കൊറോണ: ആറു മാസത്തെ പഠനങ്ങളും പാഠങ്ങളും !

Avatar
മുരളി തുമ്മാരുകുടി | 09-07-2020 | 9 minutes Read

കൊറോണ എന്ന വാക്ക് നമ്മൾ കാര്യമായി ശ്രദ്ധിക്കാൻ തുടങ്ങിയത് ജനുവരി മുതലാണ്. മാർച്ച് അവസാനത്തോടെയാണ് നമ്മുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളെയും നിയന്ത്രിക്കുന്ന കേന്ദ്രബിന്ദുവായി കൊറോണ മാറിയത്.

ലോക്ക് ഡൗണിനും അൺലോക്കിനും ശേഷം സാധാരണഗതിയുട പാതയിലായിരുന്ന കേരളത്തിൽ കഴിഞ്ഞ ഒരാഴ്ചയായി പോസിറ്റീവ് കേസുകളും ഉറവിടം അറിയാത്ത വൈറസ് ബാധയും ക്രമാതീതമായി ഉയരുന്നു. കണ്ടെയ്‌ൻമെന്റും ഹോട്സ്പോട്ടും പോരാഞ്ഞിട്ട് ട്രിപ്പിൾ ലോക്ക് ഡൗണും നിലവിൽ വരുന്നു. കേസുകളുടെ എണ്ണം ഇനി എവിടെയും എത്താം, ഏത് പ്രദേശവും പൂട്ടിയിടേണ്ട സാഹചര്യം ഉണ്ടാകാം.

ഇന്ത്യയുടെ മറ്റു പ്രദേശങ്ങളിൽ നിന്നുള്ള വാർത്തകളും ആശങ്കയുണ്ടാക്കുന്നത് തന്നെയാണ്. ആകെ രോഗബാധിതരുടെ എണ്ണത്തിലും പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലും ഇന്ത്യ മൂന്നാമതാണ്. നമുക്ക് മുന്നിലുള്ള ബ്രസീലിന്റെ ആറിരട്ടിയും അമേരിക്കയുടെ മൂന്നിരട്ടിയിലധികവും ജനസംഖ്യയുള്ള ഇന്ത്യ ഈ പോക്കു പോയാൽ ഒന്നാം സ്ഥാനത്തെത്താനുള്ള സാധ്യത വളരെ കൂടുതലാണ്.

രോഗം മാത്രമല്ല നമ്മെ വലയ്‌ക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസം മിക്കയിടത്തും തടസ്സപ്പെട്ടിരിക്കുന്നു. വാർഷിക പരീക്ഷകൾ, എൻട്രൻസ് ടെസ്റ്റുകൾ, അവസാന വർഷ ഡിഗ്രി പരീക്ഷകൾ ഒന്നും നടക്കുന്നില്ല. പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള അഡ്മിഷൻ, കാംപസ് പ്ലേസ്‌മെന്റ്, പുതിയ ജോലികൾ എല്ലാം തടസ്സപ്പെട്ടിരിക്കുന്നു. വിദേശത്ത് പഠനത്തിന് അഡ്മിഷൻ കിട്ടിയവർക്ക് അത് ഉപയോഗിക്കാനാകുന്നില്ല. ലക്ഷക്കണക്കിന് വിദ്യാർഥികളും അവരുടെ മാതാപിതാക്കളും ഭാവിയെക്കുറിച്ചുള്ള ആശങ്കയിലാണ്.

തൊഴിൽ രംഗത്തും അനിശ്ചിതാവസ്ഥ തന്നെയാണ് നിലനിൽക്കുന്നത്. ലോക്ക് ഡൌണും, കസ്റ്റമറുടെ കയ്യിൽ പണമില്ലാത്തതും, ഉള്ള പണം ആളുകൾ ചിലവാക്കാൻ മടിക്കുന്നതും, ഉള്ള കച്ചവടം തന്നെ കടകളിൽ നിന്ന് ഓൺലൈൻ ആകുന്നതുമെല്ലാം സന്പദ്‌വ്യവസ്ഥയെ നട്ടംതിരിക്കുന്നു. അത് തൊഴിലിനെ, ശന്പളത്തെ, തൊഴിൽ സ്ഥിരതയെ എല്ലാം പ്രതികൂലമായി ബാധിക്കുന്നു. ആളുകളുടെ കയ്യിലുണ്ടായിരുന്ന റിസർവ്വ് കുറയുന്നതോടെ പരസ്പരം സഹായിക്കാനുള്ള സാഹചര്യവും ഇല്ലാതാകുന്നു.

കുട്ടികൾ, വൃദ്ധർ, തൊഴിലാളികൾ, വിദ്യാർത്ഥികൾ, രാഷ്ട്രീയക്കാർ തുടങ്ങിയവരുടെയെല്ലാം ദൈനംദിന ജീവിതം കൊറോണ മാറ്റിമറിച്ചിരിക്കയാണ്. ‘ഇതിപ്പോൾ തീരും’ എന്ന വിശ്വാസത്തിൽ ഇത്രനാൾ പിടിച്ചു നിന്നവർക്കും മാനസിക സംഘർഷം കൂടുകയാണ്. കൊറോണയേക്കാൾ മുൻപ് തന്നെ കൊറോണ വാർത്തകളും, ജീവിതചര്യയിലെ മാറ്റങ്ങളും, സാന്പത്തികമായ ബുദ്ധിമുട്ടുകളും ആളുകളെ മാനസികമായി അടിപ്പെടുത്തും.

