എത്ര പറഞ്ഞാലും തീരാത്ത കഥകളുള്ള റ്റിറ്റിക്കാക്ക തടാകത്തെപ്പറ്റി.

Avatar
Vinaya Raj V R | 04-06-2020 | 3 minutes Read

lake titica
Photo Credit : weather-atlas.com

സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് നാലുകിലോമീറ്ററോളം ഉയരത്തിലാണ് തെക്കേ അമേരിക്കയിലെ ബൊളീവിയയ്ക്കും പെറുവിനും ഇടയ്ക്കുള്ള റ്റിറ്റിക്കാക്ക ശുദ്ധജലതടാകം സ്ഥിതിചെയ്യുന്നത്. ഹിമാലയത്തിനുതെക്കുള്ള ഏറ്റവും ഉയരം കൂടിയ നമ്മുടെ ആനമുടിയ്ക്ക് കേവലം 2700 മീറ്ററേ ഉയരമുള്ളൂ എന്നോർക്കണം. പാലക്കാട്-മലപ്പുറം ജില്ലകൾ ചേർത്താലുള്ളതിനേക്കാൾ വിസ്തൃതിയും ഈ തടാകത്തിനുണ്ട്.

പ്രമുഖമായ അഞ്ചെണ്ണമടക്കം 25 നദികൾ ഇതിലേക്ക് ഒഴുകിയെത്തുമ്പോൾ കേവലം ഒരുനദിയിൽക്കൂടിമാത്രമാണ് വെള്ളം പുറത്തേക്കുപോകുന്നത്, അതും ഒഴുകിയെത്തുന്നതിന്റെ കേവലം പത്തുശതമാനം മാത്രം, ബാക്കി 90 ശതമാനവും ബാഷ്പീകരിച്ചുപോകുന്നു. അതിനാൽത്തന്നെ ഇതിനെയൊരു അടഞ്ഞ തടാകമായിട്ടാണ് കരുതിപ്പോരുന്നത്. തടാകത്തിൽ ഉള്ള 41 ദ്വീപുകളിൽ ചിലതിൽ വളരെയധികം ജനങ്ങൾ തിങ്ങിപ്പാർക്കുന്നു.

titica map

കാലങ്ങളായി ഈ തടാകത്തിൽ ജീവിക്കുന്ന ഒരു ജനവിഭാഗമാണ് ഉരുജനത. തടാക്കക്കരയിൽ ഉണ്ടാകുന്ന നമ്മുടെ മുത്തങ്ങയുടെ കുടുംബത്തിൽപ്പെട്ട നീളമുള്ള ഒരു പുല്ല് ഉപയോഗിച്ചുണ്ടാക്കുന്ന ഒരുതരം ചങ്ങാടങ്ങളിലാണ് ഇവർ ജീവിക്കുന്നത്. ഏതാണ്ട് 5000 അംഗങ്ങൾ മാത്രമുള്ള ഇവർ തടാകത്തിന്റെയും അതിലെ ജലത്തിന്റെയും ഉടമകൾ അവരാണെന്നുകരുതുന്നവരാണ്. കാര്യം പുല്ല് ഉപയോഗിച്ച് ഉണ്ടാക്കുന്നതാണെങ്കിലും ഇത്തരത്തിലുള്ള വലിപ്പമേറിയ കൃത്രിമദ്വീപുകളിൽ ഏതാണ്ട് പത്തോളം കുടുംബങ്ങൾക്ക് കഴിയാൻ സാധിക്കും. നിരന്തരം പുതുക്കിക്കൊണ്ടിരിക്കേണ്ടതും ധാരാളം അധ്വാനം വേണ്ടതുമായ ഒരു പ്രവൃത്തിയാണ് ഈ ബോട്ട് നിർമ്മാണം. ഇതിന്റെ മുകളിൽക്കൂടിനടക്കുമ്പോൾ ചതുപ്പിൽ നടക്കുന്ന പ്രതീതിയാണ് ഉണ്ടാവുക. നേരത്തെ പ്രതിരോധത്തിനായിട്ടാവണം ഈ രീതിയിൽ അവർ വീടുകൾ നിർമ്മിച്ചിട്ടുണ്ടാവുക എന്നു കരുതുന്നു, ആക്രമണങ്ങൾ ഉണ്ടായാൽ തുഴഞ്ഞ് തടാകത്തിന്റെ ഉൾഭാഗത്തേക്കുപോകാമല്ലോ. ഇന്നേതായാലും പെറുവിലെ വലിയ ടൂറിസ്റ്റ് ആകർഷണമാണിത്.

