ബ്ലഡ് പ്രഷർ ഒക്കെ കൂടി വരുന്നത് കൊണ്ട് ഉപ്പിലിട്ടതോന്നും അധികം കഴിക്കരുതെന്നാണ് ശാസ്ത്രം. എന്നാലും ഉപ്പിലിട്ട നെല്ലിക്ക കണ്ടാൽ എനിക്കിപ്പോഴും രണ്ടെണ്ണം കഴിക്കാതെ പോകാൻ പറ്റില്ല.
അതുകൊണ്ട് തന്നെ കോഴിക്കോട് ബീച്ചിൽ ഉപ്പിലിട്ട ഭക്ഷ്യ വസ്തുക്കൾ നിരോധിച്ചതിനെ പറ്റി രണ്ടു വാക്ക് പറയാതെ പറ്റില്ല.
ഒരു അപകടം ഉണ്ടായാൽ ഉടൻ കാര്യങ്ങൾ നിരോധിച്ചു ഉത്തരവാദിത്വപ്പെട്ടവർ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറുന്ന രീതികളെപ്പറ്റി പറ്റി ഞാൻ മുൻപ് പലയിടിയത്തും പറഞ്ഞിട്ടുണ്ട്. ഷവർമ്മ മുതൽ മലകയറുന്നത് വരെ ഇത്തരത്തിൽ നിരോധനത്തിന്റെ പരിധിയിൽ വന്നിട്ടുണ്ട്.
നമ്മുടെ കയ്യിൽ ഒരു ചുറ്റികയാണ് ഉള്ളതെങ്കിൽ ലോകത്തെ എല്ലാ പ്രശ്നങ്ങളും ആണിയായി തോന്നും എന്ന് ഇംഗ്ളീഷിൽ ഒരു പഴമൊഴിയുണ്ട് (If the only tool you have is a hammer, you tend to see every problem as a nail). നിരോധനത്തിന്റെ ചുറ്റികയുമായി അങ്ങനെ ചുറ്റി നടക്കുന്നത് ശരിയല്ല.
എന്നാൽ കേരളത്തിൽ ഭക്ഷ്യവസ്തുക്കളുടെയും രാസവസ്തുക്കളുടെയും സുരക്ഷയുടെ കാര്യത്തിൽ ഇപ്പോൾ വേണ്ടത്ര നിയന്ത്രണങ്ങൾ ഇല്ല എന്നത് ഒരു വസ്തുതയാണ്. (കോഴിക്കോടെ സംഭവം ഭക്ഷണ വസ്തുവിൽ നിന്നും നേരിട്ടുണ്ടായതല്ല, അടുത്തിരുന്ന കുപ്പിയിലെ ദ്രാവകം വെള്ളം എന്നോർത്ത് കുടിച്ചതിൽ നിന്നും ഉണ്ടായതെന്നാണ് വായിച്ചത്. എന്തുകൊണ്ടാണ് അടുത്തിരുന്ന കുപ്പിയിൽ അപായകരമായ ദ്രാവകം ഉണ്ടായതെന്നും, അത് നിയമവിധേയമായ ഒന്നാണെങ്കിൽ പോലും കുട്ടികൾക്ക് ഉപയോഗിക്കാൻ പാകത്തിന് അശ്രദ്ധയോടെ വച്ചിരുന്നു എന്നതും പ്രശ്നങ്ങൾ ആണ്).
ഇത് നെല്ലിക്കയുടെ മാത്രം കഥയല്ല. ഭക്ഷ്യവസ്തുക്കളിൽ മായമോ രാസവസ്തുക്കളോ ചേർക്കുന്നത് കേരളത്തിൽ ഒരു പുതുമയുള്ള കാര്യമല്ല. മീനിൽ ഫോർമാൽഡിഹൈഡ്, വാറ്റിൽ തേരട്ട, പാലിൽ മണ്ണിര, അരിയിൽ കല്ലും ചായവും, ഗ്രീൻ പീസിൽ പച്ച നിറം എന്നിങ്ങനെ ഓർഗാനിക്കും അല്ലാത്തതുമായ ഏറെ രാസ വസ്തുക്കളെ പറ്റി പറഞ്ഞു കേട്ടിട്ടുണ്ട്.
ഭക്ഷ്യ വസ്തുക്കളിലെ മായം ചേർക്കൽ ഒക്കെ പരിശോധിക്കുന്ന കേരള സർക്കാരിന്റെ ഒരു സ്ഥാപനം കാക്കനാട്ടിൽ ഉണ്ട്. എൻ്റെ ഒരു ബന്ധു അവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞിട്ടുള്ള ഒരു കാര്യം ഞാൻ ഇപ്പോളും ഓർക്കുന്നുണ്ട്.
