നമ്മൾ നോക്കിനിൽക്കുമ്പോൾ ആധുനികമനുഷ്യസംസ്കാരത്തിന്റെ ഉൽഭവസ്ഥാനങ്ങളിലൊന്നിലെ പ്രധാനപ്പെട്ട ഒരിടം മണ്മറഞ്ഞുപോകുന്നതു കണ്ടിട്ടുണ്ടോ?
കഴിഞ്ഞ 12000 വർഷങ്ങളായി തുടർച്ചയായി ജനവാസമുണ്ടായിരുന്ന ഒരു നഗരമാണ് ടർക്കിയിലെ ഹസൻകെയ്ഫ്. ഏറ്റവും കൂടുതൽ കാലം മനുഷ്യവാസമുണ്ടായിരുന്ന ഇടംതന്നെ ആയിരിക്കണം ഇത്. ടൈഗ്രീസ് നദിയുടെ കരയിൽ സ്ഥിതിചെയ്യുന്ന ഈ നഗരം മെസോപ്പൊട്ടേമിയൻ സംസ്കാരത്തിന്റെ സുപ്രധാനമായ ഒരിടമായിരുന്നു. അതായത് മനുഷ്യസംസ്കാരത്തിന്റെ കളിത്തൊട്ടിൽ ആണ് ഇവിടം എന്നുതന്നെ പറയാം.
ആദ്യകാല ഹസൻകൈഫ് നിവാസികൾ അവിടുത്തെ രമൻ മലനിരകളിലെ മനുഷ്യനിർമ്മിതമായ ആയിരക്കണക്കിനു ഗുഹകളിൽ വസിക്കുന്നവരായിരുന്നു. തുടർന്നുവന്ന സഹസ്രാബ്ദങ്ങളിൽ ഈ പ്രദേശത്തുകൂടി അസീറിയൻ, റോമൻ, ബൈസാന്റീൻ, മൊൻഗോൾ, ഓട്ടോമാൻ, ടർക്കി തുടങ്ങി ഇരുപതോളം സംസ്കാരങ്ങൾ കടന്നുപോയി. ആധുനികമനുഷ്യന്റെ ഇന്നത്തെ ജീവിതസംസ്കാരങ്ങൾ രൂപപ്പെടുത്തിയതിൽ ഹസൻകെയ്ഫിനുവലിയ പങ്കുണ്ട്.
ഇവിടത്തെ ചരിത്രസ്മാരകങ്ങളിൽ ആർട്ടുകിഡ് രാജാക്കന്മാരുടെ പന്ത്രണ്ടാം നൂറ്റാണ്ടിലെ കൊട്ടാരം, 1409 -ൽ അയുബിഡ് സുൽത്താൻ സുലൈമാൻ നിർമ്മിച്ച എൽ റിസ്ക് മോസ്ക്, പതിനഞ്ചാം നൂറ്റാണ്ടിലെ വൃത്തസ്തൂപാകൃതിയിലുള്ള ശവകുടീരം തുടങ്ങി മുന്നൂറോളം സ്മാരകങ്ങൾ ഉൾപ്പെടുന്നു. ലോകത്തേറ്റവും പഴയ സർവ്വകലാശാലയാണ് ഹസൻകെയ്ഫ് സർവ്വകലാശാല എന്നുകരുതുന്നു. അതും ഈ നഗരത്തിലാണ്. ഇതിലൊക്കെയുപരി ഇതുവരെ പര്യവേഷണം പോലും ചെയ്തിട്ടില്ലാത്ത എത്രയോ പുരാവസ്തുശേഖരം ഇവിടെയുണ്ടാവണം. പുരാവസ്തുഗവേഷകർ ഇവിടെയുള്ള വെറും പത്തുശതമാനം സ്ഥലങ്ങളിൽ മാത്രമാണത്രേ പര്യവേഷണം നടത്തിയിട്ടുള്ളത്. താഴോട്ടുതാഴോട്ടു കുഴിച്ചാൽ സംസ്കാരങ്ങൾക്കു മുകളിൽ സംസ്കാരങ്ങൾ തെളിഞ്ഞുവരുമായിരുന്നു ഇവിടെ. മധ്യകാലത്തെ സിൽക്ക് റോഡിലെ പ്രധാനപ്പെട്ട ഒരു വ്യാവസായികനഗരമായിരുന്നു ഹസൻകെയ്ഫ്.
ഇവിടെ 1147-1167 കാലത്ത് ടൈഗ്രിസിനു കുറുകെ നിർമ്മിച്ച ഒരു പാലമുണ്ട്. നാല് ആർച്ചുകൾ ഉള്ള ഈ പാലത്തിന്റെ മധ്യത്തിലെ ആർച്ച് ആ സമയത്ത് ലോകത്തെ ഏറ്റവും വലിയ ആർച്ചുകളിൽ ഒന്നായിരുന്നു. പതിനാലും പതിനഞ്ചും നൂറ്റാണ്ടുകളിൽ ടർക്കിഷ് ഭരണാധികാരികൾ ഇതിന്റെ കേടുപാടുകൾ നീക്കി സംരക്ഷിച്ചിരുന്നു. പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ ഇത് തകർന്നുവീണു. ഇപ്പോഴും അതിന്റെ തൂണുകളും ഒരു ആർച്ചും ഹസൻകെയ്ഫിൽ ടൈഗ്രിസ് നദിയിൽ ഉയർന്നുനിൽക്കുന്നുണ്ടായിരുന്നു.
