നൂറുവർഷം കഴിഞ്ഞ് പുസ്തകം അച്ചടിക്കാനുള്ള പൾപ്പിനായി മരം നടുന്നവർ !

Avatar
Vinaya Raj V R | 30-11-2020 | 2 minutes Read

നൂറുവര്‍ഷത്തിനപ്പുറം 2114 -ല്‍ വായന ഉണ്ടാവുമോ? പുസ്തകങ്ങള്‍ ഉണ്ടാകുമോ? അന്നു മനുഷ്യന്‍ പേപ്പര്‍ ഉണ്ടാക്കി അതില്‍ പുസ്തകങ്ങള്‍ പ്രിന്റുചെയ്യുമോ? അതിരിക്കട്ടേ, അന്നു മരങ്ങള്‍തന്നെ ഉണ്ടാകുമോ? ആര്‍ക്കറിയാം. എന്നാല്‍ ഇവയെല്ലാം ഉണ്ടാകുമെന്ന് ഉറപ്പുള്ള കുറെപ്പേര്‍ ഉണ്ട്‌.

2114 -ല്‍ നൂറു വ്യത്യസ്തപുസ്തകങ്ങളുടെ ആയിരം കോപ്പി വീതം അച്ചടിക്കാന്‍ പോകുന്നുണ്ട്‌. അതിനു പേപ്പര്‍ ഉണ്ടാക്കാനായി നോര്‍വേയിലെ നോഡ്‌മാര്‍ക്ക വനത്തില്‍ ആയിരം മരങ്ങള്‍ നട്ടുകഴിഞ്ഞു. 2014 മുതല്‍ ഓരോ വര്‍ഷവും സാഹിത്യത്തിലോ കവിതയിലോ അനല്‍പ്പഭംഗിയുള്ള രചനകള്‍ കാഴ്ചവച്ചിട്ടുള്ള ഒരാളെ സമിതി തെരഞ്ഞെടുത്ത്‌ അവരുടെ പ്രസിദ്ധീകരിക്കാത്ത ഒരു ഗ്രന്ഥം 2114 -ല്‍ ആദ്യമായി പ്രസിദ്ധീകരിക്കാനായി വാങ്ങിവയ്ക്കും. മരങ്ങള്‍ വലുതാവുന്നതും കാത്ത്‌ ലൈബ്രറിയില്‍ അതിനായി ഒരുക്കിയിരിക്കുന്ന മുകളിലെ നിലയിലെ സൈലന്റ്‌ റൂമില്‍ അവ അക്ഷരസമാധിയില്‍ മുഴുകിയിരിക്കും. ഭാഷാഭേദമില്ലാതെ കഥയോ നോവലോ കവിതയോ ആവാം, വിഷയത്തില്‍ ഭാവനയും കാലവും ഉണ്ടാവണമെന്നല്ലാതെ മറ്റു നിബന്ധനകളൊന്നുമില്ല. ബെര്‍ളിനില്‍ ജീവിക്കുന്ന സ്കോട്‌ലാന്റുകാരിയായ കാറ്റി പീറ്റേഴ്‌സണ്‍ ആണ്‌ ഫ്യൂചര്‍ ലൈബ്രറി പ്രൊജക്ട്‌ ( » Future Library project ) എന്ന ഈ ആശയം ഉണ്ടാക്കിയത്‌. ഒരു തീവണ്ടിയാത്രയ്ക്കിടെ മരങ്ങളുടെ വാര്‍ഷികവലയങ്ങളുടെ ചിത്രങ്ങള്‍ കടലാസില്‍ കുത്തിക്കുറിക്കുമ്പോഴാണ്‌ മരങ്ങള്‍ പള്‍പ്പാവുന്നതും അക്ഷരങ്ങള്‍ അവയില്‍ പതിയുന്നതുമൊക്കെ ചിന്തയില്‍ എത്തിയ കാറ്റിയ്ക്ക്‌ ഇങ്ങനൊരു ആശയം രൂപപ്പെട്ടത്‌.

