കോർപ്പറേറ്റുകൾ കടിക്കുമോ ? ചോക്ലേറ്റ് നിറമുള്ള ഒരു ഇരുണ്ട കഥ !

Avatar
Jagadheesh Villodi | 28-12-2020 | 3 minutes Read

കോർപ്പറേറ്റുകൾ കടിക്കുമോ? എന്ന ചോദ്യത്തിന്റെ ഉത്തരം 'കെട്ടിയിട്ടു വളർത്തണം' എന്നാണ്.

അടുത്ത തവണ ചോക്ലേറ്റ് വാങ്ങുമ്പോൾ പ്രാദേശികമായ ഉൽപ്പാദിപ്പിക്കുന്ന ചോക്ലേറ്റിന് മുൻഗണന കൊടുക്കുക . FSSAI മുദ്ര ഉണ്ട് എന്ന് ഉറപ്പുവരുത്തുക. കാംപ്കോയുടെ ചോക്ലേറ്റുകൾ ആമസോണിൽ ലഭ്യമാണ്.

ചോക്ലേറ്റ് നിറമുള്ള ഒരു ഇരുണ്ട കഥ പറഞ്ഞു തുടങ്ങാം

നാവിൽ രുചിമുകുളങ്ങളുണരുന്ന നിറങ്ങളിൽ, വെളുത്ത് തുടുത്ത കുട്ടികളുടെ പരസ്യം കണ്ട് വാങ്ങിയ ബ്രാൻഡഡ് ചോക്ലേറ്റിന്റെ വർണ്ണാഭമായ കവർ പൊളിക്കുമ്പോൾ നമ്മൾ ഓർക്കാറുണ്ടോ ഒരു പാട് കുട്ടികളുടെ കണ്ണുനീരിന്റെ ഉപ്പുരസം കൂടെയുണ്ട് ചോക്ലേറ്റിന് എന്ന്? .

754-1609154345-cadbery

21 ലക്ഷം കുട്ടികളാണ് കോക്കോ തോട്ടങ്ങളിൽ ബാലവേല ചെയ്യുന്നത്. ആഫ്രിക്കയിൽ 30 ഡോളർ നിരക്കിലാണ് കാർട്ടലുകൾ കുട്ടികളെ വൻകിട പ്ലാൻറ്റേഷനുകൾക്ക് കൈമാറിയിരുന്നത്.

100 ബില്യൺ ഡോളറിന്റെ ബിസിനസ് ആണ് ചോക്ലേറ്റ് ഇൻഡസ്ട്രി. പക്ഷേ ഒരു സാധാരണ കൊക്കോ തൊഴിലാളിയുടെ ഒരു ദിവസത്തെ വരുമാനം ഒരു ഡോളർ മാത്രമാണ്. ഇവിടെയാണ് രാജ്യങ്ങളെ ബനാന റിപ്പബ്ലിക് ആക്കിമാറ്റുന്ന കോർപ്പറേറ്റ് അരാജകത്വം കൊടി കെട്ടുന്നത്.

ചോക്ലേറ്റ് രംഗത്ത് അതികായൻമാരെ ആണ് Big Chocolates എന്നു വിളിക്കുന്നത്. Mondelez, Mars, Nestlé, The Hershey Company, എന്നിവരാണ് ബിഗ് ചോക്ലേറ്റ് എന്ന് പേരിൽ അറിയപ്പെടുന്നത്. ഈ കമ്പനികൾ ചേർന്ന് ഒരു വർഷം മൂന്ന് ദശലക്ഷം ടൺ കൊക്കോ പ്രോസസ് ചെയ്യുന്നു എന്നാണ് കണക്ക്.

ലോകത്തിലെ ഏറ്റവും വലിയ രണ്ട് കൊക്കോ ഉൽ‌പാദകരാണ് ഐവറി കോസ്റ്റും, ഘാനയും. ഇവരുടെ സംയോജിത ഉൽ‌പാദനം ലോകത്തെ വാർഷിക കൊക്കോ വിതരണത്തിന്റെ 60 ശതമാനമാണ്.

2016 ലെ GSI Report പ്രകാരം ഓഗസ്റ്റ് മുതൽ 2017 ഓഗസ്റ്റ് വരെ ഘാനയിലെ കൊക്കോ ഉൽപാദന പ്രദേശങ്ങളിൽ മാത്രം 708,000 കുട്ടികൾ കൊക്കോ കൃഷിയിൽ ബാലവേല ചെയ്യുന്നുണ്ട്.