കൊറോണക്കാലം തീരണമെങ്കിൽ രണ്ടു മാർഗ്ഗങ്ങളേ ഉള്ളൂ.

1. കൊറോണക്കെതിരെ വാക്‌സിൻ ഉണ്ടാകുന്നു, അത് ലോകത്തെ ഭൂരിപക്ഷം ആളുകൾക്കും ലഭ്യമാകുന്നു.

2. കൊറോണ ലോക ജനസംഖ്യയുടെ ഭൂരിപക്ഷം ആളുകളേയും ബാധിച്ച് അവർക്ക് പ്രതിരോധ ശേഷി ഉണ്ടാക്കുന്നു.

ഇത് രണ്ടും പെട്ടെന്നൊന്നും സംഭവിക്കാൻ പോകുന്നില്ല. 2020 ഇനി ഇങ്ങനെയൊക്കെ അങ്ങ് തീർത്തേ പറ്റൂ. അടുത്ത വർഷത്തെ കാര്യം ഈ വർഷം അവസാനമാകുന്പോൾ അറിയാം.

ഇതൊക്കെ ഞങ്ങൾക്കും അറിയാവുന്ന കാര്യമാണ് ചേട്ടാ, നമുക്കിപ്പോൾ എന്ത് ചെയ്യാൻ സാധിക്കുമെന്ന് പറയൂ?

കൊറോണ വന്നിട്ട് ആറുമാസം ആയതോടെ അതിനെ കൈകാര്യം ചെയ്യുന്നതിൽ ലോക രാജ്യങ്ങൾക്ക് ധാരാളം അനുഭവപരിചയം ഉണ്ടായിട്ടുണ്ട്. അതിനെക്കുറിച്ച് അനവധി പഠനങ്ങൾ ദിവസേന പുറത്തു വരുന്നുണ്ട്. അത് നമ്മൾ ശ്രദ്ധിക്കണം. ആദ്യം വിഷമിപ്പിക്കുന്ന കാര്യങ്ങൾ പറഞ്ഞ സ്ഥിതിക്ക് ഇനി കുറച്ചു നല്ല കാര്യങ്ങൾ കൂടി പറയാം.

1. ലോകത്ത് എല്ലാ രാജ്യങ്ങളിലും തന്നെ ഇപ്പോഴും കൊറോണയുണ്ടെങ്കിലും അനവധി രാജ്യങ്ങൾ കൊറോണയുടെ ഒന്നാമത്തെ തിരമാലയെ അതിജീവിച്ചിട്ടുണ്ട്. പ്രതിദിനം കേസുകളുടെ എണ്ണം കുറഞ്ഞുവരുന്ന രാജ്യങ്ങൾ ധാരാളമുണ്ട്. അപ്പോൾ മനുഷ്യന്റെ നിയന്ത്രണത്തിന് അതീതമായ ഒരു രോഗമല്ല കൊറോണ എന്ന് മനസിലാക്കാം. ഒരു രാജ്യത്തിന് സാധിക്കുമെങ്കിൽ മറ്റുളളവർക്കും പ്രതീക്ഷക്ക് വകയുണ്ട്, നമുക്കും!

2. കൊറോണക്കെതിരെ മരുന്നുകളല്ല, പൊതുജനാരോഗ്യ നയങ്ങളും (ടെസ്റ്റിംഗ്, ട്രേസിങ്, ഐസൊലേഷൻ, കണ്ടെയ്‌ൻമെൻറ്) വ്യക്തിസുരക്ഷാ ശീലങ്ങളുമാണ് (ഹാൻഡ്‌വാഷ്, സോഷ്യൽ ഡിസ്റ്റൻസ്, മാസ്ക്) ഇപ്പോഴും പ്രധാന ആയുധം. അതുകൊണ്ട് തന്നെ സാന്പത്തിക ഭദ്രതയില്ലാത്ത രാജ്യങ്ങൾക്കു പോലും ശരിയായ സമയത്ത് ഉചിതമായ നയങ്ങൾ നടപ്പിലാക്കി ഈ രോഗത്തെ തടയാം.

3. ഈ രോഗത്തിന് ചികിത്സ ഇപ്പോഴും ലഭ്യമല്ലെങ്കിലും മാർച്ചിനെ അപേക്ഷിച്ച് ഈ രോഗത്തെപ്പറ്റി ഇപ്പോൾ ഡോക്ടർമാർക്ക് കൂടുതൽ കാര്യങ്ങൾ അറിയാം. അതിനാൽ രോഗത്തിന്റെ രൂക്ഷത കുറക്കാനും മരണ നിരക്കിൽ കുറവുണ്ടാക്കാനും ഇപ്പോൾ സാധിക്കുന്നുണ്ട്. ആവശ്യക്കാർക്ക് മുഴുവൻ കൊടുക്കാൻ വെന്റിലേറ്റർ ഇല്ലെങ്കിൽ ആർക്കാണ് മുൻഗണന കൊടുക്കേണ്ടത് (അതിന്റെ ഫലമായി ആരെയാണ് ഒരുപക്ഷെ മരണത്തിന് വിട്ടുകൊടുക്കേണ്ടത്) എന്നൊക്കെയാണ് ഫെബ്രുവരിയിലും മാർച്ചിലും ചർച്ച ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ ഏതൊക്കെ മരുന്നുകൾ രോഗം കുറക്കാൻ എത്രത്തോളം ഫലപ്രദമാണ്, രോഗം വാസ്തവത്തിൽ ആരോഗ്യത്തോട് എന്താണ് ചെയ്യുന്നത് എന്നൊക്കെയാണ് ചർച്ചകൾ നടക്കുന്നത്. ഇത് ഗുണപരമായ മാറ്റമാണ്.

