കോവിഡിന് ശേഷമുള്ള അപകടാവസ്ഥയെപ്പറ്റി ഡോക്ടറുടെ അനുഭവകുറിപ്പ് !

Avatar
Manoj Vellanad | 04-03-2021 | 3 minutes Read

ആരെയും പേടിപ്പിക്കാനല്ലാ, പക്ഷെ തീരെ നിസാരമായി ഇതിനെ കാണരുതെന്ന് പറയാൻ വേണ്ടി. മരിച്ചൊന്നും പോവില്ലായിരിക്കും, എന്നാലും നമ്മുടെ ലൈഫിലെ ഏറ്റവും പ്രൊഡക്റ്റീവായ കുറേ ദിവസങ്ങളെ മായ്ച്ചു കളയാൻ, ആരോഗ്യത്തെ ക്ഷയിപ്പിക്കാൻ ഈ ഇത്തിരിക്കുഞ്ഞൻ വൈറസിനാവും. അതുകൊണ്ട് എല്ലാ പ്രായത്തിലുള്ളവരും എത്ര ആരോഗ്യമുള്ളവരും കൊവിഡ് പിടിപെടാതിരിക്കാനുള്ള ജാഗ്രത തുടരുക തന്നെ വേണം.

കൊവിഡ് പിടിപെട്ട സമയത്തെ അനുഭവമെഴുതാൻ പലരും ആവശ്യപ്പെട്ടെങ്കിലും എഴുതണ്ടാ എന്നു തന്നെയായിരുന്നു വിചാരിച്ചിരുന്നത്. എന്നാലിപ്പോൾ അതെഴുതുന്നത് തന്നെയാണ് നല്ലതെന്ന് കരുതുന്നു. വായിക്കുന്ന ഒരാൾക്കെങ്കിലും ഗുണകരമായാലോ എന്ന് കരുതി എഴുതുവാണ്. കാരണം, കൊവിഡിനെ നമ്മളിന്നൊരുവിധം മനസിലാക്കിയിട്ടുണ്ടെങ്കിലും, ചിലപ്പോഴെങ്കിലും അത് നമ്മുടെ അറിവിനെയും പ്രതീക്ഷകളെയൊക്കെ തകിടം മറിക്കും വിധം പെരുമാറിയേക്കും. അങ്ങനൊരനുഭവത്തെ പറ്റിയാണ് പറയുന്നത്.

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കൊവിഡിനെ സംബന്ധിച്ച് ചെറുതും വലുതുമായ നൂറോളം കുറിപ്പുകൾ ഫേസ്ബുക്കിലും പുറത്തുമായി എഴുതിയിട്ടുണ്ടെന്നാണ് തോന്നുന്നത്. ആ കുറിപ്പുകളിലെല്ലാമുണ്ടായിരുന്ന ജാഗ്രത ജീവിതത്തിലും കാണിച്ചിട്ടുണ്ട്. എനിക്കു പിടിപെടുമെന്ന പേടിയേക്കാൾ, വൾനറബിൾ ആയിട്ടുള്ള മറ്റാർക്കെങ്കിലും ഞാൻ വഴി രോഗം കൊടുക്കരുതെന്ന ജാഗ്രതയായിരുന്നു അതിൽ പ്രധാനമായും ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെയാണ് നിരന്തരം ടെസ്റ്റുകൾക്ക് വിധേയനായതും.

പക്ഷെ, നമ്മുടെ തന്നെ ഒരു രോഗിയിൽ നിന്നും കൊവിഡ് ഒടുവിൽ എന്നെയും പിടികൂടുക തന്നെ ചെയ്തു. തുടർന്ന് പ്രോട്ടോക്കോൾ പ്രകാരം 10 ദിവസം ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. ആദ്യ ദിവസങ്ങളിൽ കഠിനമായ നടുവേദനയായിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്. 3-4 ദിവസം കൊണ്ടതങ്ങ് മാറി. രക്തത്തിൽ ചില ഇൻഫ്ലമേറ്ററി മാർക്കേഴ്സും D-dimer-ഉം (രക്തം കട്ടപിടിക്കാനുള്ള ടെൻഡെൻസി) ചെറിയ രീതിയിൽ കൂടി നിന്നിരുന്നതിനാൽ സ്റ്റീറോയിഡ് ഇഞ്ചക്ഷനും രക്തമലിയിക്കുന്ന മരുന്നുമൊക്കെ ആദ്യമേ തുടങ്ങിയിരുന്നു. അതുകൊണ്ടു തന്നെ ഇടയ്ക്ക് ഒന്നുരണ്ടു ദിവസം ഹൃദയമിടിപ്പ് കുറച്ചൊന്ന് കൂടുകയും നെഞ്ചിടിപ്പ് സ്വയമറിയുന്ന പാൽപ്പിറ്റേഷൻ എന്ന അവസ്ഥ ഉണ്ടാവുകയും ചെയ്തെങ്കിലും അധികം ബുദ്ധിമുട്ടൊന്നും ഉണ്ടാക്കാതെ അവയും അങ്ങൊതുങ്ങി.