യൂനിസെഫിൻറെ CRC (Convention on the Rights of the Child) അനുസരിച്ച് “ബാലവേല” കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസം, കുട്ടിക്കാലം, പുരോഗമനസാധ്യതകൾ, അന്തസ്സ് എന്നിവ നഷ്ടപ്പെടുത്തുകയും, അവരുടെ ആരോഗ്യം അല്ലെങ്കിൽ അവരുടെ ശാരീരികവും മാനസികവുമായ വികാസം ദുർബലപ്പെടുത്തുകയും ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളെയും ഉൾക്കൊള്ളുന്നു. ഓരോ പുരോഗമന സമൂഹത്തിൻറെയും രാജ്യത്തിൻറെയും ഉത്തരവാദിത്വമാണ് കുട്ടികളുടെ സുരക്ഷ.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

20 വർഷങ്ങൾക്കു മുമ്പ് പലതരത്തിലുള്ള അന്താരാഷ്ട്ര സമ്മർദ്ദങ്ങൾക്ക് വഴങ്ങി കൊക്കോ ഫാമുകളിലെ ബാലവേല അവസാനിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്ത കോർപ്പറേറ്റുകൾക്ക് ഇതുവരെ അതിന് കഴിഞ്ഞിട്ടില്ല.

രാജ്യങ്ങളെക്കാൾ സാമ്പത്തികശേഷിയുള്ള വൻകിട കോർപ്പറേറ്റുകൾ ലാഭം മാത്രം ലക്ഷ്യമാക്കി കൃഷി നടത്തുമ്പോൾ രാജ്യം ബനാന റിപ്പബ്ലിക് ആയി മാറാൻ സാധ്യതകളേറെയാണ്. കർഷകർക്കും കോർപ്പറേറ്റുകൾക്കും നേട്ടം ഉണ്ടാവാൻ ഭരണകൂടം വേണ്ട രീതിയിൽ ഇടപെടലുകൾ നടത്തിയേ മതിയാവൂ. പുതിയ കാർഷിക ബില്ലിൽ കർഷകർ ആവശ്യപ്പെടുന്നത് കോർപ്പറേറ്റുകളെ കടിഞ്ഞാണിടുന്ന നിയമങ്ങളാണ് .

1970കളിൽ ലോക ബാങ്ക് ആണ് കേരളത്തിൽ കൊക്കോ കൃഷി എന്ന ആശയം അവതരിപ്പിക്കുന്നത് . ആശയത്തിനു പുറകിൽ മൊണ്ടെലസിൻറെ അദൃശ്യകരങ്ങൾ ഉണ്ടായിരുന്നു എന്നത് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. കാഡ്ബറീസിന്റെ ലേബലിൽ ആയിരുന്നു കരാർ. 26 ബില്യൺ ഡോളർ വാർഷിക വിറ്റുവരവുള്ള 160 രാജ്യങ്ങളിൽ വേരുകളുള്ള Mondelēz എന്ന ഭീമൻ അമേരിക്കൻ കമ്പനിയുടെ ഒരു ബ്രാൻഡ് മാത്രമാണ് കാഡ്ബറീസ്.

അങ്ങനെ കർഷകർ നാടൊട്ടുക്ക് കൊക്കോ വച്ചുപിടിപ്പിച്ചു. ആഗോളതലത്തിൽ കൊക്കോയ്ക്ക് മാർക്കറ്റ് ഇടിഞ്ഞതോടെ കാഡ്ബറിസ് കർഷകനുമായുള്ള കരാർ ലംഘനം നടത്തി. കൊക്കോസംഭരണം ഭാഗികമായി അവസാനിപ്പിച്ചു. കേരളത്തിൽനിന്നു ലഭിക്കുന്ന പരിപ്പിന് അമ്ലരസം കൂടുതലാണെന്നതുൾപ്പെടെ ചില മുടന്തൻ ന്യായങ്ങൾ ആണ് അന്ന് കമ്പനി പറഞ്ഞത്. തുടർന്ന് വയനാട്ടിൽ ഉൾപ്പെടെ ഒരുപാട് കർഷകർ കൊക്കോ വെട്ടി റബ്ബർ നട്ടു. ഞങ്ങളുടെ നാട്ടിൽ കൊക്കോത്തൊണ്ട് കൃഷിക്കാർ കന്നുകാലികൾക്ക് തീറ്റയായി കൊടുത്തു. പൊതുമേഖലാ സ്ഥാപനമായ കാംപ്കോ ആണ് പിന്നീട് കൊക്കോ കൃഷിക്കാരുടെ രക്ഷകനായി എത്തിയത്.

കേരളത്തിന് കാർഷിക സർവകലാശാലയുടെ ഒരു കൊക്കോ ഗവേഷണ കേന്ദ്രം വരെയുണ്ട്. 2018ൽ കേരള കാര്‍ഷിക സർവകലാശാലയുമായി മോണ്‍ഡെലസ് (Mondelēz R & D Ltd.) പുതിയ കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. ഈ കരാർ പ്രകാരം രാജ്യത്തെ കൊക്കോക്കൃഷി വികസനത്തിന് സാമ്പത്തിക സഹായം മോണ്‍ഡെലസ് നൽകാമെന്ന് ഏറ്റിട്ടുണ്ട്. ഗവേഷണ സഹായം, ലാബ് സൗകര്യങ്ങള്‍ വികസിപ്പിക്കല്‍ എന്നിവയും ലഭ്യമാക്കും. അടിസ്ഥാന സൗകര്യങ്ങളും മാനവശേഷി പിന്തുണയും കാര്‍ഷിക സര്‍വ്വകലാശാലയാണ് നല്‍കുക. ഇന്ത്യയുടെ മൊത്തം ഉല്പാദനം ആയ 18000 മെട്രിക് ടണ്‍ കൊക്കോ കുരുവില്‍ മൂന്നിലൊന്ന് കേരളത്തില്‍ നിന്നാണ് ഉൽപ്പാദിപ്പിക്കപ്പെടുന്നത്.

