കോവിഡ് മരണങ്ങളും കോവിഡ് കാല മരണങ്ങളും

Avatar
മുരളി തുമ്മാരുകുടി | 11-03-2022 | 3 minutes Read


കഴിഞ്ഞ വർഷം ഇതേ സമയത്തൊക്കെ കോവിഡ് മരണങ്ങളുടെ കണക്ക് വലിയൊരു ചർച്ചാ വിഷയം ആയിരുന്നു. കേരളത്തിൽ കോവിഡ് മരണങ്ങൾ റെക്കോർഡ് ചെയ്യുന്നതിൽ പോരായ്മകൾ ഉണ്ടെന്ന് പലരും ചൂണ്ടിക്കാണിച്ചിരുന്നു.

945-1647018862-fb-img-1647018708503

കോവിഡ് പോലെ ഏറെക്കാലം നീണ്ടു നിൽക്കുന്ന ഒരു പ്രതിസന്ധി ഉണ്ടാകുമ്പോൾ കോവിഡ് മരണക്കണക്കുകളേക്കാൾ അതിലധികമോ പ്രധാനമാണ് കോവിഡ് കാലത്ത് മൊത്തം ഉണ്ടാകുന്ന മരണങ്ങൾ എന്ന് ഞാൻ രണ്ടായിരത്തി ഇരുപത് നവംബറിൽ എഴുതിയിരുന്നു. കോവിഡ് കാലത്ത് കോവിഡ് ഉൾപ്പടെ പല കാരണങ്ങളാൽ സാധാരണ വർഷത്തിൽ ഉള്ളതിനേക്കാൾ അധികം മരണങ്ങൾ ഉണ്ടാകാം, ഉദാഹരണത്തിന് ആരോഗ്യ സംവിധാനം മൊത്തം കോവിഡിന് പുറകേ പോകുമ്പോൾ മറ്റുള്ള രോഗങ്ങളുടെ ഫോളോ അപ്പ് വേണ്ടത്ര ഉണ്ടായില്ലെന്ന് വരാം. അതേ സമയം ചില മരണങ്ങൾ കുറയുകയും ചെയ്യും, ഉദാഹരണത്തിന് റോഡപകടങ്ങളിൽ നിന്നുള്ളത്. ഇത്തരത്തിൽ മുൻ വർഷങ്ങളെ അപേക്ഷിച്ചുണ്ടാകുന്ന മരണക്കണക്കുകൾ അപഗ്രഥിച്ചാണ് ഒരു ദുരന്ത കാലത്തെ "excess death" കണ്ടു പിടിക്കുന്നത്.

ഇത്തരത്തിൽ സമഗ്രമായ ഒരു ആഗോള പഠനം ഇന്നലെ പ്രശസ്തമായ Lancet ജേർണൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ടായിരത്തി ഇരുപത് ജനുവരി ഒന്ന് മുതൽ രണ്ടായിരത്തി ഇരുപത്തി ഒന്ന് ഡിസംബർ മുപ്പത്തി ഒന്ന് വരെയുള്ള മരണങ്ങൾ അതിന് മുൻപുള്ള കാലത്തെ മരണങ്ങളുമായി താരതമ്യപ്പെടുത്തിയാണ് ഈ പഠനം നടത്തിയിട്ടുള്ളത്.

ഇതിൽ കേരളത്തിലെ കണക്കുകൾ ഇങ്ങനെയാണ്

58,500 കോവിഡ് മരണങ്ങൾ ആണ് ഇക്കാലത്ത് റിപ്പോർട്ട് ചെയ്തത്, അതേ സമയം മുൻകാലങ്ങളും ആയി താരതമ്യം ചെയ്യുമ്പോൾ 114,000 ത്തോളം അധിക മരണങ്ങൾ കേരളത്തിൽ ആ കാലത്ത് നടന്നിട്ടുണ്ട്. കോവിഡ് കാലഘട്ടത്തിൽ കേരളത്തിൽ ഉണ്ടായ അധിക മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് മരണങ്ങളും തമ്മിലുള്ള അനുപാതം കേരളത്തിൽ ശരാശരി 1.86 ആണ്.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഇതേ കാലത്ത് ലോകത്ത് മൊത്തം എടുത്താൽ ഉണ്ടായ അധിക മരണങ്ങളുടെ കണക്ക് 18 ദശ ലക്ഷം ആണ്, രണ്ടായിരത്തി ഇരുപത്തി രണ്ട് ഡിസംബർ മുപ്പത്തി ഒന്ന് വരെ ലോകത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണമായി കണക്കാക്കപ്പെടുന്നത് 5.9 ദശ ലക്ഷം ആണ്.
കോവിഡ് കാലഘട്ടത്തിൽ ലോകത്ത് ഉണ്ടായ അധിക മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് മരണങ്ങളും തമ്മിലുള്ള അനുപാതം ലോകത്ത് ശരാശരി 3.05 ആണ്.

