കേരളത്തിലെ മെച്ചപ്പെട്ട സാമൂഹിക സാഹചര്യങ്ങളുടെയും സൗകര്യങ്ങളുടെയും വിദ്യാലയങ്ങളുടെയും മികവിനൊരു ഉദാഹരണവുമായി മുരളി തുമ്മാരുകുടി ..

Avatar
മുരളി തുമ്മാരുകുടി | 24-01-2021 | 3 minutes Read

പ്രമോദ് കുമാറിന്റെ വീട്

പ്രമോദ് കുമാറിനെ നിങ്ങൾ അറിയാൻ വഴിയില്ല. ഞാൻ തന്നെ കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്.
ബീഹാറിലെ ഷൈഖ്‌പുര ജില്ലയിൽ നിന്നും കേരളത്തിൽ എത്തി ജോലി ചെയ്യുന്ന ഒരാളാണ് പ്രമോദ് കുമാർ. ഇന്നിപ്പോൾ കേരളത്തിൽ ഇത്തരത്തിൽ മുപ്പത് ലക്ഷം പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നു ജോലി ചെയ്യുന്നുണ്ട്. അവരിൽ ഒരാൾ. അവരിൽ പലരും നമ്മുടെ വീടുകളിൽ ജോലിക്ക് വന്നാൽ പോലും നാം അവരുടെ പേരൊന്നും അന്വേഷിക്കാറില്ല.
പക്ഷെ പ്രമോദ് കുമാറിനെ നമ്മൾ അറിയാൻ വേറൊരു കാരണം ഉണ്ട്. അദ്ദേഹം പായൽ കുമാരിയുടെ അച്ഛനാണ്. പായൽ കുമാരിക്കാണ് കഴിഞ്ഞ വർഷം എം ജി യൂണിവേഴ്സിറ്റിയിൽ നിന്നും ബി എ (ആർക്കിയോളജി & ഹിസ്റ്ററി) ഒന്നാം റാങ്ക് കിട്ടിയത്.

807-1611505279-promodkumar2

മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും ഒക്കെ പോയി മലയാളി വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസം ചെയ്യുന്നതും റാങ്ക് നേടുന്നതും ഒക്കെ അപൂർവ്വമല്ലെങ്കിലും കേരളത്തിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളിൽ ഒരാളുടെ മകൾ കേരളത്തിലെ ഒരു യൂണിവേഴ്സിറ്റിയിൽ നിന്നും ഒന്നാം റാങ്ക് നേടുന്നത് സാധാരണമല്ല. അതുകൊണ്ട് തന്നെ അന്നത് വാർത്തയായിരുന്നു.

നാട്ടിൽ എത്തിയപ്പോൾ പായൽ കുമാരിയെ കാണണം എന്ന് എനിക്കൊരു ആഗ്രഹം ഉണ്ടായിരുന്നു. കൊറോണ ആയതിനാൽ വാർത്ത വന്ന സമയത്തൊന്നും അത് നടന്നില്ല. കഴിഞ്ഞ ആഴ്ച ഞാൻ എറണാകുളത്ത് കങ്ങരപ്പടിയിലുള്ള പായലിന്റെ വീട്ടിൽ എത്തി. പെരുമ്പാവൂരിൽ Center for Migration and Inclusive Development എന്ന സ്ഥാപനം നടത്തുന്ന ബിനോയിയോടും അവിടുത്തെ പ്രോഗ്രാം ഓഫീസർ ആയാസ് അൻവറോടും ഒപ്പം ആണ് അവിടെ എത്തിയത്.
പായൽ കുമാരിയോടും കുടുംബത്തോടുമൊപ്പം ഒരു മണിക്കൂറിൽ ഏറെ ചിലവഴിച്ചു.

"എന്നാണ് താങ്കൾ കേരളത്തിൽ എത്തിയത് ?" ഞാൻ പ്രമോദ് കുമാറിനോട് ചോദിച്ചു.

"ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഏഴിൽ. അന്ന് കേരളത്തിൽ ബിഹാറിൽ നിന്നും അധികം ആളുകൾ ഒന്നുമില്ല."

അതിന് മുൻപ് എവിടെയാണ് ജോലി ചെയ്തിരുന്നത് ?

ഡൽഹിയിലാണ്.

എന്തുകൊണ്ടാണ് കേരളത്തിലേക്ക് വന്നത് ?

"ഡൽഹിയിൽ ജോലി ചെയ്യുമ്പോൾ ബിഹാറിൽ നിന്ന് തന്നെ ബിന്ദു ദേവിയെ വിവാഹം കഴിച്ചു. കുട്ടികൾ ഒക്കെയായി. ഞാൻ എട്ടാം ക്‌ളാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളു. എൻ്റെ ഭാര്യ പത്തു വരെയും. പക്ഷെ കുട്ടികളെ പഠിപ്പിച്ചു മിടുക്കരാക്കണം എന്നതാണ് പ്രധാന ലക്‌ഷ്യം. പെൺകുട്ടികൾക്ക് ഉൾപ്പടെ ഏറെ കുറഞ്ഞ ചിലവിൽ നല്ല വിദ്യാഭ്യാസം കേരളത്തിൽ ലഭിക്കുമെന്ന് ആരോ പറഞ്ഞു. അങ്ങനെയാണ് കേരളത്തിൽ എത്തിയത്."

807-1611505340-promodkumar1

രണ്ടായിരത്തി ഒന്നിൽ ഭാര്യയും പായൽ ഉൾപ്പടെ മൂന്നു കുട്ടികളുമായി അദ്ദേഹവും ഭാര്യയും കേരളത്തിലെത്തി. പായലിന്റെ ചേട്ടൻ ആകാശ് കുമാർ, അനിയത്തി പല്ലവി കുമാരി. പാലാരിവട്ടത്ത് ഒരു വാടക വീടെടുത്ത് താമസമായി. പിന്നീട് കങ്ങരപ്പടിയിലെ വാടക വീട്ടിലേക്ക് മാറി.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

"ഇടക്ക് നാട്ടിൽ പോകാറുണ്ടോ ?"

"അഞ്ചു പേരുമായി ടിക്കറ്റ് എടുത്ത് നാട്ടിൽ പോവുക എന്നത് ഏറെ ചിലവുള്ള കാര്യമാണ്. വാടകയും മറ്റു ചിലവുകളും കഴിഞ്ഞതിന് ശേഷം അതിനുള്ള പണം കണ്ടെത്താൻ ബുദ്ധിമുട്ടാണ്. അതുകൊണ്ട് കുട്ടികൾ നാട്ടിൽ വന്നതിന് ശേഷം ഞാനും കുട്ടികളും നാട്ടിൽ പോയിട്ടില്ല. ഭാര്യ വല്ലപ്പോഴും പോകും. രണ്ടു വർഷം മുൻപാണ് അവസാനം പോയത്."

പായൽ രണ്ടായിരത്തി ഒന്നുമുതൽ കേരളത്തിലാണ് ജീവിക്കുന്നത്. അതുകൊണ്ട് തന്നെ മലയാളം നമ്മളെപ്പോലെ എളുപ്പത്തിലും കൃത്യമായും പറയാൻ പറ്റും. പല്ലവിയുടെയും ആകാശിന്റെയും കാര്യവും വ്യത്യസ്തമല്ല. പ്രമോദ് കുമാറിനും ബിന്ദു ദേവിക്കും മലയാളം അത്യാവശ്യം മനസ്സിലാകും, പക്ഷെ സംസാരിക്കാൻ അല്പം ബുദ്ധിമുട്ടുണ്ട്.

പായൽ ഇപ്പോൾ ഐരാപുരം ശ്രീ ശങ്കര വിദ്യാപീഠം കോളേജിൽ എം എ ഹിസ്റ്ററി പഠിക്കുകയാണ്. അടുത്ത വർഷം നെറ്റ് പരീക്ഷ എഴുതണം. എം എ കഴിഞ്ഞാൽ സിവിൽ സർവ്വീസ് എഴുതി നോക്കണം. അതിനുള്ള ഓൺലൈൻ പരിശീലനം ഉണ്ട്. അതൊക്കെയാണ് പ്ലാൻ.