4. കൊറോണ ബാധിച്ച രോഗികൾ എല്ലാവരും ആശുപത്രിയിൽ എത്തുകയും ആശുപത്രിയിൽ വെന്റിലേറ്റർ പോയിട്ട് കിടക്ക പോലും കിട്ടാനില്ലാത്ത ഒരു സാഹചര്യം ഇറ്റലിയിൽ ഉണ്ടായി. ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ജോലി ഭാരത്താൽ തളർന്നു, ഏറെ ആരോഗ്യപ്രവർത്തകർക്ക് രോഗബാധ ഉണ്ടായി, അറുപതിലേറെ ഡോക്ടർമാർ തന്നെ മരിച്ചു (ഏപ്രിൽ വരെ). അന്ന് ഇറ്റലിയിലെ ഡോക്ടർമാർ നേരിട്ട സ്ഥിതിയാണ് ഇന്ന് നാം നേരിടുന്നത് അല്ലെങ്കിൽ നേരിടാൻ പോകുന്നത്. അപ്പോൾ അവർ പഠിച്ച പാഠം പ്രധാനമാണ്. രോഗം ബാധിക്കുന്ന എല്ലാവരെയും ആശുപത്രിയിലാക്കി ചികിൽസിക്കുന്നതിന് പകരം കൂടുതൽ പേരെ വീടുകളിൽ തന്നെ ചികിൽസിക്കണം എന്നാണ് അവർ നിർദ്ദേശിച്ചത് (A plea from doctors in Italy: To avoid Covid-19 disaster, treat more patients at home: "Managing patients at home is a brilliant thing,” Cereda said, and one that could be augmented by mobile clinics and telemedicine. “Bring them nutrition, measure their oxygen levels, even bring them oxygen, and you can probably keep many of them at home. This is what we mean by moving from patient-centered medicine: Of course you still care for and care about the patient, but you also think about the population as a whole. That change would decrease transmission and protect other patients as well as health care workers). രോഗികളുടെ മാത്രമല്ല ആരോഗ്യപ്രവർത്തകരുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും ഇത് നല്ലതാണ്.

5. വീടുകളിൽ രോഗികളെ ചികിൽസിക്കുന്നത് പോലെ തന്നെ വേണ്ടി വരുന്ന ഒന്നാണ് പ്രായമായവരേയും മറ്റു ഹൈ റിസ്ക് ഗ്രൂപ്പ് ഉളളവരേയും റിവേഴ്‌സ് ക്വാറന്റൈൻ ചെയ്യുക എന്നത്. മൂന്നു തലമുറകൾ ഒരുമിച്ചു താമസിക്കുന്ന കേരളം പോലുള്ള സ്ഥലങ്ങളിൽ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. ഈ വിഷയത്തിലും ഇറ്റലിയിൽ നിന്നും പഠനങ്ങളുണ്ട്.

6. കൊറോണയുടെ ഒന്നാമത്തെ തിരമാലയിൽ വലിയ രോഗവ്യാപനമുണ്ടായ സ്വിറ്റ്‌സർലൻഡിൽ രോഗവ്യാപനം ഇപ്പോഴും ഉണ്ടെങ്കിലും റെസ്റ്റോറന്റുകളും സ്‌കൂളുകളും മാത്രമല്ല ടൂറിസം കേന്ദ്രങ്ങൾ വരെ തുറന്നു കഴിഞ്ഞു. എങ്ങനെയാണ് വെറും മൂന്നുമാസത്തിനകം ഈ രാജ്യത്തിന് ഇത്തരത്തിൽ തിരിച്ചു വരാൻ സാധിച്ചത്?, എന്ത് മുൻകരുതലുകളാണ് അവർ സ്‌കൂളുകളിൽ നടപ്പാക്കുന്നത്?, ഏത് തരത്തിലാണ് അവർ ടൂറിസം വ്യവസായത്തെ സഹായിക്കുന്നത്?, ഇതെല്ലാം നമുക്ക് പഠിക്കാവുന്ന പാഠങ്ങളാണ്.

7. കൊറോണയുടെ ആദ്യത്തെ തിരമാലയിൽ ദിശയറിയാതെ അടിപ്പെട്ട് പോയ ബ്രിട്ടനിലും കാര്യങ്ങൾ മുന്നോട്ട് തന്നെയാണ്. ആളുകളെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാനും സന്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും പുതിയ നയങ്ങളുമായി അവർ എത്തുന്നു. ഉദാഹരണത്തിന് ലോക്കൽ ബിസിനസ് സംരംഭങ്ങൾ ലാഭകരമാക്കാനായി അവർ ചെയ്ത ഒരു കാര്യം ശ്രദ്ധിക്കേണ്ടതാണ്. ആഗസ്റ്റ് മാസത്തിൽ അവിടെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തുന്നവരുടെ പകുതി ബിൽ തുക സർക്കാർ കൊടുക്കും എന്നതാണിത്. കൊറോണയെ പ്രതിരോധിക്കാനുള്ള പൊതുജനാരോഗ്യ മുൻകരുതലുകൾ സ്വീകരിക്കുന്നതോടൊപ്പം സന്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമവും തുടരുകയാണ്.

