കോവിഡ്: കേരളം വീണ്ടും ഒന്നാമതെത്തുമ്പോൾ ... കേരളം കൊറോണയെ കൈകാര്യം ചെയ്തതിലെ പ്രധാന കാര്യങ്ങൾ , മുരളി തുമ്മാരുകുടി

Avatar
മുരളി തുമ്മാരുകുടി | 08-03-2021 | 7 minutes Read

കോവിഡ്: കേരളം വീണ്ടും ഒന്നാമതെത്തുന്പോൾ...

അടുത്ത ആഴ്ച, അതായത് മാർച്ച് പതിനൊന്നിന്, കോവിഡിനെ ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ട് ഒരു വർഷം തികയും. കാര്യം 2020 ജനുവരിയിൽ തന്നെ കേരളത്തിൽ ഒന്നാമത്തെ കൊറോണ കേസ് എത്തിയെങ്കിലും കേസുകളുടെ എണ്ണം ക്രമാനുഗതമായി കൂടിത്തുടങ്ങിയത് മാർച്ചിലാണ്. കഴിഞ്ഞ മാർച്ചിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിലായിരുന്നു. അതോടെ മറ്റു സംസ്ഥാനങ്ങൾ കേരളത്തെ ഭയക്കാൻ തുടങ്ങി. കേരളത്തിൽ നിന്ന് കർണ്ണാടകത്തിലേക്കുള്ള വഴികൾ മണ്ണിട്ട് അടച്ച സാഹചര്യം പോലും ഉണ്ടായി.

പിന്നീട് ഉള്ള മാസങ്ങളിൽ നാം കണ്ടത് കൊറോണ കേസുകളുടെ വളർച്ചയെ കേരളം വളരെ ഫലപ്രദമായി തടയുന്നതാണ്. ജനുവരി 30 ന് ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്ത കേരളം ആയിരം കേസുകൾ എത്തിയത് മെയ് 27 നാണ്, അപ്പോഴേക്കും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കേസുകൾ പതിനായിരം കടന്നിരുന്നു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾ മാത്രമല്ല ലോകത്തെ മറ്റു ഭാഗങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ വരെ കോവിഡ് നിയന്ത്രണത്തിൻറെ ‘കേരള മോഡൽ’ ശ്രദ്ധിക്കുന്ന കാലം വന്നു. ബി ബി സിയും വാഷിംഗ്ടൺ പോസ്റ്റും കേരളത്തെ തേടിയെത്തി.

എന്നാൽ 2021 ൽ നാം കണ്ടത് കുറച്ചു വ്യത്യസ്തമായ ചിത്രമാണ്. മറ്റുള്ള സംസ്ഥാനങ്ങളിൽ കൊറോണ കുറഞ്ഞു വന്നു, കേരളത്തിലാകട്ടെ ആ കുറവ് മറ്റു സംസ്ഥാനങ്ങളിലേതു പോലെ ഉണ്ടായതുമില്ല. ഫെബ്രുവരി ആയതോടെ ഒരിക്കൽ കൂടി രാജ്യത്ത് പ്രതിദിനം ഏറ്റവും കൂടുതൽ കേസുകളുള്ള സംസ്ഥാനമായി കേരളം മാറി. കേരളത്തിൽ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നവർക്ക് കൂടുതൽ നിയന്ത്രണങ്ങളും നിബന്ധനകളും വീണ്ടും ഉണ്ടായി.

കേരളത്തിൽ കോവിഡ് കേസുകൾ എത്തിയ അന്ന് മുതൽ ഇന്ന് വരെ രോഗത്തിന്റെ വ്യാപനം, ആരോഗ്യപരവും മറ്റു തരത്തിലുമുള്ള പ്രത്യാഘാതങ്ങൾ, മഹാമാരിയെ സർക്കാരും സമൂഹവും കൈകാര്യം ചെയ്ത രീതി ഇതൊക്കെ തൊട്ടടുത്ത് നിന്നും നോക്കിക്കണ്ട ഒരാളെന്ന നിലയിൽ കേരളം കോവിഡ് കൈകാര്യം ചെയ്തതിനെ ഞാൻ എങ്ങനെയാണ് ഇപ്പോൾ വിലയിരുത്തുന്നത് എന്ന് നോക്കാം.

