എയർ കണ്ടീഷനിങ്ങിന് കൊതുക് വല ഉപയോഗിക്കാം എന്നത് എൻ്റെ കണ്ട് പിടുത്തമല്ല. അതിന് പിന്നിൽ എൻ്റെ ആത്മസുഹൃത്തും ശാസ്ത്ര ഗവേഷകനുമായ വർഗീസ് ചേട്ടൻ എന്ന ഗാർഡിയൻ വർഗീസാണ്.
1998 കാലഘട്ടത്തിൽ അദ്ദേഹത്തിൻ്റെ പരീക്ഷണശാലയിൽ രൂപപ്പെട്ട ഒരു ഐഡിയയായിരുന്നു. ഒന്നോ രണ്ടോ പേർക്ക് മാത്രമായി വളരെ കുറഞ്ഞ കറണ്ട് ചിലവിൽ പ്രവർത്തിക്കുന്ന ബെഡ് എയർ കണ്ടീഷണർ എന്ന ആശയം.
അക്കാലത്ത് എനിക്ക് സർക്കാർ ജോലി ലഭിച്ചിട്ടില്ല. ഞാൻ വർഗീസ് ചേട്ടൻ്റെ ഒപ്പം അസിസ്റ്റൻ്റായി പ്രവർത്തിക്കുകയാണ്.
ഒരു ഐഡിയ തലയിൽ കയറിയാൽ പിന്നെ അത് പൂർത്തിയാക്കി രണ്ടിലൊന്നറിയാതെ കിടന്നുറങ്ങാത്ത വർഗീസ് ചേട്ടൻ ഉടൻ പണി തുടങ്ങി.
അക്കാലത്ത് ഏകദേശം 1000 രൂപയ്ക്ക് 165 ലിറ്റർ ഫ്രിഡ്ജിൻ്റെ പുതിയ കമ്പ്രസർ ലഭിക്കുമായിരുന്നു. കമ്പ്രസറും, അതിൻ്റെ കൂളിങ്ങ് കണ്ടൻസറും വാങ്ങി ഒരു മരത്തിൻ്റെ സ്റ്റൂൾ എടുത്ത് തിരിച്ച് വച്ച് അതിൽ കമ്പ്രസറും, കൂളിങ്ങ് കണ്ടൻസറും മറ്റ് അനുബന്ധ ഉപകരണങ്ങളും ഘടിപ്പിച്ച് ഗ്യാസ് ചാർജ് ചെയ്ത് അന്ന് തന്നെ എയർ കണ്ടീഷണറിൻ്റെ പ്രോട്ടോ ടൈപ്പ് തയ്യാറാക്കി.
അദ്ദേഹത്തിൻ്റെ വീട്ടിലെ തന്നെ കൊതുകുവല അടിച്ച ഒരു ഡബിൾ കോട്ട് ബഡിൽ സംഗതി പരീക്ഷിച്ച് നോക്കി.
സ്റ്റൂളിൻ്റെ എല്ലാ വശവും തെർമോകോളും, സ്റ്റീൽഷീറ്റുകളുമുപയോഗിച്ച് തെർമൽ പ്രൂഫിങ്ങും സൌണ്ട് പ്രൂഫിങ്ങും, റബർ ബുഷുകൾ ഉപയോഗിച്ച് വൈബ്രേഷൻ പ്രൊട്ടക്ഷനും കൊടുത്തു.
ഉള്ളിൽ ഘടിപ്പിച്ച ശബ്ദരഹിതമായ രണ്ട് ചെറിയ 4 ഇഞ്ച് ഫാനുകൾ ഉപയോഗിച്ച് കമ്പ്രസറും, ഹീറ്റ് എക്സേഞ്ചറും പുറപ്പെടുവിക്കുന്ന താപം ഒരു രണ്ടിഞ്ച് പ്ലാസ്റ്റിക് ഹോസ് വഴി ജനല് വഴി മുറിക്ക് പുറത്തേക്കും.
കൂളിങ്ങ് കണ്ടൻസറിൽ ഉൽപ്പാദിപ്പിക്കുന്ന തണുപ്പ് മറ്റൊരു രണ്ടിഞ്ച് ഹോസ് വഴി ബെഡ് സ്പേസിലേക്കും എത്തിക്കുന്ന സിമ്പിൾ സംവിധാനമായിരുന്നു അത്.
കൊതുക് വലയ്ക്ക് പകരം ബാഗ് നിർമ്മാണത്തിനുപയോഗിക്കുന്ന നൈലോൺ ഷീറ്റ് ഉപയോഗിക്കാമെന്നായിരുന്നുആദ്യം കരുതിയത്. പക്ഷേ കൊതുകുവല അടിച്ച ബഡിൽ പരീക്ഷിച്ചപ്പോൾ തന്നെ നല്ല റിസൾട്ട് കിട്ടി.
കൊതുകുവല ഉപയോഗിച്ചാൽ കറണ്ട് പോയാലും വല്യ കുഴപ്പമില്ല. പക്ഷേ റക്സിൻ കൊണ്ട് വായു നിബദ്ധമായി കവർ ചെയ്താൽ കഷ്ടകാലത്തിന് കറണ്ട് പോയാൽ പുകഞ്ഞ് പണ്ടാരമടങ്ങിപ്പോകും.
