വടക്കുഭാഗത്തുള്ള കടലിൽക്കൂടിയായിരുന്നു നെതർലാന്റ്സിലെ പല നഗരങ്ങളിലേക്കും കാലങ്ങളായി കപ്പലുകൾ എത്തിക്കൊണ്ടിരുന്നത്. അതുവഴി കപ്പലുകൾ അവരുടെ തെക്കൻപ്രദേശങ്ങളിലേക്കും തലസ്ഥാനമായ ആംസ്റ്റർഡാമിലേക്കും എത്തി. അങ്ങനെയിരിക്കേ 1876 -ൽ ഉണ്ടാക്കിയ നോർത്ത് സീ കനാൽ വഴി എളുപ്പത്തിൽ വടക്കേ കടലിലേക്കുപോവാതെ തന്നെ കപ്പലുകൾക്ക് ആംസ്റ്റർഡാമിൽ എത്താമെന്നായി. ഉയർന്നുകൊണ്ടിരിക്കുന്ന ജനസംഖ്യയെ ഉൾക്കൊള്ളാനും കൃഷി ചെയ്യാനും കൂടുതൽ ഭൂമി നെതർലാന്റ്സിന് ആവശ്യവുമായി വന്നു.
വടക്കുഭാഗത്ത് കടലിലേക്കുള്ള വഴി അടച്ച് ഒരു മതിലുകെട്ടി ഇപ്പുറമുള്ള ഭാഗമങ്ങ് നികത്തിയാലോ എന്നുനിർദ്ദേശിച്ച കോർണിസ് ലെലിയുടെ അഭിപ്രായം അതിന്റെ ഭീമമായ ചെലവുമൂലവും അത് മൽസ്യബന്ധനത്തിന്റെ അവസാനം ആവും എന്ന കാരണങ്ങളാലും വലിയ എതിർപ്പുക്ഷണിച്ചുവരുത്തി. എന്നാൽ 1916 ൽ ഉണ്ടായ വിനാശകരമായ വെള്ളപ്പൊക്കവും 1918 ലെ ഭക്ഷ്യക്ഷാമവും മാറ്റിച്ചിന്തിക്കാൻ ആൾക്കാരെ പ്രേരിപ്പിച്ചു, ഒടുവിൽ കടലിനുകുറുകേ ഒരു അണകെട്ടാൻ തന്നെ തീരുമാനമായി.
1927 -ൽ ഒരുമിച്ച് നാലിടങ്ങളിൽ കടലിനുകുറുകെയുള്ള മതിലിന്റെ പണിതുടങ്ങി. 10000 ജോലിക്കാർ, 27 വലിയ ഡ്രെഡ്ജുകൾ, വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന 13 ക്രെയിനുകൾ, 132 ബാർജുകൾ, 88 ടഗുകൾ എന്നിവയൊക്കെയായിരുന്നു പണിക്ക് ഉണ്ടായിരുന്നത്. 1932 -ൽ വിചാരിച്ചതിലും രണ്ടുവർഷം മുൻപേതന്നെ പണിതീർത്തു. ആ നിർമ്മിതിയുടെ പേരാണ് അഫ്സ്ലോഡെയ്ക് Afsluitdijk. ഈ ഡാം കടലിനെ എന്നേക്കുമായി നെതർലാന്റ്സിന്റെ ഉൾഭാഗത്തേക്ക് പ്രവേശിക്കുന്നതിനെ തടഞ്ഞു. ആയിരത്താണ്ടുകളായി കടൽ കടന്നുവന്ന് ഉണ്ടാക്കുന്ന വെള്ളപ്പൊക്കം എന്നേക്കുമായി അവസാനിച്ചു. ഒഴുകിയെത്തുന്ന പുഴകൾ ഉയർത്തുന്ന ജലനിരപ്പ് കടലിലേക്ക് ഒഴുക്കാൻ പ്രത്യേകസംവിധാനങ്ങളും പമ്പുകളും ഒരുക്കി. പുഴകൾ ഒഴുകിയെത്തി കാലക്രമേണ ഡാമിന്റെ ഒരുഭാഗത്ത് രൂപപ്പെട്ട തടാകത്തിലെ വെള്ളം ഉപ്പുരസം നഷ്ടപ്പെട്ട് ശുദ്ധജലമായി മാറി. 32 കിലോമീറ്റർ നീളത്തിൽ, ജലനിരപ്പിനുമുകളിലേക്ക് 7.25 മീറ്റർ ഉയർന്നുനിൽക്കുന്ന അഫ്സ്ലോഡെയ്ക്കിന്റെ മുകളിൽക്കൂടി കടന്നുപോകുന്ന ദേശീയപാത നെതർലാന്റ്സിലെ രണ്ടറ്റങ്ങളെ ബന്ധിപ്പിക്കുന്നതോടൊപ്പം ഡാം വെള്ളപ്പൊക്കത്തിൽ നിന്നും രാജ്യത്തെയും രക്ഷിക്കുന്നു. ആദ്യമായി ഹോളണ്ടിൽ 130 കിലോമീറ്റർ വേഗത പരീക്ഷിച്ചത് ഈ ഡാമിനുമുകളിലെ റോഡിൽ ആണ്.