ഇതിനു നോര്‍വേയിലെ ഓസ്ലോ നഗരത്തിന്റെയും ഓസ്ലോ പബ്ലിക്‌ ലൈബ്രറിയുടെയും പിന്തുണ ലഭിച്ചു. ഈ ലൈബ്രറിയില്‍ ആയിരിക്കും പുസ്തകങ്ങള്‍ സൂക്ഷിക്കുക. അവിടെ പുസ്തകങ്ങള്‍ പ്രദര്‍ശനത്തിനുവച്ചിട്ടുണ്ടാവും എന്നാല്‍ ആര്‍ക്കും അതിന്റെ ഉള്ളടക്കം കാണാനാവില്ല. ലൈബ്രറിയുമായി ബന്ധപ്പെട്ടിട്ടുള്ള ഒരു ട്രസ്റ്റ്‌ ആണ്‌ ഇതിന്റെ മേല്‍നോട്ടം വഹിക്കുന്നത്‌. ഇപ്പോഴേ വേണമെങ്കില്‍ പുസ്തകങ്ങള്‍ ബുക്കുചെയ്യാം. നൂറുപുസ്തകങ്ങളുടെയും ഒരോകോപ്പിക്ക്‌ 2014 -ല്‍ 625 പൌണ്ട്‌ ആയിരുന്നു വില, ഇന്നത്‌ 800 പൌണ്ടായി ഉയര്‍ന്നിട്ടുണ്ട്‌. പ്രപഞ്ചത്തെ സംബന്ധിച്ച്‌ 100 വര്‍ഷം ഒന്നുമല്ലെങ്കിലും മനുഷ്യായുസ്സുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇതൊരുവലിയകാലമാണ്‌. ഇന്നുള്ള ഒരാളും തന്നെ അന്നുണ്ടാവില്ല. അന്ന് ഈ എഴുത്തുകള്‍ കാണുന്നവര്‍ക്ക്‌ ഇന്നത്തെ ജീവിതത്തെപ്പറ്റി എന്താവും മനസ്സിലാവുക? പുസ്തകങ്ങള്‍ അച്ചടിക്കുന്നതുകാണാന്‍ താന്‍ ഉണ്ടാവില്ലെന്നുറപ്പുള്ളപ്പോഴും ആവുന്നത്രകാലം ഓരോ വര്‍ഷവും അവ കൈമാറുന്ന ചടങ്ങില്‍ എത്താന്‍ കഴിയുമെന്നുതന്നെയാണ്‌ കാറ്റി പ്രതീക്ഷിക്കുന്നത്‌. ഓരോ വര്‍ഷവും ആ വര്‍ഷം തെരഞ്ഞെടുക്കപ്പെട്ട കഥാകാരന്‍ ഭാവിയില്‍ തന്റെ പുസ്തകം പ്രിന്റ്‌ ചെയ്യാനുള്ള പള്‍പ്പ്‌ ഉണ്ടാക്കാനുള്ള മരങ്ങള്‍ വളരുന്ന കാടിന്റെയോരത്ത്‌ ഒരു പ്രസംഗം നടത്തിയശേഷമാണ്‌ തന്റെ കൃതി കൈമാറുന്നത്‌.