ടർക്കിയുടെ തെക്കൻ അനറ്റോളിയ പ്രൊജക്ടിന്റെ ഭാഗമായി 22 ഡാമുകളാണ് നിർമ്മിക്കുന്നത്. പ്രളയം നിയന്ത്രിക്കാനും ജലം സംഭരിക്കാനും വൈദ്യുതിയുണ്ടാക്കാനും ജലസേചനത്തിനുമായിട്ടാണ് ഇവ വിഭാവനം ചെയ്തിരിക്കുന്നത്. ഇവയിൽ ഇലിസു ഗ്രാമത്തിനടുത്തായി ഉണ്ടാക്കുന്ന ഒരു ഡാമാണ് ഇലിസു ഡാം. ഇലിസു ഡാമിൽ വെള്ളം നിറച്ചതോടെ ഹസൻകെയ്ഫിലെ ചരിത്രസ്മാരകങ്ങളിൽ മിക്കവയും വെള്ളത്തിനടിയിലായി. പന്ത്രണ്ടായിരം വർഷത്തെ മനുഷ്യസംസ്കാരത്തിന്റെ എണ്ണം പറഞ്ഞ് നിലനിൽക്കുന്ന മനോഹരമായ ഈ നഗരം അതിന്റെ എല്ലാ സ്മാരകങ്ങളോടുമൊപ്പം എന്നേക്കുമായി മണ്മറഞ്ഞു. 1954 മുതൽ തുടങ്ങിയ ആലോചനകൾക്കും സർവ്വേകൾക്കും ഒടുവിൽ അമ്പതുവർഷത്തിനുശേഷം 2006 -ൽ ഡാമിന്റെ പണി തുടങ്ങി. ഹസൻകെയ്ഫ് ഏതാണ്ട് മുഴുവനായും 199 ഗ്രാമങ്ങൾ പൂർണമായോ ഭാഗികമായോ മുങ്ങിപ്പോയി. ഏതാണ്ട് 62000 ആൾക്കാരെ ഇതുബാധിച്ചു. വെള്ളം നിറഞ്ഞുകഴിയുമ്പോൾ തടാകത്തിന്റെ കരയിൽ വരത്തക്കവിധത്തിൽ കുറെപ്പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. അതോടൊപ്പം അവിടത്തെ എട്ട് ചരിത്രസ്മാരകങ്ങൾ 3 കിലോമീറ്റർ അകലെ ഉയരങ്ങളിലേക്ക് മാറ്റിസ്ഥാപിച്ചു. ഇവയിൽ സർവ്വകലാശാലയിലെ ഒരു ഗോപുരം, ഒരു റോമൻ വാതിലിന്റെ പകുതി,പതിനഞ്ചാം നൂറ്റാണ്ടിലെ വൃത്തസ്തൂപാകൃതിയിലുള്ള ശവകുടീരം എന്നിവ ഉൾപ്പെടുന്നു.
ജർമൻ, സ്വിസ്സ്, ആസ്ത്രിയൻ വായ്പ്പാ ഏജൻസികൾ ഡാം നിർമ്മാണത്തിന് സഹായം ചെയ്യാമെന്നു സമ്മതിച്ചിരുന്നെങ്കിലും പുരാതനസ്മാരകങ്ങൾ മുങ്ങുമെന്നതിനാൽ അവരെല്ലാം പ്രൊജക്ടിനെ സഹായിക്കുന്നതിൽ നിന്നും പിന്മാറുകയുണ്ടായി. യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ ഇതിനെതിരെ അപ്പീൽ പോയതു തള്ളിപ്പോയി. ആരൊക്കെ സഹായിച്ചില്ലെങ്കിലും ഡാം നിർമ്മിക്കുക തന്നെ ചെയ്യുമെന്ന് ടർക്കിയുടെ പരിസ്ഥിതികാര്യമന്ത്രി പ്രസ്താവിച്ചു. തുടർന്നു ഡാം പണിപൂർത്തിയാക്കി. വെള്ളം നിറച്ചതോടെ പന്ത്രണ്ടായിരം വർഷത്തെ മാനവചരിത്രത്തിന്റെ സുപ്രസിദ്ധമായ ഒരിടം ആയിരക്കണക്കിനു മനുഷ്യനിർമ്മിത ഗുഹകളോടും, നൂറുകണക്കിന് ചരിത്ര-മതനിർമ്മിതികളോടുമൊപ്പം എന്നേക്കുമായി വെള്ളത്തിൽ മറഞ്ഞു.
Also Read » ലോകത്തിലെ ആദ്യ സബ് വൂഫർ കണ്ടുപിടിച്ച കംബനിയുടെ കഥ - ONKYO
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.
Manager, Kerala Gramin Bank / Wikipedian