നമ്മുടെ തലമുറ കൈകാര്യം ചെയ്തിട്ടുള്ളതിൽ വെച്ച് ഏറ്റവും വ്യാപകവും ഗുരുതരവും ആയിട്ടുള്ള ഒരു പ്രതിസന്ധിയായിരുന്നു കോവിഡ്. ഇത് ലോകത്തെ എല്ലാ രാജ്യങ്ങളേയും ബാധിച്ചു. ഇന്നത്തെ കണക്കനുസരിച്ച് പതിനൊന്നു കോടി ആളുകൾ കോവിഡ് ബാധിതരായി. ഇരുപത്തി അഞ്ചു ലക്ഷം ആളുകളുടെ ജീവൻ നഷ്ടപ്പെട്ടു.

ഇതൊരു ആരോഗ്യ പ്രതിസന്ധി മാത്രമായിരുന്നില്ല. സാന്പത്തിക രംഗത്തെയും തൊഴിൽ രംഗത്തെയും വിദ്യാഭ്യാസ രംഗത്തെയും എടുത്തുലച്ചു. ഇതിന് മുൻപ് ഇത്ര വ്യാപകമായും വേഗത്തിലും ഒരു വെല്ലുവിളി നമ്മുടെ നേരെ വന്നിട്ടില്ലാത്തതിനാൽ ലോകത്ത് ഒരു രാജ്യത്തിനും സമൂഹത്തിനും അത് കൈകാര്യം ചെയ്യാനുള്ള മുൻപരിചയം ഉണ്ടായിരുന്നില്ല. ഓരോരുത്തരും അവരുടെ അറിവും കഴിവും ഉപയോഗിച്ച് അതിനെ നേരിട്ടു.

കൊറോണയെപ്പറ്റി എഴുതി തുടങ്ങിയ സമയം മുതൽ ഞാൻ പറഞ്ഞിരുന്ന ഒരു കാര്യമുണ്ട്. കോവിഡ് ഒരു നൂറു മീറ്റർ ഓട്ടമല്ല, മാരത്തോൺ ആണ് എന്ന്. അതുകൊണ്ട് തന്നെ കോവിഡിനെ എങ്ങനെ കൈകാര്യം ചെയ്തു എന്ന് പ്രതിദിന കേസുകളുടെ എണ്ണം വെച്ച് വിലയിരുത്തുന്നതിൽ കാര്യമില്ല. ഇതൊരു ഓട്ട മത്സരവുമല്ല വിജയികളെ നിർണ്ണയിക്കാൻ. ഓരോ സ്ഥലത്തും കോവിഡിന്റെ വ്യാപനവും പ്രതിരോധവും ഓരോ തരത്തിലാണ്. അതിൽ നമ്മുടെ നിയന്ത്രണത്തിൽ ഉള്ള കാര്യങ്ങളും നമുക്ക് അറിയാവുന്ന കാര്യങ്ങളും നമ്മുടെ നിയന്ത്രണത്തിൽ ഇല്ലാത്തതും നമുക്ക് അറിയാത്തതും ആയ കാര്യങ്ങളും ഉണ്ട്. ഇതിന്റെ ആകെ പ്രതിഫലനമാണ് കേസുകളുടെ എണ്ണവും മരണ സംഖ്യയുമായി പുറത്തു വരുന്നത്. അതുകൊണ്ട് തന്നെ ഒരു സ്ഥലത്തെ കേസുകളുടെയോ മരണത്തിന്റെയോ കണക്ക് മറ്റൊരു സ്ഥലവുമായി താരതമ്യം ചെയ്ത് നമ്മൾ മെച്ചമോ മോശമോ എന്നെല്ലാം അഭിപ്രായപ്പെടുന്നതിൽ കാര്യമില്ല. നമുക്ക് അറിയാവുന്ന കാര്യങ്ങളിൽ നമുക്ക് നിയന്ത്രിക്കാവുന്ന കാര്യത്തിൽ നമ്മൾ വേണ്ട സമയത്ത് ശരിയായ തീരുമാനങ്ങൾ എടുത്തോ എന്നതാണ് ശ്രദ്ധേയം. ഇക്കാര്യത്തിൽ നമ്മുടെ മത്സരം നമ്മളോട് തന്നെയാണ്.

കേരളം കൊറോണയെ കൈകാര്യം ചെയ്തതിൽ ഞാൻ ശ്രദ്ധിച്ച പ്രധാന കാര്യങ്ങൾ ഇവിടെ പറയാം.