തടാകത്തിലുള്ള പലദ്വീപുകളിലും പലതരം ജനങ്ങൾ വസിക്കുന്നുണ്ട്. അതീവസമ്പന്നമായ സംസ്കാരമാണ് ഇവിടെ ഓരോദ്വീപുകളിലുമുള്ളത്. ഇരുപതാം നൂറ്റാണ്ടുവരെ സ്പാനിഷ് കോളനിയായിരുന്ന ടാക്വിൽ എന്ന ദ്വീപിൽ വസിക്കുന്നവർ കൈകൊണ്ട് നെയ്തുണ്ടാക്കുന്ന തുണിത്തരങ്ങൾ പെറുവിലെ തന്നെ ഏറ്റവും ഉയർന്നനിലവാരത്തിലുള്ളവയാണ്. ഇവരുടെ വസ്ത്രനിർമ്മാണകലയെ മനുഷ്യവംശപാരമ്പര്യത്തിന്റെ ഒഴിച്ചുകൂടാനാവാത്ത അമൂല്യകലാസൃഷ്ടികളായി » യുനസ്കോ അംഗീകരിച്ചിട്ടുണ്ട്. ഏതാണ്ട് 2200 അംഗങ്ങളുള്ള ഇവരിലെ ആണുങ്ങളാണ് എട്ടുവയസ്സുമുതൽ തുണി നെയ്യുന്നത്. ദ്വീപുമുഴുവൻ സമൂഹത്തിന്റെ സ്വന്തമെന്ന രീതിയിൽ "കക്കരുത്, നുണപറയരുത്, മടിച്ചിരിക്കരുത്" എന്നൊരു ഇൻക ആശയത്തിലാണ് ഇവർ ജീവിക്കുന്നതും. ഏതാണ്ട് 40000 ടൂറിസ്റ്റുകൾ വർഷംതോറും ദ്വീപ് സന്ദർശിക്കുന്നു.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഇത്തരത്തിലുള്ള പലദ്വീപുകളെയും ബന്ധിപ്പിച്ചുകൊണ്ട് ബോട്ട് സർവ്വീസുകൾ ഉണ്ട്. ആൾക്കാരും ചരക്കുകളും ആയി ഇവ കരയിൽനിന്നും ദ്വീപുകളിലേക്കും ദ്വീപുകൾ തമ്മിലും സഞ്ചരിക്കുന്നു. ചരിത്രാതീതകാലം മുതൽ പുൽത്തോണികളിലാണ് ഇവർ തടാകത്തിൽ യാത്രചെയ്തുകൊണ്ടിരുന്നത്. യൂറോപ്യർ തെക്കേ അമേരിക്ക കോളനിയാക്കിക്കൊണ്ടിരുന്നകാലത്ത് മരങ്ങൾ കൊണ്ടുള്ള ബോട്ടുകൾ അവർ കൊണ്ടുവന്നു.

പത്തൊൻപതാം നൂറ്റാണ്ടിൽ സ്പാനിഷുകാർ ഇരുമ്പുകൊണ്ടുള്ള ആവിക്കപ്പലുകളും തടാകത്തിൽ ഇറക്കി. സ്പാനിഷുകാർ ഇത്തരം ബോട്ടുണ്ടാക്കുന്നതിന്റെ കരാർ ബിർമിംഹാമിലെ ഇംഗ്ലീഷുകാരായ കരാറുകാർക്കാണ് നൽകിയത്. ഇംഗ്ലണ്ടിൽ വച്ച് ബോട്ടുണ്ടാക്കിയശേഷം അതിലെ ആയിരക്കണക്കിനു ഭാഗങ്ങൾ നട്ടും ബോൾട്ടുമടക്കം തിരികെ അഴിച്ചെടുത്തു. അഴിച്ചെടുത്ത ഓരോ കഷണവും ഒരു കഴുതയ്ക്ക് ചുമക്കാൻ പറ്റുന്നഭാരമായി ക്രമപ്പെടുത്തിയിരുന്നു. ബോട്ടിന്റെ ഭാഗങ്ങൾ കപ്പലിൽ ചിലിയിലെ ശാന്തസമുദ്രത്തിലുള്ള തുറമുഖമായ അരിക്കയിൽ എത്തിച്ചു. 40 മൈൽ അകലെയുള്ള ടക്നവരെ തീവണ്ടിമാർഗം എത്തിച്ച ഈ ഭാഗങ്ങൾ തുടർന്നുള്ള 220 മൈലുകൾ കഴുതപ്പുറത്ത് കയറ്റി തടാകതീരത്തുള്ള പുനോയിൽ എത്തിക്കുകയായിരുന്നു.