8. അന്താരാഷ്ട്ര വിമാന സർവീസുകൾ പലതും തുടങ്ങിക്കഴിഞ്ഞു. ദുബായിൽ നിന്നും ഇപ്പോൾ 26 രാജ്യങ്ങളിലേക്ക് വിമാന സർവീസുകളുണ്ട്. കേസുകൾ കുറഞ്ഞു തുടങ്ങിയ യൂറോപ്പിലേക്ക് മാത്രമല്ല അമേരിക്കയിലേക്കും കാബൂളിലേക്കും ഇപ്പോൾ സ്ഥിരം വിമാന സർവീസുകളുണ്ട്. ഈ സർവീസുകൾ കൊറോണയെ പ്രതിരോധിക്കാനുള്ള മുൻകരുതലുകൾ എടുത്തുകൊണ്ടു തന്നെയാണ് നടത്തുന്നത്.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

9. കൊറോണ ഇൻഷുറൻസ്: ടൂറിസമാണ് സൈപ്രസിലെ വലിയൊരു ബിസിനസ്, അതുകൊണ്ട് തന്നെ ടൂറിസം മുടങ്ങിയാൽ അവിടെ കാര്യങ്ങളാകെ കുഴയും. വിനോദ സഞ്ചാരികളെ ആകർഷിക്കാനായി സൈപ്രസിൽ വന്നതിന് ശേഷം കൊറോണ ഉണ്ടാവുന്നവരുടെ ചികിത്സയും താമസവും ഭക്ഷണവും സർക്കാർ വഹിക്കുമെന്ന് അവർ പ്രഖ്യാപിച്ചു. വർഷാവസാനത്തോടെ എങ്കിലും ഇത്തരം സംവിധാനങ്ങൾ നാമും ചിന്തിക്കണം.

10. ഈ കൊറോണക്കാലത്ത് എവിടമാണ് ഏറ്റവും സുരക്ഷിതം എന്നതിനെ പറ്റി ഹോങ്കോങ്ങിലെ Deep Knowledge Group ഒരു ബിഗ് ഡേറ്റ അനാലിസിസ് നടത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. Healthcare Readiness, Quarrentine Efficiency, Monitoring and Detection, Emergency Preparedness, Regional Resiliency and Government Efficiency of Risk Management എന്നീ ആറു മേഖലകളിലെ അനവധി കണക്കുകൾ താരതമ്യം ചെയ്താണ് ഈ റാങ്കിങ്ങ് ഉണ്ടാക്കിയിരിക്കുന്നത്. ഓരോ റാങ്കിങ്ങിലും ഏത് സൂചികകളെ പരിഗണിച്ചാണ് റാങ്കിങ്ങ് നൽകുന്നതെന്നത് ഒരു വിഷയമാണെങ്കിലും ഈ റിപ്പോർട്ട് മനസ്സിരുത്തി വായിച്ചാൽ എന്തുകൊണ്ടാണ് ചില രാജ്യങ്ങൾ കൊറോണ കൈകാര്യം ചെയ്യുന്നതിൽ മറ്റു രാജ്യങ്ങളെക്കാൾ നല്ല പ്രകടനം കാഴ്ചവെക്കുന്നത് എന്ന് മനസ്സിലാകും. ഗവേഷണത്തിൽ താല്പര്യമുള്ളവരുണ്ടെങ്കിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെ ഇതേ അനാലിസിസിൽ കൂടി കടത്തി വിട്ടു നോക്കുന്നത് നന്നായിരിക്കും.

11. കൊറോണ തുടങ്ങിയ കാലത്ത് ആളുകൾ വീട്ടിലിരിപ്പായതിനാൽ അടുത്ത വർഷത്തിൽ ബേബി ബൂം (ജനസംഖ്യയിൽ വൻ വർധന) ഉണ്ടാകുമെന്ന് പ്രവചനങ്ങൾ ഉണ്ടായിരുന്നു. ഓൺലൈൻ ഡേറ്റിങ് സൈറ്റുകളിലെ അംഗത്വം, സെക്സ് ടോയ്‌സ് കച്ചവടം, പോൺ സൈറ്റ് ഉപയോഗം ഇവയൊക്കെ ഏപ്രിൽ മാസത്തിൽ മൊത്തമായി കൂടുകയും ചെയ്തു. പക്ഷെ ഈ വിഷയത്തിൽ ആധികാരികമായ പഠനം നടത്തിയ അമേരിക്കയിലെ കിൻസി ഇൻസ്റ്റിറ്റ്യുട്ടിന്റെ പഠന ഫലങ്ങൾ നേരെ തിരിച്ചാണ് (Studies show that couples are having less sex during the pandemic, even though experts say the health benefits of sex are exactly what is needed during these stressful times). ഇതൊക്കെ നമ്മുടെ മാത്രം പ്രശ്നമായിരുന്നു എന്നോർത്ത് വിഷമിച്ചിരുന്നവർക്ക് ഏറെ ആശ്വാസം നൽകുന്ന പഠനമാണ് !