1. കേരളത്തിൽ കൊറോണക്കേസുൾ പ്രതിദിനം 11755 വന്ന ദിവസവും (ഒക്ടോബർ 10, 2020) മൊത്തം ആക്റ്റീവ് കേസുകൾ 97,417 വരെ ഉണ്ടായ ദിവസവും (ഒക്ടോബർ 24) ഉണ്ട്. എന്നാൽ കേരളത്തിലെ ആരോഗ്യ സംവിധാനത്തിന്റെ പരിധിക്കപ്പുറം ആക്റ്റീവ് കേസുകൾ ഉണ്ടായ ഒരു ദിവസം പോലും കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഉണ്ടായിട്ടില്ല. ഇതേ കേസുകൾ ആറുമാസം മുൻപ് ഉണ്ടായിരുന്നെങ്കിൽ അത്തരം ഒരു സാഹചര്യം ഉണ്ടാകുമായിരുന്നു, മരണ നിരക്ക് ഏറെ ഉയരുമായിരുന്നു. കേസുകൾ വർധിക്കുന്നതനുസരിച്ച് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ ഉണ്ടാക്കുക, സ്വകാര്യ മേഖലയെ ഉൾപ്പെടുത്തുക എന്നീ കൃത്യമായ തീരുമാനങ്ങൾ ശരിയായ സമയത്ത് എടുത്ത് ലഭ്യമായ ചികിത്സ സംവിധാനങ്ങളുടെ എണ്ണം ഉയർത്തിയത് കൊണ്ടാണ് ഇത് സാധ്യമായത്.

2. കേരളത്തിലെ ആരോഗ്യ സംവിധാനവും ഡോക്ടർമാർ മുതൽ ഹെൽത്ത് ഇൻസ്‌പെക്ടർമാർ വരെ ഈ വിഷയം കൈകാര്യം ചെയ്ത രീതിയുമാണ് ഞാൻ ശ്രദ്ധിച്ച അടുത്ത കാര്യം. രോഗത്തിന്റെ ആദ്യ കാലത്ത് നമ്മുടെ ടെസ്റ്റിംഗ് സൗകര്യങ്ങൾ മുതൽ വ്യക്തി സുരക്ഷാ ഉപകരണങ്ങൾ വരെ പരിമിതമാണ്. രോഗത്തെപ്പറ്റിയുള്ള അറിവ് ആയി വരുന്നതേ ഉള്ളൂ. എന്നിട്ടും തികച്ചും ആത്മവിശ്വാസത്തോടെയാണ് നമ്മുടെ ആരോഗ്യ രംഗത്തെ പ്രൊഫഷണലുകൾ ഈ വിഷയത്തെ നേരിട്ടത്. ഏറെ മാനസിക സംഘർഷത്തിന്റെയും അമിത ജോലി ഭാരത്തിന്റെയും കാലഘട്ടം ആയിരുന്നെങ്കിലും ആരോഗ്യ രംഗത്ത് നിന്നുള്ളവരുടെ ആത്മഹത്യകളുടെ കഥകൾ ഒന്നും നാം ഈ കാലത്ത് കേട്ടില്ല. ഇതൊരു ചെറിയ കാര്യമല്ല. ആരോഗ്യ രംഗത്ത് പ്രവൃത്തിക്കുന്ന എൻറെ സുഹൃത്തുക്കളോട് ഞാൻ അന്ന് മുതൽ പറഞ്ഞ ഒരു കാര്യമുണ്ട്. അവരുടെ പ്രൊഫഷണൽ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട, പിൽക്കാലത്ത് അവർ അഭിമാനത്തോടെ ഓർക്കാൻ പോകുന്ന കാലമാണ് അവർ കടന്നു പോയിക്കൊണ്ടിരിക്കുന്നത് എന്ന്.

