മാസത്തിൽ മുപ്പതുദിവസവും കമ്പനിക്കുവേണ്ടി ജോലി ചെയ്താൽ കൂലിയൊന്നും കിട്ടില്ല, പകരം മുപ്പത്തിയൊന്നാമത്തെ ദിവസം കിട്ടുന്നത് നിങ്ങൾക്ക് സ്വന്തമായെടുക്കാം. ഇതാണ്

Avatar
Vinaya Raj V R | 21-03-2022 | 2 minutes Read

948-1647867665-fb-img-1647867639156

മാസത്തിൽ മുപ്പതുദിവസവും കമ്പനിക്കുവേണ്ടി ജോലി ചെയ്താൽ കൂലിയൊന്നും കിട്ടില്ല, പകരം മുപ്പത്തിയൊന്നാമത്തെ ദിവസം കിട്ടുന്നത് നിങ്ങൾക്ക് സ്വന്തമായെടുക്കാം. ഇതാണ് ലോകത്തേറ്റവും ഉയരത്തിൽ, സമുദ്രനിരപ്പിൽ നിന്നും അഞ്ചുകിലോമീറ്ററിലേറെ ഉയരത്തിൽ മനുഷ്യൻ വസിക്കുന്ന പെറുവിലെ ലാ റിൻകൊനാഡ നഗരത്തിലെ നിയമം. ഇവർ അവിടുത്തെ സ്വർണ്ണഖനിയിൽ ജോലിചെയ്യുന്നവരാണ്. ഒരുതരത്തിലും മനുഷ്യനു താമസിക്കാൻ പറ്റിയ യാതൊന്നും ഇല്ലാത്ത നഗരമാണത്. എന്നാലും അവിടെയുള്ള സ്വർണ്ണം മോഹിച്ച് മനുഷ്യൻ അവിടെയെത്തുന്നു. 2001 ൽ ഏതാനും ആൾക്കാർ മാത്രമുണ്ടായിരുന്ന ഇവിടം 2009 ആയപ്പോഴേക്കും 30000 ആൾക്കാരിലെത്തി. തെക്കേ അമേരിക്കയിലെ വിവിധരാജ്യങ്ങളിൽ നിന്നും ആൾക്കാരെത്തി ഇപ്പോൾ 50000 മനുഷ്യർ ഇവിടെ നിധി തേടുന്നു. വർഷത്തിൽ 100 ടണ്ണോളം സ്വർണ്ണം ഇവിടെനിന്നും ലഭിക്കുന്നുണ്ട്.

മരങ്ങൾ പോലും വളരാത്തത്ര ഉയരത്തിലാണ് ലാ റിൻകൊനാഡാ. ഗ്രീൻലാന്റിലെ ധ്രുവപ്രദേശത്തെ കാലാവസ്ഥയോടാണ് ഇവിടത്തെ അന്തരീക്ഷത്തെ താരതമ്യം ചെയ്യാൻ സാധിക്കുക. വർഷം മുഴുവൻ വേനലിൽ മഴയും രാത്രി കഠിനമായ തണുപ്പുമാണ് ഇവിടെ, എപ്പോഴും തന്നെ മഞ്ഞുവീഴ്ചയും. സ്വർണ്ണം മാത്രമാണ് അവിടെ ജീവിക്കാൻ ഈ മനുഷ്യരെ പ്രേരിപ്പിക്കുന്നത്. അനേനിയ കോർപ്പറേഷന്റെ ഉടമസ്ഥതയിൽ ഉള്ള ഖനിയിൽ ആണ് ഇവർ മുപ്പതുദിവസം സൗജന്യമായി ജോലിചെയ്തുകൊടുക്കുന്നത്.

മുപ്പത്തിഒന്നാം ദിവസം വല്ലതും കിട്ടുന്നതും സ്വപ്നം കണ്ട്. ആ ദിവസം അവർക്ക് ചുമലിൽ എടുക്കാൻ പറ്റുന്നത്ര അയിര് എടുത്തുകൊണ്ടുപോകാം. അതിൽ സ്വർണ്ണം വല്ലതും ഉണ്ടാകുമോ എന്നത് കേവലഭാഗ്യം മാത്രം അടിസ്ഥാനപ്പെടുത്തിയാണിരിക്കുന്നത്. ഖനിയിൽ സ്ത്രീകൾക്ക് പ്രവേശനമില്ല, സ്ത്രീകൾ പ്രവേശിച്ചാൽ ഖനിയിലെ നിധിയുടെ ദേവതയായ ല ബെല്ല ഡുർമിയെന്റെ (ഉറങ്ങുന്ന സുന്ദരി) അസൂയാലു ആകുമത്രേ. ഇവിടുത്തെ ആണുങ്ങൾ സ്വർണ്ണമെടുത്തശേഷം പുറത്തുകളയുന്ന അയിരിൽ വല്ലതും ഉണ്ടോ എന്ന് അവർ വീണ്ടും ഖനിക്ക് പുറത്തുള്ള പ്രദേശത്ത് വച്ച് അരിച്ചുനോക്കുന്നു.

