ബുദ്ധമതസംഹിതകൾ സമ്പൂർണ്ണമായി സംരക്ഷിച്ചിരിക്കുന്ന ഒരിടമുണ്ട് കൊറിയയിൽ , ത്രിപിടക കൊറിയാന (Tripitaka Koreana)

Avatar
Vinaya Raj V R | 25-05-2020 | 2 minutes Read

ബുദ്ധമതസംഹിതകൾ സമ്പൂർണ്ണമായി സംരക്ഷിച്ചിരിക്കുന്ന ഒരിടമുണ്ട് കൊറിയയിൽ. ത്രിപിടക കൊറിയാന (Tripitaka Koreana) എന്നാണ് അതിനെ വിളിക്കുന്നത്.

Tripitaka Koreana
Photo Credit : » Lauren Heckler (the Flickr ID is malpuella) at Flicker - flickr.com/photos/malpuella/2583843433/, CC BY 2.0

മരപ്പലകകളിൽ കൊത്തിവച്ചിരിക്കുകയാണ് അതിലെ അക്ഷരങ്ങൾ, അക്ഷരങ്ങൾ പ്രതലത്തിൽനിന്നും താഴോട്ടു കുഴിഞ്ഞല്ല, പ്രതലത്തിൽ നിന്നും ഉയർന്നാണ്, എന്നുവച്ചാൽ അക്ഷരങ്ങൾ നിർത്തി ബാക്കിയുള്ള മരഭാഗം കൊത്തിക്കളഞ്ഞരീതിയിൽ. മഷിതേച്ച് പേപ്പറിലേക്ക് പ്രിന്റെടുക്കാൻ സാധിക്കുന്നരീതിയിൽ തയ്യാറാക്കിയ ഇവ ആകെ 81258 എണ്ണമുണ്ട്. 24 സെന്റീമീറ്റർ വീതിയും 70 സെന്റീമീറ്റർ നീളവുമാണ് ഇവയ്ക്ക്. രണ്ടര മുതൽ 4 വരെ സെന്റീമീറ്റർ കനമുള്ള ഇവയ്ക്ക് ഓരോന്നിനും ഏതാണ്ട് മൂന്നുനാലു കിലോഗ്രാം ഭാരവുമുണ്ട്. ചേർത്തടുക്കിവച്ചാൽ 60 കിലോമീറ്റർ നീളം വരുന്ന ഇവയ്ക്ക് ആകെ ഏതാണ്ട് 280 ടൺ ഭാരമാണുള്ളത്. ആകെയുള്ള 52330152 അക്ഷരങ്ങളിൽ ഒറ്റത്തെറ്റുപോലുമില്ല. ഇത്രയും പരിപൂർണ്ണമായതിനാൽ ത്രിപിടകയുടെ ജപ്പാനീസ്, ചൈനീസ്, തായ്‌വാനീസ് പതിപ്പുകൾ എല്ലാം അടിസ്ഥാനമാക്കിയിരിക്കുന്നത് കൊറിയൻ പതിപ്പിനെയാണ്.