3. ലോകത്തെവിടെയും കൊറോണക്കേസുകൾ അതിവേഗത്തിൽ കൂടിയ 2020 ന്റെ ഒന്നാം പാദത്തിൽ കേരളത്തിൽ കേസുകൾ വളരെ കുറവായിരുന്നു. ഇക്കാലത്ത് ലോകത്തെവിടെയും ഡോക്ടർമാർ കോവിഡ് മൂലമുള്ള മരണങ്ങൾ കുറക്കാനുള്ള തന്ത്രങ്ങൾ പഠിക്കുകയായായിരുന്നു. മറ്റുള്ളവരുടെ അനുഭവങ്ങളിൽ നിന്നും നമ്മുടെ ഡോക്ടർമാർക്ക് പഠിക്കാൻ സാധിച്ചതിനാൽ കേരളത്തിലെ കേസുകൾ കൂടി വന്നപ്പോഴും മരണ നിരക്ക് കുറച്ചു നിർത്താൻ നമുക്ക് സാധിച്ചു. 2021 ജനുവരിക്ക് ശേഷം കേസുകളുടെ എണ്ണത്തിൽ വർദ്ധന ഉണ്ടായിട്ടും മരണങ്ങളുടെ എണ്ണം കുറഞ്ഞു തന്നെ വരുന്നു എന്നത് നാം ശ്രദ്ധിക്കണം.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

4. കോവിഡ് കാലത്ത് ആരോഗ്യ സംവിധാനത്തിന്റെ ശ്രദ്ധ മുഴുവൻ കോവിഡ് കൈകാര്യം ചെയ്യുന്നതിലേക്കായതിനാൽ മറ്റു രോഗങ്ങളെയും രോഗികളെയും വേണ്ടത്ര ശ്രദ്ധിക്കാൻ പറ്റാത്ത സാഹചര്യവും ഉണ്ടാകാമായിരുന്നു. ലോകത്ത് അനവധി പ്രദേശങ്ങളിൽ കോവിഡ് മരണങ്ങൾക്കും അപ്പുറം കോവിഡ് കാലത്ത് (2020 ൽ) 2019 നെ അപേക്ഷിച്ച് മൊത്തം മരണസംഖ്യ കൂടുതൽ ആയിരുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്, അത് സ്വാഭാവികവും ആണല്ലോ. പക്ഷെ കേരളത്തിൽ സ്ഥിതി മറിച്ചായിരുന്നു. 2020 ൽ കേരളത്തിൽ മൊത്തം മരിച്ചവരുടെ എണ്ണം 234,536 ആയിരുന്നു, അതിൽ 3072 പേർ കൊറോണ കാരണം മരിച്ചതാണെന്നാണ് ഔദ്യോഗിക കണക്കുകൾ. കോവിഡ് ഇല്ലാതിരുന്ന 2019 ൽ കേരളത്തിൽ മൊത്തം മരിച്ചവരുടെ എണ്ണം 263,901 ആണ്. അതായത് 2019 നേക്കാൾ 29,365 മരണങ്ങളുടെ കുറവ്. മറ്റു സ്ഥലങ്ങളിൽ നിന്നും ഇത്തരത്തിലുള്ള കണക്കുകൾ വരുന്നതേ ഉള്ളൂ. ആ കണക്കുകൾ എത്തുന്പോൾ "എക്സ്സ് ഡെത്ത്" എന്ന പേരിൽ ഇനിയുള്ള കാലത്ത് ലോകത്ത് ഏറെ ചർച്ചയാകാൻ പോകുന്ന ഒരു കണക്കാണിത്. നോക്കി വച്ചോളൂ.

5. കേരളത്തിലെ പൊതുജനാരോഗ്യ രംഗത്ത് നാം കാലാകാലമായി നടത്തിയിട്ടുള്ള നിക്ഷേപങ്ങൾ പലിശ സഹിതം തിരിച്ചു കിട്ടിയ കാലം ആയിരുന്നു 2020. കൊറോണയുടെ തുടക്ക കാലത്ത് എല്ലാ കൊറോണക്കേസുകളും കൈകാര്യം ചെയ്തിരുന്നത് സർക്കാർ ആശുപത്രികളിൽ ആയിരുന്നു. ഇപ്പോൾ സ്വകാര്യ ആശുപത്രികളിൽ പോകുവാൻ അനുവാദം ഉണ്ടെങ്കിലും ആർക്കു വേണമെങ്കിലും സർക്കാർ സംവിധാനത്തിൽ പോകാനുള്ള സൗകര്യമുണ്ട്. അതുകൊണ്ട് തന്നെ കേരളത്തിൽ കോവിഡ് ബാധിച്ച പത്തുലക്ഷം പേരിൽ ഒരാൾക്ക് പോലും കോവിഡ് രോഗം ഒരു സാന്പത്തിക ബാധ്യത ഉണ്ടാക്കിയില്ല എന്ന് മാത്രമല്ല, കോവിഡ് ബാധിച്ചാൽ സാന്പത്തികമായി ബാധ്യത ഉണ്ടാകുമോ എന്ന മാനസിക വിഷമം പോലും കേരളത്തിൽ 333 ലക്ഷം പേരിൽ ഒരാൾക്ക് പോലും ഉണ്ടായില്ല താനും. മെഡിക്കൽ ഇൻഷുറൻസ് പത്ത് ശതമാനം പേരിൽ പോലും എത്തിയിട്ടില്ലാത്ത ഒരു സംസ്ഥാനത്ത് ഇതൊരു നിസ്സാര കാര്യമല്ല.