ഇങ്ങനെ രൂപപ്പെട്ട ശുദ്ധജലതടാകമായ ഐസൽമീറിന്റെ കരഭാഗത്തോടുചേർന്ന പ്രദേശത്തിന്റെ വലിയ ഭാഗം 1950-60 കാലത്ത് നികത്തി. ആ നികത്തിയ പ്രദേശങ്ങളുടെ വിസ്താരം മൂന്നരലക്ഷം ഏക്കർ ആണ്. ഇന്നത് ഫ്ലീവോലാന്റ് എന്നറിയപ്പെടുന്ന ഒരു പ്രൊവിൻസാണ്. നാലേകാൽ ലക്ഷത്തോളം ആൾക്കാർ വസിക്കുന്ന ഫലഭൂയിഷ്ടമായ ഫ്ലീവോലാന്റ് ലോകത്തെ ഏറ്റവും വലിയ കൃത്രിമദ്വീപ് ആണ്. 6 മുനിസിപ്പാലിറ്റികൾ ഉള്ള ഫ്ലീവോലാന്റിൽ തീവണ്ടിയും വിമാനത്താവളവും ഉണ്ട്.
പ്രകൃതിയെ മനുഷ്യന് ഉപയുക്തമായ രീതിയിൽ മാറ്റിയെടുത്ത് മനുഷ്യവാസയോഗ്യമാക്കി കൃഷിചെയ്ത് കേരളത്തിന്റെ അത്രയും മാത്രം വലിപ്പമുള്ള നെതർലാന്റ്റ്സ് എന്ന രാജ്യം ഇന്ന് ലോകത്ത് കാർഷികകയറ്റുമതിയിൽ അമേരിക്കയ്ക്കുമാത്രം പിന്നിൽ രണ്ടാം സ്ഥാനത്താണ്. ആദ്യം അവർ കടലിനുവേലികെട്ടിത്തിരിച്ചു, അതുമൂലം ഉണ്ടായ തണ്ണീർത്തടങ്ങൾ മണ്ണിട്ടുനികത്തി. അവിടെ നാലുലക്ഷത്തിലേറെ മനുഷ്യരെ കൊണ്ടുവന്നു താമസിപ്പിച്ചു, കൃഷിചെയ്തു, നഗരങ്ങൾ കെട്ടിപ്പടുത്തു. അക്രമം എന്നല്ലാതെ മറ്റൊന്നും പറയാനില്ല. കുട്ടനാട്ടിൽ ഇപ്പോൾ ഇത്തരമൊരു പദ്ധതിക്ക് സാധ്യതയുണ്ടോ എന്നു നിങ്ങൾ ഒന്നു ചോദിച്ചുനോക്കൂ, മലയാളം പീയെച്ഡിക്കാരും കവികളും കഥാകാരന്മാരും കൂടി നിങ്ങളുടെ ശവസംസ്കാരം നടത്തും.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.
Manager, Kerala Gramin Bank / Wikipedian