750 വർഷങ്ങൾക്കുമുൻപ് സൃഷ്ടിച്ച ഇവ ഇന്നും പുത്തനായി ഇരിക്കുന്നു, യാതൊരുവിധ തേയ്മാനവുമില്ലാതെ. ബുദ്ധന്റെ അനുഗ്രഹം ലഭിച്ച് സൗഭാഗ്യം എത്താനായി ഇങ്ങനെയൊരെണ്ണം ഇതിനുമുൻപും ഉണ്ടാക്കിയിട്ടുണ്ട്, 1011-1087 കാലത്ത്. 1232 -ലെ മംഗോൾ ആക്രമണത്തിൽ അവ തീവച്ച് നശിപ്പിക്കപ്പെട്ടു. ബുദ്ധന്റെ അനുഗ്രഹത്തിനായി പുതുതായി വീണ്ടും ത്രിപിടക നിർമ്മിക്കാൻ രാജാവ് ആവശ്യപ്പെട്ടു. 1237 -ൽ തുടങ്ങിയ ജോലി 12 വർഷംകൊണ്ട് പൂർത്തിയായി. സമ്പത്തിന്റെയും അധ്വാനത്തിന്റെയും ആൾബലത്തിന്റെയും ഒരു വലിയ പ്രവർത്തനമായിരുന്നു അത്. അമേരിക്ക ചന്ദ്രനിൽ ആളെ വിടാൻ എടുത്ത പരിശ്രമത്തിനോടുപോലും ഇതിനെ ഉപമിക്കാറുണ്ട്.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഇവയുണ്ടാക്കിയിരിക്കുന്ന മരപ്പലകകൾ പൂപ്പലോ പ്രാണികളുടെ ആക്രമണമോ ഒന്നും ഉണ്ടാവാതിരിക്കാൻ പ്രത്യേകമായി തയ്യാറാക്കിയതാണ്. മരക്കഷണങ്ങൾ കടൽജലത്തിൽ മൂന്നുവർഷം കുതിർത്തതിനുശേഷം മുറിച്ച് കടൽജലത്തിൽ തിളപ്പിക്കുന്നു. അടുത്തതായി തണലത്തുസൂക്ഷിക്കുന്ന അവയെ മൂന്നുവർഷത്തോളം കാറ്റുകൊള്ളിക്കുന്നു. അതിനുശേഷമേ അതിൽ അക്ഷരങ്ങൾ കൊത്തിത്തുടങ്ങുകയുള്ളൂ. പണിതീർന്നശേഷം പ്രാണികൾ ആക്രമിക്കാതിരിക്കാൻ ഒരു വിഷദ്രാവകം പുരട്ടി അറ്റങ്ങൾ ലോഹമുപയോഗിച്ച് ഫ്രെയിം ചെയ്യുന്നു. ഓരോ പലകയിലും 23 വരികളും ഓരോ വരിയിലും 14 അക്ഷരങ്ങളുമാണ് ഉള്ളത്. രണ്ടുവശവും ചേർത്ത് ഒരു പലകയിൽ ആകെ 644 അക്ഷരങ്ങൾ. ഏതാണ്ട് 30 പേരോളമാണ് ഈ അക്ഷരങ്ങൾ കൊത്താൻ ജോലിചെയ്തതെന്ന് കരുതുന്നു, അപ്പോൾപ്പോലും അവയുടെ കൃത്യതയും രീതിയും ഒരേയൊരാൾതന്നെ മുഴുവൻ കൊത്തിയതാണെന്ന് തോന്നിക്കുന്ന തരത്തിലാണ്.

2000 -ൽ ഒൻപതുവർഷത്തെ പരിശ്രമത്തിനൊടുവിൽ ഇവയെ ഇലക്ട്രോണിക് രൂപത്തിലേക്കു മാറ്റാനായി. ഒരു മുൻകരുതൽ എന്നനിലയിൽ ത്രിപിടക കൊറിയാനയിലെ അക്ഷരങ്ങളെ ചെമ്പുപാളികളിലേക്കുമാറ്റാനുള്ള പദ്ധതികളും നടന്നുവരുന്നു. മാറിമാറി വരുന്ന കാലാവസ്ഥയേയും ഈർപ്പത്തേയും ചൂടിനേയും അതിജീവിക്കാനായി വളരെ ശ്രദ്ധയോടെയാണ് ഇവ സൂക്ഷിച്ചിരിക്കുന്ന നാലു കെട്ടിടങ്ങളും നിർമ്മിച്ചിരിക്കുന്നത്. ഈർപ്പം നിറഞ്ഞ തണുത്തകാറ്റിനെ തടയാൻ പറ്റുന്നരീതിയിലുള്ള ഒരു മലയുടെ ചെരുവിൽ ആണ് കെട്ടിടങ്ങൾ പണിതിരിക്കുന്നത്. ധാരാളം സൂര്യപ്രകാശം കടന്നുവരത്തക്കരീതിയിലുള്ള ജാലകങ്ങൾ, കെട്ടിടത്തിലേക്ക് കടന്നുവരുന്ന കാറ്റ് ഉള്ളിലെല്ലായിടത്തും ഒരേതാപനില നിലനിർത്താനായി ഉണ്ടാക്കിയിരിക്കുന്ന പ്രത്യേക വെന്റിലേഷനുകൾ, മഴക്കാലത്ത് ആർദ്രത തടയാനായി ലവണവും കരിയും മണലും ഉപയോഗിച്ചുനിർമ്മിച്ച സവിശേഷമായ തറ എന്നിവയൊക്കെ നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ത്രിപിടകയെ പുത്തനായി നിലനിർത്തുന്നു.

1970 -ൽ ഇവയെ പുതിയ ഒരുസ്ഥലത്തേക്ക് മാറ്റിയപ്പോൾ ഫംഗസ് ആക്രമണമുണ്ടാവുകയും അങ്ങനെത്തന്നെ അവയുടെ പഴയ സ്ഥാനങ്ങളിലേക്ക് തിരികെയെത്തിക്കുകയും ചെയ്തു. 1962 -ൽ കൊറിയയുടെ ദേശീയനിധിയായി പ്രഖ്യാപിക്കപ്പെട്ട ത്രിപിടക കൊറിയാന ഇന്ന് യുനക്സോ ലോകപൈതൃകപ്പട്ടികയിൽ ഇടം തേടിയിരിക്കുന്നു.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Vinaya Raj V R

Manager, Kerala Gramin Bank / Wikipedian

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 02:08:13 am | 10-12-2023 CET