6. ആരോഗ്യ രംഗത്തിന് പുറത്തും എന്നെ അതിശയിപ്പിച്ച കാര്യങ്ങൾ ഉണ്ടായി. കോവിഡ് കാലം സാന്പത്തിക വെല്ലുവിളികളുടേതായിരുന്നു. ലോകമെന്പാടും സാന്പത്തിക ഞെരുക്കം ഉണ്ടായി, അനവധി ആളുകൾക്ക് ജോലി നഷ്ടപ്പെട്ടു, തൊഴിൽ നഷ്ടപ്പെട്ടവർ തിരിച്ചു സ്വന്തം നാടുകളിലേക്ക് തിരിച്ചു പോകേണ്ട സാഹചര്യം ഉണ്ടായി. പക്ഷെ ലോക്ക് ഡൗണിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ ആവശ്യമുള്ള എല്ലാവർക്കും സൗജന്യമായി ഭക്ഷണം നൽകാനുള്ള സംവിധാനം ആയിരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വഴി ഉണ്ടാക്കിയതിലൂടെ നാട്ടുകാരോ, അന്യ സംസ്ഥാനക്കാരോ, ജോലി ഇല്ലാത്തവരോ നഷ്ടപ്പെട്ടവരോ ആയ ഒരാളും ഒരു നേരം പോലും പട്ടിണി കിടക്കുന്ന സാഹചര്യം കേരളത്തിൽ ഉണ്ടായില്ല. ലോക്ക് ഡൗണിന്റെ ആദ്യ ദിവസം തന്നെ കേരളത്തിൽ കമ്മ്യൂണിറ്റി കിച്ചൻ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇരുപത്തി നാലു മണിക്കൂർ കഴിഞ്ഞപ്പോൾ അദ്ദേഹം വീണ്ടും പത്ര സമ്മേളനം നടത്തുന്പോഴേക്ക് തൊള്ളായിരത്തിലധികം കമ്മ്യൂണിറ്റി കിച്ചനുകൾ യാഥാർത്ഥ്യമായി കഴിഞ്ഞിരുന്നു !

