ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ചെടുക്കുന്ന കോവിഡിനെതിരെയുള്ള വാക്സിൻ ഈ വർഷം ഓഗസ്റ്റ് 15യാം തീയതി വിപണിയിൽ ഇറങ്ങുമെന്നൊരു വാർത്ത കണ്ടു. ഇത് പൂർണ്ണമായും ശരിയല്ല!
പ്രാഥമികമായി മനസ്സിൽ ആക്കിയ വിവരങ്ങൾ വെച്ചു പൂനെയിലെ ഐസിഎംആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി വേർതിരിച്ചെടുത്ത കോവിഡിന് കാരണമായ SARS-CoV-2 വൈറസിന്റെ സ്ട്രെയ്നിനെ നിർവീര്യമാക്കിയാണ് ഈ വാക്സിൻ നിർമ്മിക്കുന്നത്. ഐസിഎംആറും ബിബിഎല്ലും സംയുക്തമായി ഈ വാക്സിൻറെ പ്രീ-ക്ലിനിക്കൽ, ക്ലിനിക്കൽ വികസനത്തിനായി പ്രവർത്തിക്കുന്നുണ്ടു. വർക്ക് ചെയ്‌താൽ സിറം ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയും യൂറോപ്യയിലെ ഓക്സ്ഫോർഡ് സർവകലാശാലയും ചേർന്നു വികസിപ്പിക്കുന്ന വാക്‌സിനെക്കാളും സ്പെസിഫിക് ആയിരിക്കും. പക്ഷെ നിലവിൽ "BBV152 COVID Vaccine" എന്ന താൽക്കാലിക പേരിൽ രേഖപെടുത്തിയിരിക്കുന്ന ഈ വാക്സിൻ ഒരു ഐഡിയ മാത്രമാണ്.
ഇതുവരെ ഈ വാക്സിൻ ഉപയോഗിച്ചു കൊണ്ടുള്ള ക്ലിനിക്കൽ ട്രയൽ പരീക്ഷണങ്ങൾ ഒന്നും നടന്നിട്ടില്ല. വാക്സിൻ്റെ ഒന്നും രണ്ടും ഘട്ടങ്ങളിലേക്കുള്ള പരീക്ഷണങ്ങൾക്ക് കഴിഞ്ഞ ദിവസമാണ് ഐസിഎംആർ അനുമതി നൽകിയത്. ക്ലിനിക്കൽ ട്രയലിൽ ഡൽഹി, ചെന്നെെ തുടങ്ങിയ 10 നഗരങ്ങളിലെ പ്രധാന ആശുപത്രികളിൽ ആകും പരീക്ഷണം നടത്തുക. ആദ്യ 2 ഘട്ടങ്ങളിൽ വാക്സിൻ സുരക്ഷിതവും ഫലപ്രദമെന്നും കണ്ടെത്തിയാൽ മാത്രമേ പൊതുജനങ്ങൾക്കു സുരക്ഷിതമാണ് ഈ വാക്‌സിനെന്നു കരുതാൻ പറ്റുക ഉള്ളൂ. മൂന്നു മാസം കൊണ്ട് നടപടികൾ പൂർത്തിയാക്കുക എന്നതാണ് ഐസിഎംആറിന്റെ പ്രതീക്ഷ.
ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് ഒരു പുതിയ വാക്സിൻ വിപണിയിൽ എത്തിക്കുക എന്നത് ശാസ്‌ത്രീയവും പ്രായോഗികവുമായ വശങ്ങളാലും വളരെയധികം ദുഷ്കരമായ ഒരു ദൗത്യമാണ്. പക്ഷെ രാജ്യത്തിൽ തദ്ദേശീയമായി ഫലപ്രദമായ ഒരു വാക്സിൻ എത്രയും വേഗം വികസിപ്പിക്കുവാൻ പറ്റുക എന്നത് കോവിഡ് പ്രതിരോധത്തിൽ വളരെ വലിയ ഒരു മുതൽക്കൂട്ടായിരിക്കുന്ന കാര്യത്തിൽ സംശയമില്ല. ഐസിഎംആർ ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡുമായി (ബിബിഎൽ) ചേർന്നാണ് തദ്ദേശീയമായി കോവിഡിനു എതിരെയുള്ള വാക്സിൻ നിർമ്മിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ഭാരത് ബയോടെക് ഇന്ത്യ ലിമിറ്റഡിന്റെ "BBV152 COVID Vaccine" മനുഷ്യരിൽ പരീക്ഷണങ്ങൾ നടത്താൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി നേടിയ ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത ആദ്യത്തെ കോവിഡ് വാക്സിനാണ്. ഹൈദരാബാദിലെ ജീനോം വാലിയിൽ സ്ഥിതിചെയ്യുന്ന ബിബിഎലിന്റെ ഫേസിലിറ്റിയിലാണ് ഈ വാക്സിൻ വികസിപ്പിക്കുന്നത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) കോവാക്സിസിന്റെ ക്ലിനിക്കൽ ട്രയലിനായി ഇന്ത്യയിൽ നിന്നും 12 സ്ഥാപനങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്. ഓഗസ്റ്റ് 15 നകം പൊതുജനാരോഗ്യ ഉപയോഗത്തിനുള്ള വാക്സിൻ പുറത്തിറക്കാൻ ആഗ്രഹിക്കുന്നതായി ഈ സ്ഥാപനങ്ങൾക്ക് അയച്ച കത്തിൽ ഐസിഎംആർ സൂചിപ്പിക്കുന്നുണ്ട്. ഇത് തെറ്റിദ്ധാരണാജനകമാണ്.