12. വിദ്യാഭ്യാസം ഓൺലൈൻ ആകുന്പോൾ വിദ്യാർത്ഥികൾ യാത്ര ചെയ്യേണ്ട ആവശ്യമുണ്ടോ?. ഈ ചോദ്യമാണ് അമേരിക്കയിൽ നിന്നും വരുന്നത്. അവിടെ യൂണിവേഴ്സിറ്റികൾ പഠനം ഓൺലൈൻ ആക്കുന്പോൾ സ്റ്റുഡന്റ് വിസയിൽ മാത്രം അമേരിക്കയിൽ എത്തിയവർ സ്ഥലം വിടേണ്ടി വരുമെന്നാണ് ചർച്ചകൾ നടക്കുന്നത്. ധാരാളം സമയവും പണവും ചിലവാക്കി അമേരിക്കയിൽ പഠിക്കാൻ എത്തിയവർക്ക് ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് പ്രത്യേകം പറയേണ്ടല്ലോ. അതേസമയം വിദേശത്തു പോയി പഠിക്കാൻ ബുദ്ധിപരമായ കഴിവും ആഗ്രഹവും ഉണ്ടായിട്ടും സാന്പത്തിക സ്ഥിതി അനുവദിക്കാത്തവരെ സംബന്ധിച്ചിടത്തോളം ഇത് പിൽക്കാലത്ത് വലിയ അനുഗ്രഹമാകും. ഇന്ത്യയിൽ നിന്നും വിദേശത്ത് പഠിക്കാൻ അവസരം കിട്ടുന്നവരുടെ എണ്ണം പലമടങ്ങാകാം !

13. ദശ ലക്ഷക്കണക്കിന് തൊഴിലുകൾ ഓഫീസിൽ നിന്നും വീട്ടിലെത്തിയിരുന്നല്ലോ. ഇതിൽ മിക്ക ജോലികളും ഇനി ഓഫീസിലേക്ക് തിരിച്ചുപോകില്ല എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ജോലി ചെയ്യാനായി മാത്രം ഗ്രാമത്തിൽ നിന്നും നഗരത്തിലേക്കും, സംസ്ഥാനത്തിൽ നിന്നു മറ്റു സംസ്ഥാനങ്ങളിലേക്കും മറ്റു രാജ്യങ്ങളിലേക്കും പോകേണ്ട ആവശ്യം ഏറെക്കുറെ ഇല്ലാതാകും. ഇന്ത്യക്കാർക്ക് വർക്ക് പെർമിറ്റും വിസയും കിട്ടാൻ ബുദ്ധിമുട്ടുള്ള വികസിത രാജ്യങ്ങളിലെ ധാരാളം തൊഴിലുകൾ ഇന്ത്യയിൽ എത്താൻ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

14. കൊറോണ വന്ന് തൊഴിലും വിദ്യാഭ്യാസവും തടസ്സപ്പെടുത്തിയിട്ടും നിർമ്മിത ബുദ്ധിയും റോബോട്ടിക്‌സും ഉൾപ്പെട്ട സാങ്കേതികവിദ്യകളുടെ പുറത്തേറി വരുന്ന നാലാം വ്യവസായവിപ്ലവത്തിന്റെ പുരോഗതിക്ക് ഒരു തടസ്സവും നേരിടുന്നില്ല എന്ന് മാത്രമല്ല തൊഴിൽ നഷ്ടം കാരണം ഏറെ എതിർപ്പുകൾ ഉണ്ടാകുമെന്ന് കരുതിയ സാങ്കേതിക വിദ്യകൾ അതി വേഗതയിലാണ് സമൂഹത്തിലേക്കെത്തുന്നതും. ഒരിക്കൽ സാങ്കേതിക വിദ്യ ഏറ്റെടുക്കുന്ന തൊഴിലുകൾ പിന്നീട് തിരിച്ചുവരാറില്ല.

കൊറോണ ലോകാവസാനം ഒന്നുമല്ല. കൊറോണ കഴിഞ്ഞും ഒരു ലോകമുണ്ട്. ലോകത്തിലെ കുറച്ചു രാജ്യങ്ങളെങ്കിലും കൊറോണയുടെ ഒന്നാമത്തെ തിരമാലയുടെ അപ്പുറത്തെത്തിയിട്ടുണ്ട്. അപ്പോൾ വെല്ലുവിളികളുടെ മാത്രമല്ല സാധ്യതകളുടെ ഒരു ലോകവും നമുക്ക് മുന്നിലുണ്ട്. എന്നാൽ അത് ഉപയോഗപ്പെടുത്തണമെങ്കിൽ നമ്മൾ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്.