7. കോവിഡ് കാലം തുടങ്ങിയത് മുതൽ ഈ വിഷയത്തിന് ശക്തവും പ്രകടവും ആയ നേതൃത്വം ആരോഗ്യ മന്ത്രിയും മുഖ്യമന്ത്രിയും നൽകിയിരുന്നു. സർക്കാരിന് അകത്തും പുറത്തുമുള്ള വിദഗ്ദ്ധരുടെ അഭിപ്രായം സ്വീകരിക്കുന്നതിൽ അവർ മടി കാണിച്ചില്ല. പൊതുവിൽ പറഞ്ഞാൽ ശരിയായ ശാസ്ത്ര തത്വങ്ങൾ അനുസരിച്ചാണ് ഓരോ ഘട്ടത്തിലും തീരുമാനങ്ങൾ എടുക്കപ്പെട്ടത്. അതേ സമയം ചില സാഹചര്യങ്ങളിൽ വിദഗ്ദ്ധാഭിപ്രായങ്ങൾക്ക് എതിരായ തീരുമാനങ്ങളും സർക്കാർ എടുത്തു. പരീക്ഷ നടത്തിപ്പുകൾ അതിൽ പ്രധാനമാണ്. കേരളത്തിലെ പരീക്ഷാക്കാലമായ മാർച്ചിലാണ് കൊറോണപ്പേടി മൂർദ്ധന്യത്തിലായതും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടേണ്ടി വന്നതും. ആ സമയത്ത് കേരളത്തിലെ ഏറ്റവും സുപ്രധാനമായ എസ് എസ് എൽ സി പരീക്ഷ കഴിഞ്ഞിരുന്നില്ല. വിദ്യാർത്ഥികളുടെ ഒരു വർഷം നഷ്ടപ്പെടുമോ എന്ന ചിന്ത ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും മനോവിഷമം ഉണ്ടാക്കി. ഭൂരിഭാഗം ആളുകളുടെയും വിദഗ്ദ്ധരുടെയും നിർദ്ദേശത്തിനെതിരായി പരീക്ഷകൾ നടത്താനും കുട്ടികൾക്ക് ഒരു വർഷം നഷ്ടപ്പെടാതിരിക്കാനുമുള്ള തീരുമാനം സർക്കാർ എടുത്തു. കോവിഡ് കാലത്ത് ആരോഗ്യ വിദഗ്ദ്ധരുടെ ഉപദേശമാണ് അവസാന വാക്ക് എന്ന് പലപ്പോഴും തോന്നുമെങ്കിലും, ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം ആരോഗ്യ കാര്യങ്ങൾ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. ഉദാഹരണത്തിന് പരീക്ഷ നടത്തിയാൽ കൂടുതൽ ആളുകൾക്ക് രോഗം ഉണ്ടാകുമല്ലോ എന്ന ഒറ്റ ചിന്തയാണ് ആരോഗ്യ വിദഗ്ദ്ധർക്ക് ഉണ്ടാവുക. അതൊഴിവാക്കാൻ മറ്റെന്തു നഷ്ടവും അംഗീകരിക്കാം എന്ന് അവർക്ക് തോന്നും. പക്ഷെ ഭരണാധികാരികൾക്ക് സമൂഹത്തിന്റെ മൊത്തം താല്പര്യങ്ങൾ സംരക്ഷിക്കേണ്ട ഉത്തരവാദിത്തമുണ്ട്. അത്തരം അവശ്യഘട്ടത്തിൽ വിദഗ്ദ്ധാഭിപ്രായത്തിന് എതിരായി റിസ്ക്ക് എടുക്കുക എന്നത് കൂടി മികച്ച നേതൃത്വത്തിന്റെ ലക്ഷണമാണ്.

8. കൊറോണക്കാലം തുടങ്ങിയ അന്ന് മുതൽ സ്ഥിരമായി മാധ്യമങ്ങളെ കണ്ട് മഹാമാരിയെപ്പറ്റി അറിയാവുന്ന വിഷയങ്ങൾ, സർക്കാർ നിയന്ത്രണങ്ങൾ, സർക്കാർ ചെയ്യുന്ന കാര്യങ്ങൾ ഇവയൊക്കെ മുഖ്യമന്ത്രി നേരിട്ടാണ് ജനങ്ങളെ അറിയിച്ചു കൊണ്ടിരുന്നത്. കഴിഞ്ഞ ഒരു വർഷമായി ഒരു കാര്യത്തിലും ആളുകൾക്ക് വിവരങ്ങൾ കിട്ടാതിരിക്കുകയോ കിട്ടുന്ന വിവരങ്ങളിൽ അവ്യക്തതയോ ഉണ്ടായിരുന്നില്ല.

9. കേരളത്തിലെ ആരോഗ്യ വകുപ്പാണ് കോവിഡ് കൈകാര്യം ചെയ്യുന്നതിൽ മുന്നിട്ട് നിന്നതെങ്കിലും കോവിഡ് പ്രതിരോധം എന്നത് ഒരു ‘whole of Government’ പരിപാടി തന്നെയായിരുന്നു. പോലീസ്, റെവന്യൂ, സർക്കാരിലും പുറത്തുമുള്ള അധ്യാപകർ, സിവിൽ സപ്ലൈസ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സംസ്ഥാന ഭരണം, പഞ്ചായത്ത് തലം എന്നീ വകുപ്പുകൾ ഇത്രമാത്രം ഒരുമയോടെ ഏകലക്ഷ്യത്തിന് വേണ്ടി പരിശ്രമിച്ച ഒരു കാലം 2018 ലെ പ്രളയ ദിവസങ്ങളല്ലാതെ നാൻ ഒരിക്കലും കണ്ടിട്ടില്ല.