ഡിസ്ചാർജായി വീട്ടിലെത്തിയ ശേഷവും ചെറിയ രീതിയിൽ ലൂസ് മോഷനും വല്ലപ്പോഴും നെഞ്ചിടിപ്പിലുണ്ടാവുന്ന വ്യതിയാനങ്ങളും ഒഴികെ കാര്യമായ പ്രശ്നമൊന്നുമില്ല. പിന്നെ ക്ഷീണവും വിശപ്പില്ലായ്മയും മാറാൻ സമയമെടുക്കുമല്ലോ.
അങ്ങനെ പ്രോട്ടോക്കോൾ പ്രകാരമുള്ള വിശ്രമമൊക്കെ കഴിഞ്ഞ്, ചെറിയ ബുദ്ധിമുട്ടുകളുണ്ടെങ്കിലും അതെന്നെ കാര്യമായി ബാധിക്കില്ലായെന്ന ആത്മവിശ്വാസത്തോടെ (ഈ വൈറൽ ഫീവറുകളെ നമ്മളെത്ര കണ്ടിരിക്കുന്നു!) ഞാൻ വീണ്ടും ഡ്യൂട്ടിയ്ക്ക് ജോയിൻ ചെയ്തു.

അങ്ങനെ പോകെ, ആ ദിവസം വൈകുന്നേരം നാലുമണിയോടെ, മറ്റൊരു വാർഡിൽ ഒരു രോഗിയെ പരിശോധിക്കുന്നതിനിടയിൽ വീണ്ടും ഞാനെൻ്റെ ഹൃദയമിടിപ്പ് സ്വയമറിയാൻ തുടങ്ങി. മുമ്പത്തെപ്പോലെ അൽപ്പനേരം കഴിയുമ്പോൾ സ്വയമതങ്ങ് മാറുമെന്ന് ഞാനും കരുതി.

പക്ഷെ സമയം കഴിയുന്തോറും അതിൻ്റെ തീവ്രതയും വേഗതയും കൂടിക്കൂടി വന്നു. നെഞ്ചിനകത്ത് പെരുമ്പറ കൊട്ടുന്നുവെന്ന് കഥയിലൊക്കെ എഴുതിവച്ചത് അക്ഷരാർത്ഥത്തിൽ ഫീൽ ചെയ്യാവുന്ന അവസ്ഥ. കാര്യമായി വിയർക്കാനും തുടങ്ങി. ഞാനെൻ്റെ പൾസ് റേറ്റ് നോക്കി, എനിക്കെണ്ണാൻ പറ്റാത്തത്രയും വേഗതയുണ്ട്! ഞാൻ വേഗം ലിഫ്റ്റിൽ കയറി, ഡിപ്പാർട്ട്മെൻ്റിൽ നമ്മുടെ റൂമിലേക്ക് പോയി കൂടെയുള്ള ഡോക്ടർമാരെ വിവരമറിയിച്ചു.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

സിവിയർ പാൽപ്പിറ്റേഷൻ. ഹൃദയമിടിപ്പ് മിനിറ്റിൽ 150-ന് മുകളിൽ. പക്ഷെ ശ്വാസം മുട്ടലോ നെഞ്ചു വേദനയോ ഓക്സിജൻ ലെവൽ കുറയലോ ഒന്നുമില്ല. എന്നാലും, പിന്നെയുള്ള കുറച്ചു മണിക്കൂറുകൾ സംഭവബഹുല (ബഹള)മായിരുന്നു. നേരെ കാഷ്വാലിറ്റിയിലേക്ക്. കാർഡിയോളജിയിൽ നിന്നും പല ഡോക്ടർമാർ വരുന്നു, രണ്ടുവട്ടം HR കുറയാനുള്ള ഇഞ്ചക്ഷനെടുക്കുന്നു, നോ രക്ഷാ, എന്നിട്ടും HR 140-ന് മുകളിൽ തന്നെ.

പിന്നവിടുന്ന് നേരെ ഹൃദയത്തിൻ്റെ എക്കോ ടെസ്റ്റ് നടത്തുന്ന മുറിയിലേക്ക്.. അതിലും അസ്വാഭാവികമായി ഒന്നുമില്ല. അവിടുന്ന് പിന്നെ കാർഡിയോളജി ICU- വിലേക്ക്. 3-4 മണിക്കൂറുകൾ ഇതിനകം കഴിഞ്ഞെങ്കിലും ഹൃദയമപ്പോഴും അതിവേഗത്തിൽ, പടപടാന്ന് മിടിച്ചുകൊണ്ടിരുന്നു. മരിച്ചുപോകുമെന്ന പേടിയില്ലാത്തത് കൊണ്ടായിരിക്കാം, ബുദ്ധിമുട്ടുണ്ടെങ്കിലും ഞാനീ സമയത്തൊക്കെ കൂളായിരുന്നു.