ഈ പ്രദേശത്തെ അന്തരീക്ഷത്തിൽ ഓക്സിജന്റെ അളവ് വളരെ പരിമിതമായതും സ്വർണ്ണം അരിക്കുന്നതിന്റെ ഭാഗമായി പുറംതള്ളുന്ന മെർക്കുറി വിഷവും ഇവിടുത്തെ ചുറ്റുപാടിനെ ജീവിക്കാൻ വളരെ ബുദ്ധിമുട്ടുള്ളതാക്കിയിരിക്കുന്നു. വേണ്ടത്ര വെയിലും ചൂടും ഇല്ലാത്തതിനാൽ മഴമൂലവും മഞ്ഞുരുകിയും ഉണ്ടാവുന്ന വെള്ളം നാടുമുഴുവൻ ഒരു ചെളിപ്രദേശമാകി മാറ്റിയിട്ടുമുണ്ട്. ഇവിടെ നിന്ന് താഴ്‌വാരത്തേക്ക് ഒഴുകിയെത്തുന്ന പുഴയും മെർക്കുറി വിഷത്താൽ നിറഞ്ഞിരിക്കുകയാണ്. ആൾക്കാർ പുറംതള്ളുന്ന മാലിന്യം നീക്കം ചെയ്യാൻ യാതൊരു മാർഗവും ഒരുക്കിയിട്ടില്ല.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഇവിടുന്നുള്ള വെള്ളം റ്റിറ്റിക്കാക്ക തടാകത്തിലും എത്താറുണ്ട്. ഇത്രയും ഉയരെയുള്ള സ്ഥലത്തേക്ക് പോലീസും എത്താറില്ല, അതുകൊണ്ട് നിയമവാഴ്ചയും കഷ്ടിയാണ്. ഇത്രദൂരെ മെനക്കെട്ടെത്തി നിയമം സംരക്ഷിക്കാൻ പെറുവിലെ സർക്കാനും താല്പര്യമില്ല, സൗജന്യമായി ലഭിക്കുന്ന തൊഴിൽ പരിപാടി ഉപേക്ഷിക്കാൻ കമ്പനിയും തയ്യാറല്ല. പണ്ടത്തെയത്ര സ്വർണ്ണം ഇപ്പോൾ കിട്ടുന്നുമില്ല. അതിനാൽ പുരുഷന്മാർ ബാറിലും വേശ്യാലയങ്ങളിലുമാണ് കൂടുതൽ സമയം ചെലവഴിക്കുന്നത്. മാസത്തിൽ ഒരുദിവസം മാത്രം വല്ലതും കിട്ടാവുന്ന (നിയമവിരുദ്ധമായ) ഈ രീതിയെ കാച്ചോറിയോ എന്നാണ് വിളിക്കുന്നത്, ഇത് മാറ്റി ശമ്പളം ലഭിക്കുന്ന രീതിയിലേക്ക് മാറാൻ പെറുവിലെ സർക്കാർ ശ്രമിച്ചതിനെ ഇവിടുത്തെ തൊഴിലാളികൾ എതിർക്കുകയാണ് ചെയ്തത്.

പലവിധരോഗങ്ങളാലും വൃത്തിഹീനമായ ചുറ്റുപാടുകളാലും ഖനിയപകടങ്ങളാലും ഇവിടെയുള്ളവർക്ക് ആയുസ് തീരെ കുറവാണ്, എന്നാലും നല്ലൊരു ഭാവി എന്നെങ്കിലും ഉണ്ടായേക്കാം എന്നുള്ള മോഹത്താൽ വീണ്ടും ആൾക്കാർ ഇങ്ങോട്ട് എത്തിക്കൊണ്ടിരിക്കുന്നു. സ്വർണ്ണം എന്ന പ്രലോഭനത്തിനു സമാനമായ മറ്റെന്തെങ്കിലും മനുഷ്യചരിത്രത്തിൽ ഉണ്ടോ എന്നു സംശയമാണ്.

» Wikipedia


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Vinaya Raj V R

Manager, Kerala Gramin Bank / Wikipedian

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 03:17:29 am | 24-03-2023 CET