1. ആരോഗ്യം സൂക്ഷിക്കുക: ശാരീരിക ആരോഗ്യത്തെ കുഴപ്പത്തിലാക്കുന്ന കാര്യങ്ങളാണ് ലോക്ക് ഡൗണിന് ശേഷം ഉണ്ടായത്. പുറത്തിറങ്ങാൻ പറ്റാത്തതിനാൽ എക്സർസൈസ് മിക്കവാറും ഇല്ലാതായതും, വീട്ടിൽ വെറുതെ ഇരിക്കുന്നതിനാൽ പുതിയ ഭക്ഷണങ്ങൾ ഉണ്ടാക്കി - വീട്ടിൽ എല്ലാവരും ഒരുമിച്ചിരിക്കുന്നതിനാലും മറ്റൊന്നും ചെയ്യാനില്ലാത്തതിനാലും - കൂടുതൽ കഴിക്കുന്നതും സാധാരണഗതിയിൽ തന്നെ ആരോഗ്യകരമല്ലാത്ത മലയാളികളുടെ ശീലം കൂടുതൽ വഷളാക്കി. ഇത് തീർച്ചയായും മാറ്റേണ്ട സമയമായി. പൊണ്ണത്തടി ഉണ്ടായിരിക്കുന്നത് കൊറോണ പ്രതിരോധത്തിന് ചേർന്നതല്ല എന്നതിനാൽ ബ്രിട്ടനിലെ ആളുകൾക്ക് വ്യായാമം ചെയ്യാനായി കൂടുതൽ ഔട്ട് ഡോർ ജിം ഉണ്ടാക്കുമെന്നാണ് പ്രധാനമന്ത്രി (കൊറോണ ബാധിച്ച് മരണത്തെ മുഖാമുഖം കണ്ട അല്പം തടിയുള്ള ആളാണ്) പ്രഖ്യാപിച്ചിരിക്കുന്നത്. ജിം ഉണ്ടെങ്കിലും ഇല്ലെങ്കിലും ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും ശീലമാക്കിയേ ഈ യുദ്ധത്തെ നമുക്ക് നേരിടാനാകൂ.

2. മാനസിക ആരോഗ്യം ശ്രദ്ധിക്കുക: മൂന്നു മാസമായി കൊറോണ വാർത്തകളും, തൊഴിൽ വിദ്യാഭ്യാസ രംഗത്തുള്ള പ്രതിസന്ധികളും, ആരാധനാലയങ്ങളിൽ പോകാനുള്ള വിലക്കും, ബന്ധുക്കളെ പോയി കാണാനുള്ള ബുദ്ധിമുട്ടുകളും എല്ലാം ചേർന്ന് മലയാളികളെ മാനസികമായി ഏറെ തളർത്തിയിട്ടുണ്ട്. നമ്മൾ ആരും തന്നെ സൂപ്പർ ഹ്യൂമൻ അല്ലാത്തതിനാൽ മാനസിക വിഷമമുണ്ടാകുന്നത് സ്വാഭാവികമാണ്. അതുകൊണ്ട് നമുക്ക് മാനസിക ഉല്ലാസം കിട്ടുന്ന കാര്യങ്ങൾ ആലോചിച്ച് ചെയ്യുന്നതോടൊപ്പം ചുറ്റുമുള്ളവരുടെ മാനസിക ആരോഗ്യവും ശ്രദ്ധിക്കണം. ആവശ്യമെങ്കിൽ പ്രൊഫഷണൽ സഹായം തേടാനും മടിക്കരുത്.

3. ജീവിതം സാധാരണമാക്കാൻ ശ്രമിക്കുക: കൊറോണ മൂലം മാർച്ച് അവസാനം മുതൽ നമ്മുടെ ജീവിതരീതികൾ ആകെ മാറിയിരിക്കുന്നതിനാൽ ഇനി കൊറോണക്കാലം കഴിഞ്ഞിട്ട് പഴയത് പോലുള്ള ജീവിതരീതിയിലേക്ക് തിരിച്ചു പോകാം എന്ന് കരുതരുത്. കൊറോണ വളരെക്കാലം നമ്മോടൊപ്പം ഉണ്ടാകും. അതിനാൽ നമ്മുടെ ജീവിതം ഇനിയങ്ങോട്ട് കൊറോണയോടൊത്ത് എന്നാൽ സുരക്ഷിത ദൂരത്തിൽ പ്ലാൻ ചെയ്തേ പറ്റൂ. ദുബായും സ്വിറ്റ്സർലാൻഡും ഒക്കെ ടൂറിസവും ലണ്ടൻ റെസ്റ്റോറന്റും മറ്റു രാജ്യങ്ങളിൽ സ്‌കൂളുകളും തുറക്കുന്നത് ഇതുകൊണ്ടാണ്. ഓണം ആകുന്നതോടെ എങ്ങനെയാണ് കുറച്ചെങ്കിലും നമ്മുടെ സാധാരണ ജീവിതം തിരിച്ചു പിടിക്കാൻ പറ്റുന്നതെന്ന് ചിന്തിക്കണം. സ്‌കൂളുകളും കോളേജുകളും ഓണാവധി കഴിഞ്ഞാൽ നിയന്ത്രണങ്ങളോടെ എങ്കിലും വീണ്ടും തുറക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുകയും വേണം.

