കേരളം വീണ്ടും നൂറു കടക്കുമ്പോൾ ..

Avatar
മുരളി തുമ്മാരുകുടി | 05-06-2020 | 5 minutes Read

corona
Photo Credit : » @adamsky1973

ഇന്ന് കേരളത്തിൽ പുതിയതായി നൂറ്റി പതിനൊന്ന് കോവിഡ് കേസുകൾ ഉണ്ട്. ഇന്ന് വരെ ഉള്ളതിൽ ഏറ്റവും കൂടുതൽ വളർച്ച. ഒറ്റ ദിവസം കൊണ്ട് നൂറിൽ കൂടുതൽ.

ജനുവരി മുപ്പതിന് ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തിട്ട് ലോക്ക് ഡൌൺ പ്രഖ്യാപിച്ച മാർച്ച് ഇരുപത്തി രണ്ടു വരെ സമയം എടുത്തു കേരളത്തിൽ ആദ്യത്തെ നൂറു കേസുകൾ എത്താൻ. അന്നൊക്കെ കേരളം എത്ര ഭയന്ന് നിൽക്കുകയായിരുന്നു എന്ന് ആളുകൾ ഇന്ന് ഓർക്കുന്നുണ്ടോ എന്നറിയില്ല. മാളുകൾ അടക്കണം എന്നൊരു ആവശ്യം ഒരു വശത്ത്, സമ്പൂർണ്ണ ലോക്ക് ഡൌൺ പ്രഖ്യാപിക്കണം എന്നുള്ള ആവശ്യം മറുവശത്ത്. വിവാദങ്ങളും വാഗ്‌വാദങ്ങളും എന്തൊക്കെയായിരുന്നു.

ഇന്നിപ്പോൾ ഒരു ദിവസം കൊണ്ട് നൂറു കവിഞ്ഞു എന്ന് കേട്ടിട്ടും നമുക്ക് നടുക്കമൊന്നുമില്ല. മാളുകൾ തുറക്കാൻ, ആരാധനാലയങ്ങൾ തുറക്കാൻ, റസ്റ്റോറന്റുകൾ തുറക്കാൻ ഒക്കെ ഉള്ള മാർഗ്ഗനിർദ്ദേശങ്ങൾ വരുന്നതും നോക്കി നമ്മൾ ഇരിക്കുകയാണ്.

ഇതിന്റെ പ്രധാന കാരണം ഇതുവരെ കേരളം ഈ വിഷയം കൈകാര്യം ചെയ്ത രീതിയുടെ കാര്യക്ഷമതായാണ്. കേരളം ആദ്യമായി നൂറുകേസു കടന്നപ്പോൾ ഇന്ത്യയിൽ കോവിഡ് കേസുകളുടെ കാര്യത്തിൽ ഒന്നാമതായിരുന്നു കേരളം, മറ്റുള്ളവർ കേരളത്തെയും കേരളത്തിൽ നിന്ന് വരുന്നവരേയും പേടിയോടെ നോക്കി. കേരളത്തിലെ ആംബുലൻസുകൾക്ക് കർന്നടക്കത്തിലേക്ക് പോകാൻ അനുമതി നിഷേധിച്ചു, കേരളത്തിലേക്കുള്ള ചില അതിർത്തി റോഡുകളിൽ മണ്ണിട്ട് നിരോധനം ഉണ്ടാക്കി.