ഓഗസ്റ്റ് 15നകം ക്ലിനിക്കൽ ട്രയലുകളുടെ പരീക്ഷണ ഫലങ്ങൾ ലഭ്യമാകുന്നതിനായി പരീക്ഷണങ്ങൾ ത്വരിതപ്പെടുത്തുക എന്നതാണ് കത്തിന്റെ ഉദ്ദേശ്യമെന്ന് ഐസിഎംആർ പിന്നീട് വ്യക്തമാക്കി, വാക്സിൻ പൊതു ഉപയോഗത്തിന് കൂടുതൽ സമയം വേണ്ടിവരുമെന്നാണ് ഐസിഎംആറിന്റെ ഔദ്യോഗിക വിശദീകരണം. മൂന്നാംഘട്ട പരീക്ഷണങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇനി വെറും മൂന്നു മാസങ്ങൾ കൊണ്ടു തന്നെ പൂർത്തിയാക്കുക എന്നത് അത്ര പ്രയോഗികമല്ല. പരീക്ഷണ ഘട്ടങ്ങളെല്ലാം കഴിഞ്ഞാലും പോസ്റ്റ്-ക്ലിനിക്കൽ ട്രയൽ ആയിട്ടു ഒരുപാട് കടമ്പകൾ കൂടി മറി കടന്നാൽ മാത്രേ ഒരു വാക്സിൻ വിപണിയിൽ സാധാരണ എത്താറുള്ളൂ.
കോവിഡിന് കാരണമായ SARS-CoV-2 വൈറസിനെ ലബോറട്ടറി അന്തരീക്ഷത്തിൽ നിർവീര്യമാക്കി അവയുടെ രോഗം ഉണ്ടാക്കാനുള്ള ക്ഷമത നശിപ്പിച്ചു പക്ഷെ ഇമ്യൂനോളജിക്കൽ റെസ്പോൻസ് നൽകാനുള്ള കഴിവ് നിലനിർത്തിയാണ് ഈ വാക്സിൻ നിർമ്മിക്കുന്നത്. ഇങ്ങനെ നിർമ്മിക്കുന്ന വാക്സിൻ ശരീരത്തിൽ എത്തിച്ചു ബി-ലിംഫോസൈറ്റ്‌സ് എന്നതരം പ്രതിരോധകോശങ്ങളിൽ നിന്നും SARS-CoV-2 സ്പെസിഫിക് ന്യൂട്ടലൈസിംഗ് ആന്റിബോഡികളായി ഇമ്യൂനോഗ്ലോബിൻസ് സൃഷ്‌ടിക്കാൻ കാരണമാക്കുകയും അത്തരത്തിൽ പിന്നീട് രോഗം ഉണ്ടാക്കാൻ പറ്റുന്ന വൈൽഡ് SARS-CoV-2 വൈറസുകൾ എത്തിയാൽ അവയെ പെട്ടെന്നു നശിപ്പിച്ചു കളയാൻ വാക്സിൻ ലഭിച്ച ആളെ സജ്ജമാക്കുക എന്നതുമാണ് ബിബിഎൽ വികസിപ്പിക്കുന്ന ഈ വാക്സിന്റെ ഉദ്ദേശ ലക്ഷ്യം. മെമ്മറി കോശങ്ങൾ എന്നതരം ലിംഫോസൈറ്റുകളെ ഇന്വോക് ചെയ്യാൻ പറ്റിയാൽ താരത്യേമേന വലിയ ഒരു കാലയളവിൽ വാക്സിനേഷൻ വഴി കോവിഡിന് എതിരെ രോഗപ്രതിരോധ ക്ഷമത സൃഷ്ടിക്കാൻ പറ്റും.
ഈ വാക്സിന്റെ ഡോസ് എത്രമാത്രം ആയിരിക്കണം. അഡ്മിനിസ്‌ട്രേയ്റ്റ് ചെയ്യേണ്ട രീതിയും ഫ്രീക്വൻസിയും എത്തരത്തിൽ ആയിരിക്കുമ്പോൾ ആണ് കൂടുതൽ ഫലപ്രദമായിയിരിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ സ്ഥിരീകരിക്കാൻ ആകുന്നത് കൂടുതൽ പരീക്ഷണങ്ങളിലൂടെയാണ്. മൂന്നു മാസം കൊണ്ട് പരീക്ഷണളെല്ലാം പൂർത്തിയാക്കി ഒരു പുതിയ വാക്സിൻ വിപണിയിൽ എത്തിക്കുക എന്നത് നിലവിൽ അത്ര പ്രയോഗിമല്ലായെന്ന വസ്തുത നിലനിൽക്കുമ്പോൾ തന്നെ വിജയകരമായി ഇനിയുള്ള പരീക്ഷണങ്ങളിൽ കണ്ടെത്തിയാൽ സമയം കുറെ കൂടി എടുത്താലും കോവിഡിനെതിരെ ഏറ്റവും നിർണ്ണായകമായ ഒരു മുന്നേറ്റം ആയിരിക്കുമിത് എന്ന കാര്യത്തിൽ തർക്കമില്ല!
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.