ഒരിടത്തു നിന്നും യാത്രക്കാരെ മറ്റൊരിടത്തു എത്തിക്കാനുള്ളതാണ് ടാക്സി. എന്നാൽ, ഭൂമിയിൽ നിന്നും ആളുകളെ ബഹിരാകാശത്തു എത്തിക്കുവാനും, അവിടെ ഇറക്കി തിരിച്ചുവരാനും, പിന്നെയും പോയി കൂട്ടിക്കൊണ്ടിവരാനും കഴിയുന്ന, ബഹിരാകാശ ടാക്സികളെക്കുറിച്ചു ഭൂമിയിൽ അന്നുവരെ ആരും ചിന്തിച്ചിരുന്നില്ല, എന്നാൽ ഒരാൾ ചിന്തിച്ചു.
പതിനെട്ടു വർഷങ്ങൾക്കു മുൻപ് അയാൾ അതിനുവേണ്ടി SpaceX എന്നൊരു കമ്പനി സ്ഥാപിച്ചു. ചൊവ്വയെ ഭൂമിയുടെ കോളനി ആക്കുകയായിരുന്നു അയാളുടെ ലക്ഷ്യം. കേട്ടവരെല്ലാം മൂക്കത്തു വിരൽവച്ചു, മുഴുഭ്രാന്തെന്നും, അപ്രായോഗികമെന്നും, അതിരുകടന്നതെന്നും വിലയിരുത്തി. തന്റെ ബാല്യകാലഹീറോ ആയിരുന്ന നീൽ ആംസ്ട്രോങ് ഉൾപ്പടെയുള്ള തലതൊട്ടപ്പന്മാർപോലും തള്ളിപ്പറഞ്ഞു, ആരാണോ ഇങ്ങനെയൊരു സ്വപ്നത്തിലേക്കു കൂട്ടിക്കൊണ്ടുപോയത് അവരുപോലും കൈയൊഴിഞ്ഞു. എന്നിട്ടും പിന്മടക്കമില്ലാതെ, എല്ലാ ഗുരുത്വാകർഷണ വലയങ്ങളെയും ഭേദിച്ചുകൊണ്ട്, അയാൾ പുത്തൻ ഭ്രമണപഥങ്ങളിലേക്കു കുതിക്കാൻ തന്റെ സ്വപ്നങ്ങൾക്കു തീകൂട്ടി.
എട്ടുവർഷങ്ങൾക്കു മുമ്പ് ഒരു അഭിമുഖത്തിൽ അയാളോട് ചോദിച്ചു, "അമേരിക്ക അടുത്തതായി ബഹിരാകാശത്തു എത്തിക്കാൻ പോകുന്ന മനുഷ്യൻ നിങ്ങളുടെ റോക്കറ്റിലായിരിക്കും യാത്രചെയ്യുന്നത് എന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?", "അതെ, ഞാൻ വിശ്വസിക്കുന്നുണ്ട്", ഒരുപക്ഷെ അപ്പോൾ അയാൾ മാത്രമായിരിക്കും അത് വിശ്വസിച്ചിരുന്നത്.
അയാൾ വിജയിച്ച ദിവസമാണ് ഇന്ന്.
ഇന്നുരാവിലെ ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നും നാസയുടെ രണ്ടു ബഹിരാകാശയാത്രികർ അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിലേക്ക് കുതിച്ചുയർന്നത് അയാൾ സ്വപ്നം കണ്ട ടാക്സി റോക്കറ്റിലാണ്. വിജയകരമായി ദൗത്യം പൂർത്തിയാക്കി റോക്കറ്റ് തിരിച്ചെത്തി. ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്നും യാത്രികർ തങ്ങളുടെ പര്യവേഷണയാത്രയെ എൻഡവർ(Endeavor) എന്നു പേരിട്ടുവിളിച്ചുകൊണ്ടുള്ള റേഡിയോ സന്ദേശം ഭൂമിയുടെ കാതുകളിലെത്തുമ്പോൾ നാളിതുവരെയുള്ള ബഹിരാകാശ സ്വപ്നങ്ങളുടെ ചരിത്രത്തിലെ മറ്റൊരു ഉയരക്കല്ലു കൂടി മനുഷ്യൻ താണ്ടുകയായിരുന്നു. ബഹിരാകാശ യാത്രകൾ സാധാരണ മനുഷ്യനു കൂടി പ്രാപ്യമാകുന്ന ഉല്ലാസയാത്രകളായി മാറുന്ന മറ്റൊരു യുഗത്തിലേക്കുള്ള മനുഷ്യരാശിയുടെ ചുവടുവയ്‌പ്പായി മാറി ഈ സ്വകാര്യ റോക്കറ്റിന്റെ കൂറ്റൻ വിജയം.
2018ൽ ലോകത്തിലെ ഏറ്റവും പവർഫുൾ ആയ രണ്ടുറോക്കറ്റുകളെ വിക്ഷേപിക്കുകയും അവരെ ഒരേസമയം തിരിച്ചു ഭൂമിയിൽ ഇറക്കുകയും ചെയ്തുകൊണ്ട് അയാൾ ഞെട്ടിച്ചിരുന്നു. അന്നുമുതൽ ഈ ദിവസത്തിനുവേണ്ടി ലോകം കാത്തിരിക്കുകയായിരുന്നു. ഇതിനു മുൻപു കാലിഫോർണിയയിൽ നിർമിച്ച അഴകുകൊണ്ടും അനുഭവംകൊണ്ടും റോഡുകളെ അമ്പരപ്പിച്ച ഇലക്ട്രിക് കാറുകൾ കൊണ്ട് അയാൾ നമ്മളെ ഞെട്ടിച്ചിട്ടുണ്ട്, ആ കാറിന്റെ പേരാണ് ടെസ്‌ല(Tesla).
സൗത്ത് ആഫ്രിക്കയിൽ ജനിച്ച, അന്തർമുഖനായിരുന്ന, സ്‌കൂളിൽ സ്ഥിരമായി ബുള്ളിയിങ്ങിനു ഇരയായിരുന്ന, പുസ്തകങ്ങൾ ഒന്നൊഴിയാതെ വായിച്ചുതീർത്ത, വായിക്കാനൊന്നുമില്ലാതെ ബാല്യത്തിൽ തന്നെ എൻസൈക്ളോപീഡിയ കൈയിലെടുത്ത, അയാളുടെ പേരാണ് എലോൺ മസ്ക്(Elon Musk).
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.