ഇതൊന്നും നടന്നിട്ട് മൂന്നു മാസം പോലും ആയിട്ടില്ല. പക്ഷെ ഇപ്പോൾ അതിർത്തി സംസ്ഥാനങ്ങളിൽ ദിനം പ്രതി കേസുകൾ അഞ്ഞൂറും ആയിരവും കൂടുന്നു. ഇന്ത്യയിൽ മൊത്തം ദിനം പ്രതിയുള്ള കേസുകളുടെ വർദ്ധന പതിനായിരത്തോട് അടുക്കുന്നു. രോഗം ബാധിച്ചവരുടെ എണ്ണം രണ്ടു ലക്ഷം കവിഞ്ഞു. മുംബൈയിലും ഡൽഹിയിലും ചെന്നെയിലെ ഒക്കെ കേസുകളുടെ വളർച്ച ആളുകളെ ആശങ്കാകുലരാക്കുന്നു. കേരളത്തെ ഭയത്തോടെ കണ്ടിരുന്ന നാടുകളിൽ നിന്നും മലയാളികൾ എങ്ങനെയെങ്കിലും കേരളത്തിൽ എത്താൻ നോക്കുന്നു.

കേരളത്തിൽ കാര്യങ്ങൾ നന്നായി ആണ് കൈകാര്യം ചെയ്യുന്നത് എന്ന് കണക്കുകളും റിപ്പോർട്ടുകളും ഏറെ വന്നു. ഇതോടെ പൊതുവെ ആളുകൾക്ക് കൊറോണയോടുള്ള പേടി ഏറെ കുറഞ്ഞിരിക്കുന്നു. മാളുകൾ തുറന്നിട്ടില്ലെങ്കിലും നഗരത്തിലും ഗ്രാമത്തിലും ഉള്ള എൺപത് ശതമാനം സ്ഥാപനങ്ങളും തുറന്നിരിക്കുകയാണ്. റോഡുകളിൽ ആകട്ടെ സാധാരണ ഉള്ളതിൽ കൂടുതൽ വാഹനങ്ങൾ ആണ്. പൊതുഗതാഗതം ഒഴിവാക്കി പരമാവധി ആളുകൾ സ്വകാര്യ വാഹനങ്ങളിൽ വരുന്നതും കടകൾ തുറന്നിരിക്കുന്ന സമയം കുറച്ചതിനാൽ കുറച്ചു സമയത്ത് കൂടുതൽ ആളുകൾ എത്തുന്നതും ഒക്കെയാണ് ഇതിന് കാരണം. പൊതുവെ ആളുകൾ മാസ്ക് വെക്കുന്നുണ്ട് പക്ഷെ സാമൂഹിക അകാലത്തിന്റെ കാര്യമൊക്കെ തഥൈവ ആണ്. കേരളത്തിൽ സഞ്ചരിക്കുന്നവർക്ക് ഇതിപ്പോൾ കൊറോണകൊണ്ട് ലോക്ക് ഡൌൺ ചെയ്തതോ കൊറോണപ്പേടി ഉള്ളതോ ആയ ഒരു പ്രദേശമായി തോന്നില്ല.

ഇവിടെയാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. ലോക്ക് ഡൌൺ പ്രഖ്യാപിച്ച മാർച്ച് ഇരുപത്തി രണ്ടിനെ അപേക്ഷിച്ച് കേരളത്തിൽ കൊറോണയുടെ റിസ്ക് ഒട്ടും കുറഞ്ഞിട്ടില്ല എന്ന് മാത്രമല്ല ഏറെ കൂടിയിട്ടുമുണ്ട്. ഓരോ ദിവസവും അൻപതിന്റെ മുകളിൽ പുതിയ കേസുകൾ ഉണ്ടാവുന്നു, അവരിൽ ബഹുഭൂരിപക്ഷവും കേരളത്തിന് പുറത്തു നിന്നും വന്നവരാണ്. കേരളത്തിന് പുറത്തു നിന്നും വരുന്നവരും അവരോട് സമ്പർക്കം ഉള്ളവരും പൊതുവിൽ വളരെ ഉത്തരവാദിത്തത്തോടെ ആണ് ക്വാറന്റൈനിൽ ഇരിക്കുന്നത്. പക്ഷെ ദിവസം നൂറാളുകൾക്ക് വീതം രോഗം പുതിയതായി ഉണ്ടാകുമ്പോൾ അതിൽ ഒരു ശതമാനം ആളുകൾ ഉത്തരവാദിത്തം ഇല്ലാതെ പെരുമാറിയാൽ മതി കാര്യങ്ങൾ കൈവിട്ടു പോകാൻ. ഈ സമയത്താണ് ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ കുറച്ചു കൊണ്ടുവരുന്നത്. ഇതൊരു വലിയ വെല്ലുവിളിയാണ്.