"അരിയിൽ കല്ലും പാലിൽ വെള്ളവും ഒക്കെ ചേർത്ത് ലാഭം ഉണ്ടാക്കാൻ ശ്രമിക്കുന്നവർ ഉണ്ട്. അതൊക്കെ തെറ്റുമാണ്, പക്ഷെ അതൊന്നും മനുഷ്യന്റെ ആരോഗ്യത്തെ മൊത്തമായി നശിപ്പിക്കില്ല. പക്ഷെ നിസാര ലാഭത്തിന് വേണ്ടി വളരെ വിഷകരമായ രാസവസ്തുക്കൾ ഭക്ഷണ വസ്തുക്കളിൽ ചേർക്കുന്ന ഒരു രീതി ചിലപ്പോൾ ഞങ്ങൾ കാണാറുണ്ട്. പലപ്പോഴും എന്താണ് അവർ ചേർക്കുന്ന വസ്തു എന്ന് ഈ മായം ചേർക്കുന്നവർക്ക് പോലും അറിയില്ല. ഗ്രീൻ പീസ് നന്നായി പച്ച നിറത്തിൽ കാണാനും ദോശമാവ് പൊങ്ങി നീക്കാനും ഒക്കെ ഈ വസ്തുക്കൾ ഉപകരിക്കും എന്നല്ലാതെ അത് മനുഷ്യന് എന്ത് ഉപദ്രവം ആണ് ഉണ്ടാക്കുന്നത് എന്നൊരു അറിവ് ഈ മായം ചേർക്കുന്നവർക്ക് ഇല്ല. ഇത്തരം പ്രവർത്തികളിലൂടെ അവർ ലഭിക്കുന്നത് നിസാരമായ തുകയായിരിക്കും പക്ഷെ മനുഷ്യന് ഉണ്ടാക്കുന്ന നഷ്ടം മാറാരോഗങ്ങൾ വരെ ആകും".
ഇത് തീർച്ചയായും നിയന്ത്രിക്കപ്പെടേണ്ടതാണ്. മാത്രമല്ല ഈ വിഷയത്തെ പറ്റി ആളുകൾക്ക് കൂടുതൽ അറിവുണ്ടാവുകയും വേണം.
എൻ്റെ ചെറുപ്പകാലത്ത് വലിയ ചായക്കടകളിൽ ചായ ഉണ്ടാക്കി കഴിഞ്ഞു ചായപ്പൂഞ്ചിയിൽ നിന്നും മാറ്റിയിടുന്ന ചായപ്പൊടി വന്നു വാങ്ങിപ്പോകുന്ന ആളുകൾ ഉണ്ടായിരുന്നു. അതെന്താണ് അവർ ചെയ്യുന്നതെന്ന് ആരും അന്വേഷിക്കാറില്ല. ചിലപ്പോൾ അത് ഉണക്കി എന്തെങ്കിലും രാസ വസ്തുക്കൾ ചേർത്ത് കളർ ഉണ്ടാക്കി വീണ്ടും ചായയാക്കി നമ്മുടെ വീട്ടിൽ തന്നെ എത്തും. അതിൽ ചേർക്കുന്നത് എന്ത് നിറമാണ്? അത് മനുഷ്യനെ എങ്ങനെ ബാധിക്കും? ഇതൊന്നും ആരും ശ്രദ്ധിക്കാറില്ല.