ഒപ്പം മെഡിക്കൽ കോളേജിലെ ഡോക്ടറെന്ന പ്രിവിലേജുകളെല്ലാം എനിക്കവിടെ കിട്ടുന്നുണ്ടായിരുന്നു. എൻ്റെ സ്വന്തം ഡിപ്പാർട്ട്മെൻ്റിൻ്റെ ഹെഡ് അനിൽ സാറുൾപ്പെടെ കൊളീഗ്സ് മിക്കവരും ഫുൾ സപ്പോർട്ടോടെ അവിടുണ്ടായിരുന്നു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ സാറാ മാഡം നേരിട്ടു വന്നു. ഒരമ്മയുടെ വാത്സല്യത്തോടെ കുറേനേരം കൂടെ നിൽക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. കാർഡിയോളജി HOD സുനിത മാഡം രാത്രി പതിനൊന്നരയ്ക്കും കാണാൻ വന്നു. വേറെയും ധാരാളം പേർ ഫോണിലൂടെയും അല്ലാതെയും നിർദ്ദേശങ്ങൾ കൊടുക്കുകയും വിവരങ്ങൾ തിരക്കുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു. ഇവർ ഓരോരുത്തരോടും പടാപടാ മിടിച്ചിരുന്ന ആ ഹൃദയം നിറയെ സ്നേഹം അറിയിക്കുന്നു.. താങ്ക്യൂ ആൾ.. ????

അങ്ങനെ, രണ്ടുദിവസത്തെ ICU വാസത്തിനും പിന്നത്തെ രണ്ടുദിവസം മുറിയിലെ ചികിത്സയ്ക്കും ശേഷം ഇപ്പോൾ വീട്ടിൽ ബെഡ് റെസ്റ്റിലാണ്. മരുന്നുണ്ടെങ്കിലും ഹൃദയമിപ്പോൾ മര്യാദാരാമനായി തന്നെ പ്രവർത്തിക്കുന്നുണ്ട്.
ഇത്രയുമിപ്പോൾ വിശദമായി എഴുതാൻ കാരണം, താൻ നല്ല ആരോഗ്യവാനാണ്, ഈ പൊല്ലാപ്പിലെ രോഗമൊന്ന് വന്നു പോയെങ്കിൽ മതിയായിരുന്നു എന്നൊക്കെ വിചാരിക്കുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള ഒരുപാട് സുഹൃത്തുക്കൾ എനിക്കുണ്ട്. അവർക്ക് വേണ്ടിയാണ്. 100-ൽ 90 പേരും ഈസിയായി രക്ഷപ്പെടുമായിരിക്കും. പക്ഷെ, ബാക്കി 10 പേർ ആരെന്ന് പ്രവചിക്കാൻ നമുക്കാവില്ലല്ലോ.

എൻ്റെ ആരോഗ്യത്തെ പറ്റി എനിക്ക് നല്ലൊരു ധാരണയുണ്ടായിരുന്നു. Treadmill-ൽ 45 മിനിട്ടിൽ 8-9 km ഓടിയപ്പോഴൊന്നും തളർന്നിട്ടില്ല. ഡിസംബർ വരെ അതുണ്ടായിരുന്നു. ലോക്ക്ഡൗൺ സമയത്ത് സിറ്റിയിലൂടെ കണ്ടിന്വസ് രണ്ടര മൂന്ന് മണിക്കൂർ വരെ ഹൈസ്പീഡിൽ നടക്കുമായിരുന്നു. എന്നുവച്ചാലെൻ്റെ ഹൃദയമത്ര വീക്കൊന്നുമല്ലായിരുന്നുവെന്ന്. ഹൈപ്പർതൈറോയിഡിസം പോലെ HR കൂട്ടുന്ന മറ്റവസ്ഥകൾ ഒന്നും തന്നെയില്ല. അതുകൊണ്ട്, ടെസ്റ്റുകൾ വഴി കൊവിഡിൻ്റേതാണെന്ന് തെളിയിക്കാൻ സാധിച്ചാലും ഇല്ലെങ്കിലും ഇപ്പോഴുണ്ടായത്, 'Post Covid' പ്രശ്നം തന്നെയാവണം.

ആരെയും പേടിപ്പിക്കാനല്ലാ, പക്ഷെ തീരെ നിസാരമായി ഇതിനെ കാണരുതെന്ന് പറയാൻ വേണ്ടി. മരിച്ചൊന്നും പോവില്ലായിരിക്കും, എന്നാലും നമ്മുടെ ലൈഫിലെ ഏറ്റവും പ്രൊഡക്റ്റീവായ കുറേ ദിവസങ്ങളെ മായ്ച്ചു കളയാൻ, ആരോഗ്യത്തെ ക്ഷയിപ്പിക്കാൻ ഈ ഇത്തിരിക്കുഞ്ഞൻ വൈറസിനാവും. അതുകൊണ്ട് എല്ലാ പ്രായത്തിലുള്ളവരും എത്ര ആരോഗ്യമുള്ളവരും കൊവിഡ് പിടിപെടാതിരിക്കാനുള്ള ജാഗ്രത തുടരുക തന്നെ വേണം. വന്ന് പൊയ്ക്കോട്ടേ എന്ന് വിചാരിച്ച് നിസാരമാക്കരുത്..

മനോജ് വെള്ളനാട്


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 0 | Saved : 08:22:07 pm | 02-12-2023 CET