മറ്റൊരു തരത്തിൽ പറഞ്ഞാൽ ലോക ശരാശരിയുടെ അത്രയും അധിക മരണങ്ങൾ കോവിഡ് കാലത്ത് കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ കേരളത്തിൽ ഈ കാലഘട്ടത്തിൽ 65,000 കൂടുതൽ ആളുകൾ മരിച്ചേനേ. ഒരിക്കൽ ഞാൻ പറഞ്ഞത് പോലെ, ഒഴിവാക്കപ്പെട്ട ഈ മരണങ്ങൾ ആണ് കോവിഡ് കാലത്തെ കേരളത്തിലെ ആരോഗ്യ രംഗത്തിന്റെ ഒരു വലിയ സംഭാവന. ഈ ഒഴിവാക്കപ്പെട്ട മരണങ്ങൾ നമ്മുടെയാകാം, നമ്മുടെ അടുത്ത ബന്ധുക്കളുടെ, സുഹൃത്തുക്കളുടെ ഒക്കെ ആകാം.

ഇക്കാര്യത്തിൽ ഇന്ത്യയിലെ മൊത്തം കണക്കുകൾ എടുത്താൽ ഈ വ്യത്യാസം കൂടുതൽ പ്രകടമാകും. രണ്ടായിരത്തി ഇരുപത്തി രണ്ട് ഡിസംബർ മുപ്പത്തി ഒന്ന് വരെ ഇന്ത്യയിൽ കോവിഡ് മൂലം മരിച്ചവരുടെ എണ്ണമായി കണക്കാക്കപ്പെടുന്നത് 489,000 ആണ്. കണക്ക് കൂട്ടപ്പെട്ട അധിക മരണങ്ങൾ നാലു ദശ ലക്ഷം ആണ്. കോവിഡ് കാലഘട്ടത്തിൽ ഇന്ത്യയിൽ ഉണ്ടായ അധിക മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് മരണങ്ങളും തമ്മിലുള്ള അനുപാതം ശരാശരി 8.3 ആണ്. ഇന്ത്യയിലെ ശരാശരി അധിക മരണ നിരക്ക് കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ മൂന്നു ലക്ഷം കൂടുതൽ അധിക മരണങ്ങൾ കേരളത്തിൽ ഉണ്ടാകുമായിരുന്നു.

കോവിഡ് മരണങ്ങളും കോവിഡ് കാല അധിക മരണങ്ങളും തമ്മിലുള്ള അനുപാതം ഇന്ത്യയിൽ ഏറ്റവും കുറവ് ഗോവയിൽ ആണ്, 0.9, പിന്നീട് കേരളമാണ് (1.86), തൊട്ട് പുറകിൽ സിക്കിമുണ്ട് (2.42) പിന്നാലെ ഡൽഹി (2.44) എന്നിങ്ങനെ. പക്ഷെ ഈ അനുപാതം ഏറ്റവും കൂടുതൽ ബീഹാറിലാണ് (26.68), പുറകിൽ ഉത്തർ പ്രാദേശ് (22.58), അതിനടുത്ത് മധ്യ പ്രദേശ് (21.2) എന്നിങ്ങനെ. കോവിഡ് കാലത്ത് വെറും പന്തീരായിരം മരണങ്ങൾ റിപ്പോർട്ട് ചെയ്ത ബീഹാറിൽ ഇക്കാലത്ത് സംഭവിച്ച അധിക മരണങ്ങൾ മൂന്നു ലക്ഷത്തി ഇരുപതിനായിരം വരെ ഉണ്ടായിരുന്നിരിക്കാം എന്നാണ് ലാൻസെറ്റ് പഠനം സൂചിപ്പിക്കുന്നത്.

» മുഴുവൻ പഠനത്തിന്റെ ലിങ്ക് .. എങ്ങനെയാണ് വിവിധ ലോക രാജ്യങ്ങൾ ഈ വിഷയം കൈകാര്യം ചെയ്തത് എന്നതിന്റെ ഇതുവരെയുള്ള ഏറ്റവും സമഗ്രമായ പഠനമാണ്. വായിച്ചു നോക്കൂ

മുരളി തുമ്മാരുകുടി


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About മുരളി തുമ്മാരുകുടി

ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ (UNEP) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനാണ് ഡോ. മുരളി തുമ്മാരുകുടി

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 10:40:10 pm | 03-06-2023 CEST