അങ്ങനെ വർഗീസ് ചേട്ടൻ ബൈ ചാൻസിൽ കണ്ട് പിടിച്ച കൊതുക് വല കൊണ്ടുള്ള കവറിങ്ങ് ചെയ്ത ബെഡിൽ ഫിറ്റ് ചെയ്ത എയർ കണ്ടീഷണർ ഒരു വൻ സക്സസായി മാറി.
കൊതുക് വല ഉപയോഗിച്ചത് മൂലം ചിലവിൽ കാര്യമായ കുറവും വന്നു.അന്ന് ആകെ മൊത്തം ഒരു ബഡ് ഏസി നിർമ്മിക്കാൻ ഏതാണ്ട് 2750 രൂപയേ ആയുള്ളൂ.
പതിയെപ്പതിയെ ഇതിനെപ്പറ്റി കേട്ടറിഞ്ഞ് ഒരു ഫ്രിഡ്ജ് പ്രവർത്തിക്കുന്ന ചിലവിൽ പ്രവർത്തിക്കുന്ന ബഡ് ഏസിയുടെ കൗതുക വാർത്ത ചില പത്രങ്ങളുടെ പ്രാദേശിക പേജിൽ വരുകയും. ഞങ്ങൾക്ക് ധാരാളം ഓർഡർ ലഭിക്കുകയും ചെയ്തു.
ഒരു പത്തെണ്ണത്തോളം 5000 രൂപ വിലയ്ക്ക് പലർക്കായി നിർമ്മിച്ച് കൊടുത്തു. അപ്പോഴേക്കും എറണാകുളം ഇടപ്പള്ളിയിലെ ഒരു പ്രമുഖ റഫ്രിജറേഷൻ കമ്പനി വർഗീസ് ചേട്ടനെ സമീപിക്കുകയും നിർമ്മാണ അവകാശം പേറ്റെൻ്റ് റൈറ്റ് ഉൾപ്പടെ അവർക്ക് കൈമാറുകയും ചെയ്തു.
ആ കമ്പനി 2000 - 2005 കാലഘട്ടത്തിൽ ഏകദേശം 8500 രൂപയ്ക്കടുത്ത് വിലയിൽ ബഡ് എയർ കണ്ടീഷണർ എന്ന പേരിൽ ഈ ഉൽപ്പന്നം ധാരാളമായി വിറ്റിരുന്നു.
അന്ന് ഒരു മുക്കാൽ ടൺ ഏസിക്ക് 18000 രൂപ വിലയുണ്ടായിരുന്നു.കൂടാതെ ഉയർന്ന കറണ്ട് ചിലവും.
കേരളത്തിലെ വീടുകൾ ഏസി അന്നൊരാഡംബര വസ്തുവായി കണ്ടിരുന്നതിനാൽ വില താരതമ്യേന കുറവായിട്ടും പ്രതീക്ഷിച്ച വിൽപ്പന കേരളത്തിൽ കിട്ടിയില്ല.
ഉയർന്ന ഉദ്യോഗസ്ഥർ ബാച്ചിലറായി താമസിക്കുന്ന ഹോസ്റ്റലുകളും, ലോഡ്ജുകളിലുമാണ് ഈ ഏസി കൂടുതലായി ചിലവായത്.
കേരളത്തിലുമധികം നോർത്തിന്ത്യയിലാണ് ഈ ഉപകരണം പോപ്പുലറായത്. കാലക്രമേണ ആ കമ്പനി നിന്ന് പോവുകയും, നോർത്തിന്ത്യയിൽ ഇതിൻ്റെ ധാരാളം ഡ്യൂപ്ലിക്കേറ്റുകൾ ഇറങ്ങുകയും ചെയ്തു.
അന്ന് വർഗീസ് ചേട്ടൻ നിർമ്മിച്ച അതേ മോഡലിൽ തന്നെയാണ് ഇപ്പോഴും നോർത്തിന്ത്യയിൽ ഈ ഉപകരണം വിറ്റ് വരുന്നത്.. . കൊതുക് വല കൊണ്ടുള്ള അതിൻ്റെ സ്ട്രക്ച്ചർ നോക്കൂ...അതിൻ്റെ ഒരു ചിത്രമാണ് ഇതോടൊപ്പം കൊടുത്തിരിക്കുന്നത്.
ബഡ് എയർ കണ്ടീഷണർ എന്ന് ഗൂഗിളിൽ സെർച്ച് ചെയ്താൽ ഇതിൻ്റെ ധാരാളം, ചിത്രങ്ങളും മറ്റ് വിവരങ്ങളും ലഭിക്കും.
കളമശേരി ഗവൺമെൻ്റ് മെഡിക്കൽ കോളേജിന് സമീപമായാണ് വർഗീസ് ചേട്ടൻ്റെ ഗാർഡിയൻ എന്ന പരീക്ഷണശാലയും ,വർക്ക്ഷോപ്പും..
വർഗീസ് ചേട്ടൻ്റെ കണ്ട് പിടുത്തങ്ങൾ വിവരിക്കുന്ന ഒരു ലേഖനം താമസിയാതെ എഴുതാം. അജിത് കളമശേരി.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.