ഫ്രാൻസിന്റെയുള്ളിൽ ഒരു സ്പാനിഷ് ഗ്രാമമുണ്ട്, അല്ല നഗരമുണ്ട്.
സ്പെയിനിലെ ഒരു സംസ്ഥാനമായ കാറ്റലോണിയയുടെ ഭാഗമായ ലിവിയ (Llívia)-യാണിത്. 360 വർഷമായി ഇതിങ്ങനെ തുടരുന്നു. സ്പെയിനിന്റെ അതിർത്തിയിൽനിന്നും ഒന്നര കിലോമീറ്റർ അകലെയുള്ള ഈ മുനിസിപ്പാലിറ്റിയെ ഒരു ഇരട്ടപ്പാത സ്പെയിനുമായി ബന്ധിച്ചിരിക്കുന്നു.
പഴയകാലത്തെ ഒരു പ്രധാന റോമൻ നഗരമായിരുന്നു ലിവിയ. മധ്യകാലഘട്ടത്തിന്റെ ആദ്യഭാഗം വരെ ഇത് സെർഡാന്യയുടെ തലസ്ഥാനവുമായിരുന്നു. 1659 -ൽ മൂന്നുദശകങ്ങൾ നീണ്ടുനിന്ന യുദ്ധത്തിനൊടുവിൽ ഫ്രാൻസും സ്പെയിനും ഒരു സമാധാനക്കരാരിൽ എത്തി. പൈരന്നീസ് ഉടമ്പടി എന്നറിയപ്പെടുന്ന ഈ കരാർ പ്രകാരം യുദ്ധത്തിൽ തോറ്റ സ്പെയിൻ അവരുടെ പൈരന്നീസിനു വടക്കോട്ടുള്ള എല്ലാ സ്പാനിഷ് ഗ്രാമങ്ങളും ഫ്രാൻസിനു കൈമാറണമായിരുന്നു. അങ്ങനെ കൈമാറാനുള്ള 33 ഗ്രാമങ്ങളിൽ ലിവിയയും ഉണ്ടാവേണ്ടതായിരുന്നു. എന്നാൽ അതിനും 130 വർഷം മുൻപ് ലിവിയയെ ഒരു നഗരമായി ചാൾസ് ഒന്നാമൻ പ്രഖ്യാപിച്ചിരുന്നു. അതായത് ലിവിയ ഒരു നഗരമായിരുന്നതിനാൽ ഇത് കരാർ പ്രകാരം കൈമാറേണ്ടതില്ലെന്ന സാങ്കേതികതയിൽ സ്പെയിൻ ഉറച്ചുനിൽക്കുകയും ഫ്രാൻസിനെ പറ്റിക്കുകയും ചെയ്തു. ചുറ്റുമുള്ള സ്ഥലം മുഴുവൻ ഫ്രാൻസിന്റെയായപ്പോൾ ലിവിയ സ്പെയിനിന്റെ ഭാഗമായിതുടർന്നു. കേവലം 13 ചതുരശ്രകിലോമീറ്റർ മാത്രം വിസ്തീർണ്ണമുള്ള ലിവിയയിൽ 1500 -ൽത്താഴെ ആൾക്കാരേയുള്ളൂ. സ്പെയിനിൽ നിന്നും അങ്ങോട്ടുള്ള നിക്ഷ്പക്ഷമായ റോഡ് ആറാറുമാസം സ്പെയിനും ഫ്രാൻസും മാറിമാറി ഭരിക്കുന്നു.
പൊതുവേ സമ്പന്നമായ ലിവിയ കടുത്ത സ്വാതന്ത്ര്യബോധമുള്ള ഒരിടമാണ്, എവിടെയും കാറ്റലോണിയൻ പതാക പാറുന്നതുകാണാം. സാധനങ്ങൾക്കുവിലക്കുറവായതിനാൽ ഫ്രഞ്ചുകാർ ഷോപ്പിങ്ങിന് ഇവിടെ എത്താറുണ്ട്. ലിവിയയിൽ കസ്റ്റംസും ഇല്ലാത്തതിനാൽ ചുറ്റുമുള്ള ഫ്രഞ്ചുഗ്രാമീണരുടെ സ്ഥിരം ഷോപ്പിങ്ങ് സ്ഥലം കൂടിയാണിത്. ഇങ്ങനെയൊക്കെയാണെങ്കിലും ഇവിടെയും ചില പ്രശ്നങ്ങൾ ഇല്ലാതില്ല. ജലസേചനം പോലെയും പൊളിഞ്ഞറോഡുനന്നാക്കൽ പോലുയുമുള്ള ചെറിയചിലകാര്യങ്ങൾ പോലും നടപ്പിലാകണമെങ്കിൽ ഇരട്ടി ബ്യൂറോക്രാറ്റിക് തടസ്സങ്ങളിൽക്കൂടി കടന്നുപോകേണ്ടിവരാറുണ്ട് ഇവിടെയുള്ളവർക്ക്. ലിവിയയിൽ ശരിക്കും ജലം ലഭിക്കുന്നതിനു രണ്ടുസ്രോതസ്സുകളാണ് ഉള്ളത്, രണ്ടിനും തകരാർ ഉള്ളതുമാണ്.
മൂന്നാമതൊരു മാർഗത്തിനായി ഒരു പരിഹാരമുണ്ടാക്കാൻ തയ്യാറാക്കിയ പദ്ധതി അനുവദിച്ചുകിട്ടാൻ സ്പെയിന്റെ തലസ്ഥാനത്തുനിന്നുമുള്ള അനുമതി കിട്ടാൻ 49 വർഷമാണ് അവർക്കുകാത്തിരിക്കേണ്ടിവന്നത്! ഫ്രാൻസിൽനിന്നും സ്പെയിനിൽ നിന്നും ധാരാളം ആൾക്കാർ സന്ദർശനത്തിനായി വർഷംതോറും ഇവിടെയെത്താറുണ്ട്. പതിനഞ്ചാം നൂറ്റാണ്ടിലെ ഒരു കൊട്ടാരവും യൂറോപ്പിലെ ഏറ്റവും പഴയ ഫാർമസിയും ഇവിടെയുണ്ട്. ഇന്ന് ഈ ഫാർമസി ഒരു മ്യൂസിയമാണ്.
എല്ലാ വർഷവും മെയ് മാസത്തിൽ മൂന്നുദിവസം നീണ്ടുനിൽക്കുന്ന ഒരുചടങ്ങുണ്ടിവിടെ. ലിവിയയിലെ പോലീസും ടൗൺ ഹാളും കൂടി ലിവിയയുടെ അതിരുകൾ തിരിച്ചിരിക്കുന്ന കല്ലുകൾ എല്ലാം ഭദ്രമായി അവിടെത്തന്നെയില്ലേ എന്നു പരിശോധിക്കുന്ന പരിപാടിയാണത്. എല്ലാ കല്ലിന്റെയും ഒരുവശത്ത് LL എന്നും മറുവശത്ത് അതാതിടത്തെ ഫ്രഞ്ചുകൗൺസിലിന്റെയും ഇനിഷ്യലുകൾ ഉണ്ടാവും. ലോകത്ത് പലയിടത്തും എൻക്ലേവുകൾ എന്നുവിളിക്കുന്ന ഇത്തരം പ്രദേശങ്ങൾ ഉണ്ടെങ്കിലും ലിവിയയുടെ ചരിത്രം അതിനൊരു സവിശേഷപരിവേഷം നൽകുന്നു.
# വിനയരാജ്
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.
Manager, Kerala Gramin Bank / Wikipedian