ഇന്ത്യാ ഗവൺമെന്റിന്റെ NCRB സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഓരോ വർഷവും 10,000 ത്തിലധികം ആത്മഹത്യകൾ കാർഷിക മേഖലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഒരു ദിവസം 25 ൽ പരം പേർ കൃഷിയുടെ പേരിൽ ജീവനൊടുക്കുന്ന നാട്ടിൽ പുതിയ കാർഷിക ബിൽ ഉണ്ടാക്കാൻ പോകുന്ന മാറ്റങ്ങൾ വളരെ വലുതായിരിക്കും.

ഇതിന് മുൻപ് പെപ്സികോ ഇന്ത്യയിൽ നടത്തിയ നിശബ്ദ കാർഷിക കരാർ വിപ്ലവത്തെ കുറിച്ച് വിശദമായി എഴുതിയിരുന്നു. പുതിയ കാർഷിക നിയമം നാടിന് അനിവാര്യമാണ്. പക്ഷേ ഇപ്പോഴത്തെ ബില്ലിൽ ഒരുപാട് പോരായ്മകൾ ഉണ്ട്. സൂചിക്കുഴയിലൂടെ ഒട്ടകത്തെ കയറ്റാൻ മിടുക്കരാണ് കോർപ്പറേറ്റുകൾ.

കരുതൽ വേണ്ടത് നിയമത്തിലാണ്. ഉദാഹരണത്തിന് കുടുംബശ്രീ പോലുള്ള സംഘങ്ങളെ വിശ്വാസിത്തില്ലെടുത്തു കൊണ്ട് ആധുനിക സംവിധാനങ്ങൾ ലഭ്യമാക്കി കൃഷിയിൽ റൂറൽ ഡെവലപ്മെൻറ് നടപ്പാക്കിയാൽ മാത്രമേ ഗാന്ധിജി സ്വപ്നം കണ്ട ഗ്രാമസ്വരാജ് എന്ന സ്വപ്നത്തിലേക്ക് എത്തിച്ചേരാൻ കഴിയു. Agro Entrepreneurs ഗ്രാമങ്ങളിൽനിന്ന് ഉയർന്നുവരേണ്ടതുണ്ട്. ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ആത്മാവ്.

അടുത്ത തവണ ചോക്ലേറ്റ് വാങ്ങുമ്പോൾ പ്രാദേശികമായ ഉൽപ്പാദിപ്പിക്കുന്ന ചോക്ലേറ്റിന് മുൻഗണന കൊടുക്കുക . FSSAI മുദ്ര ഉണ്ട് എന്ന് ഉറപ്പുവരുത്തുക. കാംപ്കോയുടെ ചോക്ലേറ്റുകൾ ആമസോണിൽ ലഭ്യമാണ്.ബ്രാൻഡഡ് ചോക്കലേറ്റുകളിൽ PGPR എന്നെഴുതിയത് ശ്രദ്ധിച്ചിട്ടുണ്ടോ? ഇത് കൊക്കോ ബട്ടറിന് ഇന്ന് പകരം ഉപയോഗിക്കുന്ന കൃത്രിമ Castor oil-derived stabiliser Polyglycerol Polyricinoleate (E476) എന്ന ബൈൻഡിംഗ് ഏജൻറ് ആണ് . PGPRനെ എഫ്‌ഡി‌എ “പൊതുവായി സുരക്ഷിതം” എന്നാണ് കണക്കാക്കുന്നത്. കൂടാതെ സാധാരണ ചോക്ലേറ്റിൽ 50% പഞ്ചസാര ഉണ്ട്. മൈസൂർ പാക്കിൽ 36% മാത്രമേയുള്ളൂ. ചോക്ലേറ്റ് വാങ്ങുമ്പോൾ എത്ര ശതമാനം കൊക്കോ ഉണ്ട് എന്നുകൂടെ നോക്കി വാങ്ങുക.

കോർപ്പറേറ്റുകൾ കടിക്കുമോ? എന്ന ചോദ്യത്തിന്റെ ഉത്തരം 'കെട്ടിയിട്ടു വളർത്തണം' എന്നാണ്.

ജഗദീഷ് വില്ലോടി.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Jagadheesh Villodi

A digital artist and visualiser by profession. » Website / » Facebook

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 11:14:58 am | 03-12-2023 CET