ ലഭ്യമാണ്. ചന്ദ്രനിലെ ഗർത്തങ്ങളുമായി സാമ്യമുള്ളതിനാൽ അപ്പോളോ 14 -ലെ യാത്രികർ പരിശീലനത്തിന് നോർഡ്‌ലിഞൻ തെരഞ്ഞെടുത്തിരുന്നു, അതിനു പ്രത്യുപകാരമായി അപ്പോളോ 16 യാത്രികർ ചന്ദ്രനിൽ നിന്നും കൊണ്ടുവന്ന പാറകളിലൊന്ന് ഇവിടെ പ്രദർശിപ്പിക്കുന്നുണ്ട്. ഇംഗ്ലണ്ടിനുപുറത്ത് ആദ്യമായി ഒരു ഷെക്സ്പിയർ നാടകം അരങ്ങേറിയ സ്ഥലങ്ങളിൽ ഒന്ന് നോർഡ്‌ലിഞൻ ആണ്. ചുറ്റും മതിലുള്ള അപൂർവ്വ നഗരങ്ങളിൽ ഒന്നാണിത്, 1327 -ൽ പണിതമതിലാണ് ഇന്നും ഇവിടെയുള്ളത്.

കാലങ്ങളോളം നോർഡ്‌ലിഞർ റീസ് അഗ്നിപർവ്വതസ്ഫോടനത്തിനു ശേഷമുള്ള നന്മ്നഭാഗമാണെന്നാണ് കരുതിയിരുന്നത്. 1960 -ൽ അമേരിക്കൻ ശാസ്ത്രജ്ഞന്മാരായ ഷൂമാക്കറും (ഷൂമാക്കർ-ലെവി ധൂമകേതുവിന്റെ പേരിലുള്ള ആൾ തന്നെ) ചാവോയും ഇതൊരു ഉൽക്കാഗർത്തം തന്നെയാണെന്നു തെളിയിക്കുകയുണ്ടായി. നോർഡ്‌ലിഞനിലെത്തിയ ഷൂമാക്കർ ഒരു പള്ളിയുടെ ഭിത്തി ചുരണ്ടുനോക്കി. അതുനിർമ്മിച്ചിരിക്കുന്ന ഷോക്ക്‌ഡ് ക്വാർട്സ് ഉൽക്കാപതനത്തിൽക്കൂടി മാത്രം ഉണ്ടാവുന്ന ഒന്നാണെന്ന് അദ്ദെഹത്തിന് അറിയാമായിരുന്നു. തുടർപര്യവേഷണങ്ങൾ ഈ കണ്ടുപിടുത്തം ഉറപ്പിച്ചു. അവിടെപ്പത്തിച്ച ഉൽക്കയോടൊപ്പം വന്ന അതിന്റെ ഇരട്ടയായ ചെറിയൊരെണ്ണം അവിടുന്ന് 42 കിലോമീറ്റർ അകലെ സ്റ്റീൻഹെമിൽ ഏതാണ്ട് നാലുകിലോമീറ്റർ വ്യാസമുള്ള മറ്റൊരു ഗർത്തം കൂടി ഉണ്ടാക്കിയിട്ടുണ്ട്.

# വിനയരാജ്


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Vinaya Raj V R

Manager, Kerala Gramin Bank / Wikipedian

Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 02:01:48 am | 29-05-2024 CEST