ലോകത്ത് മറ്റുള്ള രാജ്യങ്ങളിൽ പൊതുവെ ലോക്ക് ഡൌൺ പിൻവലിക്കുന്നത് രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം കുറഞ്ഞു വരുന്ന സമയത്താണ്. ലോക്ക് ഡൌൺ എന്നത് ഒരു കോവിഡ് ചികിത്സാ രീതി ഒന്നുമല്ലല്ലോ. വൈറസിന്റെ വ്യാപനത്തിന്റെ നിരക്ക് കുറക്കുക. അങ്ങനെ ഏറ്റവും കൂടുതൽ സമയം കൊറോണ കേസുകളുടെ എണ്ണം രാജ്യത്തെ കൊറോണ കൈകാര്യം ചെയ്യാനുള്ള സംവിധാനത്തിന്റെ (ആശുപത്രി, വെന്റിലേറ്റർ, ഐ സി യു) എന്നിവയുടെ പരിധിക്കുള്ളിൽ നിറുത്തുക. ഈ സമയത്ത് ആളുകളുടെ ആരോഗ്യ രീതികൾ മാറ്റുക, സാമൂഹിക അകലം പാലിക്കാനുള്ള സംവിധാനങ്ങൾ ഉണ്ടാക്കുക, രാജ്യത്തെ ആരോഗ്യ സംവിധാന സംവിധാനങ്ങൾ വർദ്ധിപ്പിക്കുക ഇതൊക്കെയാണ് ലോക്ക് ഡൌൺ കാലത്ത് ചെയ്യേണ്ടത്. ഇന്ത്യയിൽ ഈ പറഞ്ഞതിൽ ഏതൊക്കെ സംഭവിച്ചിട്ടുണ്ട് എന്ന് നമുക്കറിയില്ല. പക്ഷെ കേസുകളുടെ എണ്ണം കൂടുകയാണ് എന്ന് നമുക്കറിയാം. ഇത് ആരോഗ്യ സംവിധാനങ്ങളുടെ പരിധിക്ക് പുറത്തേക്ക് പോകുമോ, മരണ നിരക്ക് അതിവേഗത്തിൽ കൂടുമോ എന്നൊക്കെ വലിയ താമസമില്ലാതെ അറിയാം.

ഈ സാഹചര്യത്തിൽ നമ്മൾ എന്താണ് ചെയ്യേണ്ടത് ?

1. കൊറോണയുടെ ഭീഷണി ഒട്ടും കുറഞ്ഞിട്ടില്ലെന്നും വാസ്തവത്തിൽ കൂടി വരികയാണെന്നും സ്വയം മനസ്സിലാക്കുക.

2. ആരോഗ്യ ശീലങ്ങൾ, സാമൂഹിക അകലം എന്നിവ ജീവിതത്തിന്റെ ഭാഗമാക്കുക.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

3. വീട്ടിലുള്ള വയസ്സായവർ, രോഗികൾ എന്നിവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ കൊടുക്കുക. അവരിൽ നിന്നും മറ്റുള്ളവർ പരമാവധി സാമൂഹിക അകലം പാലിക്കുക, കൊച്ചുമക്കളുമായി പ്രായമായ അമ്മയെ കാണാൻ പോകാതിരിക്കുനന്ത് അമ്മയോടുള്ള സ്നേഹം കൊണ്ടാണെന്ന് അവരെ പറഞ്ഞു മനസിലാക്കുക.