2016 -ല്‍ തന്റെ പുസ്തകമായ നീ സമയം എന്നുവിളിക്കുന്നത്‌ എന്നില്‍നിന്നും നിന്നിലേക്കൊഴുകുന്നു ( From Me Flows What You Call Time ) എന്ന ഗ്രന്ഥം ലൈബ്രറിയിലേക്ക്‌ നല്‍കിയ പ്രസിദ്ധ എഴുത്തുകാരനായ ഡേവിഡ്‌ മിച്ചല്‍ പറഞ്ഞത്‌, "ഒന്നും പേടിക്കാനില്ല, ഇതുനല്ലതാണോ മോശമാണോ എന്നറിയാന്‍ ഞാനന്ന് ഉണ്ടാവില്ലല്ലോ" എന്നാണ്‌. പുസ്തകം അവിടെയേല്‍പ്പിക്കേണ്ട അവസാനനിമിഷമാണ്‌ അദ്ദേഹം പുസ്തകമെഴുതിത്തീര്‍ത്തത്‌. നൂറുവര്‍ഷത്തിനുശേഷവും വായനക്കാരും പുസ്തകങ്ങളും മരങ്ങളും ഉണ്ടാവുമെന്നുള്ള ഒരു വിശ്വാസമാണ്‌ ഈ ആശയം എന്നാണ്‌ മിച്ചല്‍ തുടര്‍ന്നത്‌.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

2014-ല്‍ ഈ പദ്ധതിയിലേക്ക്‌ ആദ്യപുസ്തകം സംഭാവന ചെയ്തത്‌ പ്രസിദ്ധ കനേഡിയന്‍ നോവലിസ്റ്റും കവിയുമായ മാര്‍ഗരറ്റ്‌ ആറ്റ്‌വുഡ്‌ ആണ്‌. അവരുടെ നോവലായ സ്‌കിബ്‌ളര്‍ മൂണ്‍ (Scribbler Moon) എന്ന പുസ്തകം ലൈബ്രറിയില്‍ എത്തി. ഈ പേരല്ലാതെ അതില്‍ എന്താണ്‌ എഴുതിയിരിക്കുന്നതെന്ന് അടുത്ത നൂറുവര്‍ഷത്തേക്ക്‌ ആരും മനസ്സിലാക്കില്ല. ഉറങ്ങുന്നൊരു സുന്ദരിയെപ്പോലെ അദ്ഭുതകരമായൊരു കാര്യമാണിത്‌, അതിലെ അക്ഷരങ്ങള്‍ അടുത്ത നൂറുവര്‍ഷം ഉറക്കത്തില്‍ ആയിരിക്കും, അതിനുശേഷം അവ ഉറക്കമുണരുമ്പോള്‍ ആവും വീണ്ടും അക്ഷരങ്ങള്‍ക്ക്‌ ജീവന്‍ വയ്ക്കുക. അപ്പോഴേക്കും മനുഷ്യന്‍ ഉപയോഗിക്കുന്ന ഭാഷയ്ക്ക്‌ മാറ്റങ്ങള്‍ ഉണ്ടായി പുസ്തകത്തില്‍ എഴുതിയിരിക്കുന്നതു മനസ്സിലാക്കാന്‍ ഒരുപക്ഷേ നരവശശാസ്ത്രജ്ഞരുടെ സഹായം വേണ്ടിവന്നേക്കാം എന്നാണ്‌ ആറ്റ്‌വുഡ്‌ ഇതേപ്പറ്റി പറഞ്ഞത്‌.

കാലം ഇനിയുമുരുളും, നൂറുവര്‍ഷത്തിനുശേഷം ആരെന്നുമെന്തെന്നും ആര്‍ക്കും അറിയില്ലെങ്കിലും നോര്‍വേയില്‍, ഓസ്ലോയില്‍ ഒരു ലൈബ്രറിയില്‍ 100 വര്‍ഷങ്ങള്‍ക്കപ്പുറം ജീവന്‍ വയ്ക്കുന്ന അക്ഷരങ്ങളെ പുസ്തകങ്ങളിലാക്കാനുള്ള പേപ്പറുകള്‍ക്കായി ആയിരം മരങ്ങള്‍ തൊട്ടടുത്തൊരു വനത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു. ജീവന്റെ പ്രത്യാശയാണിത്‌. മനുഷ്യകുലത്തിന്റെ ഭാവിയെപ്പറ്റിയുള്ളൊരു ശുഭപ്രതീക്ഷയാണത്‌.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Vinaya Raj V R

Manager, Kerala Gramin Bank / Wikipedian

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 05:11:18 am | 17-04-2024 CEST