ഒരു ഉദാഹരണം പറയാം. വറുത്തതും പൊരിച്ചതുമായ വസ്തുക്കളുടെ ഉപയോഗം നാട്ടിൽ കൂടി വരികയാണ്. അതുണ്ടാക്കുന്നതും വിൽക്കുന്നതുമായ സ്ഥാപനങ്ങൾ എവിടെയും കാണാം. നാട്ടിലെ എരിക്കലും പൊരിക്കലും നടത്തുന്ന എണ്ണ ഒറ്റ തവണയിൽ കൂടുതൽ ഉപയോഗിച്ചാൽ അത് കാൻസർ പോലും ഉണ്ടാക്കും എന്നതാണ് ശാസ്ത്രം. വികസിത രാജ്യങ്ങളിൽ ഒക്കെ ഇത് നിയന്ത്രിക്കാൻ നിയമം ഉണ്ട്, ഉപയോഗിച്ച എണ്ണ സംഭരിച്ചു നശിപ്പിച്ചു കളയാൻ സംവിധാനങ്ങളും ഉണ്ട്. പക്ഷെ ഇത്തവണ നാട്ടിൽ ചെന്നപ്പോൾ എന്നോട് ഒരു സുഹൃത്ത് പറഞ്ഞു നാട്ടിൽ വലിയ ഹോട്ടലുകളിൽ നിന്നും ഇങ്ങനെ ഒരിക്കൽ ഉപയോഗിച്ച എണ്ണ സംഭരിച്ചു ചെറുകിട ഹോട്ടലുകൾക്കും സ്ഥാപനങ്ങൾക്കും വിൽക്കുന്ന ഒരു സംവിധാനം ഇപ്പോൾ നിലവിൽ ഉണ്ട് എന്ന്. സ്വാഭാവികമായും ഇതിന് വിലക്കുറവായിരിക്കും. ഒരു പക്ഷെ വലിയ ഹോട്ടലുകളിൽ നിന്നും അത് ഒഴിവാക്കുന്നതിന് പണം പോലും കിട്ടുന്നുണ്ടാകും. കുറച്ചു പണ ലാഭത്തിന് വേണ്ടി ഇങ്ങനെ എണ്ണ പുനർ ഉപയോഗത്തിന് വാങ്ങുമ്പോൾ ഉണ്ടാക്കുന്ന അപകടം ഇത്തരത്തിൽ വാങ്ങുന്നവർക്ക് അറിവുണ്ടാവില്ല. പക്ഷെ ഇങ്ങനെ ഉള്ള എണ്ണയിൽ ഉണ്ടാക്കുന്ന ചിക്കനും ചിപ്സും ഒക്കെ കഴിക്കുന്നവർ രോഗം വിലക്ക് വാങ്ങുകയാണ്. ഇതൊക്കെ ആരെങ്കിലും അറിയുന്നോ അന്വേഷിക്കുന്നോ ഉണ്ടോ ?, ഒരു സ്ഥാപനത്തിൽ ഉപയോഗിക്കുന്ന എണ്ണ പുതിയതാണ് എന്ന് കണ്ടുപിടിക്കാനുള്ള സംവിധാനം നമ്മുടെ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ കയ്യിലോ ലബോറട്ടറിയിലോ ഉണ്ടോ ?, (ഇത് സാങ്കേതികമായി അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്).
ഞാൻ പറഞ്ഞു വരുന്നത് സംഭവം ഉണ്ടായാൽ ഉടൻ അത് നിരോധിക്കുന്ന രീതി ശരിയല്ല. പക്ഷെ ആളുകളുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ, പ്രത്യേകിച്ചും ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട കാര്യത്തിൽ ഇപ്പോൾ നാട്ടിൽ വേണ്ടത്ര നിയന്ത്രണങ്ങൾ ഇല്ല. ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത വേണം. ഏറ്റവും വേണ്ടത് ഭക്ഷ്യവസ്തുക്കൾ ഉണ്ടാക്കുകയും വിൽക്കുകയും ചെയ്യുന്നവരിൽ തന്നെയാണ്. ഒരു കാരണവശാലും അറിഞ്ഞോ അറിയാതെയോ ഭക്ഷ്യവസ്തുക്കളിൽ ഒരു തരത്തിലുള്ള മായമോ "രഹസ്യ കൂട്ടോ" ചേർക്കരുത്. എന്താണ് എന്നറിയാതെ ഒരു രാസ വസ്തുവും ഭക്ഷണ വസ്തുക്കളിൽ ചേർക്കരുത്, ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുകയോ വിൽക്കുകയോ ചെയ്യരുത്.
ഇക്കാര്യത്തിൽ ഒക്കെ സർക്കാർ സംവിധാനങ്ങളും ഏറെ ജാഗ്രത പാലിക്കണം. കൂടുതൽ പരിശോധനയും, ഈ വിഷയത്തെ പറ്റിയുള്ള അറിവും, രാസ പരിശോധനയ്ക്കുള്ള സംവിധാനങ്ങളും ഒക്കെ ആവശ്യമാണ്.
ഉപയോഗിക്കുന്നവരും ശ്രദ്ധിക്കണം. കാരണം കുഴപ്പം സർക്കാരിന്റെ ആണെങ്കിലും കച്ചവടക്കാരുടെ ആണെങ്കിലും ബാധിക്കുന്നത് നമ്മുടെ ആരോഗ്യമാണ്.
ജാഗ്രത
മുരളി തുമ്മാരുകുടി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.
ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ (UNEP) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനാണ് ഡോ. മുരളി തുമ്മാരുകുടി