4. ലോക്ക് ഡൌൺ നിയന്ത്രങ്ങളിൽ വരുത്തുന്ന ഇളവുകൾ ശാസ്ത്രീയ തത്വങ്ങൾ അല്ല എന്നും ആരോഗ്യവും സമ്പദ് വ്യവസ്ഥയും തമ്മിൽ ബാലൻസ് ചെയ്യാൻ ശ്രമിക്കുന്ന ഒരു ഭരണകൂടത്തിന്റെ തീരുമാനങ്ങൾ ആണെന്നും മനസിലാക്കുക. ഇന്ത്യയിൽ പൊതുവെ കേസുകളുടെ എണ്ണം വർദ്ധിക്കുന്ന സമയത്ത് കല്യാണത്തിന് കൂടാവുന്നവരുടെ എണ്ണം ഇരുപതിൽ നിന്നും അമ്പത് ആക്കുന്നതിനും ബസിലും വിമാനത്തിലും അടുത്തടുത്ത സീറ്റിൽ ഇരിക്കാമെന്നും (സാമൂഹിക അകാലമായ ആറടി ദൂരം പാലിക്കേണ്ടതില്ല എന്നും) പറയുന്നതിൽ ശാസ്ത്രമൊന്നുമില്ല.

5. സർക്കാർ നൽകുന്ന ഇളവുകൾ എല്ലാം ഉപയോഗിച്ചാൽ രോഗം വരില്ല എന്നൊരു തെറ്റിദ്ധാരണ വേണ്ട. അളവുകളിൽ നമുക്ക് ആവശ്യമുള്ളത് പരമാവധി കുറച്ച് ഉപയോഗിക്കുക. ആരാധനാലയങ്ങളോ റെസ്റ്റോറന്റുകളോ തുറന്നത് കൊണ്ട് അവിടെ പോകണം എന്നില്ലല്ലോ.

6. സർക്കാർ എത്രമാത്രം നിയന്ത്രണങ്ങൾ പിന്വലിക്കുന്നുവോ അത്രമാത്രം കൂടുതൽ ശ്രദ്ധ നമ്മൾ സ്വന്തം കാര്യത്തിൽ ഉണ്ടാക്കണം. റിസ്ക് കുറയുമ്പോൾ കൂടുതൽ ഇളവ് കിട്ടുന്ന ഒരു സാഹചര്യമല്ല ഇന്ത്യയിൽ ഉള്ളത്, മറിച്ച് ഓരോ ഇളവുകളും വരുമ്പോൾ റിസ്ക്ക് കൂടുകയാണ്. ഇത് എപ്പോഴും ഓർക്കുക.

6. കൊറോണ അടുത്തയിടക്കൊന്നും നമ്മെ വിട്ടുപോകുമെന്ന് തോന്നുന്നില്ല. അലകൾ അലകൾ ആയി നമ്മെ ചുറ്റിപ്പറ്റി ഇതിവിടെയൊക്കെ കാണും. പക്ഷെ മറ്റുള്ള ഏതൊരു റിസ്കിനെയും പോലെ മനുഷ്യന്റെ മനസ്സ് ഇത് ജീവിതത്തിന്റെ ഭാഗമാക്കും. യുദ്ധവും തീവ്രവാദി ആക്രമണവും ഒക്കെ ദിനം പ്രതി നടക്കുന്ന നഗരങ്ങളിൽ പോലും കുറച്ചു നാൾ കഴിഞ്ഞാൽ ആളുകൾ സാധാരണ പോലെ ജീവിച്ചു തുടങ്ങും. അത് മനുഷ്യന്റെ രീതിയും കഴിവുമാണ്. മൊത്തം കേസുകൾ നൂറു കഴിഞ്ഞപ്പോൾ പേടിച്ച നമ്മൾ ഒരു ദിവസം നൂറു കേസ് വന്നിട്ടും ഒട്ടും പേടിക്കാതിരിക്കുന്നത് അതുകൊണ്ടാണ്. പക്ഷെ ഇക്കാര്യം കൊറോണക്ക് അറിയില്ല എന്നോർക്കണം.