4. സ്മാർട്ട് ലോക്ക് ഡൗണിന്റെ കാലം: സ്‌കൂളും വ്യവസായവും വ്യാപാര സ്ഥാപനങ്ങളും തുറക്കുന്നതിനോടൊപ്പം തന്നെ കൊറോണ വർദ്ധിക്കുന്ന ഇടങ്ങൾ അതിവേഗത്തിൽ പൂട്ടിയിടാനുള്ള സംവിധാനങ്ങളും വർദ്ധിപ്പിക്കണം. രാജ്യവും സംസ്ഥാനവും മൊത്തമായി പൂട്ടിയിടുന്ന രീതിയല്ല മറിച്ച് രോഗവ്യാപനം സംശയിക്കുന്ന ക്ലസ്റ്ററുകൾ ഏറ്റവും ചെറിയ യൂണിറ്റുകളായി പ്രാദേശികമായി പൂട്ടിയിടുന്ന ഒരു സ്മാർട്ട് ലോക്ക് ഡൌൺ സ്ട്രാറ്റജി ആണ് നമുക്ക് വേണ്ടത്. (ഇപ്പോൾ കേരളം ചെയ്യുന്നത് പോലെ). വരുന്ന മാസങ്ങളിൽ നമ്മൾ താമസിക്കുന്ന പ്രദേശങ്ങൾ ഇത്തരത്തിൽ പല പ്രാവശ്യം പൂട്ടിയിടേണ്ടി വന്നേക്കാം. നമ്മൾ എത്ര കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറുന്നുവോ അത്രയും കുറച്ചു മാത്രമേ നമ്മുടെ പ്രദേശം ലോക്ക് ഡൗണിൽ ആകൂ.

5. വീടുകളിലെ തയ്യാറെടുപ്പ്: വരുന്ന മാസങ്ങളിൽ ഒന്നോ അതിലധികമോ തവണ നമ്മുടെ വീടിരിക്കുന്ന പ്രദേശം സ്മാർട്ട് ലോക്ക് ഡൗണിൽ ആകുമെന്ന് പറഞ്ഞല്ലോ. ഇത് എപ്പോൾ വേണമെങ്കിലും, ഒട്ടും മുന്നറിയിപ്പില്ലാതെ തന്നെ സംഭവിക്കാം. അതുകൊണ്ട് സാധിക്കുന്നത് പോലെ ഇതിന് നാം തയ്യാറെടുക്കണം. ഒരു മാസത്തേക്ക് ആവശ്യമായ മരുന്നുകൾ, രണ്ടാഴ്ചത്തേക്കുള്ള ഭക്ഷ്യ വസ്തുക്കൾ, ഒരാഴ്ചത്തേക്കുള്ള പച്ചക്കറി എന്നിവ വാങ്ങി സൂക്ഷിക്കുന്നത് പതിവാക്കണം. കുട്ടികൾ ഉളളവർ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കണം. കൊറോണയില്ലാതിരുന്ന കാലത്ത് പോലും ഇത്തരം രീതികൾ സൈക്ലോൺ സീസണിൽ നടപ്പാക്കാറുണ്ട്.

6. ഹൈപ്പർ ലോക്കൽ പർച്ചേസ്: ജൂലൈ ആഗസ്റ്റ് മാസങ്ങൾ കേരളത്തിൽ ഏറ്റവും കൂടുതൽ കച്ചവടം നടക്കുന്ന സമയമാണ്. വിദേശത്തുള്ള മലയാളി കുട്ടികളുടെ അവധിക്കാലം കൂടി ആയതിനാൽ അവർ നാട്ടിൽ വരുന്നു, ഒപ്പം ഓണവും. ഈ രണ്ടു കാരണം കൊണ്ട് കച്ചവട സ്ഥാപനങ്ങൾ വലിയ ഓഫറുകളുമായി വരുമെന്നതിനാൽ നാട്ടിലുള്ളവരും അവരുടെ മേജർ പർച്ചേസ് ഈ സീസണിലേക്ക് മാറ്റിവെക്കുന്നു. എന്നാൽ ഈ വർഷം ഇതെല്ലാം മാറുകയാണ്. വിദേശ മലയാളികളുടെ അവധിക്കാല വരവ് ഉണ്ടാവില്ല, നാട്ടിൽ വന്നവർക്ക് പണം ചെലവഴിക്കാനുള്ള മൂഡല്ല, നാട്ടിലുള്ളവരുടെ കാര്യവും വ്യത്യസ്തമല്ല. പണം എല്ലാവരുടെ കയ്യിലും കുറയുന്നതോടെ പണം ഉളളവർ പോലും അത് ചിലവാക്കാൻ മടിക്കുന്നു. ഇത് സന്പദ്‌വ്യവസ്ഥയെ കൂടുതൽ കുഴപ്പത്തിലേക്ക് നയിക്കും. ഓണം സീസൺ നമുക്ക് സാധിക്കുന്നത്ര ഷോപ്പിംഗ് ചെയ്തു കൊഴുപ്പിക്കണം, പരമാവധി നമ്മുടെ വീടിന് ഏറ്റവും അടുത്തുള്ള കടകളിൽ ഷോപ്പ് ചെയ്യുകയും വേണം. ഓൺലൈൻ ഷോപ്പിംഗ് അല്പം മാറ്റിവെക്കുന്നതാണ് കേരളത്തിന്റെ സന്പദ്‌വ്യവസ്ഥയെ തിരിച്ചു പിടിക്കാൻ കൂടുതൽ സഹായിക്കുന്നത്.