ആറുമാസത്തിനുള്ളിൽ ബോട്ട് ഉണ്ടാക്കിയെത്തിച്ചുകൊടുക്കാമെന്നായിരുന്നു കരാറിൽ ഉണ്ടായിരുന്നത്. എന്നാൽ 210 ടൺ ഭാരമുള്ള ലോഹക്കപ്പൽ നിർമ്മിച്ച് അഴിച്ചെടുത്ത് തടാകതീരത്ത് ഓരോന്നും എത്തിക്കേണ്ട ഓർഡറിൽ കഴുതപ്പുറത്തുകയറ്റി 220 മൈലുകൾ സഞ്ചരിച്ച് 3810 മീറ്റർ ഉയരം താണ്ടി എത്തിക്കാനുള്ള ഭഗീരഥപ്രയത്നം ആറുമാസം കഴിഞ്ഞപ്പോഴേക്കും കാര്യമായി ഒന്നുമായിരുന്നില്ല. അവിടെയെത്തിയത് ഏതാനും ഭാഗങ്ങൾ മാത്രമായിരുന്നു, ശേഷിച്ചവ തീവണ്ടിനിലയത്തിനും തടാകത്തിനും ഇടയ്ക്കുള്ള സ്ഥലങ്ങളിൽ പലയിടത്തായി കിടന്നു. അതിനിടയിൽ ഒരു ഭൂകമ്പം, കാർഷികലഹള, സ്പെയിൻകാരുടെ രണ്ടാം പെറു ആക്രമണഭീഷണി എന്നിവയെല്ലാം ഉണ്ടായി. ഒടുക്കം എട്ടുവർഷത്തിനുശേഷം 1870 ക്രിസ്മസ് ദിനത്തിൽ യവാരി എന്ന കപ്പൽ തടാകത്തിലിറക്കി. ഒന്നരവർഷത്തിനുശേഷം യാപുര എന്ന് ഒരെണ്ണംകൂടി നീറ്റിലിറക്കി. രണ്ടുകപ്പലുകൾക്കും ഒരേ വലിപ്പമായിരുന്നു. നൂറടി നീളവും 60 കുതിരശക്തിയുള്ള എഞ്ചിനും. ലാമ എന്ന ജീവിയുടെ ഉണക്കച്ചാണകമായിരുന്നു അവയുടെ ഇന്ധനം. 1914 -ൽ യവാരിയെ ഒന്നു പരിഷ്കരിച്ചു പുതിയ എഞ്ചിൻ പിടിപ്പിച്ചു. പക്ഷേ പെറുവിന്റെ നാവികസേനയ്ക്ക് കപ്പലോടിക്കാൻ ഫണ്ടില്ലാതെ വന്നപ്പോൾ യവാരിയുടെ യാത്ര നിർത്തിവയ്ക്കുകയും യാപുരയെ അവർ ഒരു ആശുപത്രിക്കപ്പൽ ആക്കിമാറ്റുകയും ചെയ്തു.

യവാരിയെ 1987 -ൽ ഒരു ലഭേതരസംഘടനവാങ്ങി ഒരു മ്യൂസിയമാക്കിമാറ്റി, അത് ഇന്ന് പുനോ ഉൾക്കടലിൽ കിടക്കുന്നു. 150 വർഷത്തിനുശേഷം ഇന്നും യാപുര റ്റിറ്റിക്കാക്ക തടാകത്തിലും അതിലെ ദ്വീപുകളിലും ജീവിക്കുന്നവരുടെ ചികിൽസാ അവശ്യങ്ങൾക്കായി അങ്ങുമിങ്ങും സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. ഇങ്ങനെ എത്ര പറഞ്ഞാലും തീരാത്ത നിറയെ കഥകളുണ്ട് റ്റിറ്റിക്കാക്ക തടാകത്തെപ്പറ്റി.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Vinaya Raj V R

Manager, Kerala Gramin Bank / Wikipedian

Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 01:10:53 am | 29-05-2024 CEST