ചിലർ എപ്പോഴും ചിരിച്ചു കൊണ്ടിരിക്കും.
നമ്മൾ പറയും നോക്കൂ " അയാൾ എത്ര സന്തോഷവാനാണ്". ജീവിതത്തിൽ നല്ലതു പോലെ വിജയിച്ച ആൾ ആയിരിക്കും അയാൾ.എന്നാൽ ഒരു ദിവസം രാവിലെ നമ്മൾ കേൾക്കുന്നു- ആൾ ആത്മഹത്യ ചെയ്തു എന്ന് . കൂടെ ഉറങ്ങുന്ന പങ്കാളിക്ക് പോലും അറിയില്ല എന്താണ് അയാൾ ആത്മഹത്യ ചെയ്യാനുള്ള കാരണം എന്ന്.
ഇയാൾക്ക് സ്മൈലിങ് ഡിപ്രഷൻ ആയിരുന്നു . അതായത് ഉള്ളിൽ വെന്തുരുകുമ്പോൾ പോലും ഇവരുടെ ചെയ്തികളിൽ, മുഖഭാവങ്ങളിൽ വിഷാദത്തിന്റെ യാതൊരു ലക്ഷണങ്ങളും കണ്ടെത്താൻ സാധിക്കില്ല. ഇത്തരക്കാർ വിവാഹിതരും , നല്ല സാമ്പത്തികമുള്ളവരും,നല്ല ജോലിയും, നല്ല വിദ്യാഭ്യാസമുള്ളവരും, ജീവിതത്തിൽ വിജയിച്ചുവെന്ന് ബാക്കിയുള്ളവർ കരുതുന്നവരും ആയിരിക്കും. ഇവരുടെ അടഞ്ഞ മനസ്സിനുള്ളിൽ നിരാശ, ഉൽക്കണ്ഠ, ആകുലത താനൊരു പരാജയമാണെന്ന തോന്നൽ, കുറ്റബോധം ഒക്കെ നിരന്തരം അലയടിക്കുന്നുണ്ടാവും.വർഷങ്ങളായി ഒരേ മാനസികാവസ്ഥയിലൂടെ കടന്നുപോകുന്ന ഇവർ ഒരിക്കലും തങ്ങളുടെ പ്രശ്നങ്ങൾ ബാക്കിയുള്ളവരുമായി പങ്കു വയ്ക്കാറില്ല.. മറ്റുള്ളവർ തങ്ങളെക്കുറിച്ച് എന്തു ചിന്തിക്കും എന്ന ഭയത്താൽ അവർ തങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉള്ളത് ബാക്കിയുള്ളവരെ അറിയിക്കില്ല.
എന്തുകൊണ്ടാണ് ഇത് അപകടകരമാകുന്നത്?
സ്മൈലിങ് ഡിപ്രഷനും ആത്മഹത്യയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട് .
മറ്റു വിഷാദരോഗകങ്ങൾക്ക് അടിമയായവർ അമിതമായ ക്ഷീണം, മടി, ഉറക്കമില്ലായ്മ/ അമിതമായ ഉറക്കം, ഊർജ്ജം ഇല്ലായ്മ എന്നിവ കാരണം എഴുന്നേറ്റുപോയി ആത്മഹത്യ ചെയ്യാനുള്ള സാധ്യത കുറവാണെങ്കിൽ ഇക്കൂട്ടർക്ക് ആത്മഹത്യ ചെയ്യുവാൻ വേണ്ടതിൽ കൂടുതൽ ഊർജസ്വലത ഉണ്ടാവും.
പെട്ടെന്ന് ജോലി നഷ്ടപ്പെടുക, ഉറ്റവരുടെ മരണം, വിവാഹമോചനം എന്നിവയാണ് പുരുഷന്മാരിൽ ആത്മഹത്യയ്ക്ക് പെട്ടെന്നുള്ള കാരണം.
കുട്ടികൾ ഉള്ളതും നല്ല മാനസിക പിന്തുണ ഉള്ളതും ഒക്കെ ഇവരെ ഇതിൽനിന്നു പിന്തിരിപ്പിച്ചേക്കാം
നമുക്ക് എങ്ങനെ ഇവരെ സഹായിക്കാൻ സാധിക്കും?
മനോരോഗങ്ങൾ മറ്റേത് ശരീര രോഗങ്ങൾ പോലെ ഉള്ളതാണെന്ന് ബോധ്യം ജനങ്ങളിൽ സൃഷ്ടിക്കുവാൻ സാധിക്കണം. ഇക്കൂട്ടരിൽ പലരും പെർഫക്ഷനിസ്റ്റ്കൾ ആയതിനാൽ തങ്ങൾ ദുർബലരാണന്നു പുറത്തറിയാതിരിക്കാൻ അവർ ആവുന്നത് ശ്രമിക്കും. രോഗം ഒരു ദൗർബല്യമല്ല എന്ന ബോധ്യം ഇക്കൂട്ടരിൽ ഉണ്ടാക്കി എടുക്കുക.
നിങ്ങളുടെ പങ്കാളി /സുഹൃത്ത്/ ബന്ധുക്കൾ എന്നിവരിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിക്കുക. ഉദാഹരണം ബന്ധങ്ങൾ അറത്തു മുറിക്കുക, ഫോൺ എടുക്കാതിരിക്കുക, സംസാരിക്കുമ്പോൾ ഉത്തരം പറയാതിരിക്കുക തുടങ്ങിയവ..ഇക്കൂട്ടരോട് സംസാരിക്കാൻ ശ്രമിക്കുകയും അവർക്ക് കരുതൽ നൽകുകയും ചെയ്യാം. ഡിപ്രഷൻ ലക്ഷണങ്ങൾ ശ്രദ്ധിക്കുക .എല്ലാത്തിനുമുപരി ഒരു മനഃശാസ്ത്രജ്ഞന്റെ സഹായം തേടുക.
# ഡോ.റോബിൻ കെ മാത്യു
ബിഹേവിയറൽ സൈക്കോളജിസ്റ്റ്.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.
Behavioural Psychologist / Cyber Psychology Consultant » Facebook