10. കോവിഡ് പ്രതിരോധം ഒരു സർക്കാർ പരിപാടി മാത്രമായിരുന്നില്ല, ‘whole of society’ പദ്ധതിയും ആയിരുന്നു. കോവിഡ് വളണ്ടിയർ ആയി രജിസ്റ്റർ ചെയ്‌ത ലക്ഷക്കണക്കിന് യുവജനങ്ങൾ മുതൽ കേരളത്തിൽ പാൽ മുതൽ പച്ചക്കറിക്ക് വരെ യാതൊരു ക്ഷാമവും ഇല്ല എന്നുറപ്പു വരുത്തിയ കച്ചവടക്കാർ വരെയുള്ളവരുടെ കൂട്ടായ പ്രവർത്തനമാണ് കേരളത്തിലെ ജന ജീവിതം കൊറോണക്കാലത്തും വലിയ ബുദ്ധിമുട്ടില്ലാതെ മുന്നോട്ട് കൊണ്ടുപോയത്.

ഇതിന്റെ അർത്ഥം കേരളത്തിൽ കോവിഡ് കൈകാര്യം ചെയ്തതിൽ ഒന്നും ഇമ്പ്രൂവ് ചെയ്യാനില്ല എന്നല്ല. മുൻപ് പറഞ്ഞത് പോലെ പ്രത്യേകിച്ച് ഒരു ബ്ലൂ പ്രിന്റും ഇല്ലാതെയാണ് ഓരോ സമൂഹവും കോവിഡിനെ നേരിട്ടത്. അപ്പോൾ ഒരേ സമയം പ്രശ്നത്തിൽ ഇടപെടുകയും അതിനെ പഠിക്കുകയും ചെയ്യേണ്ട സാഹചര്യമാണ് എല്ലാവർക്കും ഉണ്ടായത്. കേരളം മറ്റു സംസ്ഥാനങ്ങളും സമൂഹങ്ങളുമായി എങ്ങനെ താരതമ്യപ്പെടുന്നു, കേരളം കൊറോണ കൈകാര്യം ചെയ്തതിൽ നിന്നും എന്തെങ്കിലും പഠിക്കാനുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ ഞാൻ തൽക്കാലം അഭിപ്രായം പറയുന്നില്ല. രോഗബാധക്കും മരണത്തിനും മരണ നിരക്കിനും അപ്പുറം വിവിധ പ്രദേശങ്ങളെ താരതമ്യം ചെയ്യാനുള്ള കണക്കുകൾ ഒന്നും ഇപ്പോൾ ലഭ്യമല്ല, ‘എക്സെസ് ഡെത്ത്’ ഉൾപ്പടെ. അതൊക്കെ വരും കാലങ്ങളിൽ പുറത്ത് വരും, താരതമ്യ പഠനങ്ങൾ അപ്പോൾ ആകാം.

തിരഞ്ഞെടുപ്പ് വരുന്നു. ഇപ്പോൾ താഴേക്ക് വരുന്ന രോഗവ്യാപന നിരക്ക് ഒരിക്കൽ കൂടി കൂടിയേക്കാം. വാക്സിൻ കിട്ടിത്തുടങ്ങിയത് കൊണ്ട് ഭയാശങ്കകൾ കുറഞ്ഞിട്ടുമുണ്ട്. ഏതാണെങ്കിലുംനമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ പരിധിക്കുള്ളിൽ രോഗികളുടെ എണ്ണം നില നിർത്തുക എന്ന ഏറ്റവും അടിസ്ഥാനമായ കോവിഡ് പ്രതിരോധ ലക്ഷ്യത്തിൽ നാം എല്ലാ സമയത്തും വിജയിച്ചു. ഇനി വരുന്നത് മരത്തോണിന്റെ അവസാന ലാപ്പ് ആണ്, അവിടെയും നാം വിജയിക്കുമെന്ന് തന്നെയാണ് എൻറെ അഭിപ്രായം.

ഈ വിജയം നമ്മുടെ സമൂഹത്തിന്റെ മൊത്തം വിജയമാണ്. അതുകൊണ്ട് തന്നെ നമുക്കെല്ലാവർക്കും സന്തോഷിക്കാൻ വകയുമുണ്ട്.

മുരളി തുമ്മാരുകുടി

Photo Credit : » @kellysikkema


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About മുരളി തുമ്മാരുകുടി

ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ (UNEP) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനാണ് ഡോ. മുരളി തുമ്മാരുകുടി

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 05:37:59 am | 17-04-2024 CEST