7. പുതിയതായി എന്തെങ്കിലും പഠിക്കുക. നിർമ്മിത ബുദ്ധിയും റോബോട്ടിക്‌സും ഒക്കെയായി നാലാം വ്യവസായ വിപ്ലവം നമ്മുടെ മുറ്റത്തെത്തി. ഇപ്പോൾ പഠനം പൂർത്തിയായി ജോലിക്ക് ശ്രമിക്കുന്നവരും ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയവരും ഒരു കാര്യം ഓർക്കണം. പഴയ തൊഴിലുകൾ ആയിരിക്കില്ല ഇനി ഉണ്ടാകാൻ പോകുന്നത്. പുതിയ തൊഴിലുകൾക്ക് പഴയ വിദ്യാഭ്യാസമോ പരിശീലനമോ മതിയാവില്ല. ഈ കൊറോണക്കാലത്ത് നമ്മൾ എല്ലാവരും പുതിയതായി എന്തെങ്കിലും പഠിക്കാൻ ശ്രമിക്കുക, പ്രത്യേകിച്ചും നിങ്ങളുടെ തൊഴിൽ സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നവ. ഭാഷയും, പുതിയ സാങ്കേതിക വിദ്യകളും, കമ്മ്യൂണിക്കേഷൻ സ്കില്ലും ഇത്തരത്തിൽ പഠിച്ചെടുക്കാവുന്നതാണ്.

8. ബന്ധങ്ങളിൽ നിക്ഷേപിക്കുക: ബന്ധുക്കൾക്കും കൂട്ടുകാർക്കും കണ്ടുമുട്ടാനും ആളുകളെ കണ്ടുമുട്ടി കൂട്ടുകൂടാനുമുള്ള അവസരങ്ങളും സാഹചര്യങ്ങളും കുറഞ്ഞ കാലമാണിത്. അതുകൊണ്ട് തന്നെ മനഃപൂർവം ഇത്തരം അവസരങ്ങൾ ഉണ്ടാക്കേണ്ടത് പ്രധാനമാണ്. സ്‌കൂളിലും കോളേജിലും പഠിക്കുന്ന കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകളുടെ പുറത്ത് ചെറിയ ഗ്രൂപ്പുകളിൽ ഒരുമിച്ചു കൂടാനുള്ള സൗകര്യം ഉണ്ടാക്കണം. ബന്ധുക്കളും ഇടക്കിടക്ക് ചെറിയ ഗ്രൂപ്പുകളായി കാണാൻ ശ്രമിക്കണം. ഓൺലൈൻ ബന്ധങ്ങളിലും നിക്ഷേപിക്കാൻ പറ്റിയ സമയമാണ്. വിദ്യാർത്ഥികളും തൊഴിൽ രംഗത്തുള്ളവരും അവരുടെ ലിങ്ക്ഡ് ഇൻ പ്രൊഫൈൽ ശക്തിപ്പെടുത്തണം.

9. സെക്സിന്റെ കാര്യം മറക്കേണ്ട. കൊറോണയെപ്പറ്റിയുള്ള ഭീതിയും ഭാവിയെപ്പറ്റിയുള്ള ആശങ്കയും കാരണം കൊറോണ ബാധിച്ചിടത്തൊക്കെ സെക്സിൽ കുറവ് വന്നു എന്നാണ് റിപ്പോർട്ട്. വാസ്തവത്തിൽ ബന്ധങ്ങൾ ദൃഢമാക്കാനും ടെൻഷൻ കുറക്കാനും സഹായിക്കുന്ന ഒന്നാണ് സെക്സ്, ഇത് ഒഴിവാക്കുന്നത് നല്ല കാര്യമല്ല. ഇക്കാര്യം മനസ്സിലാക്കി, കൊറോണക്കാലത്തെ സാഹചര്യങ്ങളെ പരമാവധി പ്രയോജനപ്പെടുത്തുക.

10. യാത്ര ചെയ്യുക: കേരളത്തിൽ നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കും മറ്റു രാജ്യങ്ങളിലേക്കുമുള്ള യാത്രകൾക്ക് ഇപ്പോൾ നിയന്ത്രണങ്ങളുണ്ട്. അടുത്ത ജില്ലയിലേക്ക് പോലും യാത്ര ചെയ്യാൻ ആളുകൾക്ക് മടിയുമുണ്ട്. പക്ഷെ മനുഷ്യന് മാനസികോല്ലാസം നൽകുന്ന ഒന്നാണ് യാത്രയും. അതുകൊണ്ട് കൊറോണ നിയന്ത്രങ്ങൾക്ക് ഉള്ളിൽ എത്ര ചെറുതാണെങ്കിലും യാത്രകൾ തുടരുക.

11. വായനയും സിനിമയും: സിനിമാ തീയേറ്ററുകൾ ഇപ്പോൾ പ്രവർത്തിക്കുന്നില്ല. അടച്ചിട്ട മുറിയിൽ ഏറെ സമയം ആളുകൾ ഒരുമിച്ചിരിക്കേണ്ടതിനാൽ അടുത്തൊന്നും തിയേറ്ററിൽ സിനിമ കാണുന്നത് സുരക്ഷിതവുമല്ല. ഓൺലൈൻ ആയി സിനിമകളും ഡോക്കുമെന്ററികളും കാണുക, പുസ്തകങ്ങൾ വായിക്കുക. സമയം നന്നായി ചെലവാക്കുന്നതോടൊപ്പം മാനസിക പിരിമുറുക്കം കുറക്കാനും അറിവ് സന്പാദിക്കാനും അതിലും നല്ല വഴിയില്ലല്ലോ.

#മുരളി തുമ്മാരുകുടി, #നീരജ ജാനകി


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About മുരളി തുമ്മാരുകുടി

ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ (UNEP) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനാണ് ഡോ. മുരളി തുമ്മാരുകുടി

Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 01:57:33 am | 25-06-2024 CEST