പല്ലവിക്ക് ആർമിയിൽ പോകാനാണ് താല്പര്യം. തൃക്കാക്കര ഭാരത് മാതാ കോളേജിൽ ബി എസ് സി ഫിസിക്സ് പഠിക്കുകയാണ്. എൻ സി സി യിൽ സജീവമാണ്. ഡിഗ്രി കഴിഞ്ഞാൽ ആർമിയിൽ എത്തുക എന്നതാണ് ലക്‌ഷ്യം.
ആകാശ് ഭാരത് മാതാ കോളേജിൽ നിന്നും ബി കോം പാസ്സായി. ഇപ്പോൾ വീടിനടുത്തുള്ള ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. ഓൺലൈനായി എം ബി എ ചെയ്യുന്നുണ്ട്.

മൂന്നു പേരും ഇടപ്പള്ളി ഗവർമെന്റ് ഹൈ സ്‌കൂളിൽ നിന്നാണ് പത്തും പ്ലസ് ടു വും പാസായത്.

രണ്ടു പതിറ്റാണ്ടിനപ്പുറം ദീർഘ വീക്ഷണത്തോടെ പ്രമോദ് കുമാർ എടുത്ത തീരുമാനം ശരിയായി. ഒരു കടയിൽ സാധനം എടുത്തു കൊടുക്കാൻ നിൽക്കുന്ന ആളുടെ ചുരുങ്ങിയ വരുമാനം കൊണ്ടാണെങ്കിലും കുട്ടികളെ ഒക്കെ നന്നായി പഠിപ്പിക്കാൻ കഴിയുന്നു. കുട്ടികൾ നന്നായി പഠിക്കുന്നു.

ഇരുപത്തി രണ്ടു ലക്ഷം മലയാളികൾ കേരളത്തിന് പുറത്ത് ജോലി ചെയ്യുന്നുണ്ട് എന്നാണ് കേരള മൈഗ്രെഷൻ സർവ്വേ പറയുന്നത്. ഗൾഫിലാണെങ്കിലും യൂറോപ്പിലാണെങ്കിലും അമേരിക്കയിലാണെങ്കിലും പുറത്തു പോകുന്ന മലയാളിയുടേയും ഏറ്റവും വലിയ ലക്ഷ്യം സ്വന്തം മക്കൾക്ക് കുറച്ചു കൂടി മെച്ചമായ അവസരങ്ങൾ ഉണ്ടാക്കുക എന്നതാണ്.

പ്രമോദ് കുമാർ ഉൾപ്പടെ കേരളത്തിലുള്ള ഇതര സംസ്ഥാന തൊഴിലാളികളയുടെയും ലോകത്തെമ്പാടുമുള്ള കോടിക്കണക്കിനുള്ള മറ്റു കുടിയേറ്റക്കാരുടെയും ലക്ഷ്യം മറ്റൊന്നല്ല.

നമ്മുടെ കുട്ടികൾ മറ്റു നാടുകളിൽ പോയി പഠിച്ചു മിടുക്കരാകുമ്പോൾ നമുക്ക് എന്ത് സന്തോഷമാണ്. അതേ സന്തോഷമാണ് ഇപ്പോൾ പ്രമോദ് കുമാറിനും കുടുംബത്തിനും ഉള്ളത്.

അതുകൊണ്ട് തന്നെ പ്രമോദ് കുമാറിന്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ആ സന്തോഷത്തിന്റെ ഒരു തുണ്ട് എനിക്കുമുണ്ടായിരുന്നു.

മുരളി തുമ്മാരുകുടി


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About മുരളി തുമ്മാരുകുടി

ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ (UNEP) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനാണ് ഡോ. മുരളി തുമ്മാരുകുടി

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 3 | Saved : 07:50:50 pm | 02-12-2023 CET