7. ഈ കൊറോണ പെയ്തു തീരുന്നതിന് മുൻപ് നമ്മെയും എന്നെങ്കിലും ഒക്കെ പിടി കൂടും എന്നൊന്ന് ചിന്തിച്ചിരുന്നത് നല്ലതാണ്. അങ്ങനെ വന്നാൽ നമ്മൾ അതിന് തയ്യാറാണോ എന്ന് ചിന്തിക്കുക. നമ്മുടെ ആരോഗ്യം, സാമ്പത്തികം, കുടുംബം, ഇതിനെയൊക്കെ എങ്ങനെയായിരിക്കും കൊറോണ ബാധിക്കുന്നത് ?. ആ സാഹചര്യങ്ങൾ നേരിടാൻ നമുക്ക് എന്തൊക്കെ ചെയ്യാൻ പറ്റും ?

8. കൊറോണ എന്നത് ഒരു ഫുട്ബാൾ മാച്ച് ഒന്നുമല്ല. മറ്റുള്ള സംസ്ഥാനങ്ങളിൽ കേസുകൾ കൂടുന്നതും നമ്മുടെ സാഹചര്യവുമായി താരതമ്യപ്പെടുത്തി സന്തോഷിക്കുകയോ അഭിമാനിക്കുകയോ ചെയ്യേണ്ട കാര്യമില്ല. കേരളം ഒരു കോട്ടയോ ദ്വീപോ ഒന്നുമല്ല. ഈ കൊറോണക്കാലത്തെ നമ്മുടെ ഭാവി മൊത്തം രാജ്യത്തിൻറെ ഭാവിയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള നല്ല പാഠങ്ങൾ മറ്റു സംസ്ഥാനങ്ങളുമായി പങ്കുവെക്കുന്നത് പോലെ തന്നെ മറ്റു സംസ്ഥാങ്ങള് നിന്നുള്ള അനുഭവങ്ങളും പാഠങ്ങളും (അത് എന്ത് ചെയ്യരുത് എന്നതിനെ പറ്റിയാണെങ്കിലും) നമ്മൾ പഠിച്ചിരിക്കണം.

9. യൂറോപ്യൻ രാജ്യങ്ങൾ കൊറോണയുടെ ഒന്നാമത്തെ തിരമാലയിൽ നിന്നും പതുക്കെ പുറത്തു വരികയാണ്. നമ്മൾ നമ്പർ വൺ ആണെന്നുള്ള വിശ്വാസത്തിൽ അകത്തേക്ക് നോക്കി ഇരിക്കരുത്. ആയിരക്കണക്കിന് ആളുകൾ മരിച്ചെങ്കിലും അനവധി നല്ല പാഠങ്ങൾ അവിടെ നിന്നും വരുന്നുണ്ട്. ഇവയൊക്കെ പഠിക്കാനുള്ള ഒരു സംവിധാനം നമുക്ക് ഉണ്ടാകണം.

10. മറ്റ് ഏതൊരു വിഷയത്തേയും പോലെ കൊറോണക്കാര്യത്തിലും തീരുമാനം എടുക്കുന്നതിൽ രാഷ്ട്രീയവും സാമ്പത്തികവും ഒക്കെ കടന്നുവരുന്നത് സ്വാഭാവികമാണ്. അതെ സമയം പരമാവധി തീരുമാനങ്ങൾ എടുക്കുന്നതിൽ ആരോഗ്യ രംഗത്തും മറ്റു വിഷയങ്ങളിലും ഉള്ള വിദഗ്ദ്ധരുടെയും അഭിപ്രായങ്ങൾ തേടേണ്ടതും അറിയേണ്ടതും ആണ്.

സുരക്ഷിതരായിരിക്കുക

# മുരളി തുമ്മാരുകുടി


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About മുരളി തുമ്മാരുകുടി

ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ (UNEP) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനാണ് ഡോ. മുരളി തുമ്മാരുകുടി

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 08:27:13 pm | 02-12-2023 CET